July 20, 2013

ദി ടേസ്റ്റ് ഫാക്റ്ററി

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ ഭാഗമായി പോയപ്പോഴാണ്  ഞാന്‍ കണ്ണൂര്‍ സെന്റ്റല്‍ ജയിലിന്റെ മതിലുകള്‍ക്കപ്പുറം എന്തെന്ന് അറിയുന്നത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം എന്തെന്നൊന്നും അന്ന് അറിയില്ലായിരുന്നു; അതിന്  ശ്രമിച്ചിട്ടുമില്ല. അതിനൊരു കാരണം കണ്ണൂരിൽ അന്തേവാസികള്‍ ആയി ശോബ്‌രാജിനെ പോലെ സെലിബ്രിറ്റി കുറ്റവാളികളും ഇല്ല, റിപ്പറ് ചന്ദ്രന് അലൂംനി മെമ്പര്‍ സ്ഥാനം കിട്ടിയിട്ടും ഇല്ല. ഇതിനും കുറേ വര്‍ഷം കഴിഞ്ഞാണ്‌ രാഷ്ട്രീയ തടവുകാരുടെ സുഖാവാസ/സം‌രക്ഷണ/വികസന കേന്ദ്രം ഒക്കെ ആയി കണ്ണൂര്‍ ജയില്‍ കുപ്രസിദ്ധി നേടിയത്.

പിന്നെയും പല പ്രാവശ്യം ഇതു വഴി കടന്നു പോയപ്പോഴും ഈ വലിയ മതിലുകള്‍ക്കുള്ളിലെ കാര്യങ്ങളെ കുറിച്ച്‌ അധികം ആലോചനയൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്‌ ഇതിന്റെ മുമ്പില്‍ ഒരു സ്റ്റാളും കുറേ ആളുകള്‍ വാഹനങ്ങള്‍ നിറുത്തി സാധനങ്ങള്‍ വാങ്ങുന്നതും ഒക്കെ കണ്ടത്. അന്നായിരുന്നു ഞാന്‍ ആദ്യമായി ഫ്രീഡം ചപ്പാത്തിയെ പറ്റി കേള്‍ക്കുന്നതും പരിചയപ്പെടുന്നതും. ജയിലില്‍ നിന്ന് ഉണ്ടാക്കി ഒരു ഫാക്റ്ററി ഔട്ട്‌ലറ്റ് മാത്റ്കയില്‍ ഭക്ഷണം വില്‍ക്കുന്ന പരിപാടി ഒരു പുതുമയുള്ള ഏര്‍പ്പാടായി തോന്നി. ഇന്ന് കേരളത്തിലെ ജയിലുകളില്‍ നിന്ന് ഉണ്ടാക്കുന്ന ചപ്പാത്തിയും കറികളും ചില്ലറ വില്പനയില്‍ നിന്നും വളര്‍ന്ന് നാട്ടുമ്പുറത്തെ ഹോട്ടലുകള്‍ മുതല്‍ കൊച്ചി സ്റ്റേഡിയത്തിലെ ODI-ക്കു കാറ്ററിങ്ങ് വരെ എത്തി എന്നറിഞ്ഞത്. ജയില്‍ എന്ന ശിക്ഷണ കേന്ദ്രത്തേക്കാള്‍ രുചിയുള്ള ഭക്ഷണവും, ചിപ്സും, ലഢ്ഢുവും വിറ്റ് കോടികളുടെ ലാഭം ഉണ്ടാക്കുന്ന ഒരു ടേസ്റ്റ് ഫാക്റ്ററി എന്നാക്കാന്‍ പ്രവര്‍ത്തിച്ച അധികാരികള്‍ പ്രശംസ അര്‍ഹിക്കുന്നു. കണ്ണൂരില്‍ ദിനേശ് ബീഡി ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങള്‍ ഈ രീതിയില്‍ ചില കാര്യങ്ങള്‍ ഒക്കെ പരീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നു കൂടി ഇതോടൊപ്പം ഓര്‍മ്മിക്കാം.

ജയിലില്‍ മുമ്പ് ചെയ്യിച്ചിരുന്ന ജോലികള്‍ ഒന്നും ഒരു വ്യവസായം എന്ന നിലയില്‍ മാറാന്‍ സാധ്യത ഉള്ളവയായിരുന്നില്ല. പക്ഷെ വിദേശങ്ങളിലൊക്കെ കുറേ വര്‍ഷങ്ങളായി അങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിലും. എണ്‍പതുകളില്‍ IKEA ഇത് ചൂഷണം ചെയ്തിരുന്നു എന്ന ആരോപണവും കുറ്റസമ്മതവും മുമ്പ് ഉണ്ടായിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ന് ഒരു കമ്പനി പോലെ സ്വന്തം ‌‌‌UNICOR ബ്രാന്റില്‍ തന്നെ അനേകം പ്രോഡക്റ്റുകള്‍ വില്‍ക്കുന്നുണ്ട് എന്നത് കൂടി നിരീക്ഷിക്കാം.

1869ല്‍‌ നിര്‍മ്മിച്ച കണ്ണൂരിലെ ചരിത്രമുറങ്ങുന്ന കാരാഗ്റ്‌ഹത്തിന്‌ ചോരയും കണ്ണീരും നനഞ്ഞ കമ്മ്യൂണിസ്റ്റ് കഥകള്‍ക്കൊപ്പം ഒരുപാട് ചരിത്രവും പറയാനുണ്ടാവും. ഇതൊക്കെ സൂക്ഷിച്ച് വയ്ക്കുന്ന രീതിയും സം‌വിധാനവും നമുക്ക് അന്യമായത് കൊണ്ട് തന്നെ പലതും മാഞ്ഞു പോയിട്ടും ഉണ്ടാവാം. ഈ അടുത്ത നാളാണ്‌ ഇവിടെ ചെറിയ രീതിയില്‍ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെ കുറിച്ച് കേട്ട് തുടങ്ങിയത്. ഇത് ഏത് രീതിയില്‍ ആയാല്‍ പോലും ഒരു നല്ല സം‌രംഭം ആണെന്ന് പറഞ്ഞേ തീരൂ. പുതിയ യുഗത്തിലെ ഹൈട്ടക്ക് ക്രിമിനലുകളോട് പിടിച്ച് നില്‍ക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ജയില്‍ ഒക്കെ ഇനി ചരിത്ര സ്മാരകങ്ങള്‍ ആയി സം‌രക്ഷിക്കുന്നതിനെ കുറിച്ച് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു ടൂറിസ്റ്റ് റിസോർട്ട്  ആക്കാൻ വകുപ്പുള്ള ഒരു സ്ഥലം ആയിരുന്നെങ്കിൽ ഇതൊക്കെ വേണ്ടപ്പെട്ടവർ ആലോചിച്ചേനെ.
.

Labels: ,

March 21, 2009

ബും ബും ഷക്കലക്ക.. ബും ബും...

