May 25, 2006

ജിമ്മിയെ ഓര്‍ക്കുമ്പോള്‍

സ്പോര്‍ട്ട്സ്‌ എന്നോര്‍ക്കുമ്പോള്‍ ക്രിക്കറ്റ്‌ മാത്രം എന്നൊരു സ്ഥിതി വിശേഷം വന്നു കഴിഞ്ഞിട്ട്‌ കുറച്ച്‌ കാലം ആയി. ഇന്ന് പണത്തിലേക്കും പ്രശസ്തിയിലേക്കും ഒരു വാതിലായി ക്രിക്കറ്റ്‌ മാറി കഴിഞ്ഞു. നമ്മുടെ കൊച്ചു കേരളം ആധുനിക ക്രിക്കറ്റിന്‌ വലിയ സംഭാവനയൊന്നും നല്‍കിയിരുന്നില്ല, അടുത്ത കാലം വരേ. എന്നാല്‍ മറ്റ്‌ കായിക ഇനങ്ങളില്‍ കേരളത്തിന്റെ സാന്നിദ്ധ്യം ഏറ്റവും മുന്നിലായിരുന്നു. അവിടെ നമ്മുടെ യശസ്സുര്‍ത്തിയവരില്‍ ഏറ്റവും മുന്നിലായിരുന്നു കേരളത്തിന്റെ ഏറ്റവും മികച്ച വോളീബോള്‍ താരം, ശ്രീ.ജിമ്മി ജോര്‍ജ്ജ്‌. പബ്ലിസിറ്റിയും സ്പോണ്‍സര്‍ഷിപ്പും ഇല്ലാത്ത കാലത്ത്‌ സ്വന്തം പ്രയത്നത്തിലൂടെ മുന്‍നിരയിലേക്ക്‌ അടിവച്ച്‌ കയറിയ ജിമ്മി മൂന്ന് തവണ ഭാരതത്തിന്‌ വേണ്ടി കോര്‍ട്ടില്‍ ഇറങ്ങി.

17-ാ‍ം വയസ്സില്‍ കേരളത്തിന്‌ വേണ്ടി കളിച്ചു തുടങ്ങിയ ജിമ്മി 19-ാ‍ം വയസ്സില്‍ ഭാരതത്തിന്റെ ജെഴ്‌സി അണിഞ്ഞു. 21-ാ‍ം വയസ്സില്‍ ആര്‍ജ്ജുന അവാര്‍ഡ്‌ ഏറ്റുവാങ്ങുമ്പോള്‍ ഈ അവാര്‍ഡ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോള്‍ കളിക്കാരന്‍ ആയിരുന്നു. കേരള പോലീസ്‌ ടീം അംഗം ആയിരുന്നുപ്പോള്‍ വിദേശ ക്ലബ്ബിന്‌ വേണ്ടി കളിക്കാന്‍ അനുവാദം നേടുകയും 1982-ല്‍ ഇറ്റലിയിലേക്ക്‌ പോവുകയും ചെയ്തു. ഒരു ഇറ്റാലിയന്‍ ക്ലബ്ബിന്‌ വേണ്ടി കളിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ ആയിരുന്നു ജിമ്മി. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം തിരിച്ച്‌ വന്ന് പോലീസ്‌ ടീമിന്‌ വേണ്ടി കളി തുടര്‍ന്നു. 1985-ല്‍ വീണ്ടും ക്ലബ്ബിലേക്ക്‌ തിരിച്ച്‌ പോയ ജിമ്മി രണ്ട്‌ വര്‍ഷത്തിന്‌ ശേഷം ഇറ്റലിയില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചപ്പോള്‍ കേരളത്തിന്‌ നഷ്ടപ്പെട്ടത്‌ ഒരു കളിക്കാരനെ മാത്രമായിരുന്നില്ല, വോളീബോള്‍ എന്ന കളിയുടെ ഭാവി തന്നെയായിരുന്നു. ജിമ്മിയുടെ ബന്ധുക്കളും ആരാധകരും ചേര്‍ന്നുണ്ടാക്കിയ ട്രസ്റ്റ്‌ ഇന്ന് മല്‍സരങ്ങള്‍ നടത്തുകയും മികച്ച കളിക്കാര്‍ക്ക്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്‌.

ഇതില്‍ നിന്നെല്ലാം അകന്ന് അമേരിക്കയില്‍, വോളീബോള്‍ കളിയും ജിമ്മിയുടെ സംഭാവനകളും മനസ്സില്‍ കൊണ്ട്‌ നടക്കുന്ന കുറച്ച്‌ മലയാളികള്‍ ചേര്‍ന്ന് ‘ജിമ്മി ജോര്‍ജ്ജ്‌ മെമ്മോറിയല്‍ ടൂര്‍ണമന്റ്’ നടത്തുന്നുണ്ട്‌. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പന്ത്രണ്ട്‌ ടീമുകള്‍ ഇതില്‍ പങ്കെടുക്കുന്നു. എല്ലാ വര്‍ഷവും, ഇവിടെ 'മെമ്മോറിയല്‍ ഡേ' ആഘോഷിക്കുന്ന വാരാന്ത്യത്തില്‍ ഈ ടീമുകള്‍ ടോഫിക്കായി ഏറ്റുമുട്ടുന്നു. ഓരോ വര്‍ഷവും ഓരോ ടീമിന്റെയും ഹോം ഗ്രൌണ്ടില്‍ ആണ്‌ ടൂര്‍ണമന്റ്‌ സംഘടിപ്പിക്കുന്നത്‌. ഈ വര്‍ഷം നറുക്ക്‌ വീണിരിക്കുന്നത്‌ കൊളറാഡോയിലെ ഡെന്‍വര്‍ നഗരത്തിനാണ്‌. ഇവിടെ മെയ്‌ 27-28 തീയ്യതികളില്‍ മല്‍സരങ്ങള്‍ നടക്കും. അടുത്ത വര്‍ഷം ന്യൂയോര്‍ക്ക്‌ ആണ്‌ വേദിയാകുന്നത്‌. കേരളത്തിന്റെ സ്വന്തം താരത്തെ ഈ അവസരത്തില്‍ നമുക്കും ഓര്‍ക്കാം.

