June 29, 2006

ആര്‍സെലറിലേക്കുള്ള മിത്തലിന്റെ യാത്ര

ആറ്‌ മാസത്തെ നാടകീയ രംഗങ്ങള്‍ക്ക്‌ ശേഷം നെതര്‍ലാന്‍ഡ്‌ ആസ്ഥാനമായ മിത്തല്‍ സ്റ്റീല്‍ കമ്പനിയും, ലക്സംബര്‍ഗ്ഗ്‌ ആസ്ഥാനമായ ആര്‍സെലറും ലയിക്കാന്‍ തീരുമാനിച്ചു. അടുത്ത്‌ തന്നെ ചേരുന്ന ഓഹരി ഉടമകളുടെ യോഗം വോട്ടിങ്ങിലൂടെ തീരുമാനം അംഗീകരിക്കുന്നതോടെ ഇത്‌ പ്രാബല്യത്തില്‍ വരും.

അവസാനം നിമിഷം വരെ മത്സരത്തില്‍ ഉണ്ടായിരുന്നു സെവറെസ്റ്റലിന്റെ മോര്‍ഡഷോവ്‌ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ ലയനത്തോടെ ലോകത്തിലെ ഉത്പാതിക്കപ്പെടുന്ന സ്റ്റീലില്‍ പത്ത്‌ ശതമാനം ലക്ഷ്മി മിത്തല്‍ നേതൃത്വം നല്‍കുന്ന മിത്തല്‍ സ്റ്റീല്‍ കമ്പനി നിര്‍മ്മിക്കും. തൊട്ടടുത്ത എതിരാളിയായ നിപ്പോണ്‍ സ്റ്റീല്‍ കേവലം മൂന്ന് ശതമാനം ആണ്‌ ഉണ്ടാക്കുന്നത്‌. ആര്‍സെലര്‍-മിത്തല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ കമ്പനി 27 രാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന തങ്ങളുടെ 60 പ്ലാന്റുകളില്‍ നിന്നായി പ്രതിവര്‍ഷം 100 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാതിപ്പിക്കും എന്ന് അവകാശപ്പെടുന്നു. യു.എസ്‌.എ-യും കാനഡയും ചേര്‍ന്ന് ഒരു വര്‍ഷം ഇത്രയും സ്റ്റീല്‍ ഉത്പ്പാതിപ്പിക്കുന്നില്ല എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍മ്മിക്കുക.

മിത്തലിന്റെ വളര്‍ച്ച പല ചെറിയ കമ്പനികളുടെയും ലയനത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. നുകോര്‍ സ്റ്റീലും, യു.എസ്‌.സ്റ്റീലും തമ്മിലുള്ള ലയന ചര്‍ച്ച തുടങ്ങിയത്‌ ഇതിന്റെ സൂചനയാണെന്ന് കരുതുന്നു. യൂറോപ്പിലും ഇതുപോലെ രഹസ്യ ചര്‍ച്ചകള്‍ അരങ്ങേറുന്നു. ബിസിനസ്സ്‌ ലോകം ഉറ്റ്‌ നോക്കിയിരുന്ന ഒരു ലയനം ആയിരുന്നു മിത്തല്‍ സ്റ്റീലും ആര്‍സെലറും തമ്മിലുണ്ടായത്‌. ഈ അടുത്ത കാലത്ത്ത്‌ ഉണ്ടായത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ലയനം ആണെന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല.

