February 20, 2006

പോസ്റ്റ്‌ വാലന്റൈന്‍ ഡേ സിന്‍ഡ്രോം

ഈ പൂക്കള്‍ ഇത്ര പെട്ടെന്നു വാടിപോയോ? Feb-14ഉം കഴിഞ്ഞിട്ട് ഇന്നേക്ക് 5 ദിവസം അല്ലേ ആയുള്ളൂ. ആശിച്ച് മോഹിച്ചു കിട്ടിയ കുറച്ചു പൂക്കള്‍ ആയിരുന്നു. ഈ പൂക്കള്‍ ഒക്കെ തന്നെ ഇത്ര വേഗം വാടി പോകുന്നതു എന്തുകൊണ്ടായിരിക്കും? എല്ലാം പറഞ്ഞതുപോലെ ഞാന്‍ ചെയ്തിരുന്നല്ലോ. മൂന്നാം ദിവസം വീണ്ടും വെള്ളം ഒഴിച്ചു കൊടുത്തു, പായ്ക്കറ്റില്‍ ഉണ്ടായിരുന്ന മരുന്നും ഇട്ടു. എന്നിട്ടും ഒക്കെ തന്നെ വാടി തുടങ്ങി. കളഞ്ഞിട്ടു വരാം, കൂടുതല്‍ ദിവസം ഇവിടേ വച്ചാല്‍ അതു പിന്നെ വിത്തും പൊടിയും ഒക്കെ വീണു വൃത്തികേടാകും. പക്ഷേ ഇതു കളഞ്ഞു എന്നു അറിഞ്ഞാല്‍ പുള്ളിക്കാരന്‍ വല്ലതും ചോദിക്കുമോ? മുമ്പു എപ്പോഴോ എന്തോ പറഞ്ഞിരുന്നില്ലേ? ഇനി ഇതിന്റെയും വിലയും ഡോളറില്‍ നിന്നു രൂപയിലേക്കു കൂട്ടി അവിടെ നിന്നും ജയേട്ടന്റെ കടയിലെ പുട്ടിന്റെ വിലയിലേക്കു മാറ്റുമോ? അങനെ വന്നാല്‍ തന്റെ രണ്ടു കൊല്ലത്തെ പുട്ടാണ് നീ യാതൊരു ആലോചനയും ഇല്ലാതെ കൊണ്ടുപോയി കളഞ്ഞത് എന്നും പറഞ്ഞേക്കാം. വന്ന ദിവസം ഉണ്ടായിരുന്ന ഭംഗി കാരണം ഞാന്‍ അതു മുന്നില്‍ തന്നെ വയ്ക്കുകയും ചെയ്തു. അതിപ്പോള്‍ പാരയായി. ഇനി എന്തു ചെയ്യും; തത്കാലം ഇതിവിടെ തന്നെ നില്‍ക്കട്ടെ. നാളെ ഓഫീസില്‍ പോയി കഴിഞ്ഞാല്‍ മാറ്റി വയ്ക്കം. തിരക്കും കഴിഞ്ഞു വന്നാല്‍ ഇതൊന്നും ആലോചിക്കാന് സമയം കാണില്ല എന്ന് വിചാരിക്കാം. അടുത്ത പ്രാവശ്യം പ്ലാസ്റ്റിക്ക് പൂക്കള്‍ കിട്ടിയാല്‍ മതി, അഥവാ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഒരു വാലന്റൈന്‍‌സ് ഡേ കൊണ്ടു ഇത്രയും വിഷമം ഉണ്ടാകും എന്നു വിചാരിച്ചില്ല.

February 15, 2006

മഞ്ഞുരുകും മുമ്പേ...

വീണ്ടും വാലന്റൈന്‍സ്‌ ഡേ. പ്രിയതമ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിലും, തിരക്കു പിടിച്ച ജീവിത യാത്രയില്‍ ഇതും മറ്റൊരു ദിനം എന്ന പോലെയായിരുന്നു ഞാന്‍. പക്ഷേ ദിവസം പിറന്നപ്പോള്‍ അതിനു ഒരു പ്രത്യേക മാസ്മരികത തോന്നുന്നു. മഞ്ഞിന്‍ പുതപ്പണിഞ്ഞ ന്യൂയോര്‍ക്ക്‌ സിറ്റി ഒന്നു കൂടി സുന്ദരി ആയിരിക്കുന്നു. പ്രണയിതാക്കള്‍ക്ക്‌ ഇതിലും നല്ലൊരു അന്തരീക്ഷം എവിടെ ഉണ്ട്‌. ഓഫീസ്‌ യാത്രക്കായി ഞാന്‍ കൃത്യ സമയത്ത്‌ തന്നെ ഇറങ്ങി. സബ്‌വേ സ്റ്റേഷനിലേക്കുള്ള നടത്തം പതിവിലും വ്യത്യസ്തമായി എനിക്കു തോന്നി, നിറയേ റോസാ പൂക്കളും ചൈനീസ്‌ നിര്‍മ്മിത ഗിഫ്റ്റുകളും ആയി വഴിയോര കച്ചവടക്കാര്‍.

