March 21, 2009

ബും ബും ഷക്കലക്ക.. ബും ബും...

സൗകര്യങ്ങള്‍ക്ക് മേലെ ആഡംബരവും,സ്പീഡും, പവറും, ഷോഓഫും പ്രാധാന്യം നേടിയപ്പോള്‍ നാട്ടിലെ റോഡുകളില്‍ നിന്ന് അന്യം നിന്ന് തുടങ്ങിയിരിക്കുന്ന ഒരു വാഹനം ആണ്‌ നമ്മുടെ സൈക്കിള്‍. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ കുറച്ചെങ്കിലും കാണാമെങ്കിലും അതിന്റെ ആയുസ്സും ചോദ്യം ചെയ്യപ്പെടാവുന്നതാണ്‌. ലൈസന്‍സ് ആവശ്യമില്ലാത്ത 30-35cc മോഫ പോലുള്ള ഒരു ഡീസന്റ് മോപ്പഡ് ഇറങ്ങാനുള്ള താമസമേയുള്ളൂ. ഈ അവസ്ഥ മുമ്പേ ഉണ്ടാവേണ്ടതായിരുന്നു. വളരേ ചെറിയൊരു ശതമാനം സാധാരണക്കാരും, അത്യാവശ്യം മത്സ്യ വില്പനക്കാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ്‌ തരംഗം സൃഷ്ടിച്ചു കൊണ്ട് BSA Steetcat (Hero Ranger-ഉം) വിപണിയില്‍ ഇറങ്ങിയത്. സ്റ്റ്റീറ്റ്കാറ്റിന്റെ ബും ബും ഷക്കലക്ക.. പരസ്യത്തിന്റെ അലകളാണ്‌ ഇപ്പോഴും കുറച്ച് പേരെയെങ്കിലും ഇതിലേക്ക് ആകര്‍ഷിക്കുന്നത്; അതോടൊപ്പം സൈക്കിളുകളുടെ രൂപത്തിലും നിറങ്ങളിലും വന്ന വ്യത്യസ്ഥതയും. അല്ലെങ്കില്‍ ഇതൊക്കെ ഡിനോസറുകളുടെ ഗണത്തില്‍ പെട്ട് പോയേനേ. ഇതോടൊപ്പം സൈക്കിള്‍ മോഷ്ടാക്കള്‍ എന്ന ഒരു വംശം തന്നെ ഇല്ലാതായി പോയിരിക്കുന്നു എന്ന് തോന്നുന്നു (മീശമാധവനില്‍ മോഷ്ടിച്ച സൈക്കിളാണെന്ന് സൂചന നല്‍കുന്ന ഒരു സീന്‍ മറക്കുന്നില്ല). സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു എന്നൊരു വാര്‍ത്ത വായിച്ച കാലം തന്നെ മറന്നു. ഇനി ഇതൊന്നും വാര്‍ത്തയാവാത്തത് ഇത്തരം സാധനങ്ങള്‍ക്കൊന്നും വില ഇല്ലാതായി പോയത് കൊണ്ടാണോ? മാരുതി കാറ് മോഷണം പോയി എന്ന് പറയുന്നത് പോലും അഭിമാന പ്രശ്നമാണെന്ന് വിശ്വസിക്കുന്ന ആളുകളുള്ള നാടാണെന്ന് ഒരു സുഹൃത്ത് കളിയായി പറഞ്ഞത് ഓര്‍ക്കുന്നു. പിന്നെ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും അവരുടെ സ്റ്റാന്റേര്‍ഡ് നോക്കണ്ടേ.

വിദേശത്ത പല വന്‍ നഗരങ്ങളിലും ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിത്രമാണ്‌ കാണാന്‍ പറ്റുന്നത്. കാറുകളും, വലിയ വാഹനങ്ങളും വിട്ട് ആളുകള്‍ സൈക്കിളുകള്‍ വാങ്ങി കൂട്ടാന്‍ തുടങ്ങയിരിക്കുന്നു. പഴയ യുറോപ്യന്‍ നഗരങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാന്‍ ഏറ്റവും പറ്റിയ വാഹനമായി അവിടുത്തുകാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സൈക്കിളിനെ ന്യൂയോര്‍ക്ക് നഗരത്തിലെ റെട്രോ-ഫാഷനിസ്റ്റാസ് നേരത്തെ തന്നെ ഏറ്റുവാങ്ങിയിരുന്നു. കുറച്ച് വൈകിയാണെങ്കിലും പാരീസിനെ മാതൃകയാക്കി സ്വീകരിച്ച് ന്യൂയോര്‍ക്ക് സിറ്റിയും ഇന്ന് സൈക്ലിങ്ങ് ഒരു commuting option ആയി promote ചെയ്യുകയാണ്‌. ഈ നഗരത്തില്‍ ഏറ്റവും വേഗത്തില്‍ ലക്ഷ്യത്തില്‍ എത്താനുള്ള സഞ്ചാര മാര്‍ഗ്ഗം എന്ന പേരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈക്കിളിനാണ്‌. ഉപയോഗത്തിനായി പ്രത്യേകം ലെയിനുകളും, ഗ്രീന്‍‌വേകളും കൂടി ആയതോടെ, കഴിഞ്ഞ വര്‍ഷം 35% കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരായി. ഇവിടെ നിത്യേന 1.3 ലക്ഷം ആളുകള്‍ സൈക്കിള്‍ ഒരു യാത്രാ മാര്‍ഗ്ഗമായി ഇന്ന് ഉപയോഗിക്കുന്നു.