സൗകര്യങ്ങള്‍ക്ക് മേലെ ആഡംബരവും,സ്പീഡും, പവറും, ഷോഓഫും പ്രാധാന്യം നേടിയപ്പോള്‍ നാട്ടിലെ റോഡുകളില്‍ നിന്ന് അന്യം നിന്ന് തുടങ്ങിയിരിക്കുന്ന ഒരു വാഹനം ആണ്‌ നമ്മുടെ സൈക്കിള്‍. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ കുറച്ചെങ്കിലും കാണാമെങ്കിലും അതിന്റെ ആയുസ്സും ചോദ്യം ചെയ്യപ്പെടാവുന്നതാണ്‌. ലൈസന്‍സ് ആവശ്യമില്ലാത്ത 30-35cc മോഫ പോലുള്ള ഒരു ഡീസന്റ് മോപ്പഡ് ഇറങ്ങാനുള്ള താമസമേയുള്ളൂ. ഈ അവസ്ഥ മുമ്പേ ഉണ്ടാവേണ്ടതായിരുന്നു. വളരേ ചെറിയൊരു ശതമാനം സാധാരണക്കാരും, അത്യാവശ്യം മത്സ്യ വില്പനക്കാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ്‌ തരംഗം സൃഷ്ടിച്ചു കൊണ്ട് BSA Steetcat (Hero Ranger-ഉം) വിപണിയില്‍ ഇറങ്ങിയത്. സ്റ്റ്റീറ്റ്കാറ്റിന്റെ ബും ബും ഷക്കലക്ക.. പരസ്യത്തിന്റെ അലകളാണ്‌ ഇപ്പോഴും കുറച്ച് പേരെയെങ്കിലും ഇതിലേക്ക് ആകര്‍ഷിക്കുന്നത്; അതോടൊപ്പം സൈക്കിളുകളുടെ രൂപത്തിലും നിറങ്ങളിലും വന്ന വ്യത്യസ്ഥതയും. അല്ലെങ്കില്‍ ഇതൊക്കെ ഡിനോസറുകളുടെ ഗണത്തില്‍ പെട്ട് പോയേനേ. ഇതോടൊപ്പം സൈക്കിള്‍ മോഷ്ടാക്കള്‍ എന്ന ഒരു വംശം തന്നെ ഇല്ലാതായി പോയിരിക്കുന്നു എന്ന് തോന്നുന്നു (മീശമാധവനില്‍ മോഷ്ടിച്ച സൈക്കിളാണെന്ന് സൂചന നല്‍കുന്ന ഒരു സീന്‍ മറക്കുന്നില്ല). സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു എന്നൊരു വാര്‍ത്ത വായിച്ച കാലം തന്നെ മറന്നു. ഇനി ഇതൊന്നും വാര്‍ത്തയാവാത്തത് ഇത്തരം സാധനങ്ങള്‍ക്കൊന്നും വില ഇല്ലാതായി പോയത് കൊണ്ടാണോ? മാരുതി കാറ് മോഷണം പോയി എന്ന് പറയുന്നത് പോലും അഭിമാന പ്രശ്നമാണെന്ന് വിശ്വസിക്കുന്ന ആളുകളുള്ള നാടാണെന്ന് ഒരു സുഹൃത്ത് കളിയായി പറഞ്ഞത് ഓര്‍ക്കുന്നു. പിന്നെ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും അവരുടെ സ്റ്റാന്റേര്‍ഡ് നോക്കണ്ടേ.

വിദേശത്ത പല വന്‍ നഗരങ്ങളിലും ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിത്രമാണ്‌ കാണാന്‍ പറ്റുന്നത്. കാറുകളും, വലിയ വാഹനങ്ങളും വിട്ട് ആളുകള്‍ സൈക്കിളുകള്‍ വാങ്ങി കൂട്ടാന്‍ തുടങ്ങയിരിക്കുന്നു. പഴയ യുറോപ്യന്‍ നഗരങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാന്‍ ഏറ്റവും പറ്റിയ വാഹനമായി അവിടുത്തുകാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സൈക്കിളിനെ ന്യൂയോര്‍ക്ക് നഗരത്തിലെ റെട്രോ-ഫാഷനിസ്റ്റാസ് നേരത്തെ തന്നെ ഏറ്റുവാങ്ങിയിരുന്നു. കുറച്ച് വൈകിയാണെങ്കിലും പാരീസിനെ മാതൃകയാക്കി സ്വീകരിച്ച് ന്യൂയോര്‍ക്ക് സിറ്റിയും ഇന്ന് സൈക്ലിങ്ങ് ഒരു commuting option ആയി promote ചെയ്യുകയാണ്‌. ഈ നഗരത്തില്‍ ഏറ്റവും വേഗത്തില്‍ ലക്ഷ്യത്തില്‍ എത്താനുള്ള സഞ്ചാര മാര്‍ഗ്ഗം എന്ന പേരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈക്കിളിനാണ്‌. ഉപയോഗത്തിനായി പ്രത്യേകം ലെയിനുകളും, ഗ്രീന്‍‌വേകളും കൂടി ആയതോടെ, കഴിഞ്ഞ വര്‍ഷം 35% കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരായി. ഇവിടെ നിത്യേന 1.3 ലക്ഷം ആളുകള്‍ സൈക്കിള്‍ ഒരു യാത്രാ മാര്‍ഗ്ഗമായി ഇന്ന് ഉപയോഗിക്കുന്നു.

പക്ഷെ ഉപയോഗത്തിന്റെ വര്‍ദ്ധനവിന്‌ അനുസൃതമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഒരു വഴിക്ക് പോയി തിരിച്ച് വരുമ്പോള്‍ സൈക്കിള്‍ കൂടെ ഉണ്ടാവണമെന്നില്ല. കഴിഞ്ഞ വര്‍ഷം 70,000-ന്‌ മേലെ മോഷണങ്ങള്‍ ആണ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടൂവീലറുകള്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ്‌ നാട്ടില്‍ സൈക്കിളുകള്‍ അന്യം നിന്ന് പോയത്. ഒരു മോട്ടോര്‍ ബൈക്ക് നല്‍കുന്ന യാത്രാ സൗകര്യത്തേക്കാള്‍, ഇന്ന് സുന്ദരിമാരെ വശീകരിക്കാനും, macho man ഇമേജ് ഉണ്ടാക്കാനും ബൈക്കുകള്‍ ഉണ്ടായേ തീരൂ എന്ന് വിശ്വസിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഈ ഗ്ലാമര്‍ ഇമേജിന്റെ വലയില്‍ പലരും വീണ്‌ പോയതോടെയാണ്‌ സ്കൂട്ടറുകളുടെ പോലും തിരി കരിഞ്ഞ് പോയത്. ഇനി റ്റാറ്റാ നാനോയുടെ വരവോടെ ബൈക്കുകളുടെ ഗതി എന്താകും എന്നു കണ്ടറിയാം. എന്നാല്‍ സൈക്കിള്‍ നല്‍കുന്ന adventure-ഉം, thrill-ഉം പുതിയ തലമുറയെങ്കിലും ആസ്വദിച്ചിട്ടില്ലെന്ന് വിശ്വസിക്കാം. നിത്യാഭ്യാസവും മനക്കരുത്തും കൈമുതലായുള്ള ചില not-so-macho-men തന്നെ ഇവരുടെ മുന്നില്‍ അവതരിക്കേണ്ടി വരും. താഴെയുള്ള വീഡിയോ കാണുക; അല്ലെങ്കില്‍ ഇവിടെ.

