July 28, 2007

ഗാര്‍‌ബേജ് എക്സ്പോര്‍ട്ടിങ്ങ്

നാട്ടിലെ മാലിന്യ പ്രശ്നം ഇന്നൊരു വാര്‍ത്ത അല്ലാതായിരിക്കുകയാണല്ലോ? കുറച്ച് മുമ്പൊക്കെ കേള്‍ക്കാറുണ്ടായിരുന്നു, മാലിന്യം നിക്ഷേപിക്കാന്‍ വന്ന വണ്ടി തടഞ്ഞു, തിരിച്ചയച്ചു, സംഘര്‍ഷം എന്നൊക്കെ. ഇതൊക്കെ മുമ്പ് അയല്‍ക്കാര്‍ തമ്മിലുള്ള അല്ലറ ചില്ലറ അടിപിടി കേസുകളില്‍ ഒതുങ്ങിയിരുന്നു. പിന്നെ കുറേയൊക്കെ ലോക്കല്‍ സംഭവങ്ങളും. ഇന്ന് ഇത് ഹൈക്കോടതി ലെവലില്‍ ആണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്.‍

ഫ്ലാഷ്‌ബാക്ക് : കണ്ണൂര്‍ക്കാര്‍ ഇതൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലും, എ.കെ.ജി ആശുപത്രിയും മത്സരിച്ചായിരുന്നു അന്ന് മാലിന്യം പുറത്ത് ഒഴുക്കി വിട്ടിരുന്നത്. എ.കെ.ജി ഒരു ഘട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു, പിന്നെ അവിടെ വഴി തടയലും, സംഘര്‍ഷവും... ഒന്നും പറയണ്ട. ഇടത് ഭരിക്കുന്ന ആശുപത്രിക്കെതിരെ വലത് ഭരിക്കുന്ന മുന്‍‌സിപ്പാലിറ്റിയുടെ കുത്തിത്തിരിപ്പ് മാത്രമായിരുന്നു അത്. അല്ലാതെ നാട്ടുകാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കാര്യത്തെ പറ്റി ഇടപെടേണ്ട കാര്യം ഇല്ലല്ലോ? പിന്നീട് എ.കെ.ജി ഭരണം എം.വി.രാഘവന്‍ പിടിച്ചടക്കിയതും, 48 മണിക്കൂര്‍ ജില്ലാ ബന്ദും, സ്നേക്ക് പാര്‍ക്കിന്‌ നേരെയുള്ള ആക്രമണവും, രാഘവന്‌ നേരെയുള്ള സമരങ്ങളും, കൂത്തുപറമ്പ് വെടിവെപ്പും ഒക്കെ കേരള രാഷ്ടീയത്തിന്റെ ഭാഗം. ആശുപത്രിക്കാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, sewer system, waste management തുടങ്ങിയ സംഭവങ്ങള്‍ ഒന്നും നാട്ടില്‍ ഇല്ലല്ലോ. പിന്നെയുള്ളത് പുഴയില്‍ തള്ളുകയാണ്‌, പക്ഷെ നഗര മദ്ധ്യത്തിലുള്ള ആശുപത്രി എന്ത് ചെയ്യും? അതു കൊണ്ടൊന്നുമല്ലായിരിക്കും, ജനങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി തലശ്ശേരിയില്‍ ആശുപത്രി കെട്ടി പൊക്കിയപ്പോള്‍ അത് കൊടുവള്ളി പുഴക്ക് അരികില്‍ തന്നെയാക്കിയത്. പണ്ട് വെറുതെ കണ്ടല്‍ക്കാട് പിടിച്ച് വേസ്റ്റ് ആയി കിടന്ന സ്ഥലത്ത് ഒന്നുമില്ലെങ്കില്‍ ഇന്ന് ഒരു ആശുപത്രിയുണ്ടല്ലോ!

