May 29, 2006

മന്‍ഹാറ്റന്‍ഹെഞ്ച്‌

സിറ്റികളില്‍ സിറ്റിയായ ന്യൂയോര്‍ക്ക്‌ സിറ്റി. ഇതിന്റെ മര്‍മ്മം ആയ മന്‍ഹാറ്റന്‍. ഒരു ദ്വീപ്‌ ആയ മന്‍ഹാറ്റന്‍ പക്ഷെ മാപ്പുകളില്‍ സാധാരണയായി അവതരിപ്പുക്കുന്നത്‌ പോലെയല്ല ഭൂമിശാസ്ത്രപരമായി കിടക്കുന്നത്‌. മാപ്പ്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, വടക്ക്‌ ലക്ഷ്യമാക്കുന്ന സൂചി മുപ്പത്‌ ഡിഗ്രി ചരിഞ്ഞാണ്‌ വരച്ചിരിക്കുന്നതെന്ന കാര്യം. എന്നുവച്ചാല്‍ ഈ ദ്വീപ്‌ വടക്ക്‌-കിഴക്കായിട്ടാണ്‌ നില്‍പ്പ്‌ എന്നര്‍ത്ഥം. മറ്റ്‌ പല അമേരിക്കന്‍ നഗരങ്ങളെയും പോലെ ഒരു പ്ലാന്‍ വരച്ച്‌ നിര്‍മ്മിച്ച സ്ഥലം തന്നെ ഇതും. ഒരു ഏകദേശ ചിത്രം തരാന്‍ വേണ്ടി ഇങ്ങനെ പറയാം. മുകളില്‍ നിന്ന് താഴെ വരെ നേര്‍ രേഖയില്‍ പതിനൊന്ന് റോഡുകള്‍ നിര്‍മ്മിച്ചു. (ഇവയെ ഒന്നു മുതല്‍ പതിനൊന്ന് അവന്യു-കള്‍ എന്നു വിളിക്കുന്നു). അവയ്ക്ക്‌ perpendicular ആയി ഒന്നു മുതല്‍ നൂറ്ററുപത്‌ വരെ നമ്പര്‍ ചെയ്ത റോഡുകള്‍ കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ഓടുന്നു. ഇതിനെ സ്ട്രീറ്റ്‌സ്‌ എന്നും വിളിക്കുന്നു. മന്‍ഹാറ്റനിലെ എല്ലാ കെട്ടിടങ്ങളും, ഈ അവന്യൂകളെയും സ്ട്രീറ്റുകളെയും അഭിമുഖീകരിച്ച്‌ നിര്‍മ്മിക്കുന്നു. ഈ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടത്‌ കൊണ്ട്‌, ദ്വീപിന്റെ കിഴക്കേ അറ്റത്ത്‌ ഏതെങ്കിലും സ്ട്രീറ്റില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌ ഈ കെട്ടിടങ്ങളുടെ ഇടയിലൂടെ ദ്വീപിന്റെ പടിഞ്ഞാറെ അറ്റത്ത്‌ നില്‍ക്കുന്ന ഒരാളെ കാണാന്‍ പറ്റും എന്ന് സങ്കല്‍പിക്കാം, ഇടയിലുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ശരിക്കും അങ്ങനേ ചെയ്യാന്‍ അനുവദിക്കില്ലെങ്കിലും.