ഞായറാഴ്ചത്തെ മഞ്ഞുവീഴ്ച്ച കാരണം ട്രെയിന്‍ സര്‍വീസുകള്‍ ഇനിയും പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല, അതു കൊണ്ട്‌ തന്നെ സാധാരണയില്‍ കവിഞ്ഞ തിരക്കുണ്ട്‌. എങ്കിലും ദിവസത്തിന്റെ പ്രത്യേകത വിളിച്ചറിയിക്കുന്ന വിധത്തില്‍ ഇന്ന് യാത്രക്കാരില്‍ ഒരു ഊര്‍ജ്ജവും പ്രസരിപ്പും ഉണ്ട്‌. കൈയ്യില്‍ പൂക്കളും മനസ്സില്‍ സ്നേഹവും പ്രണയിനികളേ കാണാന്‍ തുടിക്കുന്ന ഹൃദയവുമായി കുറേ പേരും. പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഇണക്കുരുവികളും കുറവല്ല. ആദ്യം പുറപ്പെടുന്ന ട്രെയിനില്‍ ഞാനും കയറി. വര്‍ണ കടലാസില്‍ പൊതിഞ്ഞു ഒരുക്കി വച്ച പൂക്കള്‍ ഉടഞ്ഞു പോവാതെ സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. എങ്ങും മൂടി കിടക്കുന്ന മഞ്ഞില്‍ തിളങ്ങുന്ന സൂര്യപ്രകാശം ട്രെയിന്‍ ടണലില്‍ നിന്ന് പുറത്തു വരാന്‍ കാത്തിരിക്കുകയായിരുന്നെന്ന പോലെ ഇരച്ചു കയറി.

കട കട ശബ്ദം ഉണ്ടാക്കി നീങ്ങുന്ന ട്രെയിനിന്റെ താളം തെറ്റിക്കാന്‍ വേണ്ടി എന്ന പോലെ ആരുടെയോ ഫോണ്‍ മണി അടിച്ചു. പലര്‍ക്കും അതുണ്ടാക്കിയ ശബ്ദം ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. ഫോണ്‍ എടുത്ത സുന്ദരിയുടെ കിളിമൊഴി കേട്ടപ്പോള്‍ ഞാനും അവളെ ഒന്നു ശ്രദ്ധിച്ചു. പക്ഷേ ആ സന്തോഷം അടയുന്നതു പോലെ ഒരു തോന്നല്‍ അവളുടെ മുഖത്തു നിഴലിക്കാന്‍ തുടങ്ങിയതു പെട്ടെന്നായിരുന്നു. വിതുമ്പാന്‍ തുടങ്ങുന്ന മുഖവുമായി താമസിയാതെ അവള്‍ ഫോണ്‍ ഓഫ്‌ ചെയ്തു. പിന്നെ എല്ലാം കൈവിട്ടുപോയെന്ന മട്ടില്‍ ഒരു പൊട്ടി കരച്ചിലായിരുന്നു. ഡയമണ്ടുകളുടെയും, മഞ്ഞുപുതപ്പിന്റെയും, വിടരാന്‍ തുടങ്ങുന്ന റോസാ പുഷ്പ്പങ്ങളുടെയും ലോകത്ത്‌ നിന്ന് കറുത്ത യാഥാര്‍ത്യങ്ങളിലേക്ക്‌ ഒരു ഫ്രീഫോള്‍. പിന്നെ ആ മുഖത്ത്‌ നോക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. അവളുടെ സങ്കടം ഉള്‍ക്കൊണ്ടെന്നവിധം മറ്റുള്ളവര്‍ തങ്ങളുടെ കൈയിലുള്ള പൂക്കള്‍ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതു പോലെ എനിക്കു തോന്നി.