വിദേശ ലോക്കേഷന്‍ : ഒന്ന് ന്യൂയോര്‍ക്ക് സിറ്റിയെ നോക്കാം. കണ്ണൂര്‍ ജില്ലയുടെ പകുതിയോളം വരുന്ന ഒരു സ്ഥലത്ത്, കേരളത്തിന്റെ 30% ശതമാനത്തോളം വരുന്ന ജനസംഖ്യ ഒരു ദിവസം ഗാര്‍ബേജ് ആയി തള്ളുന്നത് ഏകദേശം 11,600 ടണ്ണാണ്‌. ഇതൊന്നും കുഴിച്ചിടാനോ, കത്തിച്ച് തീര്‍ക്കാനോ പറ്റുന്ന അളവല്ല. അതിന്‌ അവര്‍ കണ്ട വഴിയാണ്‌, garbage exporting. കാശ് അങ്ങോട്ട് കൊടുത്തിട്ടാണ്‌ export നടത്തുന്നത് എന്നൊരു വ്യത്യാസം മാത്രം. ഇവിടെ അടുത്തും അകലെയും ഉള്ള സ്റ്റേറ്റുകളിലെ കൗണ്ടികള്‍ ടണ്ണ് കണക്കിനാണ്‌ വാങ്ങുന്നത്. വെര്‍ജീനിയക്കാരെ... തല്ലല്ലെ, ഇത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഗുണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ്‌ കണക്ക്. ഹാര്‍ബര്‍/ഷിപ്പിങ്ങ് സൗകര്യം ഉള്ളതിനാല്‍ ബാര്‍ജ്ജുകളില്‍ കയറ്റി അയക്കുന്നത് ഇവിടെ ഒരു പ്രശ്നം ആകുന്നില്ല, ചിലവും കുറവാണ്‌.

കേരള സര്‍ക്കാര്‍ ഇതേ കുറിച്ച് ശക്..ത..മായി ഒന്ന് ആലോചിക്കട്ടെ, അപ്പോള്‍ വെ..ക്ക്‌..ത..മായ ഒരു ഉത്തരം കിട്ടും. പക്ഷെ നമ്മള്‍ എങ്ങോട്ട് കയറ്റി അയക്കും? ടെണ്ടര്‍ വിളിക്കാതെ, ഉള്ള experience വച്ച് നോക്കാം! നാട്ടിലെ പഴയ സാധനങ്ങളൊക്കെ പെറുക്കി കൊണ്ടുപോയിരുന്നത് തമിഴ്നാട്ടുകാരായിരുന്നു. അതുകൊണ്ട് തത്കാലം ഇതൊക്കെ തമിഴ്‌നാടിനെ ഏല്പ്പിക്കാം, അവരാണല്ലോ മുല്ലപ്പെരിയാറില്‍ നിന്ന് ദിവസേന വെള്ളം ഫ്രീയായിട്ട് കൊണ്ടുപോകുന്നത്, ഒരു ടി.എം.സി വെള്ളത്തിന്‌, അമ്പത് ബാര്‍ജ്ജ് എന്ന കണക്കിനോ മറ്റോ ഇതും കൊടുത്തേക്കാം. പിന്നെ, കൊണ്ടു പോയ ശേഷം അവര്‍ എന്ത് ചെയ്യുന്നു എന്ന കാര്യത്തില്‍ പക്ഷെ നമ്മള്‍ ഇടപെടരുത്. കാവേരി വെള്ളത്തിന്‌ പകരമായി അവര്‍ അത് വേണമെങ്കില്‍ കര്‍‌ണ്ണാടകത്തിന്‌ കൊടുത്തോട്ടെ... നോ പ്രോബ്ലം, അവര്‍ ആയി അവരുടെ പാടായി. ഇതൊരു താത്കാലിക എടപാട് മാത്രം, നമ്മുടെ തുറമുഖങ്ങള്‍ ഒക്കെ ഒന്ന് well established ആയിക്കഴിഞ്ഞാല്‍ പിന്നെ ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങി മലയാളം ബ്ലോഗേര്‍സ് ഇല്ലാത്ത ഏത് വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്‌.

ഇത്രയും വളിപ്പ് അടിച്ചത് എന്തിനാണെന്ന് വച്ചാല്‍, കേരളത്തിനും അത്യാവശ്യമായി ഒരു garbage disposal/recycling system വേണം എന്ന് ഓര്‍മ്മിപ്പിക്കാനാണ്‌. അത് എങ്ങനെയാണെന്നുള്ളതിനെ കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതാണ്. കാരണം, waste ഉണ്ടാകുന്നത്, നമ്മള്‍ ഓരോരുത്തരുടെയും വീടുകളില്‍ നിന്നാണ്‌. അത് കൊണ്ട് തന്നെ, ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മള്‍ക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ആളൊഴിഞ്ഞ സ്ഥലം നോക്കി വലിച്ചെറിയുന്ന ഇപ്പോഴത്തെ രീതി മാറണം.

