July 28, 2007

ഗാര്‍‌ബേജ് എക്സ്പോര്‍ട്ടിങ്ങ്

നാട്ടിലെ മാലിന്യ പ്രശ്നം ഇന്നൊരു വാര്‍ത്ത അല്ലാതായിരിക്കുകയാണല്ലോ? കുറച്ച് മുമ്പൊക്കെ കേള്‍ക്കാറുണ്ടായിരുന്നു, മാലിന്യം നിക്ഷേപിക്കാന്‍ വന്ന വണ്ടി തടഞ്ഞു, തിരിച്ചയച്ചു, സംഘര്‍ഷം എന്നൊക്കെ. ഇതൊക്കെ മുമ്പ് അയല്‍ക്കാര്‍ തമ്മിലുള്ള അല്ലറ ചില്ലറ അടിപിടി കേസുകളില്‍ ഒതുങ്ങിയിരുന്നു. പിന്നെ കുറേയൊക്കെ ലോക്കല്‍ സംഭവങ്ങളും. ഇന്ന് ഇത് ഹൈക്കോടതി ലെവലില്‍ ആണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്.‍

ഫ്ലാഷ്‌ബാക്ക് : കണ്ണൂര്‍ക്കാര്‍ ഇതൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലും, എ.കെ.ജി ആശുപത്രിയും മത്സരിച്ചായിരുന്നു അന്ന് മാലിന്യം പുറത്ത് ഒഴുക്കി വിട്ടിരുന്നത്. എ.കെ.ജി ഒരു ഘട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു, പിന്നെ അവിടെ വഴി തടയലും, സംഘര്‍ഷവും... ഒന്നും പറയണ്ട. ഇടത് ഭരിക്കുന്ന ആശുപത്രിക്കെതിരെ വലത് ഭരിക്കുന്ന മുന്‍‌സിപ്പാലിറ്റിയുടെ കുത്തിത്തിരിപ്പ് മാത്രമായിരുന്നു അത്. അല്ലാതെ നാട്ടുകാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കാര്യത്തെ പറ്റി ഇടപെടേണ്ട കാര്യം ഇല്ലല്ലോ? പിന്നീട് എ.കെ.ജി ഭരണം എം.വി.രാഘവന്‍ പിടിച്ചടക്കിയതും, 48 മണിക്കൂര്‍ ജില്ലാ ബന്ദും, സ്നേക്ക് പാര്‍ക്കിന്‌ നേരെയുള്ള ആക്രമണവും, രാഘവന്‌ നേരെയുള്ള സമരങ്ങളും, കൂത്തുപറമ്പ് വെടിവെപ്പും ഒക്കെ കേരള രാഷ്ടീയത്തിന്റെ ഭാഗം. ആശുപത്രിക്കാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, sewer system, waste management തുടങ്ങിയ സംഭവങ്ങള്‍ ഒന്നും നാട്ടില്‍ ഇല്ലല്ലോ. പിന്നെയുള്ളത് പുഴയില്‍ തള്ളുകയാണ്‌, പക്ഷെ നഗര മദ്ധ്യത്തിലുള്ള ആശുപത്രി എന്ത് ചെയ്യും? അതു കൊണ്ടൊന്നുമല്ലായിരിക്കും, ജനങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി തലശ്ശേരിയില്‍ ആശുപത്രി കെട്ടി പൊക്കിയപ്പോള്‍ അത് കൊടുവള്ളി പുഴക്ക് അരികില്‍ തന്നെയാക്കിയത്. പണ്ട് വെറുതെ കണ്ടല്‍ക്കാട് പിടിച്ച് വേസ്റ്റ് ആയി കിടന്ന സ്ഥലത്ത് ഒന്നുമില്ലെങ്കില്‍ ഇന്ന് ഒരു ആശുപത്രിയുണ്ടല്ലോ!