കൂടുതല്‍ ഇവിടെ.

7 Comments:

  1. At 5/26/2006 3:09 PM, Blogger Santhosh said...

    ‘മലയാളം പത്രത്തില്‍’ ജിമ്മി ജോര്‍ജ് ട്രോഫിയുമായി നില്‍ക്കുന്ന പടം കണ്ടിട്ടുണ്ട്. നാട്ടിലെ ഒട്ടുമിക്ക വോളീബോള്‍ ടൂര്‍ണമെന്‍റുകളുടേയും പേര് ‘ജിമ്മി ജോര്‍ജ് മെമോറിയല്‍’ എന്നാണല്ലോ. മറന്നിട്ടില്ലാത്ത, മറക്കാനാവാത്ത കായികതാരം.

     
  2. At 5/26/2006 3:49 PM, Blogger രാജ് said...

    പ്രഭേഷ് വോളിബോള്‍ ആരാധകനാണോ? എനിക്കും കമ്പം ആ ഗെയിമില്‍ തന്നെയായിരുന്നു. അരവിന്ദന്‍ തന്റെ ക്രിക്കറ്റ് പരാക്രമങ്ങള്‍ സ്വയം പൊക്കി പറഞ്ഞ വകുപ്പില്‍ എനിക്കും കുറെ വോളീ “ബിഡുസുകള്‍” പറയാവുന്നതാണു് ;) ഇതിഹാസ താരത്തിനു മുമ്പില്‍ ഉള്ളുതുറക്കുവാന്‍ ധൈര്യമില്ല. അല്ലെങ്കില്‍ തന്നെയും “പറമ്പന്‍” കാറ്റഗറി (സ്മാഷ് ചെയ്താല്‍ കോര്‍ട്ടിലുവീഴാതെ തൊട്ടടുത്ത പറമ്പിലെത്തുമെന്നര്‍ഥം) പ്ലെയറായ ഞാനൊക്കെ വോളീബാളിനെ കുറിച്ചു ഈ അവസരത്തില്‍ എന്തു പറയുവാന്‍.

     
  3. At 5/26/2006 4:31 PM, Blogger prapra said...

    ഇല്ല പെരിങ്ങോടാ ഞാന്‍ ഒരു ആരാധകന്‍ മാത്രം ആയി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. 'ഐ ഷാല്‍' എന്നും പറഞ്ഞ്‌ ഇടപെട്ടു മറ്റുള്ളര്‍ക്ക്‌ പണിയാക്കിയ ഞാനും ആ പറമ്പന്‍ കാറ്റഗറിയില്‍ പെടും. അതു കൊണ്ട്‌ ബിഡുസുകള്‍ പോന്നോട്ടെ.

    സന്തോഷ്‌: ഓര്‍ക്കുന്നുണ്ടല്ലോ, അതു മതി.

     
  4. At 5/26/2006 9:33 PM, Blogger ബിന്ദു said...

    അയ്യോ.. സ്പോര്‍ട്സ്‌ ആണോ?? ഓടി രക്ഷപ്പെടാം. :) എനിക്കൊന്നും അറിയില്ല അതുകൊണ്ടാണ്‌ ട്ടോ.

     
  5. At 5/27/2006 1:18 AM, Blogger ദാവീദ് said...

    ജിമ്മി ജോര്‍ജ്ജ് കാര്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇറ്റലിയില്‍ വച്ചാണൊ അതോ അമേരിക്കയില്‍ വച്ചാണോ ?

     
  6. At 5/27/2006 7:51 AM, Blogger prapra said...

    ബിജൂ, ഇറ്റലിയില്‍ ക്ലബ്ബിന്‌ വേണ്ടി കളിക്കുന്ന സമയത്ത്‌ ആയിരുന്നു എന്നാണ്‌ ഓര്‍മ്മ (വികിയും അങ്ങനെ പറഞ്ഞു). ഇനി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലോ മറ്റോ ആയിരുന്നോ എന്ന് അറിയില്ല.

    ബിന്ദൂ, ഓട്ടം നിര്‍ത്തേണ്ട. ഇങ്ങനെ ഓടിയാണ്‌ പലരും സ്പോര്‍ട്‌സ്‌ താരങ്ങള്‍ ആകുന്നത്‌.

     
  7. At 5/27/2006 8:58 AM, Blogger ദാവീദ് said...

    എന്തുകൊണ്ടോ, ജിമ്മി അമേരിക്കന്‍ ടീമിന് വേണ്ടി കളിക്കാ‍ന്‍ അമേരിക്കയില്‍ എത്തിയെന്നും ഇവിടെ വച്ച് കാര്‍ അപകടത്തില്‍ മരിച്ചുവെന്നും ആണ് എന്റെ ധാരണ കിടന്നത്. തിരുത്തിയതിനു നന്ദി.

     

Post a Comment

<< Home