August 03, 2006

ജനാധിപത്യത്തിന്‌ പുതിയ മാര്‍ക്കറ്റ്‌

കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ടീംസിന്‌ ഇനി നിദ്രാ വിഹീനങ്ങളായ രാത്രികള്‍ ആയിരിക്കും. പത്ത്‌ നാല്‍പ്പത്‌ കൊല്ലം കുത്തിത്തിരിപ്പ്‌ നടത്തിയിട്ടും ഒതുങ്ങാത്ത ഫിദേല്‍ രോഗക്കിടക്കയില്‍ ലോക പോലീസിന്റെ മുമ്പില്‍ മുട്ട്‌ മടക്കുമായിരിക്കും. ധവള മാളികയിലെ ബുദ്ധി രാക്ഷസന്മാര്‍ രാഷ്ട്രീയ കുബുദ്ധി ഉപയോഗിക്കുന്നുണ്ടാവും, എങ്ങിനെ ക്യൂബയില്‍ ജനാധിപത്യം ഉറപ്പിക്കാം എന്ന്. പക്ഷെ അടുത്ത കാലത്തായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചടുത്ത്‌ നിന്നെല്ലാം പരാജയത്തിന്റെ മാംസ ഗന്ധം ഉയരുന്നത്‌ പോലെ ഇവിടെ ഉണ്ടാവാതിരിക്കട്ടെ. ഈ പ്രാവശ്യമെങ്കിലും പാവങ്ങളും നിരപരാധികളും ബലിയാടുകള്‍ ആവാതിരിക്കട്ടെ.

ഇനി അങ്ങിനെ ഒന്നും സംഭവിക്കില്ലെന്നും, ഇതെല്ലാം എന്റെ hallucinations മാത്രമാണെന്നും കാലം തെളിയിക്കട്ടെ.

25 Comments:

 1. At 8/03/2006 10:30 PM, Blogger വക്കാരിമഷ്‌ടാ said...

  ഇവിടെ ഒരു ചെറിയ ലേഖനം അതിനെപ്പറ്റി. സ്മിത് ഇന്‍ ജപ്പാന്റെ കമന്റും വായിക്കുക

   
 2. At 8/03/2006 10:50 PM, Blogger prapra said...

  അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ് നീങ്ങുന്നത്‌. കഷ്ടം അല്ലാതെന്ത് പറയാന്‍. ഇങ്ങനെ ഒരു കാര്യത്തിന്‍ വേണ്ടി $80M കൂടി കൊടുക്കാന്‍ തീരുമാനം ആയല്ലോ? ഒരുപാട് ആലോചിക്കാതിരുന്നാല്‍ മനസ്സമാധാനം കൂടും.

   
 3. At 8/03/2006 10:55 PM, Anonymous Anonymous said...

  ഇവിടെ അങ്ങ് താഴെ കുറച്ചും കൂടി പോയാല്‍ ക്യൂബാ കോളനികള്‍ ഉണ്ട്..അവിടെയൊക്കെ മത്താപ്പൂവും കാറിന്റെ ഹോണും കൊണ്ട് ഇരിക്കാന്‍ മേലാന്നാ പറ്യണെ..

  പക്ഷെ കാസ്റ്റ്രോ ആരാ മോന്‍? അമേരിക്കയുടെ മൂക്കിന്റെ തുമ്പത്ത് നിന്ന് നൃത്തം ചവിട്ടുന്ന ആളല്ലെ..? ആ നൃത്തം തുടരുക തന്നെ ചെയ്യും..എന്ന് എനിക്ക് തോന്നുന്നു...

   
 4. At 8/03/2006 11:10 PM, Blogger ഭായ് said...

  കാസ്ട്രോ സഹോദരങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ചെറുത്തുനില്പ് അവസാനിക്കാറായെന്ന് തോന്നുന്നു. കുറുക്കന്റെ വെള്ളിക്കാശുപറ്റി സ്വന്തം നാടിനെ അടിയറവു വയ്ക്കാന്‍ താമസിയാതെ ഏതെങ്കിലും നാറി ക്യൂബയില്‍നിന്നുതന്നെ വരും. അങ്ങനെ രാജ്യം ദുര്‍ബലമാകുമ്പോള്‍ കുറുക്കന്‍ കേറിമേഞ്ഞ് മതിയാവോളം ചോര കുടിക്കും. അതാണല്ലോ കുറേക്കാലമായിക്കാണുന്നതും.