തേങ്ങി കൊണ്ടിരുന്ന സുന്ദരിയില്‍ നിന്നു ട്രെയിന്‍ ഇറങ്ങി നടന്നകലുമ്പോള്‍ എന്റെ മനസ്സും ചഞ്ചലമായിരുന്നു. സന്തോഷവും സങ്കടവും ഇരു വശങ്ങളില്‍ പതിച്ച ഒരു നാണയത്തിന്റെ ആരും കാണാന്‍ ആഗ്രഹിക്കാത്ത വശം കണ്ടു എന്നൊരു തോന്നല്‍ ആയിരുന്നു അപ്പോള്‍.

February 13, 2006

നിങ്ങള്‍ എന്നെ കടക്കാരനാക്കി

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
പതിമൂവായിരത്തിന്റെ ലോണുണ്ട്‌...
[ചിത്രം : തുറന്ന (?) വാതില്‍] [പാടിയത്‌ : ഒരു മലയാളി]

എങ്ങനെ പാടാതിരിക്കും, നമ്മളെ പണയംവച്ചു ജോളി അടിക്കുകയല്ലേ പഹയന്മാര്‍. ഒരോ ബജറ്റും നമ്മുടെ പുറത്ത്‌ ആണല്ലോ? ഏറ്റവും പുതിയ കണക്കു അനുസരിച്ച്‌ കേരളത്തിന്റെ പൊതുകടം 44,350 കോടി രൂപയാണ്‌, എന്നു വച്ചാല്‍ നമ്മള്‍ 3.18 കോടി ജനങ്ങളും ഒരു 13,500 രൂപ കൊടുത്താല്‍ അടച്ചു തീര്‍ക്കാവുന്നതെ ഉള്ളു എന്ന് അര്‍ത്ഥം. അതല്ലാതെ ആളോഹരി കടം കുറയ്ക്കണമെങ്കില്‍ നമ്മുടെ സുഹൃത്ത്‌ ബൈജു പറഞ്ഞ പോലെ ജനസംഖ്യ കൂട്ടിയാലും മതി, അതല്ലേ ഇപ്പോള്‍ നമ്മളേ കൊണ്ട്‌ പറ്റൂ?

February 12, 2006

ഉത്സവം


കുംഭം 1-ന്ന് : മലബാറില്‍ ഉത്സവകാലത്തിന്‌ തിരി കൊളുത്തി കൊണ്ട്‌ അണ്ടലൂര്‍ കാവില്‍ തിറ ആരംഭം. ഓര്‍മ്മകളില്‍ നിറയുന്നു
കാവും കുളവും
അരയാലും തറയും
ദൈവത്താറും തിരുമുടിയും
പീഠവും വിളക്കും
തോറ്റവും ആട്ടവും...

February 07, 2006

പുരാവസ്തു
വല്യമ്മയ്ക്കു അസ്വസ്ഥത മാറുന്നില്ല. പഠിപ്പും വിവരവും ഉള്ള സായിപ്പു ഇതെല്ലാം ഇങ്ങനെ നാട്ടുക്കാരോടു പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ടോ? സംഭവം ഇത്രയേ ഉള്ളു, England-ല്‍ ഏതോ ആപ്പീസില്‍ കാഴ്ച്ചക്കു വച്ച രണ്ടു കാലി ഭരണി ഉടഞ്ഞു. ആള്‍ക്കാരു കയറി ഇറങ്ങുന്ന ആപ്പീസില്‍ ഇമ്മാതിരി സാധനം കൊണ്ടു വച്ചതും പോര... അല്ലെങ്കിലും പുതിയ ഭരണി ഒന്നും അല്ല, പഴയ പന്നാസു സാധനം. പണ്ടു ഇതു പോലെ കുറെ എണ്ണം നമ്മുടെ ചായ്പ്പിലും ഉണ്ടായിരുന്നു. മേസ്തിരി ഓട്‌ ശരിയാക്കാന്‍ കയറിയപ്പോല്‍ ഓടു വീണിട്ടാണു അന്നു മൂന്നു ഭരണി പൊളിഞ്ഞതു. വല്യച്ചന്‍ കാച്ചി വെച്ച എണ്ണ പോയതിന്റെ സങ്കടം നമ്മള്‍ ആരോടെങ്കിലും പറഞ്ഞോ? അതോ നമ്മള്‍ മേസ്തിരിയെ വഴക്കു പറഞ്ഞോ? ഇവിടെ ഒരു മനുഷ്യന്‍ തലയടിച്ചു വീണതിനെ പറ്റി ആര്‍ക്കും വിഷമം ഇല്ല, സഹതാപം മുഴുവന്‍ ഭരണിക്കാണു. ആല്ലെങ്കിലും പഴയ സാധനങ്ങള്‍ കണ്ടാല്‍ ഇവര്‍ പണ്ടേ എടുത്തു കൊണ്ടു പോകും. കേളുവേട്ടന്‍ മുറുക്കാന്‍ തുപ്പിയിരുന്ന കോളാമ്പി വരെ സായിപ്പല്ലേ വലിയ കാശും കൊടുത്തു മേടിച്ചു കൊണ്ടു പോയതു.