മന്‍ഹാറ്റനിലെ അംബരചുമ്പികളായ കെട്ടിടങ്ങള്‍ ആണ്‌ ലോകത്തിന്റെ മുമ്പില്‍ ന്യൂയോര്‍ക്കിന്റെ മുഖമുദ്ര. ഒന്നോ രണ്ടോ നിലയുള്ള കെട്ടിടങ്ങള്‍ ഈ നഗരത്തില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിയശോക്തിയാവില്ല. ഈ കെട്ടിടങ്ങളുടെ ഉയരവും, മുപ്പത്‌ ഡിഗ്രി കിഴക്കോട്ട്‌ നോക്കിയുള്ള ഭൂമിയുടെ കിടപ്പും കൊണ്ട്‌ മന്‍ഹാറ്റനിലെ റോഡുകളില്‍ എന്നും ഈ കെട്ടിടങ്ങളുടെ നിഴല്‍ വീണ്‌ കിടക്കും. ഈ കെട്ടിടങ്ങള്‍ തീര്‍ത്ത വേലി കെട്ടുകള്‍ക്കുള്ളില്‍ നിന്നു അസ്തമയ സൂര്യനെ കാണാന്‍ ഭാഗ്യം നേടിയവര്‍ പടിഞ്ഞാറേ തീരത്ത്‌ താമസിക്കുന്നു. പക്ഷെ ഭൂമദ്ധ്യരേഖ മുറിച്ച്‌ കടന്ന് തെക്ക്‌ നിന്ന് വടക്കോട്ടുള്ള യാത്രയില്‍ ഒരു ദിവസം ഈ സ്ട്രീറ്റുകളുടെ നേര്‍ രേഖയില്‍ സൂര്യന്‍ അസ്തമിക്കും. അങ്ങനെ ഒരു ദിവസം ആയിരുന്നു ഇന്നലെ, മെയ്‌ 28. അതു പോലെ തന്നെ സൂര്യന്‍ തിരിച്ച്‌ വടക്ക്‌ നിന്ന് തെക്ക്‌ ദിശയിലേക്ക്‌ പോകുന്ന വേളയിലും ഇങ്ങനെ ഉണ്ടാകും. ഈ ദിവസങ്ങളില്‍ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ അസ്തമിക്കുന്നത്‌ മന്‍ഹാറ്റന്റെ കിഴക്കേ അറ്റത്തു നിന്ന് കാണുന്നത്‌ ഒരു കുളിരുണര്‍ത്തുന്ന കാഴ്ച്ചയാണ്‌. കൂറ്റന്‍ കെട്ടിടങ്ങള്‍ തീര്‍ത്ത ഒരു ഗുഹയ്ക്കുള്ളിലേക്ക്‌ താഴ്ന്നിറങ്ങി പോകുന്ന കാഴ്ച ചെറുപ്പ കാലത്ത്‌ വരയ്ക്കുന്ന ഫാന്റസി സൂര്യോദയത്തില്‍ (രണ്ട്‌ മലകള്‍ക്കുള്ളില്‍ നിന്ന് ഉദിച്ചുണര്‍ന്ന് വരുന്ന) നിന്നും ഒട്ടു വ്യത്യസ്തം അല്ല. എന്ത്‌ ചെറിയ കാര്യവും ഊതിവീര്‍പ്പിക്കാന്‍ ശീലിച്ച അമേരിക്കക്കാര്‍ ഇതിനെ വെറുതെ വിടും എന്ന് തോന്നുന്നുണ്ടോ? അവര്‍ ഈ കാര്യത്തിന്‌ ഒരു പേരും കൊടുത്തു, Manhattanhenge. മഴ മേഘങ്ങള്‍ക്ക്‌ കൂടി ഒഴിവ്‌ ദിവസം ആയിരുന്നത്‌ കൊണ്ട്‌ എന്റെ ക്യാമറക്കും ഈ രംഗം പകര്‍ത്താന്‍ പറ്റി. അത്‌ ഇവിടെ.