Waste Management -നെ പറ്റി കേരളം സീരിയസ്സായി ആലോചിക്കേണ്ട സമയം ആയിരിക്കുന്നു. രോഗ വിമുക്തമായ ഒരു കേരളം ഉണ്ടാവണമെങ്കില്‍ ഇതൊക്കെ ഇപ്പോഴെങ്കിലും ചെയ്തേ പറ്റൂ. രോഗ നിവാരണത്തിന്‌ ഒരു വര്‍ഷം ചിലവാക്കുന്ന കാശ്‌ പോലും ആകില്ല ഈ പരിപാടി ശരിയായി ചെയ്യുകയാണെങ്കില്‍.


[സ്വാര്‍ത്ഥം: ചീഞ്ഞു നാറുന്ന കൊച്ചി എന്ന ബ്ലോഗുമായി ചേര്‍ത്ത് വായിക്കുക.]

Labels: , ,

July 26, 2007

അശ്രദ്ധ ക്ഷണിക്കല്‍

ഒരു സിനിമ എന്നെ സ്വാധീനിക്കുന്നത് പലപ്പോഴും അത് കാണുന്ന അവസരത്തിലുള്ള മാനസിക അവസ്ഥയെ അനുസരിച്ചാണെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു അവസരത്തില്‍ കണ്ടത് കൊണ്ടായിരിക്കണം "Its a wonderful life" എന്ന ചിത്രത്തിലെ പല സീനുകളും മനസ്സില്‍ പതിഞ്ഞ് പോയത്. അതിലെ ഒരു രംഗത്തില്‍ നിന്ന്; "every time a bell rings, an angel gets his wings". എവിടെ നിന്നെങ്കിലും ബെല്ല് അടിക്കുന്നതോ, കൊലുസുകള്‍ കിലുങ്ങുന്നതോ, ചില്ലറകള്‍ വീഴുന്നതോ ആയ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ രംഗം മനസ്സില്‍ ഉള്ളത് കൊണ്ടാണ്‌.

ന്യൂയോര്‍ക്ക് സിറ്റിയില്‍‍, പ്രത്യേകിച്ചും ടൂറിസ്റ്റുകള്‍ വന്നിറങ്ങുന്ന സ്ഥലങ്ങളില്‍ കേള്‍ക്കുന്ന ഇത്തരം കിലുക്കങ്ങള്‍ പക്ഷെ പിടിച്ച് പറിക്കാരുടെ ഒരു നമ്പര്‍ ആണെന്ന് ഞാന്‍ പിന്നീടാണ്‌ മനസ്സിലാക്കിയത്. നഗര കാഴ്ചകളില്‍ അമ്പരന്നിരിക്കുന്ന ടുറിസ്റ്റുകള്‍ക്ക് ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഉണ്ടാവുന്ന നഷ്ടം വളരെ വലുതാണ്‌. ആദ്യ തവണ ഇത് ശ്രദ്ധിച്ചത്, ഒരു സുഹൃത്തിന്റെ കൂടെ നഗര മദ്ധ്യത്തിലുള്ള ഒരു ഹോട്ടലിന്റെ ലോബിയില്‍ ചെക്കിന്‍ ചെയ്യാന്‍ ലൈനില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു. അന്ന് ലൈനില്‍ ഏറ്റവും പുറകിലായി നിന്നിരുന്ന ആളുടെ കൈയ്യില്‍ നിന്നായിരുന്നു ചില്ലറ തുട്ടുകള്‍ താഴെ വീണത്, പക്ഷെ ശരിക്കും കാശ് പോയത് കൗണ്ടറിനോട് ചേര്‍ന്ന് നമ്മുടെ മുന്നിലായി നിന്നിരുന്ന ആളുടെതായിരുന്നു. ഇതൊരു Distraction Burglar-ന്റെ കര വിരുതാണെന്ന് അന്ന് തോന്നിയിരുന്നില്ല. അന്ന് ന്യൂയോര്‍ക്ക് ഇത്രയും പരിചയം ഉള്ള സ്ഥലവും ആയിരുന്നില്ലാതിരുന്നതിന്റെ ഭീതി കൂടിയുണ്ടായിരുന്നു. ഇത് പോലെ പിന്നെയും രണ്ട് സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ്‌ ഇത് ശ്രമിച്ചാല്‍ ഒഴിവാക്കാന്‍ പറ്റുന്നതാണെന്ന് മനസ്സിലായത്. പക്ഷെ നഗരത്തിന്റെ നിഗൂഢത അറിയാത്ത സന്ദര്‍ശകര്‍ പറ്റിക്കപ്പെടുന്നു.

