August 26, 2006

സ്‌കൈലാബ്‌ ഓര്‍മ്മകള്‍

എന്റെ ബാല്യകാലത്ത്‌, ഉണങ്ങിയ ഓലമടലും, കൂമന്‍ കൊത്തിയ തേങ്ങയേയും പോലെ ഏത്‌ നിമിഷവും തലയില്‍ വീണേക്കാം എന്ന് ആലോചിച്ച്‌ പേടിച്ചിരുന്ന് ഒരു സാധനം ആയിരുന്നു സ്‌കൈലാബ്‌. ഇത്‌ എന്താണ്‌ സാധനം എന്ന് അറിയില്ലെങ്കിലും അതെന്തോ ഭീകര സംഭവം ആണെന്ന് ഊഹിക്കാനുള്ള പ്രായം ആയിരുന്നു (ഊഹിക്കാന്‍ വിവരവും, വിദ്യാഭ്യാസവും വേണ്ടല്ലോ). ഇതില്‍ കൂടുതല്‍ എന്ത്‌ വേണം. പിന്നീട്‌ ഇതേ പറ്റി പഠിക്കാന്‍ സ്കൂള്‍ സിലബസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല, യുറീക്കയോ മറ്റ്‌ ശാസ്ത്ര പുസ്തകങ്ങള്‍ ഒന്നും വായിക്കാന്‍ കാരണം ഇല്ലാതിരുന്നത്‌ കൊണ്ട്‌, ഇതേ പറ്റി കൂടുതല്‍ ഒന്നും അറിഞ്ഞില്ല. ഇതിനിടയില്‍ എപ്പോഴോ, നമ്മുടെ നാട്ടുകാരെ ഒഴിവാക്കി സ്‌കൈലാബ്‌ എന്ന ആ ഭീകരന്‍ കടലില്‍ വീണു എന്ന സത്യം ഞാന്‍ മനസ്സിലാക്കിയിരുന്നു. പാവം ക്രൂരന്‍, വെറുതെ തെറ്റിദ്ധരിച്ചു. കാലം കടന്നു പോയി, എല്‍.പി സ്കൂളില്‍ വച്ചും, യു.പി സ്കൂളില്‍ വച്ചും ഇതിനെ പറ്റി ചിന്തകള്‍ വീണ്ടും അലട്ടിക്കൊണ്ടിരുന്നു; ആരാണിവന്‍, എങ്ങിനെ ഇരിക്കും തുടങ്ങിയ കാര്യങ്ങള്‍ അപ്പോഴും അന്യമായിരുന്നു, ശ്രമിച്ചില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. മാഷിനോട്‌ ചോദിച്ചാല്‍, ഇനി അത്‌ മണ്ടത്തരമായാല്‍, അതു മതി മാനം പോകാനും, സ്കൂളില്‍ ഇരട്ടപ്പേര്‌ വീഴാനും. പിന്നെ അതിന്റെ ഭാരവും പേറി എത്രയോ വര്‍ഷങ്ങള്‍ ബെഞ്ച്‌ ചൂടാക്കണം എന്നാലോചിച്ചപ്പോള്‍ വേണ്ടെന്ന് വച്ചു.

കാലം കടന്ന് പോയി. വായിക്കാനും പഠിക്കാനും തുടങ്ങിയപ്പോഴേക്കും മിര്‍ സ്റ്റേഷന്‍ പ്രചാരം നേടുകയും, സകല മഹാന്മാരും അങ്ങോട്ടേക്ക്‌ പോകാനും വരാനും തുടങ്ങി. ഇങ്ങനെ ഇരിക്കെയാണ്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാഷിങ്ങ്‌ടണ്‍ ഡി.സി.യിലെ നാഷണല്‍ എയര്‍ ആന്റ്‌ സ്പേസ്‌ മ്യൂസിയമില്‍ കറങ്ങി നടക്കുമ്പോള്‍ നമ്മുടെ ആ പഴയ താരത്തെ കാണുന്നത്‌. നല്ല കുത്തനെ വടി പോലെ നില്‍ക്കുന്നു മുന്നില്‍ ഒരു സ്‌കൈലാബ്‌. ചോദ്യങ്ങളുടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിപ്പെട്ടത്‌ പോലെയാണ്‌ അപ്പോള്‍ തോന്നിയത്‌. അന്ന് കടലില്‍ പോയവന്‍ ആരായിരുന്നു? അപ്പോള്‍ ഇവന്‍ ആര്‌? അമേരിക്കയുടെ ഒരു സാധനം എങ്ങനെ ഇന്ത്യന്‍ തീരത്തെത്തി. നമ്മുടെ തലയില്‍ വീണില്ലെങ്കില്‍ ആരുടെ തലയില്‍ വീണു? ഇതാ ഒരു രത്ന ചുരുക്കം.