May 25, 2006

ജിമ്മിയെ ഓര്‍ക്കുമ്പോള്‍

സ്പോര്‍ട്ട്സ്‌ എന്നോര്‍ക്കുമ്പോള്‍ ക്രിക്കറ്റ്‌ മാത്രം എന്നൊരു സ്ഥിതി വിശേഷം വന്നു കഴിഞ്ഞിട്ട്‌ കുറച്ച്‌ കാലം ആയി. ഇന്ന് പണത്തിലേക്കും പ്രശസ്തിയിലേക്കും ഒരു വാതിലായി ക്രിക്കറ്റ്‌ മാറി കഴിഞ്ഞു. നമ്മുടെ കൊച്ചു കേരളം ആധുനിക ക്രിക്കറ്റിന്‌ വലിയ സംഭാവനയൊന്നും നല്‍കിയിരുന്നില്ല, അടുത്ത കാലം വരേ. എന്നാല്‍ മറ്റ്‌ കായിക ഇനങ്ങളില്‍ കേരളത്തിന്റെ സാന്നിദ്ധ്യം ഏറ്റവും മുന്നിലായിരുന്നു. അവിടെ നമ്മുടെ യശസ്സുര്‍ത്തിയവരില്‍ ഏറ്റവും മുന്നിലായിരുന്നു കേരളത്തിന്റെ ഏറ്റവും മികച്ച വോളീബോള്‍ താരം, ശ്രീ.ജിമ്മി ജോര്‍ജ്ജ്‌. പബ്ലിസിറ്റിയും സ്പോണ്‍സര്‍ഷിപ്പും ഇല്ലാത്ത കാലത്ത്‌ സ്വന്തം പ്രയത്നത്തിലൂടെ മുന്‍നിരയിലേക്ക്‌ അടിവച്ച്‌ കയറിയ ജിമ്മി മൂന്ന് തവണ ഭാരതത്തിന്‌ വേണ്ടി കോര്‍ട്ടില്‍ ഇറങ്ങി.

17-ാ‍ം വയസ്സില്‍ കേരളത്തിന്‌ വേണ്ടി കളിച്ചു തുടങ്ങിയ ജിമ്മി 19-ാ‍ം വയസ്സില്‍ ഭാരതത്തിന്റെ ജെഴ്‌സി അണിഞ്ഞു. 21-ാ‍ം വയസ്സില്‍ ആര്‍ജ്ജുന അവാര്‍ഡ്‌ ഏറ്റുവാങ്ങുമ്പോള്‍ ഈ അവാര്‍ഡ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോള്‍ കളിക്കാരന്‍ ആയിരുന്നു. കേരള പോലീസ്‌ ടീം അംഗം ആയിരുന്നുപ്പോള്‍ വിദേശ ക്ലബ്ബിന്‌ വേണ്ടി കളിക്കാന്‍ അനുവാദം നേടുകയും 1982-ല്‍ ഇറ്റലിയിലേക്ക്‌ പോവുകയും ചെയ്തു. ഒരു ഇറ്റാലിയന്‍ ക്ലബ്ബിന്‌ വേണ്ടി കളിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ ആയിരുന്നു ജിമ്മി. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം തിരിച്ച്‌ വന്ന് പോലീസ്‌ ടീമിന്‌ വേണ്ടി കളി തുടര്‍ന്നു. 1985-ല്‍ വീണ്ടും ക്ലബ്ബിലേക്ക്‌ തിരിച്ച്‌ പോയ ജിമ്മി രണ്ട്‌ വര്‍ഷത്തിന്‌ ശേഷം ഇറ്റലിയില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചപ്പോള്‍ കേരളത്തിന്‌ നഷ്ടപ്പെട്ടത്‌ ഒരു കളിക്കാരനെ മാത്രമായിരുന്നില്ല, വോളീബോള്‍ എന്ന കളിയുടെ ഭാവി തന്നെയായിരുന്നു. ജിമ്മിയുടെ ബന്ധുക്കളും ആരാധകരും ചേര്‍ന്നുണ്ടാക്കിയ ട്രസ്റ്റ്‌ ഇന്ന് മല്‍സരങ്ങള്‍ നടത്തുകയും മികച്ച കളിക്കാര്‍ക്ക്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്‌.