   
 5. At 8/03/2006 11:27 PM, Blogger prapra said...

  ഇഞ്ചീസ്.. വിപ്ലവത്തിന്റെ വീര്യവും, അണികളുടെ ശക്തിയും, ചെഗുവേരയുടെ മിടുക്കും, ക്രൂഷ്‌ചേവിന്റെ റൂബിളിന്റെ ബലവും ഉണ്ടായിരുന്നു കുറേ കാലത്തോളം. പക്ഷെ ഇതിന് ശേഷവും കാസ്റ്റ്രോ നൃത്തം കവുട്ടിച്ചിരുന്നു അമേരിക്കയെ.

  ഭായ്, ആ കുറുക്കന്‍ ഇന്ന് ചീഞ്ഞ് നാറിയ ശവത്തില്‍ നിന്ന്‌ ഉണങ്ങി പറ്റിയ ചോര വരെ നക്കി എടുക്കാന്‍ ശ്രമിക്കുന്നത് ലോകം കാണുന്നുണ്ടല്ലോ?

   
 6. At 8/03/2006 11:31 PM, Blogger വക്കാരിമഷ്‌ടാ said...

  ആക്‍ച്വലി, ഇവിടെയൊക്കെ എന്താണ് സ്ഥിതിവിശേഷം?

  കാസ്റ്റ്രോയുടെ ഭരണം നല്ലതാണോ? ക്യൂബന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും കാസ്റ്റ്രോയെയാണോ പിന്തുണയ്ക്കുന്നത്?

  അതോ ആന്റി-അമേരിക്കനിസം കാസ്റ്റ്രോ മുതലെടുക്കുന്നതാണോ?

  കാസ്റ്റ്രോ ഭരണത്തിലുള്ള പ്രശ്‌നങ്ങളെന്തൊക്കെ?

   
 7. At 8/03/2006 11:33 PM, Anonymous Anonymous said...

  കുറുക്കന്‍ കുറേ അധികം സ്ഥലത്ത് പിടിച്ച് നിക്കാന്‍ നോക്കണുണ്ടെങ്കിലും പറ്റണില്ല്യല്ലോ..

  പരോപകാരി ചേട്ടന്‍ പറഞ്ഞ..ആ
  “അണികളുടെ ശക്തി” ഒരു ഇമ്മിണി വല്ല്യ ശക്തിയാണ്...എന്റെ അഭിപ്രായത്തില്‍..ഏത് കൊലകൊമ്പന്‍ ആണെങ്കിലും ഒരു രാജ്യത്തെ ആളുകള്‍ ഒത്തു പിടിച്ചാല്‍ ഏത് പോലിസുകാ‍രനേയും ഓടിക്കാം..അതിന്..ഒരു ബി-52-ഉം ഒന്നും വേണ്ടാ..ജസ്റ്റ് മനോവീര്യം..
  ഇതൊരു യുട്ടോപ്പ്യന്‍ വാദം ആവാം..എന്നാലും..അങ്ങിനെ തന്നെയുള്ള എക്സാമ്പിള്‍സ് ആണല്ലൊ ഇഷ്ടം പോലെ..

   
 8. At 8/04/2006 1:42 AM, Blogger സന്തോഷ് said...

  ബേയ്സ്ബോള്‍ കളിക്കാരില്‍ അനവധി ക്യൂബക്കാരുണ്ട്. അവര്‍ സ്ക്രീനില്‍ വന്നാലുടന്‍ തുടങ്ങുകയായി അല്പജ്ഞാനികളായ തത്സമയ സം‍പ്രേഷണക്കാരുടെ ജല്പനങ്ങള്‍: “തോക്കിന്‍ തുമ്പില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയിലെത്തി, ജീവിതവും കുടുംബവും രക്ഷിച്ച മഹാന്‍... ക്രൂരനായ ക്യാസ്റ്റ്രോയുടെ അതിലും ക്രൂരന്മാരായ പൊലീസിനെയും പട്ടാളത്തെയും വെല്ലുവിളിച്ച ധീരന്‍... അടിച്ചമര്‍ത്തലിനെതിരെയും കമ്യൂണിസത്തിനെതിരെയുമുള്ള എതിര്‍പ്പും വിദ്വേഷവും പ്രകടിപ്പിക്കാന്‍ കളിക്കാരനായ മഹദ്‍വ്യക്തി...”

