March 21, 2009

ബും ബും ഷക്കലക്ക.. ബും ബും...

സൗകര്യങ്ങള്‍ക്ക് മേലെ ആഡംബരവും,സ്പീഡും, പവറും, ഷോഓഫും പ്രാധാന്യം നേടിയപ്പോള്‍ നാട്ടിലെ റോഡുകളില്‍ നിന്ന് അന്യം നിന്ന് തുടങ്ങിയിരിക്കുന്ന ഒരു വാഹനം ആണ്‌ നമ്മുടെ സൈക്കിള്‍. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ കുറച്ചെങ്കിലും കാണാമെങ്കിലും അതിന്റെ ആയുസ്സും ചോദ്യം ചെയ്യപ്പെടാവുന്നതാണ്‌. ലൈസന്‍സ് ആവശ്യമില്ലാത്ത 30-35cc മോഫ പോലുള്ള ഒരു ഡീസന്റ് മോപ്പഡ് ഇറങ്ങാനുള്ള താമസമേയുള്ളൂ. ഈ അവസ്ഥ മുമ്പേ ഉണ്ടാവേണ്ടതായിരുന്നു. വളരേ ചെറിയൊരു ശതമാനം സാധാരണക്കാരും, അത്യാവശ്യം മത്സ്യ വില്പനക്കാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ്‌ തരംഗം സൃഷ്ടിച്ചു കൊണ്ട് BSA Steetcat (Hero Ranger-ഉം) വിപണിയില്‍ ഇറങ്ങിയത്. സ്റ്റ്റീറ്റ്കാറ്റിന്റെ ബും ബും ഷക്കലക്ക.. പരസ്യത്തിന്റെ അലകളാണ്‌ ഇപ്പോഴും കുറച്ച് പേരെയെങ്കിലും ഇതിലേക്ക് ആകര്‍ഷിക്കുന്നത്; അതോടൊപ്പം സൈക്കിളുകളുടെ രൂപത്തിലും നിറങ്ങളിലും വന്ന വ്യത്യസ്ഥതയും. അല്ലെങ്കില്‍ ഇതൊക്കെ ഡിനോസറുകളുടെ ഗണത്തില്‍ പെട്ട് പോയേനേ. ഇതോടൊപ്പം സൈക്കിള്‍ മോഷ്ടാക്കള്‍ എന്ന ഒരു വംശം തന്നെ ഇല്ലാതായി പോയിരിക്കുന്നു എന്ന് തോന്നുന്നു (മീശമാധവനില്‍ മോഷ്ടിച്ച സൈക്കിളാണെന്ന് സൂചന നല്‍കുന്ന ഒരു സീന്‍ മറക്കുന്നില്ല). സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു എന്നൊരു വാര്‍ത്ത വായിച്ച കാലം തന്നെ മറന്നു. ഇനി ഇതൊന്നും വാര്‍ത്തയാവാത്തത് ഇത്തരം സാധനങ്ങള്‍ക്കൊന്നും വില ഇല്ലാതായി പോയത് കൊണ്ടാണോ? മാരുതി കാറ് മോഷണം പോയി എന്ന് പറയുന്നത് പോലും അഭിമാന പ്രശ്നമാണെന്ന് വിശ്വസിക്കുന്ന ആളുകളുള്ള നാടാണെന്ന് ഒരു സുഹൃത്ത് കളിയായി പറഞ്ഞത് ഓര്‍ക്കുന്നു. പിന്നെ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും അവരുടെ സ്റ്റാന്റേര്‍ഡ് നോക്കണ്ടേ.