അധികം താമസിയാതെ സൈക്കിളുകള്‍ വീണ്ടും കേരളത്തിലെ യുവാക്കളെ തേടിയെത്തും എന്ന് പ്രതീക്ഷിക്കാം. ലക്ഷത്തിന്‌ മുകളില്‍ വിലയുള്ള മോഡലുകളും, ബ്രാന്റ് അമ്പാസിഡറായി സ്പാന്‍ഡക്സും, ഹെല്‍മറ്റും ധരിച്ച ഒരു സൂപ്പര്‍ താരവും കൂടി ചെറുതായി ശ്രമിച്ചാല്‍ മതി. Fun, fitness, freedom എന്നീ factors ഒന്നിച്ച് നല്‍കുന്ന വേറെ എത്ര വിനോദങ്ങള്‍ ഉണ്ട് ഇന്ന് അറിവില്‍.

Labels: ,

September 04, 2008

കാ.... കാ.....

കാക്കയെ കുറിച്ച് ഒരു introduction-ന്റെ ആവശ്യം ഇല്ല, എന്നാലും, "യൂ മീന്‍, ക്‌രോ" എന്ന് ചോദിക്കുന്ന ആരെങ്കിലും ഉണ്ടാകാതിരിക്കില്ല. നാട്ടില്‍ ഏറ്റവും സുലഭമായി കാണപ്പെടുന്നതും, ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരെണ്ണത്തെയെങ്കിലും കാണാന്‍ പറ്റുമോ എന്നും നമ്മള്‍ ആദ്യം അന്വേഷിക്കുന്നതും, കാക്കയെ ആണ്‌. കാണാന്‍ ഒരു ലുക്ക് ഇല്ലാത്തത് ആണോ, അതോ സ്വഭാവ ദൂഷ്യം കൊണ്ടാണോ എന്നറിയില്ല നമ്മള്‍ ഈ പക്ഷിക്ക് വലിയ ബഹുമാനം കൊടുത്ത് കാണാറില്ല. അത് കൊണ്ട് കൂടിയായിരിക്കണം എന്നും വീടിന്‌ ചുറ്റും ഒരേ കാക്കയേ തന്നെയാണോ കാണുന്നത് എന്ന് പോലും ശ്രദ്ധിക്കാന്‍ സമയം കൊടുത്തിരുന്നില്ല. പക്ഷെ അവ നമ്മളെയും ചുറ്റുമുള്ളവരെയും സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവം പണ്ട് വീട്ടില്‍ ഉണ്ടായി. സ്ഥിരമായി തേങ്ങ ഇടാന്‍ വരുന്നയാള്‍ക്ക് പകരം ഒരാള്‍ തെങ്ങില്‍ കയറിയപ്പോള്‍ കുറേ കാക്കകള്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ തുരത്താന്‍ ശ്രമിച്ചു. ഈ അനുഭവം അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ അനുഭവിക്കേണ്ടി വന്നു. ഏല്പിച്ച പ്രോജക്റ്റ് കമ്പ്ലീറ്റ് ചെയ്യാന്‍ അന്ന് പുള്ളി കുറച്ച് പണിപ്പെട്ടു. അത് പോലെ ഉച്ച ഭക്ഷണ സമയത്ത് കൃത്യമായി വന്നെത്തുന്ന കാക്കകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

എന്നാലും, സാധാരണയില്‍ കവിഞ്ഞ ബുദ്ധിയുള്ള പക്ഷിയായി നമ്മള്‍ കാണുന്നില്ലെങ്കിലും അങ്ങനെയാണെന്നാണ്‌ സത്യം. ആഴമുള്ള പാത്രത്തില്‍ കല്ലുകള്‍ പെറുക്കിയിട്ട് വെള്ളം കുടിച്ച കാക്കയെ പറ്റിയുള്ള കഥ ഒരു പക്ഷെ നടന്ന സംഭവം ആയിരുന്നോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ള ചില വിക്രിയകള്‍ ആണ്‌ Joshua Klien പകര്‍ത്തിയത്. ഇന്ന് കേരളത്തിന്റെ സ്വന്തം Sanitation സര്‍‌വീസ് ആയ കാക്കയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് തീര്‍ച്ച. ഒപ്പം ശ്രമിച്ചാല്‍ നമുക്ക് ഉപകരിക്കുന്നവ പഠിപ്പിക്കാനും .....

Labels:

July 28, 2007

ഗാര്‍‌ബേജ് എക്സ്പോര്‍ട്ടിങ്ങ്

നാട്ടിലെ മാലിന്യ പ്രശ്നം ഇന്നൊരു വാര്‍ത്ത അല്ലാതായിരിക്കുകയാണല്ലോ? കുറച്ച് മുമ്പൊക്കെ കേള്‍ക്കാറുണ്ടായിരുന്നു, മാലിന്യം നിക്ഷേപിക്കാന്‍ വന്ന വണ്ടി തടഞ്ഞു, തിരിച്ചയച്ചു, സംഘര്‍ഷം എന്നൊക്കെ. ഇതൊക്കെ മുമ്പ് അയല്‍ക്കാര്‍ തമ്മിലുള്ള അല്ലറ ചില്ലറ അടിപിടി കേസുകളില്‍ ഒതുങ്ങിയിരുന്നു. പിന്നെ കുറേയൊക്കെ ലോക്കല്‍ സംഭവങ്ങളും. ഇന്ന് ഇത് ഹൈക്കോടതി ലെവലില്‍ ആണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്.‍

ഫ്ലാഷ്‌ബാക്ക് : കണ്ണൂര്‍ക്കാര്‍ ഇതൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലും, എ.കെ.ജി ആശുപത്രിയും മത്സരിച്ചായിരുന്നു അന്ന് മാലിന്യം പുറത്ത് ഒഴുക്കി വിട്ടിരുന്നത്. എ.കെ.ജി ഒരു ഘട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു, പിന്നെ അവിടെ വഴി തടയലും, സംഘര്‍ഷവും... ഒന്നും പറയണ്ട. ഇടത് ഭരിക്കുന്ന ആശുപത്രിക്കെതിരെ വലത് ഭരിക്കുന്ന മുന്‍‌സിപ്പാലിറ്റിയുടെ കുത്തിത്തിരിപ്പ് മാത്രമായിരുന്നു അത്. അല്ലാതെ നാട്ടുകാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കാര്യത്തെ പറ്റി ഇടപെടേണ്ട കാര്യം ഇല്ലല്ലോ? പിന്നീട് എ.കെ.ജി ഭരണം എം.വി.രാഘവന്‍ പിടിച്ചടക്കിയതും, 48 മണിക്കൂര്‍ ജില്ലാ ബന്ദും, സ്നേക്ക് പാര്‍ക്കിന്‌ നേരെയുള്ള ആക്രമണവും, രാഘവന്‌ നേരെയുള്ള സമരങ്ങളും, കൂത്തുപറമ്പ് വെടിവെപ്പും ഒക്കെ കേരള രാഷ്ടീയത്തിന്റെ ഭാഗം. ആശുപത്രിക്കാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, sewer system, waste management തുടങ്ങിയ സംഭവങ്ങള്‍ ഒന്നും നാട്ടില്‍ ഇല്ലല്ലോ. പിന്നെയുള്ളത് പുഴയില്‍ തള്ളുകയാണ്‌, പക്ഷെ നഗര മദ്ധ്യത്തിലുള്ള ആശുപത്രി എന്ത് ചെയ്യും? അതു കൊണ്ടൊന്നുമല്ലായിരിക്കും, ജനങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി തലശ്ശേരിയില്‍ ആശുപത്രി കെട്ടി പൊക്കിയപ്പോള്‍ അത് കൊടുവള്ളി പുഴക്ക് അരികില്‍ തന്നെയാക്കിയത്. പണ്ട് വെറുതെ കണ്ടല്‍ക്കാട് പിടിച്ച് വേസ്റ്റ് ആയി കിടന്ന സ്ഥലത്ത് ഒന്നുമില്ലെങ്കില്‍ ഇന്ന് ഒരു ആശുപത്രിയുണ്ടല്ലോ!