  ക്യൂബന്‍ ദേശീയ ടീമിനെതിരെ പൊരുതാന്‍, പക്ഷേ, കെല്പില്ല ഈ ദേശത്തിന്‍റെ അമാനുഷരായ കളിക്കാര്‍ക്ക്!

   
 9. At 8/04/2006 2:29 AM, Blogger അരവിന്ദ് :: aravind said...

  അതെ..വക്കാരിയുടെ ചോദ്യം തന്നെ എനിക്കും. കാസ്ട്രോ സത്യത്തില്‍ നല്ല ഒരു ഭരണകര്‍ത്താവാണോ?
  അമേരിക്കയില്‍ ക്യൂബക്കാര്‍ സംഗതി ആഘോഷിക്കുകയാണെന്നും കേട്ടു.

  ലോകം വെറുതേ പതിവുപോലെ ആന്റി അമേരിക്കന്‍ സെന്റിമെന്റ്സ് മുതലെടുക്കുകയാണെന്ന് തോന്നുന്നു.

  അമേരിക്ക തെറ്റുകള്‍ ചെയ്യുന്നുണ്ട്, പക്ഷേ ഒത്തിരി ശരികളും ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും ശക്തി കൂടിയ രാജ്യം അമേരിക്കയല്ലാതെ വല്ല കമ്യൂണിസ്റ്റ് രാജ്യമോ “പ്സ്യൂഡോ ജിഹാദ്”രാജ്യമോ ആയിരുന്നെങ്കിലത്തെ സ്ഥിതി ഒന്നാലോചിച്ച് നോക്ക്യാല്‍ മാത്രം മതി, ഞാന്‍ അമേരിക്കയെ പിന്തുണക്കും.

  അമേരിക്കയിലുള്ളവര്‍ അമേരിക്കയെ കുറ്റം പറയാതെ അവിടെ പേപ്പറും മറ്റ് മാധ്യമങ്ങളും അവരുടെ പോളിസികളെ വിലയിരുത്തുന്നത് എഴുതിയാല്‍ ചില ന്യായങ്ങളൊക്കെ പൊള്ളയല്ലെന്ന് എല്ലാവര്‍ക്കും മനസ്സിലാകില്ലേ?

   
 10. At 8/04/2006 2:40 AM, Blogger അപ്പൊള്‍ ദമനകന്‍ ... said...

  കാസ്ട്രോ നല്ല ഭരണകര്‍ത്താവാണോ എന്ന ചോദ്യത്തിന് ആപേക്ഷികമായ ഉത്തരമേ കിട്ടൂ. ബുഷ് നല്ല ഭരണകര്‍ത്താവാണോ എന്നു ചോദിച്ചാലും അതെ.
  സ്വന്തം ബിസ്സിനസ്സ് ലാഭം നോക്കി മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെട്ടിട്ട് അതിന് അവിടെ ജനാധിപത്യം കൊണ്ട് വരാനുള്ള ശ്രമമാണെന്നു പറയുന്നതിനെ എതിര്‍ക്കേണ്ടതു തന്നെ ആണ്. സൌദിയിലൊ, മറ്റ് മിഡ് ല്‍ ഈസ്റ്റ് രാജ്യങ്ങളിലൊ അതിന് യു എസ് ശ്രമിക്കുന്നുമില്ലല്ലോ.

   
 11. At 8/04/2006 3:38 AM, Blogger വക്കാരിമഷ്‌ടാ said...

  അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ ഇടപെട്ടത് ബിസിനസ്സ് നോക്കിയാണോ? അറിയില്ല, ചിലപ്പോള്‍ ആയിരിക്കാം-അല്ലായിരിക്കാം. നിസ്വാര്‍ത്ഥ സേവനമൊന്നും ഇക്കാലത്ത് ആരുടെ കൈയ്യില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്ന് തോന്നുന്നു.

   
 12. At 8/04/2006 3:46 AM, Blogger ശ്രീജിത്ത്‌ കെ said...

  യുദ്ധം ഒരു ബിസിനസ്സ് തന്നെ ആണ് അമേരിക്കയ്ക്ക്. അവര്‍ കണ്ട് പിടിക്കുന്ന പുതിയ ആയുധങ്ങളും യുദ്ധക്കോപ്പുകളും പരീക്ഷിക്കുന്നത് ഈ യുദ്ധങ്ങളിലാണ്. ഇറാക്ക് യുദ്ധത്തില്‍ അമേരിക്ക പരീക്ഷിച്ച പുതിയ മിസൈലുകള്‍ക്ക് കയ്യും കണക്കുമില്ല. പോരാണ്ട് ഈ മിസൈലുകളൊക്കെ വിജയമായാല്‍ അത് വാങ്ങാന്‍ മറ്റ് രാജ്യങ്ങളും തയ്യാറാകും. ഒരു വെടിക്ക് രണ്ട് പക്ഷി. പുതിയ ആയുധങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കും തീവ്രവാദികള്‍ക്കും ഡെമോ കാണിക്കല്‍ ആയി മാറുന്നു അമേരിക്കയുടെ യുദ്ധങ്ങള്‍