വിദേശ ലോക്കേഷന്‍ : ഒന്ന് ന്യൂയോര്‍ക്ക് സിറ്റിയെ നോക്കാം. കണ്ണൂര്‍ ജില്ലയുടെ പകുതിയോളം വരുന്ന ഒരു സ്ഥലത്ത്, കേരളത്തിന്റെ 30% ശതമാനത്തോളം വരുന്ന ജനസംഖ്യ ഒരു ദിവസം ഗാര്‍ബേജ് ആയി തള്ളുന്നത് ഏകദേശം 11,600 ടണ്ണാണ്‌. ഇതൊന്നും കുഴിച്ചിടാനോ, കത്തിച്ച് തീര്‍ക്കാനോ പറ്റുന്ന അളവല്ല. അതിന്‌ അവര്‍ കണ്ട വഴിയാണ്‌, garbage exporting. കാശ് അങ്ങോട്ട് കൊടുത്തിട്ടാണ്‌ export നടത്തുന്നത് എന്നൊരു വ്യത്യാസം മാത്രം. ഇവിടെ അടുത്തും അകലെയും ഉള്ള സ്റ്റേറ്റുകളിലെ കൗണ്ടികള്‍ ടണ്ണ് കണക്കിനാണ്‌ വാങ്ങുന്നത്. വെര്‍ജീനിയക്കാരെ... തല്ലല്ലെ, ഇത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഗുണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ്‌ കണക്ക്. ഹാര്‍ബര്‍/ഷിപ്പിങ്ങ് സൗകര്യം ഉള്ളതിനാല്‍ ബാര്‍ജ്ജുകളില്‍ കയറ്റി അയക്കുന്നത് ഇവിടെ ഒരു പ്രശ്നം ആകുന്നില്ല, ചിലവും കുറവാണ്‌.

കേരള സര്‍ക്കാര്‍ ഇതേ കുറിച്ച് ശക്..ത..മായി ഒന്ന് ആലോചിക്കട്ടെ, അപ്പോള്‍ വെ..ക്ക്‌..ത..മായ ഒരു ഉത്തരം കിട്ടും. പക്ഷെ നമ്മള്‍ എങ്ങോട്ട് കയറ്റി അയക്കും? ടെണ്ടര്‍ വിളിക്കാതെ, ഉള്ള experience വച്ച് നോക്കാം! നാട്ടിലെ പഴയ സാധനങ്ങളൊക്കെ പെറുക്കി കൊണ്ടുപോയിരുന്നത് തമിഴ്നാട്ടുകാരായിരുന്നു. അതുകൊണ്ട് തത്കാലം ഇതൊക്കെ തമിഴ്‌നാടിനെ ഏല്പ്പിക്കാം, അവരാണല്ലോ മുല്ലപ്പെരിയാറില്‍ നിന്ന് ദിവസേന വെള്ളം ഫ്രീയായിട്ട് കൊണ്ടുപോകുന്നത്, ഒരു ടി.എം.സി വെള്ളത്തിന്‌, അമ്പത് ബാര്‍ജ്ജ് എന്ന കണക്കിനോ മറ്റോ ഇതും കൊടുത്തേക്കാം. പിന്നെ, കൊണ്ടു പോയ ശേഷം അവര്‍ എന്ത് ചെയ്യുന്നു എന്ന കാര്യത്തില്‍ പക്ഷെ നമ്മള്‍ ഇടപെടരുത്. കാവേരി വെള്ളത്തിന്‌ പകരമായി അവര്‍ അത് വേണമെങ്കില്‍ കര്‍‌ണ്ണാടകത്തിന്‌ കൊടുത്തോട്ടെ... നോ പ്രോബ്ലം, അവര്‍ ആയി അവരുടെ പാടായി. ഇതൊരു താത്കാലിക എടപാട് മാത്രം, നമ്മുടെ തുറമുഖങ്ങള്‍ ഒക്കെ ഒന്ന് well established ആയിക്കഴിഞ്ഞാല്‍ പിന്നെ ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങി മലയാളം ബ്ലോഗേര്‍സ് ഇല്ലാത്ത ഏത് വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്‌.

ഇത്രയും വളിപ്പ് അടിച്ചത് എന്തിനാണെന്ന് വച്ചാല്‍, കേരളത്തിനും അത്യാവശ്യമായി ഒരു garbage disposal/recycling system വേണം എന്ന് ഓര്‍മ്മിപ്പിക്കാനാണ്‌. അത് എങ്ങനെയാണെന്നുള്ളതിനെ കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതാണ്. കാരണം, waste ഉണ്ടാകുന്നത്, നമ്മള്‍ ഓരോരുത്തരുടെയും വീടുകളില്‍ നിന്നാണ്‌. അത് കൊണ്ട് തന്നെ, ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മള്‍ക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ആളൊഴിഞ്ഞ സ്ഥലം നോക്കി വലിച്ചെറിയുന്ന ഇപ്പോഴത്തെ രീതി മാറണം.

Waste Management -നെ പറ്റി കേരളം സീരിയസ്സായി ആലോചിക്കേണ്ട സമയം ആയിരിക്കുന്നു. രോഗ വിമുക്തമായ ഒരു കേരളം ഉണ്ടാവണമെങ്കില്‍ ഇതൊക്കെ ഇപ്പോഴെങ്കിലും ചെയ്തേ പറ്റൂ. രോഗ നിവാരണത്തിന്‌ ഒരു വര്‍ഷം ചിലവാക്കുന്ന കാശ്‌ പോലും ആകില്ല ഈ പരിപാടി ശരിയായി ചെയ്യുകയാണെങ്കില്‍.


