April 12, 2006

പപ്പടവും പഴവും - Ver 2.0

Summary:
തലശ്ശേരിയില്‍ സിമ്പ്ലിഫൈഡ്‌ മലയാളത്തില്‍, 'പപ്പടവും പഴവും' എന്നു അറിയപ്പെടുന്നു. ആര്‍ക്കും ഏതു നേരത്തും കഴിക്കാം എന്നത്‌ ഞങ്ങളെ ഈ വിഭവത്തിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു.

Requirements:
[റെഗുലര്‍ എഡിഷന്‍ വസ്തുക്കള്‍]
പപ്പടം എണ്ണയില്‍ വാട്ടിയത്‌/പൊള്ളിച്ചത്‌ : 3 എണ്ണം
മൈസൂര്‍ പഴം [ഇവിടെ കിട്ടും] : 3 എണ്ണം
പഞ്ചസാര : 2 ടീ സ്പൂണ്‍
നെയ്യ്‌ : 2 ടീ സ്പൂണ്‍

[ഫാറ്റ്‌-ഫ്രീ എഡിഷന്‍ വസ്തുക്കള്‍]
** മൈക്രോവേവില്‍ പൊള്ളിച്ച പപ്പടം: 3 എണ്ണം
മൈസൂര്‍ പഴം : 3 എണ്ണം
പഞ്ചസാര : 1 ടീ സ്പൂണ്‍
നെയ്യ്‌ : 0.125 ടീ സ്പൂണ്‍

** ടേണ്‍ ടേബിള്‍ മൈക്രോവേവില്‍ ഒരു ടിഷ്യൂ പേപ്പറിന്‌ മീതെ (നീരാവി തടയാന്‍) 30 സെക്കന്റ്‌ വച്ചാല്‍ നല്ല മൊരിഞ്ഞ പപ്പടം കിട്ടും. കുറച്ച്‌ കൂടി ടേസ്റ്റുള്ള പപ്പടം ഉണ്ടാക്കാന്‍ ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ പപ്പടത്തിന്റെ ഇരു വശവും തടവിയ ശേഷം മൈക്രോവേവില്‍ വച്ചാല്‍ മതി. ഇതിലും ഗ്ലാമര്‍ വേണ്ടുന്നവര്‍ പപ്പടത്തില്‍ വെണ്ണ പുരട്ടൂ.
[കഴിഞ്ഞ വിഷുവിന്‌ വാങ്ങി, അലൂമിനിയം ഷീറ്റ്‌ പോലെ ഇരിക്കുന്ന പപ്പടം ആണെങ്കില്‍ ഈ സാഹസത്തിന്‌ ഇറങ്ങരുത്‌. സുന്ദരനും കോമളനും ആയ പപ്പടം ആണെങ്കിലേ പരിപാടി നടക്കൂ...]

How To:
1. കഴുകി ആറ്റി തുടച്ച നാക്കില ഉണ്ടെങ്കില്‍ എടുത്തു നിവര്‍ത്തി വയ്ക്കുക.

2. ഇലയുടെ വടക്കു കിഴക്കെ മൂലയില്‍ മൂന്നു പപ്പടവും, ഒന്നിനു മീതെ ഒന്നായി അടുക്കി വെക്കുക.

3. നനവ്‌ ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം കൈ ഉപയോഗിച്ച്‌ പപ്പടം പൊടിക്കുക. തീരെ ചെറുതായി പൊടിച്ചു, ഭസ്മം പോലെ ആക്കി കളയരുത്‌. ഒരു നുള്ളു വാരി വായില്‍ ഇട്ടു ചവച്ചാല്‍ 'കറു മുറു' എന്നു ശബ്ദം ഉണ്ടാവണം. ഇല്ലെങ്കില്‍ തിരിച്ചു പോട്ടെ വണ്ടി #2-ലേക്ക്‌.

4. കയ്യിലുള്ള പൊടിയൊക്കെ ഇലയിലേക്കു കുടഞ്ഞിട്ട ശേഷം, അടിച്ച്‌ കൂട്ടി ഒരു കൂന ആക്കി വയ്ക്കാവുന്നതാണ്‌. ഇനി കൈ നക്കി വൃത്തിയാക്കാം, ചാന്‍സ്‌ 1.

5. തൊലി പൊളിച്ച്‌ പഴം ഒന്നൊന്നായി എടുത്ത്‌ കൈകള്‍ക്കുള്ളില്‍ ഭദ്രമായി പിടിച്ചു കുഴക്കുക. പഴത്തിലുള്ള ഗ്രിപ്‌ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്ങില്‍ ഊരി തെറിച്ച പഴം പപ്പടകൂനയും തകര്‍ത്ത് കൊണ്ടു അടുത്തിരിക്കുന്നവരുടെ പോക്കറ്റില്‍ ലാന്റ്‌ ചെയ്യും.