വിദേശത്ത പല വന്‍ നഗരങ്ങളിലും ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിത്രമാണ്‌ കാണാന്‍ പറ്റുന്നത്. കാറുകളും, വലിയ വാഹനങ്ങളും വിട്ട് ആളുകള്‍ സൈക്കിളുകള്‍ വാങ്ങി കൂട്ടാന്‍ തുടങ്ങയിരിക്കുന്നു. പഴയ യുറോപ്യന്‍ നഗരങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാന്‍ ഏറ്റവും പറ്റിയ വാഹനമായി അവിടുത്തുകാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സൈക്കിളിനെ ന്യൂയോര്‍ക്ക് നഗരത്തിലെ റെട്രോ-ഫാഷനിസ്റ്റാസ് നേരത്തെ തന്നെ ഏറ്റുവാങ്ങിയിരുന്നു. കുറച്ച് വൈകിയാണെങ്കിലും പാരീസിനെ മാതൃകയാക്കി സ്വീകരിച്ച് ന്യൂയോര്‍ക്ക് സിറ്റിയും ഇന്ന് സൈക്ലിങ്ങ് ഒരു commuting option ആയി promote ചെയ്യുകയാണ്‌. ഈ നഗരത്തില്‍ ഏറ്റവും വേഗത്തില്‍ ലക്ഷ്യത്തില്‍ എത്താനുള്ള സഞ്ചാര മാര്‍ഗ്ഗം എന്ന പേരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈക്കിളിനാണ്‌. ഉപയോഗത്തിനായി പ്രത്യേകം ലെയിനുകളും, ഗ്രീന്‍‌വേകളും കൂടി ആയതോടെ, കഴിഞ്ഞ വര്‍ഷം 35% കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരായി. ഇവിടെ നിത്യേന 1.3 ലക്ഷം ആളുകള്‍ സൈക്കിള്‍ ഒരു യാത്രാ മാര്‍ഗ്ഗമായി ഇന്ന് ഉപയോഗിക്കുന്നു.

പക്ഷെ ഉപയോഗത്തിന്റെ വര്‍ദ്ധനവിന്‌ അനുസൃതമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഒരു വഴിക്ക് പോയി തിരിച്ച് വരുമ്പോള്‍ സൈക്കിള്‍ കൂടെ ഉണ്ടാവണമെന്നില്ല. കഴിഞ്ഞ വര്‍ഷം 70,000-ന്‌ മേലെ മോഷണങ്ങള്‍ ആണ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടൂവീലറുകള്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ്‌ നാട്ടില്‍ സൈക്കിളുകള്‍ അന്യം നിന്ന് പോയത്. ഒരു മോട്ടോര്‍ ബൈക്ക് നല്‍കുന്ന യാത്രാ സൗകര്യത്തേക്കാള്‍, ഇന്ന് സുന്ദരിമാരെ വശീകരിക്കാനും, macho man ഇമേജ് ഉണ്ടാക്കാനും ബൈക്കുകള്‍ ഉണ്ടായേ തീരൂ എന്ന് വിശ്വസിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഈ ഗ്ലാമര്‍ ഇമേജിന്റെ വലയില്‍ പലരും വീണ്‌ പോയതോടെയാണ്‌ സ്കൂട്ടറുകളുടെ പോലും തിരി കരിഞ്ഞ് പോയത്. ഇനി റ്റാറ്റാ നാനോയുടെ വരവോടെ ബൈക്കുകളുടെ ഗതി എന്താകും എന്നു കണ്ടറിയാം. എന്നാല്‍ സൈക്കിള്‍ നല്‍കുന്ന adventure-ഉം, thrill-ഉം പുതിയ തലമുറയെങ്കിലും ആസ്വദിച്ചിട്ടില്ലെന്ന് വിശ്വസിക്കാം. നിത്യാഭ്യാസവും മനക്കരുത്തും കൈമുതലായുള്ള ചില not-so-macho-men തന്നെ ഇവരുടെ മുന്നില്‍ അവതരിക്കേണ്ടി വരും. താഴെയുള്ള വീഡിയോ കാണുക; അല്ലെങ്കില്‍ ഇവിടെ.