1. മിര്‍-ന്റെ പൂര്‍വ്വികന്‍ ആയി, ആദ്യത്തെ സ്പേസ്‌ സ്റ്റേഷന്‍ ആയിരുന്നു സ്‌കൈലാബ്‌. ഭൂമിക്ക്‌ മീതെ ശൂന്യാകാശത്തില്‍ ഒരു ഭാരമായി (ഏകദേശം 75 ടണ്‍) 1973 മുതല്‍ 1979 വരെ വസിച്ചു. മുമ്പ്‌ കണക്കാക്കിയിരുന്ന ആയുസ്സായ 8 വയസ്സ്‌ തികയുന്നതിന്‌ മുമ്പേ 1979-ല്‍ അകാല മൃത്യു അടഞ്ഞു.

2. 1973ലും, 74ലും ആയി മൂന്ന് തവണ നടന്ന സന്ദര്‍ശനങ്ങളിലായി 2476 തവണ ഭൂമിക്ക്‌ വലം വച്ചു. 74ല്‍ നടന്ന അവസാന സന്ദര്‍ശനത്തിന്‌ ശേഷം പാര്‍ക്കിംഗ്‌ ഓര്‍ബിറ്റില്‍ അനാധമായി കിടന്നു. ഈ സമയത്ത്‌, മുന്‍പ്‌ ശ്രാസ്ത്രജ്ഞര്‍ ശ്രദ്ധിക്കാതിരുന്ന അന്തരീക്ഷത്തിലെ ചില മാറ്റങ്ങള്‍ ഇതിനെ ബാധിച്ചു. സംരക്ഷണത്തിന്റെ അവസാന ശ്രമം എന്ന നിലയില്‍ ആലോചന നടന്നത്‌ 1979ല്‍ ആയിരുന്നു. അപ്പോള്‍ നിര്‍ത്തിയിരുന്ന ഓര്‍ബിറ്റില്‍ നിന്നും ഉയര്‍ത്തി മാറ്റി സ്ഥാപിക്കാനുള്ള ശ്രമം പിന്നീട്‌ ഉപേക്ഷിക്കുകയായിരുന്നു.

3. സുരക്ഷിതമായി നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങള്‍ വാര്‍ത്ത പ്രാധാന്യം നേടുകയും, പലരും വായിച്ച്‌ പേടിക്കുകയും ചെയ്തു :).

4. ഒടുവില്‍ 1979 ജൂലൈ 11-ാ‍ം തീയ്യതി തലശ്ശേരി തീരത്തെ ഒഴിവാക്കി കൊണ്ട്‌ അങ്ങകലേ പടിഞ്ഞാറേ ആസ്ത്രേയിലയിലെ റോലീന എന്ന ജനസാന്ദ്രത കുറഞ്ഞ ഗ്രാമത്തില്‍ തകര്‍ന്ന് വീണു. അപകടത്തില്‍ 3 പശുക്കള്‍ കൊല്ലപ്പെട്ടു. പരിസര മലിനീകരണത്തിന്‌ അവിടത്തെ അധികാരികള്‍ അമേരിക്കന്‍ ഗവണ്മെന്റിനെതിരെ $400 പിഴ ചുമത്തുകയും ചെയ്തു.

5. ഞാന്‍ കണ്ട സ്‌കൈലാബ്‌? എന്തായാലും ഉണ്ടാക്കുകയല്ലേ, രണ്ടെണ്ണം എക്സ്റ്റ്രാ ഇരിക്കട്ടെ എന്നു കരുതി നിര്‍മ്മിച്ചതില്‍ ഒരെണ്ണം ഡി.സി.യിലും ഒരെണ്ണം ഹൂസ്റ്റണിലും ഉണ്ട്‌.

കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ, ഇവിടെ, ഇവിടെ.