[സ്വാര്‍ത്ഥം: ചീഞ്ഞു നാറുന്ന കൊച്ചി എന്ന ബ്ലോഗുമായി ചേര്‍ത്ത് വായിക്കുക.]

Labels: , ,

3 Comments:

  1. At 7/29/2007 6:48 AM, Blogger myexperimentsandme said...

    ഇതൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ പണ്ടേ നടപ്പാക്കിയതല്ലേ :)

    എന്റെ പൊന്നു നാട്ടുകാരേ, കൊച്ചിക്കാരേ, അച്ചിയുള്ളവരേ ഇല്ലാത്തവരേ...

    വേസ്റ്റ് എന്ന് പറയുന്നത് നിങ്ങള്‍ ഓരോരുത്തരുടേയും സൃഷ്ടിയാണ്. നിങ്ങള്‍ ഓരോരുത്തര്‍ക്കും ആണ് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം. സര്‍ക്കാര്‍ അത് ചെയ്തില്ല, സര്‍ക്കാര്‍ ഇത് ചെയ്തില്ല എന്നൊക്കെ വിലപിക്കുന്നതിനുമുന്‍പ് ഈ വേസ്റ്റ് ഉണ്ടാക്കാനും ഉള്ളത് വേണ്ട രീതിയില്‍ ഡിസ്‌പോസ് ചെയ്യാനും നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നൊന്ന് ദയവായി ആലോചിക്കുമോ? അല്ലെങ്കില്‍ മറ്റൊരു സൂറത്ത് കൊച്ചിയില്‍ വരാന്‍ അധികം സമയം വേണ്ട. കൊച്ചിയിലല്ലെ വന്നുള്ളൂ എന്നോര്‍ത്ത് സീരിയല്‍ കണ്ടുകൊണ്ടിരിക്കാന്‍ തിരുവനന്തപുരത്തുകാര്‍ നോക്കേണ്ട, കൊച്ചിയില്‍ വന്നെന്നെങ്കില്‍ തിരുവനന്തപുരത്തും വരും.

    സ്വന്തമായി സ്വല്പമെങ്കിലും സ്ഥലമുള്ള വീട്ടുകാരേ, കിച്ചണ്‍ വേസ്റ്റ് എന്നു പറയുന്ന ഒരു വീട്ടിലെ നല്ലൊരു ശതമാനം ഗാര്‍ബേജും നിങ്ങള്‍ക്ക് നിങ്ങളുടെ പുരയിടങ്ങളില്‍ തന്നെ ഡിസ്‌പോസ് ചെയ്യാം-അയല്‍‌പക്കക്കാരന്റെ പുരയിടത്തിലല്ല, നിങ്ങളുടെ പുരയിടത്തില്‍. പച്ചക്കറി വേസ്റ്റാണെങ്കില്‍ അത് മരങ്ങള്‍ക്കൊക്കെ നല്ല വളവുമാണ്. ഇനി സ്വന്തമായി അല്പം പോലും പുരയിടമില്ലാത്ത ഫ്ലാറ്റുകാരേ, നിങ്ങളുടെ കെട്ടിടത്തിലുള്ള എല്ലാ ഫ്ലാറ്റുകാരുമായി ആലോചിച്ച് എന്തെങ്കിലുമൊക്കെ ചെയ്യോ.

    നമ്മള്‍ മലയാളികള്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ആരോഗ്യബോധ/ശുചിത്വബോധ/സാമൂഹ്യബോധ/ പ്രതിബന്ധതാബോധക്കുമികളൊക്കെ പൊട്ടാന്‍ അധികം താമസം വേണ്ട. അച്ചിയെ തൊട്ടാല്‍ ബന്ദ് നടത്തുന്ന നമുക്ക് കൊച്ചിയില്‍ കിടക്കുന്ന ഈ മാലിന്യങ്ങള്‍ കൊച്ചിയില്‍ തന്നെ കിടന്നോട്ടെ, ഞങ്ങളുടെ വീടിന്റെ അപ്പുറത്തിന്റെ ഇപ്പുറത്ത് കൊണ്ടുപോയി തട്ടാതിരുന്നാല്‍ മതി എന്ന് മാത്രമേ ഉള്ളൂ.

     
  2. At 7/30/2007 4:50 PM, Blogger ഉറുമ്പ്‌ /ANT said...

    vakkari done it very well.!

     
  3. At 7/31/2007 8:27 AM, Blogger prapra said...

    വക്കാരീ, ഇതൊരു പോസ്റ്റ് ആക്കി ഇടൂ...

     

Post a Comment

<< Home