അധികം താമസിയാതെ സൈക്കിളുകള്‍ വീണ്ടും കേരളത്തിലെ യുവാക്കളെ തേടിയെത്തും എന്ന് പ്രതീക്ഷിക്കാം. ലക്ഷത്തിന്‌ മുകളില്‍ വിലയുള്ള മോഡലുകളും, ബ്രാന്റ് അമ്പാസിഡറായി സ്പാന്‍ഡക്സും, ഹെല്‍മറ്റും ധരിച്ച ഒരു സൂപ്പര്‍ താരവും കൂടി ചെറുതായി ശ്രമിച്ചാല്‍ മതി. Fun, fitness, freedom എന്നീ factors ഒന്നിച്ച് നല്‍കുന്ന വേറെ എത്ര വിനോദങ്ങള്‍ ഉണ്ട് ഇന്ന് അറിവില്‍.

Labels: ,

March 13, 2009

സല്യൂട്ട്, അബ്‌സല്യൂട്ട്

മദ്യസേവ ഒരു socially accepted act ആയി കേരളത്തില്‍ അംഗീകരിക്കപ്പെടുന്നതിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ ഞാന്‍ നാട്ടില്‍ നിന്ന് പോന്നിരുന്നു. അതു കൊണ്ട് മലയാളികളില്‍ വെള്ളമടി ശീലം എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്ന് ശരിക്കും മനസ്സിലായത് Beverages Corporation-ന്റെ കണക്ക് പുസ്തകത്തിലെ താളുകള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളില്‍ ശ്രദ്ധിച്ചപ്പോഴായിരുന്നു.

അമേരിക്കയിലൊക്കെ എല്ലാവരും മദ്യപിക്കും എന്നും, അച്‌ഛനും, അമ്മയും, മക്കളും ഒന്നിച്ചിരുന്ന് കുടിച്ച് അര്‍മ്മാദിക്കുന്നവരാണെന്നൊക്കെ വിശ്വസിക്കുന്ന കുറേ പേരൊക്കെ ഇന്നും കേരളത്തിലും ഉണ്ട്. അവര്‍ക്ക് ഒക്കെ ആകാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിക്കുന്ന വിവരദോഷികളും ഇല്ലാതില്ല. എന്നാല്‍ അമേരിക്കയില്‍ 37% ശതമാനം മദ്യം കഴിക്കാത്തവരാണെന്നാണ്‌ കണക്ക് (1939 മുതല്‍ ഈ കണക്കില്‍ മാറ്റം ഉണ്ടായിട്ടില്ല എന്ന് Gallup Consumption Survey). എന്നാല്‍ ബാക്കിയുള്ള 63%-ത്തില്‍ മദ്യപിച്ച് വഴക്കുന്നുണ്ടാക്കുന്നവരും, വഴിയില്‍ ഇഴയുന്നവരും, റോഡില്‍ വാളു വയ്ക്കുന്നവരും.... ഒക്കെ തീരെ ചെറിയൊരു ശതമാനം ആയിരിക്കും (മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ കണക്കിലേക്ക് തത്കാലം കടക്കുന്നില്ല). ഇതിനുള്ള മുഖ്യ കാരണം, മദ്യപിക്കുന്നവരില്‍ മുക്കാല്‍ പങ്കും കഴിക്കാന്‍ താത്പര്യപ്പെടുന്നത് Wine (ഇത് ആരോഗ്യത്തിന്‌ നല്ലതാണെന്ന പ്രചാരം ഈ അടുത്ത കാലത്ത് കൂടുതലായി കേള്‍ക്കുന്നു) അല്ലെങ്കില്‍ Beer ആണ്‌ എന്നതാവാം, അതല്ലെങ്കില്‍ നിയമത്തിന്റെ വലയിലാവും എന്നതിന്റെ ഭയമാവാം.

