May 29, 2006

മന്‍ഹാറ്റന്‍ഹെഞ്ച്‌

സിറ്റികളില്‍ സിറ്റിയായ ന്യൂയോര്‍ക്ക്‌ സിറ്റി. ഇതിന്റെ മര്‍മ്മം ആയ മന്‍ഹാറ്റന്‍. ഒരു ദ്വീപ്‌ ആയ മന്‍ഹാറ്റന്‍ പക്ഷെ മാപ്പുകളില്‍ സാധാരണയായി അവതരിപ്പുക്കുന്നത്‌ പോലെയല്ല ഭൂമിശാസ്ത്രപരമായി കിടക്കുന്നത്‌. മാപ്പ്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, വടക്ക്‌ ലക്ഷ്യമാക്കുന്ന സൂചി മുപ്പത്‌ ഡിഗ്രി ചരിഞ്ഞാണ്‌ വരച്ചിരിക്കുന്നതെന്ന കാര്യം. എന്നുവച്ചാല്‍ ഈ ദ്വീപ്‌ വടക്ക്‌-കിഴക്കായിട്ടാണ്‌ നില്‍പ്പ്‌ എന്നര്‍ത്ഥം. മറ്റ്‌ പല അമേരിക്കന്‍ നഗരങ്ങളെയും പോലെ ഒരു പ്ലാന്‍ വരച്ച്‌ നിര്‍മ്മിച്ച സ്ഥലം തന്നെ ഇതും. ഒരു ഏകദേശ ചിത്രം തരാന്‍ വേണ്ടി ഇങ്ങനെ പറയാം. മുകളില്‍ നിന്ന് താഴെ വരെ നേര്‍ രേഖയില്‍ പതിനൊന്ന് റോഡുകള്‍ നിര്‍മ്മിച്ചു. (ഇവയെ ഒന്നു മുതല്‍ പതിനൊന്ന് അവന്യു-കള്‍ എന്നു വിളിക്കുന്നു). അവയ്ക്ക്‌ perpendicular ആയി ഒന്നു മുതല്‍ നൂറ്ററുപത്‌ വരെ നമ്പര്‍ ചെയ്ത റോഡുകള്‍ കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ഓടുന്നു. ഇതിനെ സ്ട്രീറ്റ്‌സ്‌ എന്നും വിളിക്കുന്നു. മന്‍ഹാറ്റനിലെ എല്ലാ കെട്ടിടങ്ങളും, ഈ അവന്യൂകളെയും സ്ട്രീറ്റുകളെയും അഭിമുഖീകരിച്ച്‌ നിര്‍മ്മിക്കുന്നു. ഈ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടത്‌ കൊണ്ട്‌, ദ്വീപിന്റെ കിഴക്കേ അറ്റത്ത്‌ ഏതെങ്കിലും സ്ട്രീറ്റില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌ ഈ കെട്ടിടങ്ങളുടെ ഇടയിലൂടെ ദ്വീപിന്റെ പടിഞ്ഞാറെ അറ്റത്ത്‌ നില്‍ക്കുന്ന ഒരാളെ കാണാന്‍ പറ്റും എന്ന് സങ്കല്‍പിക്കാം, ഇടയിലുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ശരിക്കും അങ്ങനേ ചെയ്യാന്‍ അനുവദിക്കില്ലെങ്കിലും.

മന്‍ഹാറ്റനിലെ അംബരചുമ്പികളായ കെട്ടിടങ്ങള്‍ ആണ്‌ ലോകത്തിന്റെ മുമ്പില്‍ ന്യൂയോര്‍ക്കിന്റെ മുഖമുദ്ര. ഒന്നോ രണ്ടോ നിലയുള്ള കെട്ടിടങ്ങള്‍ ഈ നഗരത്തില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിയശോക്തിയാവില്ല. ഈ കെട്ടിടങ്ങളുടെ ഉയരവും, മുപ്പത്‌ ഡിഗ്രി കിഴക്കോട്ട്‌ നോക്കിയുള്ള ഭൂമിയുടെ കിടപ്പും കൊണ്ട്‌ മന്‍ഹാറ്റനിലെ റോഡുകളില്‍ എന്നും ഈ കെട്ടിടങ്ങളുടെ നിഴല്‍ വീണ്‌ കിടക്കും. ഈ കെട്ടിടങ്ങള്‍ തീര്‍ത്ത വേലി കെട്ടുകള്‍ക്കുള്ളില്‍ നിന്നു അസ്തമയ സൂര്യനെ കാണാന്‍ ഭാഗ്യം നേടിയവര്‍ പടിഞ്ഞാറേ തീരത്ത്‌ താമസിക്കുന്നു. പക്ഷെ ഭൂമദ്ധ്യരേഖ മുറിച്ച്‌ കടന്ന് തെക്ക്‌ നിന്ന് വടക്കോട്ടുള്ള യാത്രയില്‍ ഒരു ദിവസം ഈ സ്ട്രീറ്റുകളുടെ നേര്‍ രേഖയില്‍ സൂര്യന്‍ അസ്തമിക്കും. അങ്ങനെ ഒരു ദിവസം ആയിരുന്നു ഇന്നലെ, മെയ്‌ 28. അതു പോലെ തന്നെ സൂര്യന്‍ തിരിച്ച്‌ വടക്ക്‌ നിന്ന് തെക്ക്‌ ദിശയിലേക്ക്‌ പോകുന്ന വേളയിലും ഇങ്ങനെ ഉണ്ടാകും. ഈ ദിവസങ്ങളില്‍ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ അസ്തമിക്കുന്നത്‌ മന്‍ഹാറ്റന്റെ കിഴക്കേ അറ്റത്തു നിന്ന് കാണുന്നത്‌ ഒരു കുളിരുണര്‍ത്തുന്ന കാഴ്ച്ചയാണ്‌. കൂറ്റന്‍ കെട്ടിടങ്ങള്‍ തീര്‍ത്ത ഒരു ഗുഹയ്ക്കുള്ളിലേക്ക്‌ താഴ്ന്നിറങ്ങി പോകുന്ന കാഴ്ച ചെറുപ്പ കാലത്ത്‌ വരയ്ക്കുന്ന ഫാന്റസി സൂര്യോദയത്തില്‍ (രണ്ട്‌ മലകള്‍ക്കുള്ളില്‍ നിന്ന് ഉദിച്ചുണര്‍ന്ന് വരുന്ന) നിന്നും ഒട്ടു വ്യത്യസ്തം അല്ല. എന്ത്‌ ചെറിയ കാര്യവും ഊതിവീര്‍പ്പിക്കാന്‍ ശീലിച്ച അമേരിക്കക്കാര്‍ ഇതിനെ വെറുതെ വിടും എന്ന് തോന്നുന്നുണ്ടോ? അവര്‍ ഈ കാര്യത്തിന്‌ ഒരു പേരും കൊടുത്തു, Manhattanhenge. മഴ മേഘങ്ങള്‍ക്ക്‌ കൂടി ഒഴിവ്‌ ദിവസം ആയിരുന്നത്‌ കൊണ്ട്‌ എന്റെ ക്യാമറക്കും ഈ രംഗം പകര്‍ത്താന്‍ പറ്റി. അത്‌ ഇവിടെ.