6. കുഴച്ച പഴത്തിലേക്ക്‌ നെയ്യും പഞ്ചസാരയും ചേര്‍ത്ത്‌ ഒന്നും കൂടി ചെറുതായി കുഴയ്ക്കുക. ആവശ്യത്തിന്‌ മധുരം പോരെങ്കില്‍ കൂടുതല്‍ ചേര്‍ക്കാനുള്ള സുവര്‍ണ്ണാവസരം ആണ്‌ ഇത്‌. കുഴച്ച്‌ പേസ്റ്റ്‌/പശ പരുവം ആക്കി കളയരുത്‌ (“ബ്ലും“ “ബ്ലും“ “പ്ലിക്ക്“ “പ്ലിക്ക്” എന്ന് അവരുത്, കടപ്പാട് : വക്കാരി). കുറച്ച്‌ കഷ്ണങ്ങള്‍ ഉണ്ടാകുന്നതാണ്‌ ഉത്തമം.

7. ഈ കുഴച്ചു വച്ച പഴം ഒരു മുക്കാല്‍ ഇഞ്ച്‌ കട്ടിയില്‍ പരത്തി വയ്ക്കുക. ചാന്‍സ്‌ 2 ഇവിടെ.

8. ഇതിനു മീതെ പൊടിച്ച പപ്പടം ലാവിഷായി വാരി വിതറുക. എതു ഭാഗത്ത്‌ നിന്നും നോക്കിയാലും പപ്പടം മാത്രമേ കാണൂ എന്നു ഉറപ്പു വരുത്തുക. നിങ്ങള്‍ കാത്തിരിക്കുന്ന വിഭവം കഴിക്കാന്‍ തയ്യാര്‍ ആയി. ഇനി ഇതു വാരി കഴിക്കാവുന്നതാണ്‌. കഴിച്ച ശേഷം തുടച്ച്‌ വടിച്ച ഇലയില്‍ ഇനി ചോറ്‌ വിളമ്പാം. ഇതിനിടയില്‍ ചാന്‍സ്‌ 3 കളയല്ലേ.

Important Notice:
പൊടിച്ച പപ്പടം വിതറി കഴിഞ്ഞ ശേഷം കൂട്ടി കുഴയ്ക്കരുത്‌, വാരി കഴിക്കാന്‍ മാത്രമേ പാടുള്ളൂ. അല്ലെങ്കില്‍ പപ്പടത്തിന്റെ ഒരു ഇത്‌ [ഏത്‌? crispness] നഷ്ടപ്പെടും.
അതു പോലെ തന്നെ, പഴം പേസ്റ്റ്‌ പോലെ കുഴഞ്ഞാലും ഇത്‌ [ഏത്‌? something else] നഷ്ടപ്പെടും. ഒപ്പം തന്നെ പപ്പടം പെട്ടെന്ന് കുതിര്‍ന്നു പോവുകയും മുകളില്‍ പറഞ്ഞ അത്‌ കൈവിട്ടു പോകുകയും ചെയ്യും.

Known Issues:
ഈ വിഭവത്തെ പറ്റി പറയുമ്പോള്‍ മിക്കവരും തന്നെ 'അയ്യേ' എന്ന് തുടങ്ങുകയും, 'അടിപൊളി' എന്നു അവസാനിപ്പിക്കുകയും ആണ്‌ ചെയ്യാറ്‌.
മൈസൂര്‍ പഴത്തിന്‌ പകരം മൈസൂര്‍ പഴം മാത്രം എന്ന തോന്നല്‍ എന്റെ മാത്രം. താല്‍പര്യമുള്ളവര്‍ നേന്ദ്രപ്പഴം ഒഴിച്ച്‌ മറ്റു പഴങ്ങള്‍ പരീക്ഷിക്കാം (applies to കാണുക).

Applies To:
1. മൈസൂര്‍ പഴം - മലബാര്‍ എഡിഷന്‍
2. കുന്നന്‍ പഴം - പെരിങ്ങോട്‌ എഡിഷന്‍ (കടപ്പാട്‌ : പെരിങ്ങോടന്‍)
3. പപ്പടം - ഗുരുവായൂര്‍ സ്പെഷ്യല്‍ എഡിഷന്‍
4. പപ്പടം - ഗണേശ ചെട്ടീസ്‌, തലശ്ശേരി എഡിഷന്‍
5. നെയ്യ്‌ - ഉരുക്കിയ എഡിഷന്‍
6. പഞ്ചസാര - റേഷന്‍ ഷാപ്പ്‌ നമ്പര്‍:17 എഡിഷന്‍

13 Comments:

  1. At 4/12/2006 11:46 PM, Blogger Visala Manaskan said...

    ഇന്ന് തന്നെ ട്രൈ ചെയ്യാം.
    ശരിക്കും രസിച്ചു ചുള്ളാ. മാര്‍വലെസ്സ്!

