May 05, 2006

വ്യത്യസ്ഥമീ അപൂര്‍ണ്ണത

വ്യത്യസ്ഥത എന്നാല്‍ എന്തൊക്കെ ആവാം എന്ന ചിന്ത എനിക്ക്‌ തുടങ്ങിയത്‌ നോണ്‍-കമേര്‍ഷ്യല്‍ സിനിമകളോട്‌ കമ്പം തലയില്‍ അടിച്ച്‌ കയറിയിട്ടുണ്ട്‌ എന്ന് തിരിച്ചറിഞ്ഞ ശേഷം ആയിരുന്നു. പക്ഷേ ഇത്തരം ചിത്രങ്ങളിലേക്ക്‌ ഒരു ഇന്‍സ്റ്റന്റ്‌ അട്റാക്ഷന്‍ ആയിരുന്നില്ല, മെല്ലെ ഒരു കീഴടങ്ങല്‍ ആയിരുന്നു. വീട്ടുകാര്‍ക്കു ഇതും തമാശ. നീ മനുഷ്യന്‌ പിടിക്കാത്ത, തലയും വാലും ഇല്ലാത്ത സാധനം ഒക്കെ കണ്ട്‌ വഷളായി പോകരുത്‌ എന്ന ഉപദേശവും റെഗുലറ്‍ ഇന്ററ്‍വലില്‍ വന്നുകൊണ്ടിരിക്കുന്നു. അവരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യം ഇല്ല, ഒരോ സിനിമയും കണ്ട്‌ ആസ്വദിച്ച രോമാഞ്ചത്തില്‍, ഞാന്‍ അടിക്കുന്ന ഡയലോഗ്‌ ആ സൈസില്‍ ഉള്ളതും ആണ്‌. ഭീഷണി എന്നും ചെന്നെത്തുന്നത്‌, ഒരു നാള്‍ ഞാനും.... ഡോക്യുമെന്ററി എടുത്തീടും എന്നാണ്‌. ഹേയ്‌, ഇതൊക്കെ ഡയലോഗ്‌ മാത്രം, അതിന്‌ ആരെയും പേടിക്കേണ്ടല്ലോ?

ഇത്തരം ചിത്രങ്ങള്‍ കാണുന്നത്‌ കൊണ്ട്‌ പലതുണ്ട്‌ കാര്യം. സമയ ലാഭം, പതിനഞ്ച്‌ മുതല്‍ അറുപത്‌ മിനിറ്റ്‌ കൊണ്ട്‌ പരിപാടി തീരും. കണ്ടാല്‍ ചൊറിയുന്ന ആട്ടവും പാട്ടും ഒഴിവാക്കാം, സഭയില്‍ ഇരുന്നു വളിപ്പ്‌ സിനിമകള്‍ ചര്‍ച്ച ചെയ്യുന്നവനെ ഒതുക്കാന്‍ ഇങ്ങനെ ഒരെണ്ണം മതി. പുവര്‍ ബോയ്സ്‌, ഇവന്‍ ഒക്കെ പിഴച്ചു പോയല്ലോ എന്ന് മനസ്സില്‍ പറഞ്ഞാണെങ്കിലും നിര്‍ത്തിക്കോളും. പക്ഷേ ഇതൊക്കെ സെക്കന്‍ഡറി, പ്രൈമറി ആസ്വാദനം തന്നെ. 'വായനാനുഭവം' എന്നു പറയുന്ന പോലെ കാഴ്ച്ചാനുഭവം എന്നോ മറ്റോ ഉണ്ടോ ആവോ?

ഇങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നു. പപ്പടവും പഴവും കുഴച്ച്‌ വിശാലന്‌ കൊടുത്ത ശേഷം ബ്ളോഗില്‍ തിരിഞ്ഞു നോക്കിയിട്ടില്ല, വക്കാരിയുടെ കുലയിലെ ബാക്കി പഴം എക്സ്പയറും ആയി. പകുതി വേവിച്ച ഒന്നു രണ്ട്‌ ബ്ളോഗുകള്‍ പബ്ളിഷ്‌ ചെയാതെ കിടക്കുന്നു. പലതും ഒരു കുറ്റിയില്‍ കൊണ്ടു പോയി കെട്ടാന്‍ പറ്റിയിട്ടില്ല ഇനിയും. ക്ളൈമാക്സ്‌ ഇല്ലാതെ എങ്ങനെ എന്നൊക്കെ ആലോചിച്ച്‌ ഇങ്ങനേ ഇരിക്കുമ്പോള്‍ ആണ്‌ ഫിലിം മൂവ്മെന്റിന്റെ ഒരു ഡി.വി.ഡി കാണാതെ കിടപ്പുണ്ട്‌ എന്ന കാര്യം ഓര്‍ത്തത്‌. കുറച്ച്‌ ഷോര്‍ട്ട്‌ ഫിലിംസ്‌ ആണ്‌, ഒന്നു രണ്ട്‌ ഫിലിം ഒക്കെ കണ്ട്‌ രോമാഞ്ചം കൊണ്ടാല്‍ ഏതെങ്കിലും ഒരു ഐഡിയ ബള്‍ബ്‌ കത്താതിരിക്കില്ല എന്നു തോന്നി. കുറേ ചിത്രങ്ങളുടെ കലക്ഷന്‍ ആയതിനാല്‍ പലതും മനുഷ്യന്‌ മനസ്സിലാകാത്ത ഭാഷയിലെ ആയിരിക്കും, പക്ഷേ ഈ കാര്യത്തില്‍ ഭാഷ ഒരു അന്താരാഷ്ട്ര പ്രശ്നം ആകാറില്ല. അങ്ങനെ ഞാന്‍ ആദ്യ പ്രദര്‍ശനത്തിനായി ഇരുന്നു; ചിത്രം: ഇഞ്ച; കേവലം 17 മിനിറ്റ്‌ മാത്രം.

ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമം. കഥാപാത്രങ്ങള്‍ ആയി ഒരു ദുഷ്ടനായ മുതലാളി, കറുത്ത വര്‍ഗ്ഗക്കാരനായ അടിമ പയ്യന്‍, പിന്നെ ഒരു പട്ടിക്കുട്ടിയും. അനുസരണക്കേട്‌ കാണിച്ച പട്ടിക്കുട്ടിയെ ഒരു ചാക്കില്‍ ബന്ധിച്ച്‌ ബൂട്ട്സ്‌ അണിഞ്ഞ കാലു കൊണ്ട്‌ ചവുട്ടുന്നത്‌ വരെ എത്തി മുതലാളിയുടെ ക്രൂരത. പയ്യന്‌ പട്ടിയോടുള്ള സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്ന ചില രംഗങ്ങള്‍. കാലം കടന്ന് പോയി, പയ്യനും പട്ടിയും വളര്‍ന്നു. ഒരു സാധാരണ ദിവസം കൃഷി സ്ഥലത്ത്‌ ജോലി ചെയ്യുമ്പോള്‍ മുതലാളി നെഞ്ച്‌ വേദന മൂലം കുഴഞ്ഞ്‌ നിലത്തിരിക്കുന്നു. അസ്വസ്ഥത മനസ്സിലാക്കിയ പയ്യന്‍ ഓടി ചെന്ന് വണ്ടിയില്‍ നിന്ന് മരുന്ന് എടുക്കുന്നു. ഒന്നിച്ച്‌ തന്നെ ഉണ്ടായിരുന്ന പട്ടിയും ഉഷാര്‍ ആവുന്നു. എന്നാല്‍ അത്‌ മുതലാളിക്ക്‌ നല്ലതിനായിരുന്നില്ല. അതു വരേ ഉണ്ടായിരുന്ന സൌഹൃദം എല്ലാം മാറ്റി നിര്‍ത്തി കൊണ്ട്‌, മരുന്നുമായി തിരിച്ച്‌ വരുന്ന പയ്യനെ തടഞ്ഞ്‌ കൊണ്ട്‌ കുരച്ച്‌ ചാടുന്നു. അവശനായി എല്ലാം കണ്ട്‌ കൊണ്ട്‌ നിലത്ത്‌ കിടക്കുന്നതിനിടയില്‍ മുതലാളി അടുത്ത്‌ വണ്ടിയില്‍ ചാരി വച്ചിരിക്കുന്ന നിറച്ച തോക്കെടുത്ത്‌ ഉപയോഗിക്കാന്‍ ആംഗ്യം കാണിക്കുന്നു. മുതലാളിയുടെയും പട്ടിയുടെയും കണ്ണിലേക്ക്‌ മാറി മാറി നോക്കുന്ന പയ്യന്റെ മുഖം. പിന്നെ പട്ടിയുടെ മുഖം, മുതലാളിയുടെ മുഖം, പിന്നെയും പയ്യന്റെ മുഖം....