ലക്സംബര്‍ഗ്ഗ്‌ ആസ്ഥാനമായ ആര്‍സെലര്‍ കനേഡിയന്‍ കമ്പനിയായ ഡൊഫാസ്കോയെ വാങ്ങിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ 2006 ജനുവരി 27-ന്‌ ആയിരുന്നു മിത്തല്‍, തങ്ങളുടെ താല്‍പര്യം ആര്‍സെലര്‍ ചീഫ്‌ എക്സിക്ക്യൂട്ടിവായ ഗൈ ഡോള്ളെയെ അറിയിക്കുന്നത്‌. വിറ്റുവരവില്‍ ഏറ്റവും വലിയ കമ്പനിയായ ആര്‍സെലറിനെ വാങ്ങാന്‍ മാത്രം ഏറ്റവും കൂടുതല്‍ സ്റ്റീല്‍ ഉത്പാതിപ്പിക്കുന്ന കമ്പനി ആയിട്ടില്ല എന്നായിരുന്നു ആര്‍സെലറിന്റെ നിലപാട്‌ (യൂറോയില്‍ വില്‍ക്കുന്നതിന്റെ വ്യത്യാസം). വിട്ടുകൊടുക്കാന്‍ മിത്തലും തയാറായിരുന്നില്ല. പിന്തുണ അഭ്യര്‍ഥനയുമായി മിത്തല്‍ ഫ്രഞ്ച്‌ ധനകാര്യ മന്ത്രാലയം, ലക്സംബര്‍ഗ്ഗ്‌ പ്രധാനമന്ത്രി, സ്പാനിഷ്‌ ഉദ്യോഗസ്ഥര്‍, യൂറോപ്യന്‍ യൂണിയന്‍ ആന്റി-ട്രസ്റ്റ്‌ കമ്മീഷണര്‍ തുടങ്ങിയവരേ സമീപിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. മിത്തല്‍ സ്റ്റീലിന്റെ $23 ബില്ല്യണ്‍ന്റെ ഓഫര്‍ മറികടന്ന് ആര്‍സെലര്‍, 'OAO Severstal' എന്ന റഷ്യന്‍ കമ്പനിക്ക്‌ കരാര്‍ ഉറപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാന്‍ പൊകുന്ന എന്ന അവസ്ഥയില്‍ ആയിരുന്നു ലക്സംബര്‍ഗ്ഗ്‌ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌ റെഗുലേറ്റര്‍ ഇടപെട്ടത്‌. നിയമലങ്കനം നടക്കുന്നില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ഒരു സംരംഭവുമായി മുന്നോട്ടു പോകാവൂ എന്ന ഇവരുടെ ഉത്തരവാണ്‌ ആര്‍സെലറിനെ തിരിച്ച്‌ മിത്തലിലേക്ക്‌ എത്തിച്ചത്‌. മിത്തല്‍ ഇതിനിടയില്‍ തങ്ങളുടെ ഓഫര്‍ ഉയര്‍ത്താന്‍ തയാര്‍ ആണെന്നും ഓഹര്‍ ഉടമകളുമായി ചര്‍ച്ച ചെയ്യാന്‍ സൌകര്യം ഒരുക്കി തരണം എന്നും ആര്‍സെലറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ജൂണ്‍ 25-നെ ആര്‍സെലറിന്റെ ഓഹരി ഉടമകള്‍ മിത്തലുമായുള്ള ലയനത്തിന്‌ സമ്മതം മൂളി, $33.65 ബില്ല്യണ്‍ എന്ന സംഖ്യക്ക്‌. പക്ഷേ ഇത്‌ കരാറായി വരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി ഉണ്ട്‌.

കൈപ്പിടിയില്‍ ഒതുങ്ങി എന്ന് കരുതിയ ഓഫര്‍ നഷ്ടപ്പെട്ടതില്‍ വിലപിക്കുകയാണ്‌ സെവറെസ്റ്റലിന്റെ ചീഫ്‌ എക്സിക്യൂട്ടിവ്‌ മോര്‍ഡഷോവ്‌. യൂറോപ്യന്‍ യൂണിയന്റെ ഗൂഡാലോചയും റഷ്യന്‍ വിരുദ്ധ മനോഭാവവുമാണ്‌ ഇങ്ങനെ സംഭവിക്കാന്‍ ഉണ്ടായതെന്ന് അദ്ദേഹം ആരോപിക്കുന്നു. മിത്തലിന്റെ ഓഫറിനോട്‌ യോചിക്കാന്‍ പറ്റില്ലെങ്കിലും, തങ്ങളും മുമ്പ്‌ പറഞ്ഞ വിലയില്‍ വര്‍ധന വരുത്താന്‍ തയാറാണെന്ന് സെവര്‍സ്റ്റെല്‍ പ്രഖ്യാപിച്ചു. ആര്‍സെലറിന്റെ അമ്പത്‌ ശതമാനത്തില്‍ കൂടുതല്‍ ഓഹരി ഉടമകളെ കൂടെ നിര്‍ത്തി വോട്ടിങ്ങ്‌ തങ്ങള്‍ക്ക്‌ അനുകൂലമാക്കാന്‍ തനിക്ക്‌ കഴിയുമെന്നും മോര്‍ഡഷോവ്‌ അവകാശപ്പെടുന്നു. ബിസിനസ്സ്‌ ലോകം അല്ലേ, കാലിനടിയില്‍ നിന്ന് മണ്ണൊലിച്ച്‌ പോകുന്നത്‌ അറിയാന്‍ കുറച്ച്‌ സമയം എടുത്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി മിത്തല്‍ ആണ്‌ ഇന്ന് ഉറച്ച മണ്ണില്‍ നില്‍ക്കുന്നത്‌. വരും നാളുകളില്‍ മിത്തല്‍ കുടുംബത്തിന്റെ പേര്‌ നമ്മുടെ മുന്നില്‍ മിന്നി മറയുമ്പോള്‍ ഈ കാര്യങ്ങളൊക്കെ ഓര്‍ക്കാം.