കൈയ്യൂക്കിന്റെ ബലത്തില്‍ (അംഗ ബലം കൊണ്ടും, ആയുധ ബലം കൊണ്ടും എന്നും പറയാം) പിടിച്ച് പറിക്കുന്നവരെ ഒന്നും ചെയ്യാനാവില്ല. തടി കേടാകും, കാശും പോകും. അതുപോലെ തന്നെ ചില specific items പിടിച്ചു പറിക്കാന്‍ വരുന്നവരെയും. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി iPod ആണ്‌ ആ ലിസ്റ്റ് ഭരിക്കുന്നത്, പണ്ട് അത് sneaker shoes ആയിരുന്നു എന്ന് പറഞ്ഞാല്‍ തമാശയായി തോന്നിയേക്കാം.

ഇന്ന് ഞാന്‍ ഒരു സാധാരണ ന്യൂയോര്‍ക്കര്‍ ആണ്‌, മറ്റുള്ളവരുടെ കാര്യങ്ങള്‍ ഞാന്‍ അറിയുകയോ, അറിഞ്ഞതായി ഭാവിക്കുകയോ ചെയ്യാറില്ല. പക്ഷെ ഒരു കാര്യം അറിയാം, "every time a bell rings, somebody is about to lose his wallet".

Labels: ,

July 23, 2007

റേസര്‍-ബ്ലേഡ് മോഡല്‍

പ്രീമിയം വില കൊടുത്ത് വാങ്ങി പലരും നിത്യേന ഉപയോഗിക്കുന്ന ഒരു സാധനം ആണ്‌ Gillette Mach3 ബ്ലേഡുകള്‍. പ്രീമിയം എന്നത് ആപേക്ഷികം ആയിരിക്കാം, പക്ഷെ എങ്ങനെ നോക്കിയാലും 4 എണ്ണത്തിന്റെ പായ്ക്കറ്റിന്‌ $12-$15 എന്ന വില എനിക്ക് പ്രീമിയം ആയാണ്‌ തോന്നുന്നത്. ജില്ലെറ്റ് കമ്പനിക്ക് കാശ് മുഴുവന്‍ ഉണ്ടാക്കി കൊടുക്കുന്നത് ഈ "ബ്ലേ...യ്‌ഡ്" വില്പ്പന തന്നെയാണ്‌. എത്ര പേരേയാണ്‌ ഓരോ ദിവസവും അറക്കുന്നത്! ആളുകളെ ഇതിലേക്ക് വശീകരിക്കുന്നതിനായാണ്‌ അവര്‍ റേസര്‍ $5.00 താഴെ വിലയ്ക്ക് വില്‍ക്കുന്നത്. ആദ്യ തവണ ഉപയോഗിക്കാനുള്ള ബ്ലേഡും കൂടെ തരുന്നു. ഈ വിപണന തന്ത്രത്തെ "razor and blade business model" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിലും വില കുറഞ്ഞ ബ്രാന്റുകള്‍ ഇല്ലേ, അത് വാങ്ങിയാല്‍ പോരേ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം, പക്ഷെ ഒരിക്കല്‍ ഉപയോഗിച്ചവര്‍ക്ക് അതിന്റെ കാര്യം അറിയാം. മറ്റുള്ളവര്‍ കുറഞ്ഞ വിലയ്ക്ക് പാര്‍ട്ടുകള്‍ ഉണ്ടാക്കി വില്‍ക്കാതിരിക്കാന്‍ പേറ്റന്റിന്റെ ബലവും ഉണ്ട്. Mach3 ബ്രാന്റിന്‌ മാത്രമായി ജില്ലെറ്റിന്‌ 50 പേറ്റന്റുകള്‍ ആണുള്ളത്.