പക്ഷെ ഉപയോഗത്തിന്റെ വര്‍ദ്ധനവിന്‌ അനുസൃതമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഒരു വഴിക്ക് പോയി തിരിച്ച് വരുമ്പോള്‍ സൈക്കിള്‍ കൂടെ ഉണ്ടാവണമെന്നില്ല. കഴിഞ്ഞ വര്‍ഷം 70,000-ന്‌ മേലെ മോഷണങ്ങള്‍ ആണ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടൂവീലറുകള്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ്‌ നാട്ടില്‍ സൈക്കിളുകള്‍ അന്യം നിന്ന് പോയത്. ഒരു മോട്ടോര്‍ ബൈക്ക് നല്‍കുന്ന യാത്രാ സൗകര്യത്തേക്കാള്‍, ഇന്ന് സുന്ദരിമാരെ വശീകരിക്കാനും, macho man ഇമേജ് ഉണ്ടാക്കാനും ബൈക്കുകള്‍ ഉണ്ടായേ തീരൂ എന്ന് വിശ്വസിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഈ ഗ്ലാമര്‍ ഇമേജിന്റെ വലയില്‍ പലരും വീണ്‌ പോയതോടെയാണ്‌ സ്കൂട്ടറുകളുടെ പോലും തിരി കരിഞ്ഞ് പോയത്. ഇനി റ്റാറ്റാ നാനോയുടെ വരവോടെ ബൈക്കുകളുടെ ഗതി എന്താകും എന്നു കണ്ടറിയാം. എന്നാല്‍ സൈക്കിള്‍ നല്‍കുന്ന adventure-ഉം, thrill-ഉം പുതിയ തലമുറയെങ്കിലും ആസ്വദിച്ചിട്ടില്ലെന്ന് വിശ്വസിക്കാം. നിത്യാഭ്യാസവും മനക്കരുത്തും കൈമുതലായുള്ള ചില not-so-macho-men തന്നെ ഇവരുടെ മുന്നില്‍ അവതരിക്കേണ്ടി വരും. താഴെയുള്ള വീഡിയോ കാണുക; അല്ലെങ്കില്‍ ഇവിടെ.

അധികം താമസിയാതെ സൈക്കിളുകള്‍ വീണ്ടും കേരളത്തിലെ യുവാക്കളെ തേടിയെത്തും എന്ന് പ്രതീക്ഷിക്കാം. ലക്ഷത്തിന്‌ മുകളില്‍ വിലയുള്ള മോഡലുകളും, ബ്രാന്റ് അമ്പാസിഡറായി സ്പാന്‍ഡക്സും, ഹെല്‍മറ്റും ധരിച്ച ഒരു സൂപ്പര്‍ താരവും കൂടി ചെറുതായി ശ്രമിച്ചാല്‍ മതി. Fun, fitness, freedom എന്നീ factors ഒന്നിച്ച് നല്‍കുന്ന വേറെ എത്ര വിനോദങ്ങള്‍ ഉണ്ട് ഇന്ന് അറിവില്‍.

Labels: ,

2 Comments:

 1. At 3/23/2009 6:09 PM, Blogger പാവപ്പെട്ടവന്‍ said...

  അധികം താമസിയാതെ സൈക്കിളുകള്‍ വീണ്ടും കേരളത്തിലെ യുവാക്കളെ തേടിയെത്തും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല കാരണം ഇത് സ്പീഡിന്റെ കാലമാണ് ഒരിക്കലും പയ്യെ പോക്കിലേക്ക് ഇനി നാം തിരിച്ചു പോകില്ല .അത് പ്രയോഗികവും മല്ല.
  മനോഹരം ഇഷ്ടമായി

   
 2. At 3/25/2009 2:45 AM, Blogger evuraan said...

  എരിതീയില്‍ എണ്ണയൊഴിച്ചല്ലോ..?

  കുറേ നാളായിട്ട്, ദേ, ഇതു മേണമെന്നു മനസ്സിലിട്ട് ഉരുട്ടുന്നു.

  ഇലക്ട്രിക് ബൈക്കാണു, ന്യൂ യോര്‍ക്കില്‍ ഇതിപ്പോ ഇല്ലീഗലാ.. :)

   

Post a Comment

<< Home