വിഭാഗം:ബിസിനസ്സ്‌

June 16, 2006

ഇന്റലിജന്റ്‌ ഷോപ്പിംഗ്‌ കാര്‍ട്ട്‌

ഹോംലെസ്സ്‌, അധവാ തെരുവില്‍ ജീവിക്കുന്നവര്‍ ഇവിടെ തങ്ങളുടെ ഹമ്മറും, കാമ്രിയും, അക്കോര്‍ഡും ആയി ഉപയോഗിച്ച്‌ വരുന്നത്‌ ഹോംഡിപ്പോയുടെയും, ടാര്‍ഗറ്റിന്റെയും ഷോപ്പിംഗ്‌ കാര്‍ട്ടുകള്‍ ആണ്‌. അതിങ്ങനെ നല്ല മൊഞ്ചാക്കി അടിപൊളി സാധനങ്ങള്‍ ഒക്കെ കുത്തിനിറച്ച്‌ തള്ളി കൊണ്ട്‌ നടക്കുന്നത്‌ കാണുമ്പോള്‍ വിശാലന്റെ വിക്രം വരെ ഒരു നിമിഷം നാണിച്ചു പോകും. പക്ഷെ ഇതു കൊണ്ടൊന്നും എനിക്ക്‌ ഇവരോടുള്ള സഹതാപത്തിന്‌ ഇടിവൊന്നും സംഭവിച്ചിട്ടില്ല. അവരുടെ നിലയ്ക്കും വിലയ്ക്കും പറ്റുന്ന ഒരു കണ്‍വേര്‍ട്ടിബിള്‍ അവര്‍ മെയിന്റേന്‍ ചെയ്യുന്നു എന്നേ തോന്നിയിട്ടുള്ളു. ഈ സൌകര്യം ഒന്നും ഇല്ലാത്ത വേറെയും എത്രയോ പേരുണ്ട്‌ ഇവര്‍ക്ക്‌ ചുറ്റും. കണ്ടാല്‍ പേടിയാവുമെങ്കിലും ടെക്നിക്കലി ഇവരൊക്കെ ഡീസന്റ്‌ ആള്‍ക്കാരാണ്‌, നമ്മളായിട്ട്‌ ഒടക്കാന്‍ ചെല്ലാത്തടുത്തോളം. ഇങ്ങനെയുള്ളവരുടെ ഫോട്ടോ എടുക്കരുത്‌ എന്നൊരു അലിഖിത നിയമം ഉള്ളതു കൊണ്ട്‌, ഫോട്ടോ എടുത്തിട്ടില്ല. ചിലപ്പോള്‍ അന്നേരം ആയിരിക്കും ഇവരൊക്കെ ഇന്‍ഡീസന്റ്‌ ആവുക, വെറുതെ റിസ്ക്‌ എടുക്കേണ്ട. അതു പോട്ടെ, ഇപ്പൊള്‍ തന്നെ ഓഫ്‌ ടോപ്പിക്ക്‌ ആയി.

വാള്‍മാര്‍ട്ട്‌ സൂപ്പര്‍ മാര്‍ക്കറ്റ്‌ സാം വാള്‍ട്ടന്റെയോ, മുത്തു പട്ടരുടെയോ ആയിരിക്കും, പക്ഷെ അവിടെയുള്ള ഷോപ്പിംഗ്‌ കാര്‍ട്ടുകള്‍ തങ്ങളുടെ തറവാട്ട്‌ സ്വത്തണെന്നാണ്‌ ഹോംഫുള്‍ കാറ്റഗറിയില്‍പെടുന്ന പല മാന്യന്മാരുടെയും വിചാരം. ഷോപ്പിംഗ്‌ നടത്തി, അതുമായി വീടുകളിലേക്ക്‌ പോവുകയും, കാര്യം കഴിഞ്ഞ ശേഷം ഡിസ്കാര്‍ഡ്‌ അടിച്ച്‌ വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാര്‍ട്ടുകള്‍ വാഹനങ്ങള്‍ക്കും, കാല്‍നടകാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും ഭീഷണി ആകുന്നു. ഫോര്‍ എക്സാമ്പിള്‍, ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കാര്‍ട്ടുകള്‍ തപ്പി ഇറങ്ങിയ വളന്റിയര്‍മാര്‍ ബെല്‍വ്യൂ-സിയാറ്റിലിലെ ഒരു അപ്പാര്‍ട്മന്റ്‌ കോമ്പ്ലക്സില്‍ നിന്ന് മാത്രം ഒരു ദിവസം 150-തില്‍പരം പെറുക്കി എടുത്തു എന്ന് പത്രവാര്‍ത്ത.