ഇതില്‍ നിന്നെല്ലാം അകന്ന് അമേരിക്കയില്‍, വോളീബോള്‍ കളിയും ജിമ്മിയുടെ സംഭാവനകളും മനസ്സില്‍ കൊണ്ട്‌ നടക്കുന്ന കുറച്ച്‌ മലയാളികള്‍ ചേര്‍ന്ന് ‘ജിമ്മി ജോര്‍ജ്ജ്‌ മെമ്മോറിയല്‍ ടൂര്‍ണമന്റ്’ നടത്തുന്നുണ്ട്‌. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പന്ത്രണ്ട്‌ ടീമുകള്‍ ഇതില്‍ പങ്കെടുക്കുന്നു. എല്ലാ വര്‍ഷവും, ഇവിടെ 'മെമ്മോറിയല്‍ ഡേ' ആഘോഷിക്കുന്ന വാരാന്ത്യത്തില്‍ ഈ ടീമുകള്‍ ടോഫിക്കായി ഏറ്റുമുട്ടുന്നു. ഓരോ വര്‍ഷവും ഓരോ ടീമിന്റെയും ഹോം ഗ്രൌണ്ടില്‍ ആണ്‌ ടൂര്‍ണമന്റ്‌ സംഘടിപ്പിക്കുന്നത്‌. ഈ വര്‍ഷം നറുക്ക്‌ വീണിരിക്കുന്നത്‌ കൊളറാഡോയിലെ ഡെന്‍വര്‍ നഗരത്തിനാണ്‌. ഇവിടെ മെയ്‌ 27-28 തീയ്യതികളില്‍ മല്‍സരങ്ങള്‍ നടക്കും. അടുത്ത വര്‍ഷം ന്യൂയോര്‍ക്ക്‌ ആണ്‌ വേദിയാകുന്നത്‌. കേരളത്തിന്റെ സ്വന്തം താരത്തെ ഈ അവസരത്തില്‍ നമുക്കും ഓര്‍ക്കാം.

കൂടുതല്‍ ഇവിടെ.

May 15, 2006

സര്‍ഗ്ഗവേദനാസംഹാരി

ശനിയന്‍മാഷ്‌ സൂചിപ്പിച്ച സര്‍ഗ്ഗവേദനയില്‍ നിന്ന് തോന്നിയ ആശയം. മലയാള സിനിമയിലേക്ക്‌ ഒരു എത്തിനോട്ടം.

സര്‍ഗ്ഗവേദനയില്‍ പുളഞ്ഞ്‌ നീറി എത്ര കഷ്ടപ്പെട്ടാണ്‌ ആശയ രൂപത്തില്‍ ഉള്ള കഥയെ എഴുത്തുകാരന്‍ തിരക്കഥയാക്കി മാറ്റുന്നത്‌. ഈ അവസരത്തില്‍ പലരും 'ഇഞ്ച' പോലെയുള്ള ചിത്രങ്ങള്‍ കണ്ട്‌ പല വിധത്തില്‍ പ്രതികരിച്ചിട്ടുമുണ്ടാവാം. മലയാളത്തിലെ തിരകഥാകൃത്തുകള്‍ക്ക്‌ സര്‍ഗവേദനാ സംഹാരികളായി ഉപകരിച്ച ചില ചിത്രങ്ങള്‍. കഥാഘടനയിലും, സീനുകളിലും സാധാരണയില്‍ കവിഞ്ഞ സാമ്യത തോന്നിയ ചില ചിത്രങ്ങള്‍ ആണ്‌ താഴെ. ഇതൊരു സമ്പൂര്‍ണ്ണ ലിസ്റ്റാണെന്ന് തോന്നുന്നില്ല, എന്നാല്‍ അങ്ങനെ ഒന്നു ഉണ്ടാക്കാന്‍ പറ്റിയാല്‍ നല്ലത്‌.

വന്ദനം - Stakeout
വെട്ടം - French Kiss
വ്യൂഹം - Lethal Weapon
നിര്‍ണ്ണയം - The Fugitive
രാജാവിന്റെ മകന്‍ - Rage of Angels
ആഗസ്റ്റ്‌ 1 - The Day of the Jackal
കാക്കകുയില്‍ - A Fish Called Wanda
കുഞ്ഞാറ്റക്കിളികള്‍ - The Sound of Music
പടയോട്ടം - Count Of Monte Cristo (?)
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - Katha (Hindi)
താളവട്ടം - One Flew Over The Cuckoo's Nest