മൂന്ന്-നാല്‌ വര്‍ഷം മുമ്പ് ഒരു ഹോളിഡേ സീസണില്‍ എന്റെ സഹമുറിയന്‍ ഒരു ഉഗ്രന്‍ പ്രിന്റര്‍ വാങ്ങിക്കൊണ്ടു വന്നു. തുച്ചമായ വില, only $49.99. തുറന്ന് നോക്കിയപ്പോള്‍ മനസ്സിലായി, പ്രിന്ററിന്റെ മഷി (cartridge) കൂടെയില്ല, അത് വേറെ വാങ്ങണം. മഷി വാങ്ങാന്‍ പോയി വില കേട്ടപ്പോള്‍ ആണ്‌ കണ്ണ് തള്ളിപ്പോയത്, only $99.99. മാര്‍ക്കറ്റില്‍ നോക്കിയാല്‍ ഇത് പോലെ അനേകം സാധനങ്ങള്‍ കാണാം; സെല്‍‌ഫോണ്‍, പ്രിന്ററുകള്‍, ബ്ലഡ് ഷുഗര്‍ ടെസ്റ്റ് മഷീനുകള്‍, വാക്യും ക്ലീനറുകള്‍...

ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ഒരു high-end multimedia computer എന്ന് വിശേഷിപ്പിക്കാവുന്ന XBox 360 gaming console മാര്‍ക്കറ്റില്‍ ഇറങ്ങിയപ്പോള്‍ പറഞ്ഞ് കേട്ടിരുന്നു, Microsoft ഒരു കണ്‍സോളിന്മേല്‍ 100 ഡോളറില്‍ കൂടുതല്‍ നഷ്ടം സഹിക്കുന്നുണ്ടെന്ന്. ഇതിനുള്ള games/accessories വില്പനയിലൂടെയാണ്‌ അവര്‍ ഈ നഷ്ടം നികത്തുന്നത്. XBox വാങ്ങുന്നവര്‍ അതിനുള്ള games വാങ്ങാതിരിക്കുമോ? ഇറങ്ങുന്ന സമയത്ത് game ഒരെണ്ണത്തിന്‌ $50 ആയിരുന്നു വില എന്ന് ഓര്‍ക്കുക.

ഇതൊന്നും ഇന്നോ ഇന്നലയോ തുടങ്ങിയ സംഭവം അല്ലെന്നതാണ്‌ വസ്തുത, അതു കൊണ്ട് തന്നെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. 1870-ല്‍ John D. Rockefeller ചൈനക്കാര്‍ക്കും മറ്റും സൗജന്യമായി മണ്ണെണ്ണ വിളക്കുകള്‍ നല്‍കിയിരുന്നു പോലും. അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകത്തില്‍ നിന്നും; "In the 1870s, Standard Oil was providing free kerosene lamps to remote parts of the world, and teaching foreigners to use them, in order to build a global consumer base..."

Razor in this context is, a variety of miscellaneous parts which help hold the blade in place.

Labels: , ,

July 21, 2007

ഓപ്പ്ണ്‍ ഓഫീസ്

പൊതുജന തത്പരനായ, രാഷ്ട്രീയക്കാരനല്ലാത്ത, കര്‍ക്കശ സ്വഭാവക്കാരനായ ഭരണാധികാരി എന്നതിനേക്കാള്‍ എനിക്ക് ന്യൂയോര്‍ക്ക് സിറ്റി മെയര്‍‌ Michael Bloomberg-നോട് ബഹുമാനം തോന്നിയിരുന്നത് ഒരു career achiever എന്ന നിലയില്‍ ആണ്. അദ്ദേഹത്തെ multi-millionnaire ആക്കാന്‍ സഹായിച്ച Bloomberg എന്ന ഫൈനാന്‍ഷ്യല്‍ ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ച് ഞാന്‍ ഈ അടുത്താണ് ശരിക്കും അറിഞ്ഞ് തുടങ്ങിയത്. മാന്‍‌ഹാട്ടണിലുള്ള അവരുടെ headquarters സന്ദര്‍ശിക്കാന്‍ കുറച്ച് കാലമായി അവസരം കിട്ടിയിട്ടും പോകാതിരുന്നത് സമയക്കുറവ് കൊണ്ടായിരുന്നു. അവസാനം ഇന്ന് ഞാന്‍ ആ കര്‍മ്മം നിര്‍‌വ്വഹിച്ചു. ആയിരത്തില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥലത്തെ കാമ്പസ് എന്നാണ്‌ പറയേണ്ടതെങ്കിലും ഒരു ബില്‍ഡിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സ്ഥാപനത്തെ കാമ്പസ് എന്ന് വിശേഷിക്കാമോ എന്നൊരു സംശയം.