ഗ്രോസറി കാര്‍ട്ടുകള്‍ കടകളുടെ പാര്‍ക്കിംഗ്‌ സ്ഥലത്തിന്‌ വെളിയില്‍ കൊണ്ടുപോകുന്നത്‌ പല പട്ടണങ്ങളിലും കുറ്റകരമാണെന്ന്‌ സാധാരണക്കാരായ ജനങ്ങള്‍ അറിയുന്നില്ലെന്ന് തോന്നുന്നു. കസ്റ്റമേര്‍സിന്റെ സൌകര്യത്തില്‍ കൈ കടത്താതിരിക്കുകയും, അവരെ പിണക്കാതിരിക്കാന്‍ വേണ്ടിയുമുള്ള കടക്കാരുടെ ഒരു ഒളിച്ചു കളി. ഇങ്ങനെ നഷ്ടപ്പെടുന്ന കാര്‍ട്ടുകള്‍ ബിസിനസ്സിന്‌ ഉണ്ടാക്കുന്ന നഷ്ടം ഒരു വര്‍ഷം ഏകദേശം $800 മില്ല്യണ്‍ ആണെന്നാണ്‌ കണക്ക്‌.

ഇതു വരേ വായിച്ചോ, എന്നാല്‍ കാര്യം പറയാം. ഇതുവരേ പറഞ്ഞത്‌ അമേരിക്കയിലെ കാര്യം, ന്യൂയോര്‍ക്കില്‍ ഇങ്ങനെ ഒന്നും അല്ലെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പല കടകളിലും ഈ വണ്ടികള്‍ ചെക്‌ക്‍ഔട്ടിന്‌ വെളിയില്‍ കൊണ്ടുപോകാന്‍ പറ്റില്ല. ഇങ്ങനെ ഒരു ബോര്‍ഡ്‌ കണ്ട്‌ സ്ഥലത്ത്‌ ഞാന്‍ തപ്പി ഇറങ്ങി. അങ്ങനെ കണ്ടു, കണ്ടറിഞ്ഞു.

ഇവിടത്തെ കാര്‍ട്ടിന്റെ ഒരു വീലില്‍ RF റിസീവറും അതിനെ ആജ്ഞകളെ അനുസരിക്കുന്ന ഒരു മെക്കാനിക്കല്‍ ഘടകവും ഉണ്ട്‌. ഈ കട തങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചു കൊണ്ട്‌ ലക്ഷ്മണ രേഖ വരച്ചത്‌ RF ട്രാന്‍സ്മിറ്റ്‌ ചെയ്യുന്ന വയര്‍ ഉപയോഗിച്ചാണ്‌. കാര്‍ട്ടുകള്‍ ഈ വര കടന്നാല്‍, റിസീവര്‍ ഉള്ള വീലിന്‌ മസില്‍ വെട്ടി കയറും, സഡ്ഡന്‍ ബ്രേക്കിടും. സംഭവം ക്ലീന്‍, ഒരു സ്വാഭാവിക മരണം. കാര്‍ട്ടുകളുടെ സ്വഭാവം വച്ച്‌ നോക്കിയാല്‍ ഇത്രയും നേരമെങ്കിലും, മര്യാദക്കാരന്‍ ആയി കൂടെ നടന്നത്‌ തന്നെ ഭാഗ്യം എന്നു കസ്റ്റമറും വിചാരിക്കും. ഒരു കമ്പനി സൈറ്റില്‍ കണ്ടത്‌ ഇവിടെ.

നാട്ടിലെ വാഹന മോഷണം തടയാന്‍ ഇത്തരം ഒരു സാധനം കസ്റ്റമൈസ്‌ ചെയ്താല്‍ ഉപകാരം ആയിരിക്കും എന്നു തോന്നുന്നു. ട്രാന്‍സ്മിറ്റര്‍ രാത്രി മാത്രം ഓണ്‍ ചെയ്താല്‍ മതിയല്ലൊ? എപ്പടി?