വിദേശ ലോക്കേഷന്‍ : ഒന്ന് ന്യൂയോര്‍ക്ക് സിറ്റിയെ നോക്കാം. കണ്ണൂര്‍ ജില്ലയുടെ പകുതിയോളം വരുന്ന ഒരു സ്ഥലത്ത്, കേരളത്തിന്റെ 30% ശതമാനത്തോളം വരുന്ന ജനസംഖ്യ ഒരു ദിവസം ഗാര്‍ബേജ് ആയി തള്ളുന്നത് ഏകദേശം 11,600 ടണ്ണാണ്‌. ഇതൊന്നും കുഴിച്ചിടാനോ, കത്തിച്ച് തീര്‍ക്കാനോ പറ്റുന്ന അളവല്ല. അതിന്‌ അവര്‍ കണ്ട വഴിയാണ്‌, garbage exporting. കാശ് അങ്ങോട്ട് കൊടുത്തിട്ടാണ്‌ export നടത്തുന്നത് എന്നൊരു വ്യത്യാസം മാത്രം. ഇവിടെ അടുത്തും അകലെയും ഉള്ള സ്റ്റേറ്റുകളിലെ കൗണ്ടികള്‍ ടണ്ണ് കണക്കിനാണ്‌ വാങ്ങുന്നത്. വെര്‍ജീനിയക്കാരെ... തല്ലല്ലെ, ഇത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഗുണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ്‌ കണക്ക്. ഹാര്‍ബര്‍/ഷിപ്പിങ്ങ് സൗകര്യം ഉള്ളതിനാല്‍ ബാര്‍ജ്ജുകളില്‍ കയറ്റി അയക്കുന്നത് ഇവിടെ ഒരു പ്രശ്നം ആകുന്നില്ല, ചിലവും കുറവാണ്‌.

കേരള സര്‍ക്കാര്‍ ഇതേ കുറിച്ച് ശക്..ത..മായി ഒന്ന് ആലോചിക്കട്ടെ, അപ്പോള്‍ വെ..ക്ക്‌..ത..മായ ഒരു ഉത്തരം കിട്ടും. പക്ഷെ നമ്മള്‍ എങ്ങോട്ട് കയറ്റി അയക്കും? ടെണ്ടര്‍ വിളിക്കാതെ, ഉള്ള experience വച്ച് നോക്കാം! നാട്ടിലെ പഴയ സാധനങ്ങളൊക്കെ പെറുക്കി കൊണ്ടുപോയിരുന്നത് തമിഴ്നാട്ടുകാരായിരുന്നു. അതുകൊണ്ട് തത്കാലം ഇതൊക്കെ തമിഴ്‌നാടിനെ ഏല്പ്പിക്കാം, അവരാണല്ലോ മുല്ലപ്പെരിയാറില്‍ നിന്ന് ദിവസേന വെള്ളം ഫ്രീയായിട്ട് കൊണ്ടുപോകുന്നത്, ഒരു ടി.എം.സി വെള്ളത്തിന്‌, അമ്പത് ബാര്‍ജ്ജ് എന്ന കണക്കിനോ മറ്റോ ഇതും കൊടുത്തേക്കാം. പിന്നെ, കൊണ്ടു പോയ ശേഷം അവര്‍ എന്ത് ചെയ്യുന്നു എന്ന കാര്യത്തില്‍ പക്ഷെ നമ്മള്‍ ഇടപെടരുത്. കാവേരി വെള്ളത്തിന്‌ പകരമായി അവര്‍ അത് വേണമെങ്കില്‍ കര്‍‌ണ്ണാടകത്തിന്‌ കൊടുത്തോട്ടെ... നോ പ്രോബ്ലം, അവര്‍ ആയി അവരുടെ പാടായി. ഇതൊരു താത്കാലിക എടപാട് മാത്രം, നമ്മുടെ തുറമുഖങ്ങള്‍ ഒക്കെ ഒന്ന് well established ആയിക്കഴിഞ്ഞാല്‍ പിന്നെ ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങി മലയാളം ബ്ലോഗേര്‍സ് ഇല്ലാത്ത ഏത് വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്‌.

ഇത്രയും വളിപ്പ് അടിച്ചത് എന്തിനാണെന്ന് വച്ചാല്‍, കേരളത്തിനും അത്യാവശ്യമായി ഒരു garbage disposal/recycling system വേണം എന്ന് ഓര്‍മ്മിപ്പിക്കാനാണ്‌. അത് എങ്ങനെയാണെന്നുള്ളതിനെ കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതാണ്. കാരണം, waste ഉണ്ടാകുന്നത്, നമ്മള്‍ ഓരോരുത്തരുടെയും വീടുകളില്‍ നിന്നാണ്‌. അത് കൊണ്ട് തന്നെ, ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മള്‍ക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ആളൊഴിഞ്ഞ സ്ഥലം നോക്കി വലിച്ചെറിയുന്ന ഇപ്പോഴത്തെ രീതി മാറണം.

Waste Management -നെ പറ്റി കേരളം സീരിയസ്സായി ആലോചിക്കേണ്ട സമയം ആയിരിക്കുന്നു. രോഗ വിമുക്തമായ ഒരു കേരളം ഉണ്ടാവണമെങ്കില്‍ ഇതൊക്കെ ഇപ്പോഴെങ്കിലും ചെയ്തേ പറ്റൂ. രോഗ നിവാരണത്തിന്‌ ഒരു വര്‍ഷം ചിലവാക്കുന്ന കാശ്‌ പോലും ആകില്ല ഈ പരിപാടി ശരിയായി ചെയ്യുകയാണെങ്കില്‍.


[സ്വാര്‍ത്ഥം: ചീഞ്ഞു നാറുന്ന കൊച്ചി എന്ന ബ്ലോഗുമായി ചേര്‍ത്ത് വായിക്കുക.]