May 10, 2006

സാമുവല്‍ ബിക്ക്‌

വിമാനം ഒരു വാഹനം മാത്രമല്ല ഒരു ആയുധം കൂടിയാണെന്ന് തിരിച്ചറിഞ്ഞത്‌ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരര്‍ തകര്‍ത്തപ്പോഴായിരുന്നു. ഇത്‌ ലോകം അറിഞ്ഞ കാര്യം.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, 1974-ല്‍ ഇതേ മാര്‍ഗ്ഗത്തില്‍ റാഞ്ചിയ വിമാനം ഉപയോഗിച്ച്‌ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ നിക്സണ്‍നെ വധിക്കാന്‍ പരിപാടിയിട്ട വ്യക്തി ആയിരുന്നു സാമുവല്‍ ബിക്ക്‌. വിമാനം സ്വന്തമായി പറത്താന്‍ അറിയാത്ത സാമുവല്‍, റാഞ്ചിയ വിമാനത്തിലെ പൈലറ്റുമാരെ ഭീഷണിപ്പെടുത്തി വൈറ്റ്‌ ഹൌസില്‍ ഇടിച്ചിറക്കാന്‍ ആയിരുന്നു ഉദ്ദേശിച്ചത്‌. പദ്ധതി ഒട്ടൊക്കെ വിജയിക്കുകയും ഇയാള്‍ നിറച്ച തോക്കും സ്ഫോടക വസ്തുക്കളുമായി വിമാനത്തിനകത്ത്‌ കയറി പറ്റുകയും ചെയ്തു. പാളിച്ച മുന്നില്‍ കണ്ട പരിഭ്രാന്തിയില്‍ സഹ പൈലറ്റിനെയും ചില യാത്രക്കാരെയും വധിക്കുകയും ചെയ്തു. കൂടുതല്‍ അപകടങ്ങള്‍ വരുത്തി വയ്ക്കും മുമ്പെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വെടിയേറ്റു വീണ ശേഷം കീഴടങ്ങാതിരിക്കാന്‍ സ്വയം വെടിവെച്ച്‌ ആസന്നമായ മരണം പൂര്‍ത്തിയാക്കിയത്‌ കാരണം ലോകം പല കാര്യങ്ങളും അന്ന് അറിഞ്ഞില്ല. തന്റെ പദ്ധതിയെ കുറിച്ച്‌ വിശദമായി ചിലരെ അറിയിച്ചതില്‍ നിന്നാണ്‌ സംഭവത്തിന്റെ തീവ്രത അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയത്‌. എന്നാല്‍ മറ്റുള്ളവര്‍ അനുകരിക്കാതിരിക്കാന്‍ ഈ റാഞ്ചല്‍ ശ്രമം എന്തിനായിരുന്നു എന്ന കഥ അധികൃതര്‍ പുറത്തറിയിച്ചിരുന്നില്ല, 9/11 കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വരുന്നതുവരെ. കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍.

ക്ലാസ്സിഫൈഡ്‌ എന്ന ഓമനപ്പേരില്‍ ഇങ്ങനെ എന്തൊക്കെ ഉണ്ടാവാം.

May 05, 2006

വ്യത്യസ്ഥമീ അപൂര്‍ണ്ണത

വ്യത്യസ്ഥത എന്നാല്‍ എന്തൊക്കെ ആവാം എന്ന ചിന്ത എനിക്ക്‌ തുടങ്ങിയത്‌ നോണ്‍-കമേര്‍ഷ്യല്‍ സിനിമകളോട്‌ കമ്പം തലയില്‍ അടിച്ച്‌ കയറിയിട്ടുണ്ട്‌ എന്ന് തിരിച്ചറിഞ്ഞ ശേഷം ആയിരുന്നു. പക്ഷേ ഇത്തരം ചിത്രങ്ങളിലേക്ക്‌ ഒരു ഇന്‍സ്റ്റന്റ്‌ അട്റാക്ഷന്‍ ആയിരുന്നില്ല, മെല്ലെ ഒരു കീഴടങ്ങല്‍ ആയിരുന്നു. വീട്ടുകാര്‍ക്കു ഇതും തമാശ. നീ മനുഷ്യന്‌ പിടിക്കാത്ത, തലയും വാലും ഇല്ലാത്ത സാധനം ഒക്കെ കണ്ട്‌ വഷളായി പോകരുത്‌ എന്ന ഉപദേശവും റെഗുലറ്‍ ഇന്ററ്‍വലില്‍ വന്നുകൊണ്ടിരിക്കുന്നു. അവരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യം ഇല്ല, ഒരോ സിനിമയും കണ്ട്‌ ആസ്വദിച്ച രോമാഞ്ചത്തില്‍, ഞാന്‍ അടിക്കുന്ന ഡയലോഗ്‌ ആ സൈസില്‍ ഉള്ളതും ആണ്‌. ഭീഷണി എന്നും ചെന്നെത്തുന്നത്‌, ഒരു നാള്‍ ഞാനും.... ഡോക്യുമെന്ററി എടുത്തീടും എന്നാണ്‌. ഹേയ്‌, ഇതൊക്കെ ഡയലോഗ്‌ മാത്രം, അതിന്‌ ആരെയും പേടിക്കേണ്ടല്ലോ?