June 13, 2006

A380 : കാത്തിരിപ്പ്‌ തുടരുന്നു

വ്യാമയാന വ്യവസായം വലിയ കഷ്ടത്തിലാണ്‌. അന്തര്‍ദേശീയ മേഖലയില്‍ മാത്രമേ ചെറിയൊരു ഉണര്‍വുള്ളൂ. ഗ്ലോബലൈസേഷന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ ആഗോള തരത്തില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതോടെ "Time is Money" സിദ്ധാന്ത പ്രകാരം ഏറ്റവും കൂടുതല്‍ പേരെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതായി പ്രധാനം. ഇന്ന്‌ ഈ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത്‌ എയര്‍ബസ്സ്‌ കമ്പനി ആണ്‌. ഒരു മുഴം നീട്ടി എറിയാന്‍ പാകത്തില്‍ ഒരു കയറും ഈ വമ്പന്റെ കൈയ്യില്‍ ഉണ്ട്‌. പക്ഷെ പാരകള്‍ ഏറ്റുവാങ്ങി തളര്‍ന്ന് ഇരിക്കുകയാണ്‌ ഇവന്‍.

പറഞ്ഞ്‌ വരുന്നത്‌ A380-യെ കുറിച്ചാണ്‌. അടുത്ത ഇരുപത്‌ കൊല്ലത്തേക്കെങ്കിലും രാജാവായി ഇരിക്കേണ്ടവനാണിവന്‍. സാധാരണ നിലയില്‍ 550 പേരെയും, വേണ്ടി വന്നാല്‍ 850 പേരെ വരെയും കയറ്റി പറക്കാന്‍ തയാറായിരിക്കുന്ന ഈ ഭീമാകാരന്‍. ഇത്രയും വലിയൊരു വിമാനത്തിന്‌ വിപണന സാധ്യത ഇല്ല എന്നു പറഞ്ഞ്‌ മാറി നിന്ന ബോയിംഗ്‌ കമ്പനിയെ ഞെട്ടിച്ചത്‌, $300 Million എന്ന വില വക വയ്ക്കാതെ വിമാന കമ്പനികള്‍ കൊടുത്ത ഓര്‍ഡറുകളാണ്‌.

എന്നാല്‍ റിലീസിങ്ങ്‌ അടുക്കുമ്പോള്‍ പല പ്രശ്നങ്ങളും തല ഉയര്‍ത്തുകയും, വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്യുന്നു. ടേക്‌ക്‍ഓഫ്‌/ലാന്റിംഗ്‌ സമയത്ത്‌ ഈ വിമാനം ഉയര്‍ത്തുന്ന wake turbulance-നെ കുറിച്ചാണ്‌ ഈ ആഴച കൂടുതലായും കേള്‍ക്കുന്നത്‌. ഇന്ന് സര്‍വീസില്‍ ഉള്ള 747 Jumboയേക്കാളും കൂടുതല്‍ സമ്മര്‍ദ്ദം 100 Ton ഭാരക്കൂടുതലുള്ള A380 ഉണ്ടാക്കും എന്ന് FAA അധികൃതര്‍ ഭയക്കുന്നു. ഈ വിമാനത്തിന്‌ തൊട്ട്‌ പിന്നില്‍ യാത്ര ചെയ്യേണ്ടുന്നവയ്ക്ക്‌ ഇത്‌ ഭീഷണിയാണെന്നത്‌ വലിയൊരു പരിതി വരെ സത്യവുമാണ്‌. ഈ ടര്‍ബുലന്‍സ്‌ കാരണം അടിതെറ്റി വീണ്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. (അമേരിക്കയില്‍ നവമ്പര്‍ 2001-ല്‍ JFK വിമാനത്താവളത്തിനടുത്ത്‌ 251 പേരുടെ മരണത്തിനിരയാക്കിയ അപകടത്തിനും ഒരു കണക്കിന്‌ ഇതിനെ കുറ്റപ്പെടുത്താം). ആ അവസ്തയില്‍ തീരെ ചെറിയ വിമാനങ്ങള്‍ക്ക്‌ ഇതിന്റെ ഏഴ്‌ അയലത്ത്‌ പോകുന്നതിനെ പറ്റി ആലോചിക്കാനേ പറ്റില്ല. ടേക്‌ക്‍ഓഫുകള്‍ക്കിടയില്‍ കൂടുതല്‍ സമയം അനുവദിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം. പക്ഷെ തിരക്കേറിയ വിമാനത്താവളങ്ങള്‍ ഈ പ്രതിവിധി അംഗീകരിക്കാന്‍ തയാറാകില്ല. ഈ വിഷയത്തെ പറ്റി എയര്‍ബസ്സ്‌ കമ്പനി നടത്തിയ പഠനത്തില്‍ A380 കാരണം ഇത്തരം ഭയാനകമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ലെന്നാണ്‌ കണ്ടെത്തിയത്‌. ഇത്‌ FAA നയിക്കുന്ന അമേരിക്കന്‍ ലോബിക്ക്‌ വിഴുങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതേ കുറിച്ച്‌ തിങ്കളാഴ്ചയും ചര്‍ച്ച നടന്നിരുന്നു.