Labels: , ,

July 26, 2007

അശ്രദ്ധ ക്ഷണിക്കല്‍

ഒരു സിനിമ എന്നെ സ്വാധീനിക്കുന്നത് പലപ്പോഴും അത് കാണുന്ന അവസരത്തിലുള്ള മാനസിക അവസ്ഥയെ അനുസരിച്ചാണെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു അവസരത്തില്‍ കണ്ടത് കൊണ്ടായിരിക്കണം "Its a wonderful life" എന്ന ചിത്രത്തിലെ പല സീനുകളും മനസ്സില്‍ പതിഞ്ഞ് പോയത്. അതിലെ ഒരു രംഗത്തില്‍ നിന്ന്; "every time a bell rings, an angel gets his wings". എവിടെ നിന്നെങ്കിലും ബെല്ല് അടിക്കുന്നതോ, കൊലുസുകള്‍ കിലുങ്ങുന്നതോ, ചില്ലറകള്‍ വീഴുന്നതോ ആയ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ രംഗം മനസ്സില്‍ ഉള്ളത് കൊണ്ടാണ്‌.

ന്യൂയോര്‍ക്ക് സിറ്റിയില്‍‍, പ്രത്യേകിച്ചും ടൂറിസ്റ്റുകള്‍ വന്നിറങ്ങുന്ന സ്ഥലങ്ങളില്‍ കേള്‍ക്കുന്ന ഇത്തരം കിലുക്കങ്ങള്‍ പക്ഷെ പിടിച്ച് പറിക്കാരുടെ ഒരു നമ്പര്‍ ആണെന്ന് ഞാന്‍ പിന്നീടാണ്‌ മനസ്സിലാക്കിയത്. നഗര കാഴ്ചകളില്‍ അമ്പരന്നിരിക്കുന്ന ടുറിസ്റ്റുകള്‍ക്ക് ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഉണ്ടാവുന്ന നഷ്ടം വളരെ വലുതാണ്‌. ആദ്യ തവണ ഇത് ശ്രദ്ധിച്ചത്, ഒരു സുഹൃത്തിന്റെ കൂടെ നഗര മദ്ധ്യത്തിലുള്ള ഒരു ഹോട്ടലിന്റെ ലോബിയില്‍ ചെക്കിന്‍ ചെയ്യാന്‍ ലൈനില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു. അന്ന് ലൈനില്‍ ഏറ്റവും പുറകിലായി നിന്നിരുന്ന ആളുടെ കൈയ്യില്‍ നിന്നായിരുന്നു ചില്ലറ തുട്ടുകള്‍ താഴെ വീണത്, പക്ഷെ ശരിക്കും കാശ് പോയത് കൗണ്ടറിനോട് ചേര്‍ന്ന് നമ്മുടെ മുന്നിലായി നിന്നിരുന്ന ആളുടെതായിരുന്നു. ഇതൊരു Distraction Burglar-ന്റെ കര വിരുതാണെന്ന് അന്ന് തോന്നിയിരുന്നില്ല. അന്ന് ന്യൂയോര്‍ക്ക് ഇത്രയും പരിചയം ഉള്ള സ്ഥലവും ആയിരുന്നില്ലാതിരുന്നതിന്റെ ഭീതി കൂടിയുണ്ടായിരുന്നു. ഇത് പോലെ പിന്നെയും രണ്ട് സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ്‌ ഇത് ശ്രമിച്ചാല്‍ ഒഴിവാക്കാന്‍ പറ്റുന്നതാണെന്ന് മനസ്സിലായത്. പക്ഷെ നഗരത്തിന്റെ നിഗൂഢത അറിയാത്ത സന്ദര്‍ശകര്‍ പറ്റിക്കപ്പെടുന്നു.

കൈയ്യൂക്കിന്റെ ബലത്തില്‍ (അംഗ ബലം കൊണ്ടും, ആയുധ ബലം കൊണ്ടും എന്നും പറയാം) പിടിച്ച് പറിക്കുന്നവരെ ഒന്നും ചെയ്യാനാവില്ല. തടി കേടാകും, കാശും പോകും. അതുപോലെ തന്നെ ചില specific items പിടിച്ചു പറിക്കാന്‍ വരുന്നവരെയും. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി iPod ആണ്‌ ആ ലിസ്റ്റ് ഭരിക്കുന്നത്, പണ്ട് അത് sneaker shoes ആയിരുന്നു എന്ന് പറഞ്ഞാല്‍ തമാശയായി തോന്നിയേക്കാം.

ഇന്ന് ഞാന്‍ ഒരു സാധാരണ ന്യൂയോര്‍ക്കര്‍ ആണ്‌, മറ്റുള്ളവരുടെ കാര്യങ്ങള്‍ ഞാന്‍ അറിയുകയോ, അറിഞ്ഞതായി ഭാവിക്കുകയോ ചെയ്യാറില്ല. പക്ഷെ ഒരു കാര്യം അറിയാം, "every time a bell rings, somebody is about to lose his wallet".

Labels: ,

July 23, 2007

റേസര്‍-ബ്ലേഡ് മോഡല്‍

പ്രീമിയം വില കൊടുത്ത് വാങ്ങി പലരും നിത്യേന ഉപയോഗിക്കുന്ന ഒരു സാധനം ആണ്‌ Gillette Mach3 ബ്ലേഡുകള്‍. പ്രീമിയം എന്നത് ആപേക്ഷികം ആയിരിക്കാം, പക്ഷെ എങ്ങനെ നോക്കിയാലും 4 എണ്ണത്തിന്റെ പായ്ക്കറ്റിന്‌ $12-$15 എന്ന വില എനിക്ക് പ്രീമിയം ആയാണ്‌ തോന്നുന്നത്. ജില്ലെറ്റ് കമ്പനിക്ക് കാശ് മുഴുവന്‍ ഉണ്ടാക്കി കൊടുക്കുന്നത് ഈ "ബ്ലേ...യ്‌ഡ്" വില്പ്പന തന്നെയാണ്‌. എത്ര പേരേയാണ്‌ ഓരോ ദിവസവും അറക്കുന്നത്! ആളുകളെ ഇതിലേക്ക് വശീകരിക്കുന്നതിനായാണ്‌ അവര്‍ റേസര്‍ $5.00 താഴെ വിലയ്ക്ക് വില്‍ക്കുന്നത്. ആദ്യ തവണ ഉപയോഗിക്കാനുള്ള ബ്ലേഡും കൂടെ തരുന്നു. ഈ വിപണന തന്ത്രത്തെ "razor and blade business model" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിലും വില കുറഞ്ഞ ബ്രാന്റുകള്‍ ഇല്ലേ, അത് വാങ്ങിയാല്‍ പോരേ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം, പക്ഷെ ഒരിക്കല്‍ ഉപയോഗിച്ചവര്‍ക്ക് അതിന്റെ കാര്യം അറിയാം. മറ്റുള്ളവര്‍ കുറഞ്ഞ വിലയ്ക്ക് പാര്‍ട്ടുകള്‍ ഉണ്ടാക്കി വില്‍ക്കാതിരിക്കാന്‍ പേറ്റന്റിന്റെ ബലവും ഉണ്ട്. Mach3 ബ്രാന്റിന്‌ മാത്രമായി ജില്ലെറ്റിന്‌ 50 പേറ്റന്റുകള്‍ ആണുള്ളത്.