5 Comments:

  1. At 6/02/2006 3:19 AM, Blogger Santhosh said...

    ഇതാരും കണ്ടില്ലേ?

     
  2. At 6/02/2006 3:27 AM, Blogger myexperimentsandme said...

    മിസ്സിസ്സായി.........അല്ല മിസ്സായി

    നല്ല വിവരണം പ്രാപ്രാ.. ഒരു മന്‍‌ജിത്തായി ഞാന്‍ ചോദിച്ചാല്‍........ വിക്കിയിലിട്ടുകൂടെ.

    എന്തും ഊതിപ്പെരുപ്പിച്ച് കാശുപിരിച്ച് മാര്‍ക്കറ്റ് ചെയ്യാനുള്ള സായിപ്പിന്റെ തന്ത്രം ആമിഷ് വില്ലേജില്‍ കണ്ടു. നമ്മുടെ അട്ടപ്പാടിക്കൊക്കെ അതിലും വലിയ ചരിത്രം. പക്ഷേ നമ്മള്‍ സായിപ്പല്ലല്ലോ.

    തഴക്കവും “പഴ“ ക്കവും ചെന്ന സുന്ദരനായ ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ നിസ്സംശയം എനിക്ക് പറയാന്‍ കഴിയും-ഉഗ്രന്‍ ഫോട്ടോ.

     
  3. At 6/03/2006 5:19 PM, Blogger prapra said...

    അതു ശരി ഇവിടെ കുറച്ചു പേരൊക്കെ വന്നു പോയിരുന്നോ? ഞാന്‍ തന്നെ ഈ വഴി വന്നിട്ടില്ല.

    സന്തോഷ്‌ : സലാം.

    വക്കാരീ, തമാശിച്ചതാണല്ലേ. എനിക്കു മനസ്സിലായി.
    ആമിഷ്‌ വില്ലേജ്‌ കാണാന്‍ ഞാനും പോയിരുന്നു. ഇവിടെ അടുത്തുള്ളത്‌ മഞ്ചിത്തിന്റെ സ്റ്റേറ്റില്‍ ആണ്‌. ഒരു സാധാരണ നാട്ടിമ്പുറം, ഡച്ച്‌ വില്ലേജ്‌ എന്നൊക്കെ പറഞ്ഞ്‌ ആളെ പറ്റിപ്പ്‌.

     
  4. At 6/04/2006 11:14 PM, Blogger Unknown said...

    പ്രാപ്ര,

    നല്ല ഫോട്ടോ..പോസ്റ്റിന്റെയൊപ്പം ഇടാമായിരുന്നില്ലേ..?

     
  5. At 6/04/2006 11:37 PM, Blogger prapra said...

    മൊഴിയണ്ണാ, എനിക്ക്‌ ഫോട്ടോ ശരിക്കും അങ്ങ്‌ ഇഷ്ടപ്പെട്ടിരുന്നില്ല. കണ്ട്‌ ആസ്വദിക്കുന്നതിനിടയില്‍ സൂര്യന്‍ നാടുവിട്ടു. ഫോട്ടോയെക്കാള്‍ സബ്ജക്റ്റിന്‌ പ്രാധാന്യം ഇരുന്നോട്ടേ എന്നും തോന്നി. 34th സ്ട്രീറ്റിന്റെ നടുവില്‍ നിന്ന് ട്രാഫിക്ക്‌ ലൈറ്റും വാഹനങ്ങളും ഒക്കെ ആയി ഒരു അഡ്ജസ്റ്റ്‌മെന്റില്‍ എടുത്തതാ.

     

Post a Comment

<< Home