ഒരുപാട്‌ പ്രശ്നങ്ങള്‍ അതിജീവിച്ചാണ്‌ ഇവിടെ വരെ കൊണ്ടെത്തിച്ചത്‌. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്ന പോലെ എന്നും പ്രശ്നങ്ങള്‍ ഇവന്റെ കൂടെ ഉണ്ട്‌. സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ പോലെ കാശുള്ള അണ്ണന്മാര്‍ ഇതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. അഞ്ച്‌ വിമാനം ഉണ്ടാക്കി പരീക്ഷണ പറക്കലും, ജാഡ കാണിക്കലും ഒക്കെ കഴിഞ്ഞു, ഇനി സാധനം റോഡില്‍ ഇറങ്ങിയാല്‍ മതി എന്ന സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ആണ്‌ മുകളില്‍ പറഞ്ഞ ചര്‍ച്ചകള്‍ നടക്കുന്നത്‌. ഈ വര്‍ഷാവസാനം ഡെലിവറി തുടങ്ങും എന്നും പറഞ്ഞ്‌ ഇരുന്നവര്‍ ഇന്ന്‌ പ്രഖ്യാപിച്ചു, "നമ്മുടെ പ്രൊഡക്ഷന്‍ ലൈനില്‍ ട്രാഫിക്‌ ജാം. ഇന്നത്തെ സ്ഥിതി വച്ച്‌ നോക്കിയാല്‍ മുമ്പ്‌ പറഞ്ഞതില്‍ നിന്ന് ഒരു 6-7 മാസം വൈകും സാധനം പുറത്തിറങ്ങാന്‍". ഒപ്പം തന്നെ മുമ്പ്‌ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായി ആദ്യ വര്‍ഷം 7 എണ്ണവും, അടുത്ത വര്‍ഷം 5-8ഉം പ്രതീക്ഷിക്കാം എന്നും പ്രസ്താവന സൂചിപ്പിക്കുന്നു. ഇതൊരു project management-ന്റെ പരാജയം ആയി അംഗീകരിക്കാന്‍ ഒരു പ്രയാസം, പ്രത്യേകിച്ചും അടച്ചിട്ട മുറികളില്‍ കഴുത്ത്‌ ഞെരിക്കാനുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍. വൈകി ആണെങ്കിലും ഇവന്‍ വെളിച്ചം കാണുകയും നമ്മുടെ ആകാശത്തെ വാഴുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

[Update : 14 ജൂണ്‍ 2006]
എയര്‍ബസ്സ്‌ ഇന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ ചെന്ന് വീണു. ഡെലിവറി വൈകുന്നത്‌ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്ന കമ്പനികള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന ധ്വനി ആണ്‌ നല്‍കുന്നത്‌. സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ 20 ബോയിംഗ്‌ 787 വാങ്ങാന്‍ തീരുമാനിച്ചു. ക്വാണ്‍ടസ്‌ എയര്‍ലൈന്‍സും മറ്റു വഴികള്‍ തേടുകയാണെന്ന് പ്രഖ്യാപിച്ചു. ഇത്തരം ഒരു പ്രത്യാഘാതം പ്രതീക്ഷിക്കാത്തത്‌ പോലെയാണ്‌ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചത്‌, 26% ശതമാനം ഇടിവാണ്‌ ഈ കമ്പനിയുടെ സ്റ്റോക്ക്‌ വിലയിടിഞ്ഞത്‌. നല്ലൊരു സ്ഥിതിയില്‍ അല്ല എയര്‍ബസ്സ്‌ കമ്പനി ഉള്ളതെന്ന് ചുരുക്കും. ആരുടെയൊക്കെ തലകള്‍ ഉരുളും എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

June 11, 2006

ക്രൂഡ്‌ ചിന്തകള്‍

[വില വര്‍ദ്ധനവിനെ ന്യായീകരിക്കല്‍ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. അങ്ങനെ ഒരു ധ്വനി ഉയരുകയാണെങ്കില്‍ എന്റെ ഭാഷയുടെ പ്രശ്നമായിരിക്കാം.]