വല്യമ്മയുടെ കണ്ണില്‍ സംഭവം നിസ്സാരം ആണെങ്കിലും Fitzwilliam Museum-കാരുടെ മുന്നില്‍ പ്രശ്നം ഗുരുതരമാണു. കാരണം, ഉടഞ്ഞു പോയ സാധനം ലക്ഷങ്ങള്‍ വില വരുന്ന 300 വര്‍ഷം പഴക്കമുള്ള അമൂല്യ (പാല്‍പ്പൊടി അല്ല) വസ്തു ആണെന്നതു തന്നെ കാരണം. മ്യൂസിയങ്ങളില്‍ ഒക്കെ പൊട്ടിയതും, തുരുമ്പു പിടിച്ചതും, കൈ ഒടിഞ്ഞതും, തല ഇല്ലാത്തതും ഒക്കെ ആയതു കൊണ്ടു, ഇതും ആ കൂട്ടത്തില്‍ കയറിക്കോളും എന്നു വിചാരിച്ചു ആദ്യം സമാധാനിച്ചു. പക്ഷെ വന്നു നോക്കിയപ്പോല്‍ അല്ലേ അറിഞ്ഞതു, ഇതു ആകെ തവിടുപൊടി ആയി പോയി എന്ന കാര്യം. എന്തായാലും ദുഃഖാചരണം കഴിഞ്ഞിട്ടില്ല (as of Feb 7th, 2006). പൊടി വാരി കഴിയാത്തതു കൊണ്ടാണോ, അതോ ''ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ്‌' തായ്‌വാനില്‍ നിന്നു ഇറക്കാന്‍ ആണോ എന്നറിയില്ല, മ്യൂസിയം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണു. തകര്‍ത്തവന്‍ കേടുപാടൊന്നും കൂടാതെ പുറത്തു വിലസുന്നുണ്ടു. ഇനി ഈ പരിസരത്തു കണ്ടു പോകരുതെന്നും പറഞ്ഞു കൊണ്ടു മ്യൂസിയം അധികൃതര്‍ ഇദ്ദേഹത്തിനു കത്തയക്കാന്‍ സമയം കണ്ടെത്തി.