August 16, 2006

ബ്ലൂമിങ്ങ്ഡേല്‍സിന്റെ ഫോട്ടോ ഷൂട്ട്‌

പ്രീമിയം ഔട്ട്‌ലറ്റുകളിലൂടെ വിലകൂടിയ ഹൈ-ഫാഷന്‌ തുണിത്തരങ്ങള്‍ വില്‍പ്പന നടത്തുന്ന ബ്ലൂമിങ്ങ്ഡേല്‍സിന്റെ ഫാഷന്‍ ഫോട്ടോ ഷൂട്ടിന്റെ ഒരു ലൊക്കേഷന്‍ ന്യൂയോര്‍ക്കിലെ ഗണേശ ടെമ്പിള്‍ കൂടിയായിരുന്നു. അലങ്കാര ദീപങ്ങള്‍ക്ക്‌ നടുവില്‍ കയ്യില്‍ കത്തുന്ന മെഴുകുതിരിയും മുഖത്ത്‌ നിറ ചിരിയുമായി പോസ്‌ ചെയ്യുന്ന മോഡലിന്റെ സൗന്ദര്യത്തെ ഒപ്പിയെടുക്കാന്‍ ഇന്നലെ വൈകുന്നേരം ക്യാമറ കണ്ണുകള്‍ ഏറേ തവണ തുറന്നടഞ്ഞു. ദീപാലങ്കാരങ്ങള്‍ക്കൊപ്പം ആര്‍ക്ക്‌ ലൈറ്റില്‍ തിളങ്ങി നിന്ന മോഡലും, ചുവരിലെ നടരാജ വിഗ്രഹവും, ബാക്ക്ഗ്രൗണ്ടില്‍ ഒരുക്കിയ സ്റ്റഫ്ഫ്‌ ചെയ്ത്‌ മയിലും ഫാഷന്‍ മാസികളിലെ താളുകള്‍ ശ്രദ്ധേയമാക്കും.

August 14, 2006

ജപ്തി ഭീഷണി

കാലം ശരിയല്ലെന്ന് തോന്നുന്നു. ജപ്തി ഭീഷണി, കിടപ്പാടം നഷ്ടപ്പെടല്‍ തുടങ്ങിയവയൊക്കെ നേരിടുന്നത്‌ പാവപ്പെട്ടവരും കര്‍ഷകരും മാത്രമല്ലെന്ന് തോന്നുന്നു. സൗരയൂഥത്തിലെ ഒന്‍പതംഗ ലിസ്റ്റില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി നേരിട്ട്‌ ഇരിക്കുകയാണ്‌ പ്ലൂട്ടോ. സൂര്യനെ ചുറ്റിപറ്റി ജീവിക്കുന്ന ഗ്രഹങ്ങളുടെ പേരുകള്‍ ചൊല്ലി പഠിച്ചവരും പാടി പറഞ്ഞവരും ഇനി ഒന്നു വിഷമിക്കും.

അന്തിമ തീരുമാനം അറിയാന്‍ കുറച്ച്‌ ദിവസം പിടിക്കും. ഇന്ന് ആരംഭിച്ച്‌ ആഗസ്റ്റ്‌ 25 വരെ നീളുന്ന International Astronomical Union-ന്റെ സമ്മേളനത്തിലെ മുഖ്യ വിഷയം ഇതായിരിക്കും. 75 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സമ്മേളനം തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ പ്ലൂട്ടോയെ സൗരയൂഥത്തില്‍ നിന്ന്‌ പുറത്താക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരികളില്‍ ആണ്‌. പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുന്ന ഈ അവസരത്തില്‍ ഒരു ഗ്രഹത്തെ എങ്ങനെ നിര്‍വചിക്കാം എന്ന ചര്‍ച്ചായിരിക്കും ഏറ്റവും സംസാര വിഷയമാവുക. അടുത്ത കുറച്ച്‌ ദിവസങ്ങളില്‍ ഇതേ കുറിച്ച്‌ വരുന്ന വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം.

വിഭാഗം:ശാസ്ത്രം

August 03, 2006

ജനാധിപത്യത്തിന്‌ പുതിയ മാര്‍ക്കറ്റ്‌

കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ടീംസിന്‌ ഇനി നിദ്രാ വിഹീനങ്ങളായ രാത്രികള്‍ ആയിരിക്കും. പത്ത്‌ നാല്‍പ്പത്‌ കൊല്ലം കുത്തിത്തിരിപ്പ്‌ നടത്തിയിട്ടും ഒതുങ്ങാത്ത ഫിദേല്‍ രോഗക്കിടക്കയില്‍ ലോക പോലീസിന്റെ മുമ്പില്‍ മുട്ട്‌ മടക്കുമായിരിക്കും. ധവള മാളികയിലെ ബുദ്ധി രാക്ഷസന്മാര്‍ രാഷ്ട്രീയ കുബുദ്ധി ഉപയോഗിക്കുന്നുണ്ടാവും, എങ്ങിനെ ക്യൂബയില്‍ ജനാധിപത്യം ഉറപ്പിക്കാം എന്ന്. പക്ഷെ അടുത്ത കാലത്തായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചടുത്ത്‌ നിന്നെല്ലാം പരാജയത്തിന്റെ മാംസ ഗന്ധം ഉയരുന്നത്‌ പോലെ ഇവിടെ ഉണ്ടാവാതിരിക്കട്ടെ. ഈ പ്രാവശ്യമെങ്കിലും പാവങ്ങളും നിരപരാധികളും ബലിയാടുകള്‍ ആവാതിരിക്കട്ടെ.

ഇനി അങ്ങിനെ ഒന്നും സംഭവിക്കില്ലെന്നും, ഇതെല്ലാം എന്റെ hallucinations മാത്രമാണെന്നും കാലം തെളിയിക്കട്ടെ.