ഇന്ത്യയില്‍ പിന്നെയും പെട്രോള്‍ വിലകൂടി. പെട്രോള്‍ വില വര്‍ദ്ധന എപ്പോഴും രാഷ്ട്രീയക്കാര്‍ക്ക്‌ അഭിപ്രായം പറയാനും അഴിഞ്ഞാടാനും കിട്ടുന്ന സുവര്‍ണ്ണാവസരം ആണ്‌. പ്രതിപക്ഷത്തിരിക്കുന്നവര്‍ കാലാകാലം അത്‌ അവരുടെ കഴിവ്‌ അനുസരിച്ച്‌ നിര്‍വഹിച്ച്‌ പോരുന്നു. ഒരോ രാജ്യത്തെയും പെട്രോള്‍ വില അതത്‌ രാജ്യത്തെ സര്‍ക്കരുകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ തീരുമാനിക്കുന്നു എന്ന് വിചാരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആകുന്നു. കരുണാനിധി രണ്ട്‌ രൂപക്ക്‌ അരി കൊടുക്കുന്നു എന്ന് കരുതി നാളെ മുതല്‍ മെക്സിക്കന്‍ പ്രധാനമന്ത്രി അവരുടെ നാട്ടില്‍ അരി വില കുറക്കണം എന്നില്ലല്ലോ?

പെട്രോള്‍ വില വര്‍ദ്ധന എത്രത്തോളം offtrack ആണെന്ന് നമ്മുക്കൊന്ന് പരിശോധിക്കാം. ഞാന്‍ ഒരു economy expert അല്ലാത്തതിനാല്‍ ശരികളേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ ആവാന്‍ ആണ്‌ സാധ്യത. വെറുതെ ബുക്കും പെന്‍സിലും വച്ച്‌ കൂട്ടിയപ്പോള്‍ കിട്ടിയ ചില നമ്പറുകളും, ചിന്തകളും ചുവടെ.

ഒരു ബാരല്‍ ക്രൂഡ്‌ ഓയില്‍ എന്നാല്‍ ഏകദേശം 160 ലിറ്റര്‍ (42 ഗാലണ്‍) ആണ്‌. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഇതിന്റെ വില 3220 രൂപയായി (70$) വരും. ഇത്രയും ക്രൂഡ്‌ ശുദ്ധീകരിച്ചാല്‍ ഉദ്ദേശം 75 ലിറ്റര്‍ പെട്രോള്‍ ലഭ്യമാകും എന്നാണ്‌ അമേരിക്കയിലെ കണക്ക്‌. ശുദ്ധീകരണ പ്രക്രിയയില്‍ ലഭിക്കുന്ന അടുത്ത മുഖ്യ വസ്തു ഇവിടെ ഉപയോഗിക്കുന്ന ഫ്യൂയല്‍ ഓയില്‍ ആണ്‌, ഏകദേശം 37 ലിറ്റര്‍. ഇതല്ലാതെ തവിടും, പിണ്ണാക്കും എന്ന് പറയുന്ന പോലെ മെഴുകും, മണ്ണെണ്ണയും ഉള്‍പ്പടെ അല്ലറ ചില്ലറ മറ്റ്‌ വസ്തുക്കളും. ഇങ്ങനെ ഒരു കണക്ക്‌ വച്ച്‌ നോക്കിയാല്‍ 3220 രൂപ മുതല്‍ ഇറക്കിയാല്‍, ഇന്നത്തെ ലിറ്ററിന്‌ 50 രൂപാ നിരക്കില്‍ 3750ന്റെ പെട്രോള്‍ ലഭിക്കുന്നു. പക്ഷെ സര്‍ക്കാരിന്റെയും കമ്പനികളുടെയും മുന്നില്‍ ചിലവുകള്‍ വേറേയും ഉണ്ട്‌. ശുദ്ധീകരണ ചിലവ്‌, കടത്ത്‌ കൂലി, തുറമുഖ കയറ്റിറക്ക്‌ കൂലി, ശുദ്ധീകരണ ശാലകളില്‍ നിന്ന് വിതരണ പമ്പിലേക്ക്‌ എത്തിക്കല്‍, കേന്ദ്ര/സംസ്ഥാന നികുതികള്‍, പല നിലയിലുള്ള ഇടനിലക്കാരുടെ കമ്മീഷനുകള്‍. ഇങ്ങനെ എന്തെല്ലാം. ചെറിയൊരു ലാഭം പ്രതീക്ഷിച്ച്‌ കൊണ്ടാണ്‌ വില ഉയര്‍ത്തിയത്‌ എന്ന് സര്‍ക്കാരും സമ്മതിക്കുന്നു. ഈ ലാഭം, കേന്ദ്ര സര്‍ക്കാരിന്‌ കഴിഞ്ഞ കുറെ കാലങ്ങള്‍ക്കുള്ളില്‍ നഷ്ടം സഹിച്ച്‌ കഴുത്തറ്റം കടത്തില്‍ മുങ്ങി നില്‍ക്കുന്ന പെട്രോളിയം കമ്പനികള്‍ക്ക്‌ ഒരാശ്വാസം ആകാന്‍ വേണ്ടിയാണ്‌.