മദ്യം, പുകവലി പോലെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ശീലം അല്ലെന്ന് വിശ്വസിക്കാം. അതു കൊണ്ടായിരിക്കണമല്ലോ പരസ്യങ്ങളില്‍, injurious എന്ന വാക്ക് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കാത്തത്.. (Drink responsibly, Drink in moderation എന്ന ഉപദേശങ്ങള്‍ പൊതുവെ ഉപയോഗിച്ച് കാണുന്നു). ഒരു ദിവസം 4 എണ്ണം വരെ ആകാം. എന്ന് വച്ച് ഒരാഴ്ച്ചയില്‍ 28 എന്നല്ല; മറിച്ച് പുരുഷന്മാര്‍ക്ക് 14-ഉം സ്ത്രീകള്‍ക്ക് 7-ഉം എന്ന അളവ് "low risk" ആയി പരിഗണിക്കാം എന്നാണ്‌ NIAAA പറയുന്നത്.
ഇത് ആരോഗ്യവാനായ ഒരാള്‍ക്ക് കഴിക്കാവുന്നതിന്റെ ലിമിറ്റ് ആണ്‌ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവര്‍ നോക്കിയും കണ്ടും പ്രവര്‍ത്തിക്കുക.

ഈ വകയില്‍ നിന്നുള്ള വരുമാനം കേരളത്തിന്റെ സര്‍ക്കാര്‍ ഖജനാവിലേക്ക് വലിയൊരു സംഖ്യ തന്നെയാണ്‌ കൊണ്ടുവരുന്നത്. അത് കൊണ്ടാണല്ലോ സര്‍ക്കാര്‍ തന്നെ ഇതിനെ silently പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ ഇതിനെ after and related effects-നെ കുറിച്ച് ആര്‍ക്കും ഒരു ബോധവും ഇല്ല എന്നതാണ്‌ വലിയ തമാശ. ഇത്രയും വലിയൊരു business market-ഉം, അടിച്ച് അലമ്പുണ്ടാക്കാന്‍ തയാറാവുന്ന അണികളുമുള്ള കോര്‍പ്പറേറ്റ് പാര്‍ട്ടി എന്താണാവോ ഈ ബിസിനസ്സിലേക്ക് ഇനിയും ചുവട് വയ്ക്കാത്തത്. റഷ്യയില്‍ ആവാമെങ്കില്‍ കേരളത്തിലും ആവാം എന്നായിരുന്നല്ലോ? ഒരു അവിടത്തെ പോലെ ഇവിടേയും സിസ്റ്റം. അവിടത്തെ വീര്യം കൂടിയ മുന്‍ പ്രസിഡന്റിന്റെ സ്വന്തം പേരില്‍ അടിച്ചിറക്കുന്ന ബ്രാന്റ് അടിച്ച് മുന്‍ സഃഖാക്കള്‍ വീര്യം കൂട്ടുന്നത് പോലെ ഒന്ന് നോക്കിയാല്‍ എന്താ? പുതിയ പ്രസിഡന്റ് വന്ന്പ്പോള്‍ പുതിയ ബ്രാന്റും ഇറങ്ങി, പക്ഷെ ഭരണം പോലെ തന്നെ വില്പനയിലും ജനപ്രീതി പോരാ. കേരളം ഇനിയും ബംഗാള്‍ ആവാത്തത് കൊണ്ട്, ഇവിടെ ഓരോ പാര്‍ട്ടി സെക്രട്ടറി മാറുമ്പോള്‍ പുതിയവ ഇറക്കിയാല്‍ മതി. ഇനി ഓരോ ഗ്രൂപ്പിനും, പക്ഷത്തിനും, ഘടക കക്ഷികള്‍ക്കും സ്വന്തം ബ്രാന്റ് വേണെങ്കില്‍ അങ്ങനെ. പക്ഷെ ഒരു "മുഖ്യന്‍ മാര്‍ക്ക്" ഡ്രിങ്ക് ആയിരിക്കും തറവാട്ടിന്‌ നല്ലത്, പാക്കേജിലും, പരസ്യത്തിലും, ഡിസ്‌പ്ലെയിലും, പ്രസന്റേഷനിലും, ഭയങ്കര വീറും, പവറും തോന്നും, തോന്നണം; പക്ഷെ സീറോ ആക്ഷന്‍, വാചകം മാത്രം, കം‌പ്ലീറ്റ് ശൂന്യം, ഓള്‍ ബ്ലാങ്ക്.... ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാവില്ല. So, Drink Responsibly!.

Labels: ,