മൂന്ന്-നാല്‌ വര്‍ഷം മുമ്പ് ഒരു ഹോളിഡേ സീസണില്‍ എന്റെ സഹമുറിയന്‍ ഒരു ഉഗ്രന്‍ പ്രിന്റര്‍ വാങ്ങിക്കൊണ്ടു വന്നു. തുച്ചമായ വില, only $49.99. തുറന്ന് നോക്കിയപ്പോള്‍ മനസ്സിലായി, പ്രിന്ററിന്റെ മഷി (cartridge) കൂടെയില്ല, അത് വേറെ വാങ്ങണം. മഷി വാങ്ങാന്‍ പോയി വില കേട്ടപ്പോള്‍ ആണ്‌ കണ്ണ് തള്ളിപ്പോയത്, only $99.99. മാര്‍ക്കറ്റില്‍ നോക്കിയാല്‍ ഇത് പോലെ അനേകം സാധനങ്ങള്‍ കാണാം; സെല്‍‌ഫോണ്‍, പ്രിന്ററുകള്‍, ബ്ലഡ് ഷുഗര്‍ ടെസ്റ്റ് മഷീനുകള്‍, വാക്യും ക്ലീനറുകള്‍...

ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ഒരു high-end multimedia computer എന്ന് വിശേഷിപ്പിക്കാവുന്ന XBox 360 gaming console മാര്‍ക്കറ്റില്‍ ഇറങ്ങിയപ്പോള്‍ പറഞ്ഞ് കേട്ടിരുന്നു, Microsoft ഒരു കണ്‍സോളിന്മേല്‍ 100 ഡോളറില്‍ കൂടുതല്‍ നഷ്ടം സഹിക്കുന്നുണ്ടെന്ന്. ഇതിനുള്ള games/accessories വില്പനയിലൂടെയാണ്‌ അവര്‍ ഈ നഷ്ടം നികത്തുന്നത്. XBox വാങ്ങുന്നവര്‍ അതിനുള്ള games വാങ്ങാതിരിക്കുമോ? ഇറങ്ങുന്ന സമയത്ത് game ഒരെണ്ണത്തിന്‌ $50 ആയിരുന്നു വില എന്ന് ഓര്‍ക്കുക.

ഇതൊന്നും ഇന്നോ ഇന്നലയോ തുടങ്ങിയ സംഭവം അല്ലെന്നതാണ്‌ വസ്തുത, അതു കൊണ്ട് തന്നെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. 1870-ല്‍ John D. Rockefeller ചൈനക്കാര്‍ക്കും മറ്റും സൗജന്യമായി മണ്ണെണ്ണ വിളക്കുകള്‍ നല്‍കിയിരുന്നു പോലും. അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകത്തില്‍ നിന്നും; "In the 1870s, Standard Oil was providing free kerosene lamps to remote parts of the world, and teaching foreigners to use them, in order to build a global consumer base..."

Razor in this context is, a variety of miscellaneous parts which help hold the blade in place.

Labels: , ,

July 21, 2007

ഓപ്പ്ണ്‍ ഓഫീസ്

പൊതുജന തത്പരനായ, രാഷ്ട്രീയക്കാരനല്ലാത്ത, കര്‍ക്കശ സ്വഭാവക്കാരനായ ഭരണാധികാരി എന്നതിനേക്കാള്‍ എനിക്ക് ന്യൂയോര്‍ക്ക് സിറ്റി മെയര്‍‌ Michael Bloomberg-നോട് ബഹുമാനം തോന്നിയിരുന്നത് ഒരു career achiever എന്ന നിലയില്‍ ആണ്. അദ്ദേഹത്തെ multi-millionnaire ആക്കാന്‍ സഹായിച്ച Bloomberg എന്ന ഫൈനാന്‍ഷ്യല്‍ ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ച് ഞാന്‍ ഈ അടുത്താണ് ശരിക്കും അറിഞ്ഞ് തുടങ്ങിയത്. മാന്‍‌ഹാട്ടണിലുള്ള അവരുടെ headquarters സന്ദര്‍ശിക്കാന്‍ കുറച്ച് കാലമായി അവസരം കിട്ടിയിട്ടും പോകാതിരുന്നത് സമയക്കുറവ് കൊണ്ടായിരുന്നു. അവസാനം ഇന്ന് ഞാന്‍ ആ കര്‍മ്മം നിര്‍‌വ്വഹിച്ചു. ആയിരത്തില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥലത്തെ കാമ്പസ് എന്നാണ്‌ പറയേണ്ടതെങ്കിലും ഒരു ബില്‍ഡിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സ്ഥാപനത്തെ കാമ്പസ് എന്ന് വിശേഷിക്കാമോ എന്നൊരു സംശയം.

സാധാരണയായി വലിയ ഓഫീസുകളില്‍ പോയാല്‍ എന്നെ ആകര്‍ഷിക്കാറുള്ളത് അവിടത്തെ cafeteria ആണ്‌. ഇവിടെ അങ്ങനെ ഒരു സംഭവം ഇല്ലാത്തത് ഒരു ന്യൂനതയാണ്‌. Hightech-ഉം Green Buildings-ഉം ഇവിടെ ഒരു പുതുമ അല്ലാത്തത് കൊണ്ട് അതൊന്നും കണ്ണില്‍ ഉടക്കിയില്ല. ഇതേ കെട്ടിടത്തില്‍ തന്നെയായിരുന്നു bloomberg റേഡിയോയും, ടി.വി. സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

ഇതിനേക്കാള്‍ ഒക്കെ എനിക്ക് വ്യത്യസ്ഥമായി തോന്നിയത് അവിടത്തെ ഓഫീസ് സെറ്റപ്പ് ആയിരുന്നു. ഇവിടെ മുറികള്‍ എന്ന് പറയാന്‍ ഉള്ളത് ഗ്ലാസ് കൊണ്ടുള്ള conference rooms മാത്രം, അതിനും കര്‍ട്ടനുകളോ, ബ്ലൈന്‍ഡുകളോ ഇല്ല. ആര്‍ക്കും ഓഫീസ് മുറികള്‍ ഇല്ല, വേര്‍ത്തിരിക്കപ്പെട്ട ക്യൂബിക്കളുകളും ഇല്ല. എല്ലാവരും നിരത്തിയിട്ടിരിക്കുന്ന നീളന്‍ മേശകളില്‍ ഘടിപ്പിച്ച workstation-കളില്‍ അവരവരുടെ ജോലി ചെയ്യുന്നു. ഇവിടെ ടീം ലീഡ് ആരെന്നോ, മാനേജര്‍ ആരെന്നോ വിളിച്ചറിയിക്കുന്ന ഒന്നും ഇല്ല... CEO വരേ ഇത് പോലെ മറ്റ് ആളുകളുടെ കൂടെ ഇടപഴകി ജോലി ചെയ്യുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "our proud unique and open culture".