   
 13. At 8/04/2006 4:00 AM, Blogger അരവിന്ദ് :: aravind said...

  യുദ്ധം അങ്ങോട്ട് ചെന്ന് ചോദിച്ചു വാങ്ങുന്നതല്ലേ ശ്രീ? ഇറാക്കിനെയല്ല, 9/11 ശേഷം ലോകത്തില്‍ അമേരിക്കക്ക് തോന്നുന്നവരെ ആക്രമിക്കാനുള്ള ജസ്റ്റിഫിക്കേഷന്‍ അമേരിക്കക്ക് ഉണ്ടായിരുന്നു...ഏതെങ്കിലും രാജ്യം സഹിക്കുമോ 9/11ല്‍ സംഭവിച്ചത്? (ഇന്ത്യ ഒഴികെ..മാക്സിമം ബോറ്ഡറില്‍ കുറെ പട്ടാളക്കാരെ നിരത്തും, രണ്ട് മാസം കഴിയുമ്പോള്‍ തിരിച്ചും വിളിക്കും. വെറും ഉണ്ടയില്ലാ വെടി)

  ഇറാക്കിനെ ആക്രമിച്ചത് തെറ്റായോ അബദ്ധമായോ എന്നതൊക്കെ വേറെ വിഷയം, പക്ഷേ സദ്ദാം അവിടെ തുടര്‍ന്നിരുന്നെങ്കില്‍ തീര്‍ച്ചയായും ഇറാക്ക് ഒസാമയുടെ ഹോളിഡേ റിസോര്‍ട്ട് ആയേനെ.ലോകം പൊറുതി മുട്ടിയേനെ. ഇന്ത്യയടക്കം.

  പിന്നെ യുദ്ധങ്ങളില്‍ പുതിയ ആയുദ്ധം പ്രയോഗിക്കാതെ? പ്രിസിഷന്‍ ഗൈഡഡ് മിസൈലൊക്കെ ഉപയോഗിക്കുന്നത്
  നല്ലതല്ലേ? സിവിലിയന്‍സിനെ ഒഴിവാക്കി ആക്രമിക്കാവുന്ന ആയുധങ്ങളൊക്കെ? പിന്നെ അമ്പും വില്ലും, ഒന്ന് പൊട്ടിച്ചാല്‍ കമ്പിയിട്ട് കുത്തി അടുത്ത വെടി നിറക്കുന്ന തോക്കുമൊക്കെ ഉപയോഗിക്കാന്‍ പറ്റുമോ? യുദ്ധം ബിസിനസ്സ് തന്നെ. നിലനില്‍പ്പിന്റെ.

  ബിസിനസ്സ് ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിലെന്താണ് തെറ്റ്? സഹായമായി പൈസ വന്നാല്‍ വാങ്ങാന്‍ ഒരു മടിയുമില്ല...ടെക്‍നോളജിയും.
  ഇങ്ങനെ വെറുതേ തരാന്‍ അവരുടെ കൈയ്യില്‍ പൈസാ എവിടുന്നാ? ബിസിനസ്സ് നടത്തിയിട്ട് തന്നെയാ. ബിസിനസ്സ് എന്നതിനര്‍ത്ഥം കീടനാശിനിയുള്ള പെപ്സി-കോക്ക് വാങ്ങിക്കുടിക്കുക എന്ന് മാത്രമാണെന്ന് തെറ്റിദ്ധരിക്കല്ലേ..(നാട്ടിലെ പതിവാ അത്)

   
 14. At 8/04/2006 4:04 AM, Blogger വക്കാരിമഷ്‌ടാ said...

  അപ്പോള്‍ പിന്നെ കാലങ്ങളായിട്ടുള്ള ആ ഉല്‍‌പ്രേക്ഷ..