     
  2. At 4/13/2006 12:32 AM, Blogger Santhosh said...

    ഇപ്പൊ ചോറും കറിയും വയ്പ് നിറുത്തി, പഴത്തിലും പപ്പടത്തിലുമാണോ ജീവിതം സഖാവേ?

    കഴിച്ചു നോക്കിയിട്ട് മാര്‍ക്കിടാം.

     
  3. At 4/13/2006 12:53 AM, Blogger myexperimentsandme said...

    ആളു കൊള്ളാമല്ലോ... മൂന്നു പഴമെന്നൊക്കെ പറഞ്ഞിട്ട് കുല മൊത്തത്തിലങ്ങ് അടിച്ചുമാറ്റിയോ.. ഇനി മിഠായിഭരണിയൊന്നു നോക്കട്ടെ, വല്ലതും കാണുമോ ആവോ....

    ഇതെങ്ങിനെയാ ഇവിടെയൊന്ന് ട്രൈ ചെയ്യുന്നത്? പപ്പടം നഹിം. നാട്ടില്‍നിന്നും വരുത്തണം. നോക്കട്ടെ. മൈസൂര്‍പ്പഴം, നഹിം. നഹിം. ഇവിടെയുള്ളവന്മാര്‍ ഏത്തപ്പഴത്തിന്റെ ഷേപ്പും പാളയംകോടന്റെ ടേസ്റ്റുമുള്ളവന്മാരാകുന്നു.

    വിവരണം ഗംഭീരം. കുഴയ്ക്കപ്പെടുന്ന പഴം മിസൈലുപോലെ തെറിച്ച് അപ്പുറത്തിരിക്കുന്നവന്റെ പാക്കറ്റില്‍ വീഴുന്ന സീനൊന്ന് ആലോചിച്ചുപോയി. പഴം കുഴയ്ക്കല്‍ അല്ലെങ്കിലും എന്റെ ഒരു വീക്ക്‍നെസ്സാ. കുഴയ്ക്കലിന്റെ ഹോമോജനിറ്റിയും യൂണിഫോമിറ്റിയും അറിയണേല്‍ കുഴച്ച് കുഴച്ച് “ബ്ലും“ “ബ്ലും“ “പ്ലിക്ക്“ “പ്ലിക്ക്”എന്ന് കേക്കണം. സംഗതി ഇഫക്ടീവ് ആയോ എന്നറിയാന്‍ അപ്പുറത്തും ഇപ്പുറത്തും ഒന്ന് നോക്കിയാല്‍ മതി. അടുത്തിരുന്നവരാരും തന്നെ അപ്പോള്‍ നാലയലോക്കത്ത് കാണില്ല.

     
  4. At 4/13/2006 1:08 AM, Blogger രാജ് said...

    മൈസൂര്‍ പഴം “അത്രയ്ക്കങിട് പോരാ” എന്നാണു് എന്റെ വിനീത അഭിപ്രായം. കുന്നന്‍ പഴം (എന്നു എനിക്കു തിരിച്ചറിയുന്ന) ആണു നമ്മുടെ ഫാവററ്റ്.

     
  5. At 4/13/2006 2:32 AM, Blogger Santhosh said...

    ഓ, ഒന്നു പറയാന്‍ മറന്നു: KB Articles-ന്‍റെ ഹാങ്ങോവര്‍ ഇതുവരെ മാറിയിട്ടില്ല അല്ലേ?

     
  6. At 4/13/2006 8:37 AM, Blogger Kalesh Kumar said...

    വിഷു ആശംസകള്‍!!!

     
  7. At 4/13/2006 11:04 PM, Blogger prapra said...

    സഹൃദയരേ, കലാസ്നേഹികളേ, ഭക്ഷണപ്രേമികളേ... വന്നവര്‍ക്കും, വായിച്ചവര്‍ക്കും നന്ദി, നമസ്കാരം.

    വിശാലന്‍ : ഇത്രയും റിസ്ക് എടുക്കാനുള്ള ആ വിശാല മനസ്സിന്നോട് ഒരു കൊടകര നന്ദി. അഭിപ്രായം പറയാന്‍ മറക്കല്ലേ. ‘അയ്യേ‘ ആണേ അതോ ‘അയ്യോ‘ ആണോ എന്ന് അറിയാല്ലോ?