ഇന്നലെ പെയ്ത മഴയില്‍ കിളുര്‍ത്ത startup കമ്പനികള്‍ അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത executives-നെ തലയില്‍ എടുത്ത് വയ്ക്കുന്ന നാട്ടില്‍ ആണ്‌ ഇത്, അതും ഒരു ഫൈനാഷ്യല്‍ സോഫ്റ്റ്വേര്‍ കമ്പനി.

Labels: ,

July 19, 2007

തേര്‍ഡ് ലോ ഓഫ് പൊളിറ്റിക്സ്

* For every വിജിലന്‍സ് അന്വേഷണം, there is an equal and opposite വിജിലന്‍സ് അന്വേഷണം.

* For every മാതൃഭൂമി ലേഖനം, there is an equal and opposite ദേശാഭിമാനി ലേഖനം.

* For every ആര്‍.എസ്.എസ് കാരന്‌ വെട്ടേറ്റു, there is an equal and opposite സി.പി.എം കാരന്‌ വെട്ടേറ്റു.

* For every അഴിമതി ആരോപണം, there is an equal and opposite അഴിമതി ആരോപണം.

* For every മാര്‍ക്സിസ്റ്റുകാരന്റെ വീടാക്രമിച്ചു, there is an equal and opposite കോണ്‍ഗ്രസ്സുകാരന്റെ വീടാക്രമിച്ചു.

* For every ദുരിതാശ്വാസ നിധി, there is an equal and opposite ദുരിതാശ്വാസ നിധി.

* For every നടാലില്‍ ബോംബേറ്, there is an equal and opposite എടക്കാട്ട് ബോംബേറ്.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: and more.

Labels: ,

May 10, 2007

കരുക്കള്‍

വെറുതെ ആലോചിച്ചാല്‍ മനസ്സിലാവും, കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം നല്ല നടപ്പിന്‌ വിധേയരാവേണ്ട കുറേ മാതാപിതാക്കളും നേതാക്കന്മാരും ആണെന്ന്. മക്കളേയും അണികളേയും തോന്നിയ പോലെ അഴിച്ച് വിട്ട് നാടിന്‌ ഉപദ്രവം ആയി മാറിയ കുറേ ജീവികള്‍. എന്ത് പ്രശ്നം ഉണ്ടാക്കിയാലും രാഷ്ട്രീയ പിന്തുണ ഉണ്ടെങ്കില്‍ ഊരിപ്പോരാം എന്ന തോന്നല്‍ നിയമത്തോടുള്ള വെല്ലുവിളിയാണ്‌. വലിയൊരു പരിതി വരെ അത് തോന്നല്‍ അല്ലാത്തതും പ്രശ്നം ഇരട്ടിപ്പിക്കുന്നു.

ഇടയക്ക് ഒരു അമേരിക്കന്‍ മോഡല്‍ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്താല്‍ കുറേയൊക്കെ അസുഖം മാറ്റിയെടുക്കാം. വന്‍ സ്രാവുകളെയും ചെറു മത്സ്യങ്ങളെയും ഒരു പോലെ പേടിപ്പിക്കുന്ന സംഭവങ്ങള്‍ ഇവിടെ ഉണ്ടാവാറുണ്ട്. ഇതിലെ ഏറ്റവും പുതിയ ഇരയാണ്‌ Paris Hilton. സസ്പന്റ് ചെയ്യപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വണ്ടി ഓടിച്ചു എന്നതാണ്‌ കുറ്റം. നിസ്സാര കാര്യം ആയി വായിച്ച് തള്ളേണ്ട ഒരു വാര്‍ത്ത മാത്രം. പക്ഷെ 45 ദിവസം ജയില്‍ ശിക്ഷ ആയതോടെ നാട് അറിഞ്ഞു. ഇവിടെ പാരീസ് ഒരു കരു ആവുക മാത്രമായിരുന്നു. മദ്യപിച്ച് വണ്ടി ഓടിക്കുന്നവര്‍ക്കും, നിയമം ലംഘിക്കുന്നവര്ക്കും ഉള്ള മുന്നറിയിപ്പ്.

രണ്ട് വര്‍ഷം മുമ്പ് ജയിലിലായത് Martha Stewart ആയിരുന്നു. കോടികളുടെ ആസ്തിയുള്ള Martha, നിയമവിരുദ്ധമായ insider trading വഴി $50,000-ന്റെ സ്റ്റോക്ക് വില്പന നടത്തി എന്നതായിരുന്നു കുറ്റം. ഇവര്‍ മാത്രമാണോ ഇത് ചെയ്തത്, അല്ലെങ്കില്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍....? പക്ഷെ ഇത് കൊമ്പന്മാര്‍ക്കുള്ള ഭീഷണി ആയിരുന്നു. ഇതേ പോലുള്ള ഒരു വാര്‍ത്ത ഇന്നലെ വീണ്ടും വന്നിട്ടുണ്ട്. Dow Jones-നെ പറ്റിയുള്ളത് ആരുടേയോ അതിബുദ്ധി പ്രയോഗമാണ്‌. അമേരിക്കയ്ക്ക് വെളിയില്‍ കളിച്ചാലും കുടുങ്ങും എന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായി. അന്വേഷണം നടക്കട്ടേ, ആരാണ്‌ എന്ന് അറിയാം. രണ്ട് വര്‍ഷം മുമ്പ് Michael Jackson തടി രക്ഷിക്കാന്‍ സ്വത്ത് മുഴുവന്‍ കളഞ്ഞ് കുളിച്ചു എന്നാണ്‌ പറയപ്പെടുന്നത്. ഇങ്ങനെ അനുഭവിച്ചവര്‍ വേറേയും, Naomi Campbell, Boy George ...

എല്ലാം നോക്കിക്കൊണ്ടിരിക്കുന്നത് ഇവിടത്തെ Fed മാത്രമല്ല, നമ്മുടെ പോലീസും കൂടിയാണ്‌. പക്ഷെ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രം.

Labels:

March 07, 2007

ക്യൂന്‍ vs. ക്വീന്‍

മലയാളി ഇംഗ്ലീഷ്‌ പറയുന്നത്‌ പോലെ എന്നൊക്കെ പലര്‍ക്കും തമാശയാക്കാന്‍ മാത്രമായി നമ്മളില്‍ പലരും ആവശ്യത്തില്‍ കൂടുതല്‍ അവസരം കൊടുക്കാറുണ്ട്‌. പലപ്പോഴും അശ്രദ്ധ കൊണ്ടും ചിലപ്പോള്‍ മറ്റുള്ളവര്‍ തിരുത്തി തരുന്നത്‌ അംഗീകരിക്കാത്തത്‌ കൊണ്ടും ആണ്‌. പ്ലീസ്‌, ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കാഞ്ഞത്‌ കൊണ്ടാണെന്ന് മാത്രം പറയരുത്‌.

പക്ഷെ പത്രങ്ങള്‍ എങ്കിലും ഇംഗ്ലീഷ്‌ വാക്കുകള്‍ മലയാളീകരിക്കുമ്പോള്‍ കുറച്ച്‌ കൂടി ശ്രദ്ധിച്ചുകൂടെ എന്ന് പലപ്പോഴും തോന്നാറുണ്ട്‌. Queen എന്ന വാക്ക്‌ ഇന്നത്തെ പത്രത്തില്‍ മാതൃഭൂമിയും, ദീപികയും മലയാളീകരിച്ച്‌ (പലരും ഉപയോഗിക്കുന്നത്‌ പോലെ) ക്യൂന്‍ [qyuun/kyuun] ആക്കി. ഈ കാര്യത്തില്‍ പക്ഷേ മനോരമ എങ്കിലും ശ്രദ്ധിച്ച്‌ എഴുതി, ഭാഗ്യം.