  ..ഈ ബിസിനസ്സില്‍ നിന്നൊക്കെ പൈസയുണ്ടാക്കിയല്ലേ അമേരിക്ക ഇത്രയും പുരോഗതി കൈവരിച്ചത്. അങ്ങിനെയുള്ള പുരോഗതിയുടെ ഫലം നമ്മള്‍ പല രീതിയിലും അനുഭവിക്കുന്നില്ലേ- നേരിട്ടും, അല്ലാതെയും. നമ്മളില്‍ പലരും അമേരിക്ക ഇങ്ങിനെയൊക്കെയാണ് എന്നറിഞ്ഞിട്ടും അങ്ങോട്ട് കുടിയേറുക പോലും ചെയ്യുന്നു. അങ്ങിനെ വരുമ്പോള്‍ നമ്മളും പരോക്ഷമായി അമേരിക്കയുടെ ഈ ബിസിനസ്സുകളെ പിന്തുണയ്ക്കുകയല്ലേ. അപ്പോള്‍ ധാര്‍മ്മികമായി നോക്കിയാല്‍ നമ്മളില്‍ പലര്‍ക്കും അമേരിക്കയെ കുറ്റം പറയാന്‍ എത്രത്തോളം പറ്റും? നമ്മളും കൂടിയൊക്കെ ചേര്‍ന്നല്ലേ അമേരിക്കയെ ഇങ്ങിനെ പുരോഗമിപ്പിക്കുന്നത്. ഒരു ക്വിറ്റ് അമേരിക്ക കുടിയേറ്റക്കാരും നമ്മളുമൊക്കെക്കൂടി നടത്തിയാലോ..

  ഇതൊരു കോമ്പ്ലിക്കേറ്റഡ് സംഗതിയാണെന്ന് തോന്നുന്നു. ആശ്രിതത്വം ഉണ്ടെന്ന് വെച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതിരിക്കണമെന്നില്ല എന്ന് തോന്നുന്നു. മാത്രവുമല്ല, അമേരിക്കയില്‍ നിന്ന് പൂര്‍ണ്ണമായ ഒരു മോചനം ലോകത്തിന് സാധ്യവുമല്ലായിരിക്കും (അറിയില്ല). അതുകൊണ്ട് നമ്മളാരും മിണ്ടാതിരിക്കണമെന്നില്ല.

  ഉല്‍‌പ്രേക്ഷയായി.

   
 15. At 8/04/2006 4:06 AM, Anonymous Anonymous said...

  ഇത്രയും കാലം ക്യൂബയെ ദ്രോഹിക്കാന്‍ ശ്രമിച്ച അമേരിക്കയ്ക്ക്‌ അതിന് കിട്ടാ‍ന്‍ പോകുന്ന തിരിച്ചടി കനത്തതാണ്.
  http://www.hindu.com/2006/07/29/stories/2006072908761400.htm

  അതോ എണ്ണയുടെ പേരില്‍ മറ്റൊരു യുദ്ധത്തിന് അമേരിക്ക കോപ്പു കൂട്ടുമോ?

   
 16. At 8/04/2006 4:08 AM, Blogger വക്കാരിമഷ്‌ടാ said...

  ഇറാഖ് യുദ്ധത്തെ എത്രമാത്രം ന്യായീകരിക്കാമെന്നറിയില്ല. വെറും ഊഹത്തിന്റെയും ഇല്ലാത്ത കാര്യത്തിന്റെയും പേരില്‍ നമ്മുടെ അയല്‍‌പക്കക്കാരന്‍ നമ്മളെ വന്ന് തല്ലിയാല്‍ നമ്മള്‍ എന്തു ചെയ്യും? മാത്രവുമല്ല, ഒസാമ അവിടെ കാലു കുത്താതിരിക്കുക എന്നുള്ളത് സദ്ദാമിന്റെ ആവശ്യവുമായിരുന്നു എന്ന് കേള്‍ക്കുന്നു-കാരണം അതോടെ സദ്ദാമിന്റെ പ്രാധാന്യം ചിലപ്പോള്‍ പോയേനെ എന്ന്- കേള്‍വി മാത്രമാണ്.