ഇത്തരം ചിത്രങ്ങള്‍ കാണുന്നത്‌ കൊണ്ട്‌ പലതുണ്ട്‌ കാര്യം. സമയ ലാഭം, പതിനഞ്ച്‌ മുതല്‍ അറുപത്‌ മിനിറ്റ്‌ കൊണ്ട്‌ പരിപാടി തീരും. കണ്ടാല്‍ ചൊറിയുന്ന ആട്ടവും പാട്ടും ഒഴിവാക്കാം, സഭയില്‍ ഇരുന്നു വളിപ്പ്‌ സിനിമകള്‍ ചര്‍ച്ച ചെയ്യുന്നവനെ ഒതുക്കാന്‍ ഇങ്ങനെ ഒരെണ്ണം മതി. പുവര്‍ ബോയ്സ്‌, ഇവന്‍ ഒക്കെ പിഴച്ചു പോയല്ലോ എന്ന് മനസ്സില്‍ പറഞ്ഞാണെങ്കിലും നിര്‍ത്തിക്കോളും. പക്ഷേ ഇതൊക്കെ സെക്കന്‍ഡറി, പ്രൈമറി ആസ്വാദനം തന്നെ. 'വായനാനുഭവം' എന്നു പറയുന്ന പോലെ കാഴ്ച്ചാനുഭവം എന്നോ മറ്റോ ഉണ്ടോ ആവോ?

ഇങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നു. പപ്പടവും പഴവും കുഴച്ച്‌ വിശാലന്‌ കൊടുത്ത ശേഷം ബ്ളോഗില്‍ തിരിഞ്ഞു നോക്കിയിട്ടില്ല, വക്കാരിയുടെ കുലയിലെ ബാക്കി പഴം എക്സ്പയറും ആയി. പകുതി വേവിച്ച ഒന്നു രണ്ട്‌ ബ്ളോഗുകള്‍ പബ്ളിഷ്‌ ചെയാതെ കിടക്കുന്നു. പലതും ഒരു കുറ്റിയില്‍ കൊണ്ടു പോയി കെട്ടാന്‍ പറ്റിയിട്ടില്ല ഇനിയും. ക്ളൈമാക്സ്‌ ഇല്ലാതെ എങ്ങനെ എന്നൊക്കെ ആലോചിച്ച്‌ ഇങ്ങനേ ഇരിക്കുമ്പോള്‍ ആണ്‌ ഫിലിം മൂവ്മെന്റിന്റെ ഒരു ഡി.വി.ഡി കാണാതെ കിടപ്പുണ്ട്‌ എന്ന കാര്യം ഓര്‍ത്തത്‌. കുറച്ച്‌ ഷോര്‍ട്ട്‌ ഫിലിംസ്‌ ആണ്‌, ഒന്നു രണ്ട്‌ ഫിലിം ഒക്കെ കണ്ട്‌ രോമാഞ്ചം കൊണ്ടാല്‍ ഏതെങ്കിലും ഒരു ഐഡിയ ബള്‍ബ്‌ കത്താതിരിക്കില്ല എന്നു തോന്നി. കുറേ ചിത്രങ്ങളുടെ കലക്ഷന്‍ ആയതിനാല്‍ പലതും മനുഷ്യന്‌ മനസ്സിലാകാത്ത ഭാഷയിലെ ആയിരിക്കും, പക്ഷേ ഈ കാര്യത്തില്‍ ഭാഷ ഒരു അന്താരാഷ്ട്ര പ്രശ്നം ആകാറില്ല. അങ്ങനെ ഞാന്‍ ആദ്യ പ്രദര്‍ശനത്തിനായി ഇരുന്നു; ചിത്രം: ഇഞ്ച; കേവലം 17 മിനിറ്റ്‌ മാത്രം.

ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമം. കഥാപാത്രങ്ങള്‍ ആയി ഒരു ദുഷ്ടനായ മുതലാളി, കറുത്ത വര്‍ഗ്ഗക്കാരനായ അടിമ പയ്യന്‍, പിന്നെ ഒരു പട്ടിക്കുട്ടിയും. അനുസരണക്കേട്‌ കാണിച്ച പട്ടിക്കുട്ടിയെ ഒരു ചാക്കില്‍ ബന്ധിച്ച്‌ ബൂട്ട്സ്‌ അണിഞ്ഞ കാലു കൊണ്ട്‌ ചവുട്ടുന്നത്‌ വരെ എത്തി മുതലാളിയുടെ ക്രൂരത. പയ്യന്‌ പട്ടിയോടുള്ള സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്ന ചില രംഗങ്ങള്‍. കാലം കടന്ന് പോയി, പയ്യനും പട്ടിയും വളര്‍ന്നു. ഒരു സാധാരണ ദിവസം കൃഷി സ്ഥലത്ത്‌ ജോലി ചെയ്യുമ്പോള്‍ മുതലാളി നെഞ്ച്‌ വേദന മൂലം കുഴഞ്ഞ്‌ നിലത്തിരിക്കുന്നു. അസ്വസ്ഥത മനസ്സിലാക്കിയ പയ്യന്‍ ഓടി ചെന്ന് വണ്ടിയില്‍ നിന്ന് മരുന്ന് എടുക്കുന്നു. ഒന്നിച്ച്‌ തന്നെ ഉണ്ടായിരുന്ന പട്ടിയും ഉഷാര്‍ ആവുന്നു. എന്നാല്‍ അത്‌ മുതലാളിക്ക്‌ നല്ലതിനായിരുന്നില്ല. അതു വരേ ഉണ്ടായിരുന്ന സൌഹൃദം എല്ലാം മാറ്റി നിര്‍ത്തി കൊണ്ട്‌, മരുന്നുമായി തിരിച്ച്‌ വരുന്ന പയ്യനെ തടഞ്ഞ്‌ കൊണ്ട്‌ കുരച്ച്‌ ചാടുന്നു. അവശനായി എല്ലാം കണ്ട്‌ കൊണ്ട്‌ നിലത്ത്‌ കിടക്കുന്നതിനിടയില്‍ മുതലാളി അടുത്ത്‌ വണ്ടിയില്‍ ചാരി വച്ചിരിക്കുന്ന നിറച്ച തോക്കെടുത്ത്‌ ഉപയോഗിക്കാന്‍ ആംഗ്യം കാണിക്കുന്നു. മുതലാളിയുടെയും പട്ടിയുടെയും കണ്ണിലേക്ക്‌ മാറി മാറി നോക്കുന്ന പയ്യന്റെ മുഖം. പിന്നെ പട്ടിയുടെ മുഖം, മുതലാളിയുടെ മുഖം, പിന്നെയും പയ്യന്റെ മുഖം....

ഡിം! തീര്‍ന്നു എന്നറിയിച്ച്‌ കൊണ്ട്‌ അരങ്ങിലും അണിയറയിലും ഉള്ളവരുടെ പേരു വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒരു ക്ളൈമാക്സ്‌ കിട്ടാന്‍ വേണ്ടി ഇരുന്ന ഞാന്‍ ഇനി ഇതിന്റെ കൂടി ക്ളൈമാക്സ്‌ ചെയ്യേണ്ടി വരുമോ എന്ന ചിന്തയിലായി. അതില്‍ നിന്ന് എന്നെ ഉണര്‍ത്തിയത്‌ ശ്രീമതിയുടെ ക്രൂരത കലര്‍ന്ന നോട്ടം ആയിരുന്നു.