February 05, 2006

ജീവിതം, സ്വാതന്ത്ര്യം, ചൈന
ഒടുവില്‍ ഗൂഗിളും ചൈന എന്ന അതികായന്റെ മുന്നില്‍ കീഴടങ്ങി. മാധ്യമങ്ങള്‍ ഒന്നൊഴിയാതെ എഴുതി, എന്തോ വലിയ സംഭവം നടന്നു എന്ന മട്ടില്‍. നട്ടെല്ലു കുറച്ചു വളച്ചു നിന്നാലും കീശ നിറയുമല്ലോ; അവര്‍ക്കും അത്രയേ ആഗ്രഹം ഉണ്ടായുള്ളു? ദീപസ്തംഭം മഹാശ്ചര്യം, ബാക്കി എല്ലാം നിങ്ങളു പറയുന്ന പോലേ. "You too, Brutus?", ഞാനും പറഞ്ഞു. പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നു തെളിയിച്ചില്ലെങ്കില്‍ പിന്നെ വയറു വേദനിക്കും. പക്ഷേ ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷിക്കുകയായിരുന്നു. സ്വന്തം രാജ്യത്തെ വലിയൊരു ശതമാനത്തെ മുഴുവന്‍ വിഡ്ഡികളാക്കി നാടു ഭരിക്കുന്ന കുത്തുക മുതലാളിമാര്‍ മറ്റൊരു രാജ്യത്തു ചെന്നു ഓച്ചാനിച്ചു നില്‍ക്കുന്നു. എല്ലാം നല്ലതു തന്നേ, കാരണം നാളെ ഇവരൊക്കെ തന്നെ നമ്മുടെ വീട്ടുമുറ്റത്തും എത്തും. പക്ഷേ സങ്കടം ഒന്നാലോചിക്കുമ്പോള്‍ മാത്രം. Shi-Tao-യെ പോലുള്ളവരുടെ ജീവിതം ഹോമിച്ചിട്ടു വേണമായിരുന്നോ ഇവര്‍ക്കൊക്കെ സ്വപ്നങ്ങള്‍ കെട്ടി ഉയര്‍ത്താന്‍. Yahoo ചൈനയിലേക്കു തേരോട്ടം നടത്തിയപ്പോള്‍ ചതഞ്ഞു പോയ Shi-Tao-ക്കു വേണ്ടി വാദിക്കാന്‍ 'Amnesty International' പോലുള്ള സംഘടനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു ശ്ലാഘനീയം തന്നെ. പക്ഷേ അറിയപ്പെടാതെ എരിഞ്ഞടങ്ങുന്ന ജീവിതങ്ങള്‍ എത്ര. ജനാധിപത്യം കയറ്റി അയക്കാന്‍ രാജ്യം അന്വേഷിച്ചു നടക്കുന്ന ലോക പോലീസ്‌ ഇതൊന്നും അറിയുന്നില്ലേന്നാണോ?

February 01, 2006

കുറച്ചു അസംബ്ലി വിശേഷങ്ങള്‍
പതിവു പോലെ 9:50നു ഇന്റര്‍വല്‍ ബെല്ല് അടിച്ചു. എല്ലാവരും ക്ലാസ്സില്‍ നിന്നു ചാടിയിറങ്ങി. ആവിടവിടെ കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍. ടെക്സ്റ്റ്‌ ബുക്ക്‌ കടം വാങ്ങാന്‍ മറ്റു ഡിവിഷനുകളില്‍ കയറി ഇറങ്ങുന്ന ചിലര്‍. ക്ലാസ്സ്‌ തുടങ്ങുന്നതിനു തൊട്ടു മുമ്പു മാത്രം കയറി വരുന്ന സൈക്കിള്‍ സവാരിക്കാര്‍ മറ്റൊരു വശത്ത്‌. ഇന്ന് സമരം ഇല്ലെന്ന പരാതിയും ആയി വേറെ കുറച്ചുപേരും. ഇതിനിടയില്‍ രാവിലെ അസംബ്ലി ഉണ്ടെന്ന വാര്‍ത്ത കേട്ടു. ഹോംവര്‍ക്ക്‌ ചെയ്യാത്ത ചിലര്‍ക്കെങ്കിലും സന്തോഷം, വെയിലത്തു നില്‍ക്കണമെന്നുള്ള സങ്കടം ഉണ്ടെങ്കിലും. 9:55നു പ്യൂണ്‍ കണ്ണേട്ടന്‍ വന്നു ബെല്ലടിച്ചപ്പോള്‍ എല്ലാവരും ക്ലാസ്സില്‍ കയറി. സ്പീക്കറിലൂടെ പ്രാര്‍ത്ഥനാ ഗാനം ഉയര്‍ന്നു. കൃഷ്ണന്‍ മാസ്റ്റര്‍ ഹാജരു വിളിച്ചു കഴിഞ്ഞ ശേഷം എല്ലാവരെയും വരിയായി അസ്സംബ്ലി ഗ്രൌണ്ടിലേക്കു നയിച്ചു. വെയിലിനു ഇപ്പോള്‍ തന്നെ നല്ല ചൂടുണ്ട്‌. 10(A)-കാര്‌ ഒന്നാമത്തെ വരിയില്‍ നിന്നു കഴിഞ്ഞു. most disciplined class എന്നു എല്ലാ അദ്യാപകരും ഇവരെ കുറിച്ചു വാഴ്ത്തി നടക്കുന്നതു കൊണ്ടു ചിലര്‍ക്കു ബാഹുമാനവും മറ്റു ചിലര്‍ക്കു അസൂയയും ഉണ്ടു ഇവരോടു. ആസൂയയ്ക്കു മറ്റൊരു കാരണവും കൂടി ഉണ്ട്‌, അവരുടെ ലൈന്‍ എന്നും തണല്‍ നല്‍കുന്ന ഞാവല്‍ മരത്തിന്റെ ചുവട്ടില്‍ ആണ്‌. പക്ഷെ അവര്‍ക്കും ഒരു പ്രശ്നം ഉണ്ടു, കാക്കകള്‍. കണ്ണു തെറ്റിയാല്‍ കാക്ക ചതിക്കും. 10(എ)-കാരുടെ വെള്ള ഷര്‍ട്ടിനോദു ഒരു പ്രത്യേക ഇഷ്ടം ആണു ലോക്കല്‍ കാക്കകള്‍ക്ക്‌. മാത്രമല്ല ലക്ഷ്മണന്‍ മാസ്റ്റ്രരുടെ പ്രസംഗം കേള്‍ക്കാനാണോ, ജോണ്‍സണ്‍ മാഷിന്റെ സ്പോര്‍ട്‌സ്‌ ബഡായി കേള്‍ക്കാനാണോ എന്നറിയില്ല അസംബ്ലി ദിവസം മറ്റു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നു പോലും കാക്കകള്‍ വരാറുണ്ട്‌ എന്നാണു 10(A)-കാരുടെ കണക്കുകള്‍ പറയുന്നതു. ആരും ഇതൊന്നും എതിര്‍ക്കാറില്ല, കാരണം അവരെക്കാള്‍ കാക്കകളെ കുറിച്ചു അറിയുന്നവര്‍ തലശ്ശേരിയില്‍ ഇല്ല എന്നു ആരും സമ്മതിക്കും.