ഡിം! തീര്‍ന്നു എന്നറിയിച്ച്‌ കൊണ്ട്‌ അരങ്ങിലും അണിയറയിലും ഉള്ളവരുടെ പേരു വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒരു ക്ളൈമാക്സ്‌ കിട്ടാന്‍ വേണ്ടി ഇരുന്ന ഞാന്‍ ഇനി ഇതിന്റെ കൂടി ക്ളൈമാക്സ്‌ ചെയ്യേണ്ടി വരുമോ എന്ന ചിന്തയിലായി. അതില്‍ നിന്ന് എന്നെ ഉണര്‍ത്തിയത്‌ ശ്രീമതിയുടെ ക്രൂരത കലര്‍ന്ന നോട്ടം ആയിരുന്നു.

5 Comments:

  1. At 5/05/2006 3:38 PM, Blogger Santhosh said...

    ഇതിനാണ് ഇഞ്ച കണ്ട് ഇഞ്ചി കടിച്ചപോലായി എന്ന് പറയുന്നത്:)

     
  2. At 5/12/2006 3:30 PM, Blogger ശനിയന്‍ \OvO/ Shaniyan said...

    സര്‍ഗവേദന!! ഈ ഡയറക്ടര്‍മാര്‍ എന്തറിയുന്നു, അല്ലേ മാഷേ?

     
  3. At 5/15/2006 1:16 AM, Blogger myexperimentsandme said...

    ഇഞ്ചപുരാണമൊക്കെ എങ്ങിനെ മിസ്സായി? ഇപ്പോള്‍ പഞ്ചായത്തില്‍ വെറുതേ പത്രോം വായിച്ചിരുന്നോണ്ടിരുന്നപ്പോഴാ, സന്തോഷ് വന്നു പറഞ്ഞുവിട്ടത്, ഡേയ്, പോയി ഇഞ്ച കാണഡേ എന്ന്. എന്നാ ശരി എന്നും പറഞ്ഞ് ഞാനിങ്ങ്‌ട് പോന്നു. അപ്പോഴല്ലേ കിടക്കുന്നൂ, ദോ, ഇഞ്ച പുരാണം.

    ഇഞ്ച.... നല്ല പേര്. പ്രാപ്രാപ്രാ അതുകണ്ടതിനുശേഷമൊന്നുമല്ല ഇഞ്ച കടിച്ച കുരങ്ങന്‍ എന്ന ചൊല്ല് ഉണ്ടായതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ.

    ..ന്നാലും ഇപ്പോഴും ഇങ്ങിനത്തെ അത്യന്താധുനികന്മാര്‍ ആസ്വദിക്കേണ്ടതെങ്ങിനെയെന്നും അതൊക്കെ എങ്ങിനെ മനസ്സിലാക്കണമെന്നും എനിക്കു യാതൊരു പിടീമില്ല. എലിപ്പത്തായം തീയറ്ററില്‍ കാണാന്‍ പോയത് അമ്മാവന്റെ കൂടെയായിരുന്നു-സെക്കന്റ് ഷോയ്ക്ക്. ബാല്‍ക്കണി മൊത്തം ഞങ്ങളങ്ങെടുത്തു-ഞാനും ചേട്ടനും അമ്മാവനും മാത്രം വേറേ ആരൂല്ല. ഞങ്ങള്‍ക്ക് പിന്നിലായാ അമ്മാവനിരുന്നത് (അമ്മാവനല്ലേ, മരുമക്കളുടെ കൂടെയൊക്കെ ഇരുന്നെങ്ങിനെ......).ഒരു പത്തുമിനിറ്റ്.... പുറകിലോട്ടു നോക്കിയപ്പോള്‍ ഒരു സീറ്റില്‍ അമ്മാവന്റെ തല. അടുത്ത രണ്ടു സീറ്റില്‍ ഉടല്‍, അടുത്ത രണ്ടുസീറ്റില്‍ കാല്, അടുത്ത സീറ്റില്‍ പാദം. പിന്നേം സീറ്റുണ്ട്, പക്ഷേ വീതിക്കാന്‍ ഒരമ്മാവനേ കൂടെ വന്നുള്ളായിരുന്നു. കൊച്ചുകുട്ടികളുടേതുപോലുള്ള ഒരു ഉറക്കമായിരുന്നു അമ്മാവന്‍, സിനിമാ തീരുന്നതുവരെ.

