December 28, 2006

ക്ലോണിങ്ങിന്‌ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌

ക്ലോണിങ്ങിലൂടെ ജനിക്കുന്ന ആടുമാടുകളുടെ മാംസവും പാലും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് FDA വിധി എഴുതി. ഇനി പൊതുജന അഭിപ്രായം അറിയേണ്ട കാര്യം കൂടി ഉണ്ട്‌. സാങ്കേതികങ്ങളായ പ്രശ്നങ്ങളെ പറ്റിയുള്ള നിലവിളികള്‍ അപ്പോള്‍ അറിയാം. ബിസിനസ്സിന്റെ ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ ഇതൊരു വലിയ നേട്ടം ആണ്‌. അത്‌ കൊണ്ട്‌ തന്നെ, ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതിന്റെ പിന്നില്‍ എത്ര മാത്രം ചരടുവലികള്‍ (ലോബിയിംഗ്‌) നടന്നിട്ടുണ്ടാവാം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഏറ്റവും കൂടുതല്‍ ബീഫ്‌ ഉപയോഗിക്കുന്ന McDonald's പോലുള്ള ബിസിനസ്സുകളെ ഇന്ന് അലട്ടുന്ന പ്രശ്നം അവര്‍ ആവശ്യപ്പെടുന്ന തരം മാംസം പലപ്പോഴും ലഭിക്കുന്നില്ല എന്നതാണ്‌. ക്ലോണിങ്ങിലൂടെ, തങ്ങള്‍ക്ക്‌ താല്‍പര്യമുള്ള ചില പ്രത്യേക ഇനം മാടുകളെ മാത്രം വളര്‍ത്തിയെടുക്കാന്‍ സൌകര്യം ഉണ്ടാവുന്നു. സാധാരണക്കാരേക്കാള്‍ വന്‍കിട വ്യവസായങ്ങള്‍ക്ക്‌ ഗുണകരമായ ഒരു വിധിയാണ്‌ ഇത്‌ എന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഒളിച്ച്‌ വയ്ക്കപ്പെടുകയില്ലെന്ന് പ്രതീക്ഷിക്കാം. കുത്തുകകളുടെ ലാഭ കഥകള്‍ കേള്‍ക്കാന്‍ അല്ലല്ലോ നമ്മള്‍ക്ക്‌ താല്‍പര്യം?

ഓര്‍ഗാനിക്ക്‌, നാച്ചുറല്‍ തുടങ്ങിയവയിലേക്ക്‌ മടങ്ങി പോകാന്‍ ശ്രമിക്കുന്ന ഇന്നത്തെ ഉപഭോകൃത സമൂഹം ഈ വാര്‍ത്ത എങ്ങനെ സ്വീകരിക്കും എന്നും കണ്ടറിയാം.

കോളിണിങ്ങിലൂടെ ജനിച്ച ഡോളി-യുടെ ജനനത്തെ പറ്റി ഇവിടെ.
കൂടുതല്‍ വായനയ്ക്ക്‌ ചില ലിങ്കുകള്‍ ഇവിടെ, ഇവിടെ.

December 26, 2006

ക്രിസ്ത്‌മസ് എന്ന ഷോപ്പിങ്ങ് ഫെസ്റ്റിവല്‍

ഡിസംബര്‍ 25 കഴിഞ്ഞതോടെ അമേരിക്കയിലും ഈ വര്‍ഷത്തെ ക്രിസ്ത്‌മസ് കഴിഞ്ഞു. പക്ഷെ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടില്ല. ഇത് ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ഉപരി ഒരു ഷോപ്പിങ്ങ് സീസണ്‍ അല്ലേ. ഇത്രയും നാള്‍ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കായിരുന്നു. ഇനി തിരിച്ച് കൊടുക്കുവാനും മാറ്റി വാങ്ങുവാനും ഇവരൊക്കെ ഓടി നടക്കും. കഴിഞ്ഞ കുറേ നാളായി വലിയ ഭാണ്ഡങ്ങള്‍ പേറി നടക്കുന്നവരെ കൊണ്ട് വഴിയിലും ട്രെയിനിലും യാത്ര ദുഷ്കരമായിരിക്കുകയാണ്‌.

9:00 മുതല്‍ 9:00 വരെ തുറന്നിരുന്ന കടകള്‍ 5:00 മുതല്‍ 12:00 വരെയും അതിലും വൈകിയും തുറന്ന് പ്രവര്‍ത്തിക്കുന്നു. നവമ്പര്‍ അവസാനം തുടങ്ങിയ ഈ മഹോത്സവം ഈ ആഴ്ചയോടെ കെട്ടടങ്ങും എന്ന് പ്രതീക്ഷിക്കാം. വ്യാപാരികള്‍ അവരുടെ വില്പനയുടെ കണക്കെടുത്തു കഴിഞ്ഞു. ലാഭവും, ലാഭത്തിലുണ്ടായ നഷ്ടവും പ്രഖ്യാപിച്ചു തുടങ്ങി. സാധനങ്ങള്‍ വാങ്ങി കൂട്ടിയവര്‍ അടുത്ത മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്ല്‌ വരുമ്പോള്‍ വിവരം അറിഞ്ഞു തുടങ്ങും. ഇവിടെ ക്രിസ്ത്‌മസ് ഇങ്ങനെ ഒരു ഷോപ്പിങ്ങ് ചടങ്ങ് ആയി ചുരുങ്ങിപ്പോയത് എങ്ങനെ ആയിരിക്കും?

ക്യാമറ കേരളത്തിലേക്ക് പാന്‍ ചെയ്യാം.
2006-ലെ ഓണക്കാലം. മുമ്പ് ഓണം എന്ന ഉത്സവത്തില്‍ നിന്ന് അകന്ന് ആകെ ഉണ്ടായിരുന്നത്, ഓണം ബമ്പര്‍ എന്ന കേരള സര്‍ക്കാര്‍ ലോട്ടറി മാത്രമായിരുന്നു. കാലം മാറി, ഇന്ന് ഷോപ്പിങ്ങ് ഫെസ്റ്റിവലുകളുടെയും, എക്സ്‌ചേഞ്ച് പോളിസികളുടേയും, മഹാമേളകളുടേയും, 50% ഓഫുകളുടേയും കാലം. വ്യാപരവത്കരിക്കപ്പെടുന്ന ഉത്സവങ്ങളിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കാം ഇത്. ഏത് സംഭവത്തെയും ചടങ്ങ് ആക്കി മാറ്റുന്നതും, ചടങ്ങിനെ സംഭവം ആക്കുന്നതും നമ്മള്‍ ഒക്കെ തന്നെ.