ഈ അടുത്ത കാലത്തായി കാക്കകള്‍ക്കു ഷൈന്‍ ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല. ആതുകൊണ്ടു തന്നേ കാക്കകളും ഇതൊരു 'challenge' ആയി എടുത്തിരിക്കുകയാണ്‌. ഹെഡ്‌മാസ്റ്റര്‍ വന്നു കൊടി ഉയര്‍ത്തി, എല്ലാവരും സല്യൂട്ട്‌ അടിച്ചു, സ്കൂള്‍ ലീഡര്‍ അശോക്‌ കുമാര്‍ പ്രതിജ്ഞ വായിച്ചു. കുറച്ചു പേരെങ്കിലും "ഇന്ത്യ എന്റെ രാജ്യമാണ്‌, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌..." എന്നു ഏറ്റു പറയുന്നുണ്ടെങ്കിലും ചിലരുടെയെങ്കിലും ശ്രദ്ധ മരത്തിന്റെ മേലെ കാക്ക ഉണ്ടോ എന്നു നോക്കുന്നതിലായിരുന്നു. സമയം കടന്നു പോയി, 10:25 ആയി. ഇന്നത്തെ അജണ്ടയില്‍ ഉള്ള കാര്യങ്ങള്‍ കഴിഞ്ഞതായി ഹെഡ്‌മാസ്റ്റര്‍ പ്രക്യാപിക്കുന്നതിന്റെ ഇടയില്‍ ജോണ്‍സണ്‍ മാഷ്‌ ഓടി വന്നു, രണ്ടു സ്പോര്‍ട്‌സ്‌ കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്നു ഓര്‍മ്മിപ്പിച്ചു കൊണ്ടു മൈക്ക്‌ ഏറ്റു വാങ്ങി. --ഡിം--, കറന്റ്‌ പോയി, മാഷ്‌ നിരാശനായി. ചാക്കോ മാഷ്‌ ആംബ്ലിഫയറിനടുത്തു നിന്നു ഒന്നും സംഭവിക്കാത്തതു പോലെ അകന്നു പോകുമ്പോള്‍ കുട്ടികള്‍ പലരും ചിരി അടക്കിപിടിക്കാന്‍ പാടു പെടുകയായിരുന്നു. ഒരു നിമിഷം, "പ്ലിക്ക്‌" ഒപ്പം ഷാജിമോന്റെ വിലാപവും, "അയ്യോ! കാക്ക തൂറി!". 10(A)-ക്കാരുടെ മുഴുവന്‍ നോട്ടവും മരത്തിനെ മേലേയ്ക്കു, അപ്പോഴെയ്ക്കും ആ വിരുതന്‍ man-of-the-match അവാര്‍ഡും ആയി ചിറകടിച്ചു ഉയര്‍ന്നിരുന്നു.