സാധാരണയായി വലിയ ഓഫീസുകളില്‍ പോയാല്‍ എന്നെ ആകര്‍ഷിക്കാറുള്ളത് അവിടത്തെ cafeteria ആണ്‌. ഇവിടെ അങ്ങനെ ഒരു സംഭവം ഇല്ലാത്തത് ഒരു ന്യൂനതയാണ്‌. Hightech-ഉം Green Buildings-ഉം ഇവിടെ ഒരു പുതുമ അല്ലാത്തത് കൊണ്ട് അതൊന്നും കണ്ണില്‍ ഉടക്കിയില്ല. ഇതേ കെട്ടിടത്തില്‍ തന്നെയായിരുന്നു bloomberg റേഡിയോയും, ടി.വി. സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

ഇതിനേക്കാള്‍ ഒക്കെ എനിക്ക് വ്യത്യസ്ഥമായി തോന്നിയത് അവിടത്തെ ഓഫീസ് സെറ്റപ്പ് ആയിരുന്നു. ഇവിടെ മുറികള്‍ എന്ന് പറയാന്‍ ഉള്ളത് ഗ്ലാസ് കൊണ്ടുള്ള conference rooms മാത്രം, അതിനും കര്‍ട്ടനുകളോ, ബ്ലൈന്‍ഡുകളോ ഇല്ല. ആര്‍ക്കും ഓഫീസ് മുറികള്‍ ഇല്ല, വേര്‍ത്തിരിക്കപ്പെട്ട ക്യൂബിക്കളുകളും ഇല്ല. എല്ലാവരും നിരത്തിയിട്ടിരിക്കുന്ന നീളന്‍ മേശകളില്‍ ഘടിപ്പിച്ച workstation-കളില്‍ അവരവരുടെ ജോലി ചെയ്യുന്നു. ഇവിടെ ടീം ലീഡ് ആരെന്നോ, മാനേജര്‍ ആരെന്നോ വിളിച്ചറിയിക്കുന്ന ഒന്നും ഇല്ല... CEO വരേ ഇത് പോലെ മറ്റ് ആളുകളുടെ കൂടെ ഇടപഴകി ജോലി ചെയ്യുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "our proud unique and open culture".

ഇന്നലെ പെയ്ത മഴയില്‍ കിളുര്‍ത്ത startup കമ്പനികള്‍ അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത executives-നെ തലയില്‍ എടുത്ത് വയ്ക്കുന്ന നാട്ടില്‍ ആണ്‌ ഇത്, അതും ഒരു ഫൈനാഷ്യല്‍ സോഫ്റ്റ്വേര്‍ കമ്പനി.

Labels: ,

July 19, 2007

തേര്‍ഡ് ലോ ഓഫ് പൊളിറ്റിക്സ്

* For every വിജിലന്‍സ് അന്വേഷണം, there is an equal and opposite വിജിലന്‍സ് അന്വേഷണം.

* For every മാതൃഭൂമി ലേഖനം, there is an equal and opposite ദേശാഭിമാനി ലേഖനം.

* For every ആര്‍.എസ്.എസ് കാരന്‌ വെട്ടേറ്റു, there is an equal and opposite സി.പി.എം കാരന്‌ വെട്ടേറ്റു.

* For every അഴിമതി ആരോപണം, there is an equal and opposite അഴിമതി ആരോപണം.

* For every മാര്‍ക്സിസ്റ്റുകാരന്റെ വീടാക്രമിച്ചു, there is an equal and opposite കോണ്‍ഗ്രസ്സുകാരന്റെ വീടാക്രമിച്ചു.

* For every ദുരിതാശ്വാസ നിധി, there is an equal and opposite ദുരിതാശ്വാസ നിധി.

* For every നടാലില്‍ ബോംബേറ്, there is an equal and opposite എടക്കാട്ട് ബോംബേറ്.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: and more.

Labels: ,