    സന്തോഷ് : ചോറും, മൈസൂര്‍ പഴവും, പഞ്ചസാരയും, തൈരും കൂട്ടി കുഴച്ച ഒരു സാധനം കൂടി ഉണ്ട്. അതിവിടെ അവതരിപ്പിച്ചാല്‍ എന്നെ ബ്ലോഗില്‍ നിന്ന് പുറത്താക്കും :). പണ്ട് എഴുതിയ 5-6 Microsoft KB Articles-ല്‍ നിന്ന് സംഭവിച്ചതാണെന്ന് തോന്നുന്നു, അറിഞ്ഞ് കൊണ്ടായിരുന്നില്ല്ല. Ver 2.0-ല്‍ അങ്ങനെ ആക്കാം.

    വക്കാരീ : മൂന്ന് പഴം കടം വാങ്ങിയതിന് ഇങ്ങനെ ചിരിപ്പിച്ച് കൊന്നാലോ? മുകളില്‍ പറഞ്ഞ ver 2.0-ല്‍ ഈ “ബ്ലും“ “ബ്ലും“ “പ്ലിക്ക്“ “പ്ലിക്ക്” ഞാന്‍ കയറ്റും. ഇത് സത്യം സത്യം സത്യം. ഒരു fatfree version അടുത്ത് ഇറങ്ങും, അതിനു വേണ്ടി ഒരു കുല കൂടി കരുതി വച്ചോളൂ.

    പെരിങ്ങ്സ് : എന്റെ നാട്ടില്‍ കുന്നന്‍ പഴം എന്ന് ഞാന്‍ കേട്ടിട്ടില്ല. ‘മൈസൂര്‍‘-നെ‍ക്കാള്‍ നല്ല പഴങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവാം, ഞാന്‍ കഴിച്ചില്ലെന്നേയുള്ളു. Suggestion ഞാ‍ന്‍ ചേര്‍ക്കാം.

    കലേഷ് : താങ്ക്യു സാര്‍ താങ്ക്യൂ...

     
  8. At 4/14/2006 2:31 AM, Blogger ദേവന്‍ said...

    വിഷു ആശംസകള്‍ പ്രാപ്രാ

     
  9. At 4/16/2006 6:47 AM, Blogger Kalesh Kumar said...

    ver 2. കൊള്ളാം.
    ഫാറ്റ് ഫ്രീ എഡിഷനും കൊള്ളാം!
    (സ്കേല്‍ഡ് ഡൌണ്‍ വെര്‍ഷന്‍ ഫോര്‍ തേര്‍ഡ് വേള്‍ഡ് & ഡവലപ്പിംഗ് ഇക്കണോമീസ്)

     
  10. At 4/16/2006 7:26 AM, Blogger രാജ് said...

    കെ.ബീന്ന് സന്തോഷ് പറഞ്ഞപ്പോള്‍ അപ്ലൈസ് റ്റു കണ്ടില്ലല്ലോ എന്നു പറയാന്‍ വരികയായിരുന്നു, ഇത്രയും പെട്ടെന്നു സെര്‍വീസ് പാക്ക് ഇറക്കിയതു് അറിഞ്ഞില്ല ;)

     
  11. At 4/17/2006 12:15 AM, Blogger prapra said...

    കലേഷ് : ഫാറ്റ്ഫ്രീ വേര്‍ഷന്‍ സമര്‍പ്പിച്ചത് അടയാന്‍ തുടങ്ങുന്ന ആര്‍ട്ടറികള്‍ക്കും, ഡെവലപ്പിങ്ങ് കുടവയറിനും ആയിരുന്നു. തെറ്റിദ്ധരിക്കല്ലേ. ചോറിനോടൊപ്പം ഫാറ്റ്ഫ്രീ പപ്പടം ഒരു ശീലമാക്കൂ.

    പെരിങ്ങ്സ്: എല്ലാം പെട്ടെന്നാ‍യിരുന്നു :).

     
  12. At 4/19/2006 1:55 AM, Blogger ദേവന്‍ said...

    ഫാറ്റ്‌ ഫ്രീ ഏഡിഷനോടെ കുറിപ്പിറക്കിയത്‌ നന്നായി (വെണ്ണ പുരട്ടിയതാണു ഫാറ്റ്‌ ഫ്രീ ആണെങ്കില്‍ ഫാറ്റി എഡിഷനില്‍ എന്തായിരിക്കും എന്റീശ്വരാ!).

     
  13. At 4/21/2006 11:43 PM, Blogger Visala Manaskan said...

    പപ്പടം പഴം: സുപ്പര്‍.

    പ്രാപ്രേ.., ഇത്രേം പ്രതീക്ഷിച്ചില്ല.
    ഒരു ‘പഞ്ചാമൃതം’ മോഡല്‍ ടേയ്സ്ററ്റ്.
    വളരെ വളരെ ഇഷ്ടപ്പെട്ടു.

     

Post a Comment

<< Home