ക്യൂന്‍ എന്ന് പറഞ്ഞാലെ ആളുകള്‍ക്ക്‌ മനസ്സിലാവൂ എന്നോ മറ്റോ ഇവര്‍ വിചാരിച്ച്‌ കാണുമോ? ഇനി അതല്ല, ക്വീന്‍ എന്ന് ഇംഗ്ലീഷിലും, ക്യൂന്‍ എന്ന് മലയാളത്തിലും പറയും എന്നാണെങ്കില്‍, അങ്ങനെ.

Labels:

February 27, 2007

ക്ലോസപ്പ് ശ്രമിക്കുന്നത്?

പ്രസാദിന്റെ ബൈക്ക് ഓടുന്ന പോലുള്ള ചിരി** കേട്ട ശേഷം ആരെങ്കിലും വായ തുറക്കാതെ ചിരിക്കാന്‍ തുടങ്ങിയോ? കുറച്ച് പേരൊക്കെ ഉണ്ടാവാം. കാരണം എല്ലാവരും ക്ലോസപ്പ് കൊണ്ടല്ലല്ലോ പല്ല്‌ തേയ്ക്കുന്നത്. ഇനി ഇതൊന്നും അലോചിക്കാതെ വായ തുറക്കുന്നവരെ... സൂക്ഷിക്കുക! ഇത്ര അസഹനീയമായ പരസ്യം വച്ച് അവര്‍ എന്തായിരിക്കും ഉദ്ദേശിക്കുന്നത്? ഒന്ന് ഊഹിച്ച് നോക്കാം.

ഒരു സാധാരണ ഇന്ത്യന്‍ വീട്ടില്‍ ഒരു ടൂത്ത്പേസ്റ്റ് വാങ്ങുമ്പോള്‍ അത് കുട്ടികള്‍ക്ക് വേറെ മുതിര്‍ന്നവര്‍ക്ക് വേറെ എന്ന ചേരിത്തിരിവൊന്നും ഇല്ലാതെയാണ്‌ (ആയിരുന്നു). ഈ കാരണം കൊണ്ട് വാങ്ങുന്നയാള്‍ക്കും പല്ല്‌ തേക്കുന്ന കുട്ടികള്‍ക്കും ഇതുവരേ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. നഷ്ടം HLL പോലുള്ള കമ്പനികള്‍ക്കാണ്‌. ഒരു വീട്ടില്‍ ഒരു പേസ്റ്റ് എന്ന് പറയുന്നത് ഒരു രാജ്യത്തിന്‌ ഒരു മോഡല്‍ കാര്‍ എന്ന് പറയുന്നത് പോലെയാണ്‌. ഇത്തരം കമ്പനികളുടെ മുമ്പില്‍, ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പേസ്റ്റ് വേണോ എന്ന കാര്യത്തിന്‌ പ്രസക്തിയില്ല. സാധനം വാങ്ങിപ്പിക്കുക എന്ന് മാത്രമേ അവര്‍ ഉദ്ദേശിക്കുന്നുള്ളു. വാങ്ങി പെട്ടിയില്‍ വച്ചോ, ടേസ്റ്റ് നോക്കിയ ശേഷം കളഞ്ഞോ, വായ് നാറ്റം അകറ്റിയോ, ദന്തക്ഷയം ചെറുത്തോ എന്നതൊക്കെ വാങ്ങുന്നയാളുടെ കാര്യം...

പക്ഷെ ഇവിടെ ചെറിയ ഒരു വ്യത്യാസം ഉണ്ട്. HLL ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെയാണ്‌ ഇവിടെ target ചെയ്യുന്നത്. എളുപ്പം വശീകരിക്കപ്പെടാവുന്ന, കോളേജില്‍ പഠിക്കുന്ന, ബൈക്കും, പഞ്ചാരയും, അടിച്ചുപൊളിക്കലും, ചെത്തി നടക്കലും, കളറും വീക്ക്നെസ്സ് ആയുള്ള ഒരു പ്രായത്തില്‍ ഉള്ളവരേ. ഇന്ത്യന്‍ പട്ടണങ്ങളിലെ, മിഡില്‍ ക്ലാസ്സും, അതിന്‌ തൊട്ട് മുകളില്‍ നില്ക്കുന്നവരുമായ വലിയ ഒരു മാര്‍ക്കറ്റ്. ക്ലോസപ്പ് കൊണ്ട് പല്ല്‌ തേയ്ക്കേണ്ടവര്‍ ഇവര്‍ മാത്രമല്ലല്ലോ? അപ്പോള്‍ പിന്നെ എന്തിന്‌ ഇവര്‍.

ഇതൊരു പരീക്ഷണം മാത്രം ആയിരിക്കാം. കമ്പനി ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. ഇങ്ങനെ ഒരു ഗ്രൂപ്പ് ഇവിടെ ഉണ്ടോ, ഇവരെ കൊണ്ട് വല്ലതും നടക്കുമോ എന്ന്‌ അറിയാന്‍ ഒരു പരീക്ഷണം. ഈ ഗ്രൂപ്പില്‍ ഉള്ളവരെ കൊണ്ട് ഒരു സാധാരണ ഉത്പന്നം പ്രത്യേകമായി വാങ്ങിപ്പിക്കാന്‍ ആണ്‌ കമ്പനി ശ്രമിക്കുന്നത്, അത് വിജയിക്കുമ്പോള്‍ market segmentation നടക്കുന്നു. ഈ segment-ല്‍ ഉള്ളവരേ ഉദ്ദേശിച്ച് പലതും കമ്പനി തീരുമാനിക്കുന്നുണ്ടാവാം. പക്ഷെ, അതിന്‌ മുമ്പ് ഈ ഒരു മാര്‍ക്കറ്റ് ഉണ്ടോ എന്ന് കണ്ട് പിടിക്കണം, അല്ലെങ്കില്‍ കെട്ടി വച്ച കാശ് പോകും.

ചിലപ്പോള്‍ ഇതൊന്നും ആയിരിക്കില്ല, ഈ കാലത്ത് പരസ്യങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇന്നതൊക്കെ വേണം എന്ന് ഉണ്ടാവാം. പക്ഷെ പരസ്യം കാണുന്നവന്റെ ക്ഷമ കൂടി അവര്‍ പരിഗണിക്കണ്ടേ? എന്തായാലും, ഇങ്ങനെ പലതും സാധാരണയായി ലോകത്ത് നടക്കുന്നു. ഇതൊന്നും അറിയാതെ നമ്മള്‍ പേസ്റ്റ് വാങ്ങുന്നു, തേയ്ക്കുന്നു...

** മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന Closeup പരസ്യത്തില്‍ നിന്ന്.

Labels: ,