    അന്നാ മനസ്സിലായത്, എലിപ്പത്തായവും ഒരു അത്യന്താധുനിക സിനിമയായിരുന്നൂ എന്ന്.

     
  4. At 5/15/2006 1:26 AM, Blogger കുറുമാന്‍ said...

    വക്കാര്യേ, ഇഞ്ചയേക്കാളും നല്ല പേരെന്ന് എനിക്കു തോന്നുന്നത്, “കഞ്ച” യോ, ഗാഞ്ചയോ ആണെന്നാണ്. ചരസു ആയാലും മതി.......

     
  5. At 5/15/2006 10:19 PM, Blogger prapra said...

    സന്തോഷ് : :)

    ശനിയന്‍ : തന്ന ആശയം വച്ച അടുത്ത ബ്ലോഗ് ഇറങ്ങുന്നു. നന്ദി.

    കുറുമാന്‍ : വേണ്ട മോനെ, വേണ്ട മോനെ.

    വക്കാരി : കുരങ്ങന്റെ കഥ പിന്നെ പറഞ്ഞു തരണേ. ഇപ്പോള്‍ പറഞ്ഞാല്‍ എല്ലാരും ശ്രദ്ധിക്കും.
    ഒരു അമ്മാവന്‍ തമാ‍ശ പറയാം. കാലഘട്ടം കുറച്ച് പണ്ട്. ഭരത് ചന്ദ്രനെ കൊണ്ട് ഷിറ്റ് എടുപ്പിക്കുന്നതിന്‍ മുമ്പ് പണിക്കര്‍-കൈലാസന്മാര്‍ ഡോ.പശുപതി എന്നൊരു ഭീകര സാധനം പടച്ചു വിട്ടിരുന്നു. സ്കൂള്‍ അടച്ചിരുന്ന കാലത്ത് ഈ സിനിമ നാട്ടിലെ ഒരു ബി/സി.ക്ലാസ്സ് തീയേറ്ററില്‍ വന്നു. ചിത്രം നല്ല വളിപ്പാണെന്നും പോയി കുറച്ച് നേരം കൂവി വിളിച്ചും ജോളി അടിച്ചും ഉറക്കം തൂങ്ങുമ്പോള്‍ തിരിച്ച് വരാം എന്നുമുള്ള വിശ്വാസത്തില്‍ അമ്മാവന്‍ സുഹൃത്തുക്കളുമായി പുറപ്പെട്ടു. മരുമക്കളുടെയും മറ്റു കൊച്ചു പിള്ളാരുടെയും മുമ്പില്‍ തറയാകുന്നത് ഒഴിവാക്കാന്‍, നമ്മള്‍ പിള്ളാരെ ഒക്കെ തഴഞ്ഞ് സമ പ്രായക്കാരായ സുഹൃത്തുക്കളെ മാത്രം കൂടെ കൊണ്ടു പോയി. അവിടെ തീയേറ്റര്‍ ശൂന്യം, പോയ നാലു പേര്‍ മാത്രം. പോയി പത്തു പേരെ കൂടി കൂട്ടികൊണ്ടുവന്നാല്‍ പടം ഇടാം എന്നായി മാനേജര്‍. വല്ലവനും വഴിമാറി വരാം എന്നും ആശിച്ച് പത്തു മണി വരേ കാത്തു നിന്ന്, മാനേജര്‍ക്ക് ജസ്റ്റ് റിമമ്പര്‍ ചെയ്യാന്‍ രണ്ട് ഷിറ്റ് ഡയലോഗ് അടിച്ചിട്ടാണ് ഈ ടീം തിരിച്ചു വന്നത്. ആ മാനേജര്‍ സംവിധായകനെ വിളിച്ച് ഉപദേശിച്ചതില്‍ നിന്നായിരിക്കണം കമ്മീഷ്ണറിന്റെ പല സംഭാഷണങ്ങളും ജനിച്ചത്.

     

Post a Comment

<< Home