പക്ഷെ വിലക്കയറ്റം എങ്ങനെ തടയും എന്ന കാര്യം ആലോചിക്കാന്‍ സര്‍ക്കാരും മറന്നു. കോലം കത്തിക്കുകയും, ബന്ദ്‌ ആഹ്വാനം ചെയ്യുകയും, സ്വത്ത്‌ നശിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷം എങ്കിലും ഇത്‌ ആലോചിക്കുന്നുണ്ടാവുമോ?

June 03, 2006

ടവര്‍ ലൈറ്റിംഗ്‌

ബ്ലോഗ്‌ ഡിസൈന്‍ ഒന്നു പുതുക്കാനുള്ള ആലോചനയില്‍ ഇരിക്കുകയായിരുന്നു കുറച്ച്‌ ദിവസം ആയി. ആശയങ്ങള്‍ക്ക്‌ വേണ്ടി തിരഞ്ഞ്‌ നടന്ന ഞാന്‍ ചെന്നെത്തിയത്‌ എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിങ്ങില്‍. ന്യൂയോര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന സ്ഥാനം തിരിച്ച്‌ കിട്ടിയ സന്തോഷത്തില്‍ ആണ്‌ ഇ.എസ്‌.ബി. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എമ്പയറിന്‌ എന്നും പുതിയ മുഖം നല്‍കുന്നത്‌ അതിന്റെ മുകളിലെ ടവര്‍ ലൈറ്റിംഗ്‌ ആണ്‌. സാധാരണയായി രണ്ടോ മൂന്നോ നിറങ്ങളാണ്‌ ഇതിനെ അലങ്കരിക്കുന്നത്‌. ഈ നിറങ്ങള്‍ ഓരോ ദിവസത്തിന്റെ പ്രത്യേകതയെ സൂചിപ്പിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം അനുസ്മരിക്കപ്പെടുന്നത്‌ ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ കൊണ്ടാണ്‌. പ്രത്യേക ലൈറ്റിംഗ്‌ ഇല്ലാത്ത ദിവസങ്ങളില്‍ വെള്ള നിറം മാത്രം.

ഈ ലൈറ്റിംഗ്‌ തീം അനുകരിക്കാന്‍ ആണ്‌ ചിന്ത. ഓരോ ദിവസവും അലങ്കരിക്കുന്ന നിറങ്ങള്‍ എതൊക്കെ എന്ന് ഇവിടെ നിന്നറിയാം. ഈ നിറങ്ങള്‍ ഉപയോഗിച്ച്‌ സൈഡ്‌ബാറിലെ മൂന്ന് കളങ്ങളിലെ നിറം മാറ്റാനാണ്‌ ശ്രമം. എത്രനാള്‍ തുടര്‍ന്നു പോകാന്‍ പറ്റും എന്നുറപ്പില്ല. അതു പോലെ തന്നെ പേജിന്റെ ഡിസൈനുമായി ഒത്തുപോകുന്ന നിറങ്ങള്‍ ആയിരിക്കുമോ എന്നും അറിയില്ല. ചില ദിവസങ്ങളില്‍ കണ്ണില്‍ തറയ്കുന്ന നിറങ്ങള്‍ സഹിക്കേണ്ടി വന്നേക്കാം. എന്തായാലും ഇന്ന് തുടങ്ങിയേക്കാം. ഇന്നത്തെ നിറം എന്തിനെ സൂചിപ്പിക്കുന്നു?

എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിങ്ങിലെ ലൈറ്റിങ്ങിനെ പറ്റി കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ ഇവിടെ പോവുക.