  അമേരിക്കയ്ക്ക് ഇരട്ടത്താപ്പുണ്ട്. പക്ഷേ നമ്മളില്‍ എത്രപേര്‍ക്ക് ധാര്‍മ്മികമായി അമേരിക്കയെ കുറ്റം പറയാം എന്നുള്ളതാണ് എന്റെ ഒരു സംശയം. അതോ അതൊരു പ്രശ്‌നമല്ലേ. അമേരിക്ക കണ്ടുപിടിച്ച കാറല്ലേടാ നീ ഓടിക്കുന്നത്, അതുകൊണ്ട് നീ അമേരിക്കയെപ്പറ്റി മിണ്ടരുത് എന്നോ, ബില്‍‌ഗേറ്റ്‌സിന്റെ മാക്രിവിന്‍‌ഡോയിലെ ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ കൂടിയല്ലേടേ നീ ഈ കുറ്റം മുഴുവന്‍ അമേരിക്കയെപ്പറ്റി എഴുതുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മൊത്തത്തില്‍ ബാലിശമാണോ?

   
 17. At 8/04/2006 4:13 AM, Blogger അപ്പൊള്‍ ദമനകന്‍ ... said...

  ഇവിടെ കൂടി ഒന്നു നോക്കു.
  വക്കാരിയുടെ ഊര്‍ജ്ജതന്ത്രം പോസ്റ്റില്‍ പറയുന്ന പോലെ ഇത് എന്തെങ്കിലും ശരിയായാല്‍ പിന്നെ സൌദിയോടുല്ല സമീപനം എന്താകുമൊ ആവൊ.
  ബിസ്സിനസ്സ് സംരക്ഷിക്കുന്നതിന് കുഴപ്പമില്ല, പക്ഷെ എന്നാല്‍ അത് ആണ് ചെയ്യുന്നത് എന്ന് പറയണം.

   
 18. At 8/04/2006 4:23 AM, Blogger വക്കാരിമഷ്‌ടാ said...

  ആരായാലും എന്തെങ്കിലും എവിടെയെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും ഉദ്ദേശം അതിനു പിന്നില്‍ കാണും-പ്രത്യേകിച്ചും ബിസിനസ്സിന് പേരുകേട്ട അമേരിക്ക പോലുള്ള രാജ്യങ്ങള്‍. അത് ഇന്നത്തെ കാലത്ത് ഒരു നഗ്‌ന യാഥാര്‍ത്ഥ്യം തന്നെയാണെന്ന് തോന്നുന്നു. പക്ഷേ പിന്നെയും എന്റെ സംശയം കുറ്റപ്പെടുത്തുന്നതിലെ ധാര്‍മ്മികതയാണ്.

  ആള്‍‌ട്ടര്‍നേറ്റ് ഫ്യൂവല്‍ ഗവേഷണത്തിന് തടസ്സം നില്‍‌ക്കുന്നതും ഓയില്‍ മുതലാളിമാരാണ്-അമേരിക്കയുള്‍പ്പടെ. പക്ഷേ ആ ഗവേഷണം മുന്നേറിയേ പറ്റൂ-മുന്നേറുന്നുണ്ട് താനും- അമേരിക്കയിലുള്‍പ്പടെ. ജപ്പാനിലും ഫ്യൂവല്‍ സെല്‍ ഗവേഷണങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. സമയം എടുക്കും എന്ന് മാത്രം. അത് നിലവില്‍ വന്നുകഴിഞ്ഞാല്‍ അതിനനുസരിച്ചായിരിക്കും അമേരിക്കയുടെ നയം. പക്ഷേ അത് അങ്ങിനെ തന്നെയല്ലേ ആവൂ.

   
 19. At 8/04/2006 4:58 AM, Blogger അപ്പൊള്‍ ദമനകന്‍ ... said...

  അമേരിക്ക കണ്ട്പിടിച്ചതാണ് കാറും കമ്പ്യുട്ടറും എന്ന് എനിക്ക് തോന്നുന്നില്ല, അതെല്ലാം മനുഷ്യ രാശിയുടെ സംഭാവനയാണ് എന്ന് ഞാന്‍ പറയും. കാറിനും കമ്പുട്ടറിനും പിന്നില്‍ അനവധി രാജ്യക്കാരുടെ കണ്ട്പിടുത്തങ്ങളുടെ സംഭാവന ഇല്ലേ? ഒരു രാജ്യത്തോടല്ല, മനുഷ്യരാശിയോടാണ് വിധേയത്വം വേണ്ടത് എന്ന് ഞാന്‍ പറയും. ഈ മനുഷ്യരാശിയില്‍ അമേരിക്കക്കാരും പെടും. അമേരിക്ക എന്ന രാജ്യത്തോടൊ അവിടത്തെ ജനങ്ങളൊടൊ ബിസ്സിനസ്സ് കാരോടൊ അല്ല, മറിച്ച്, അവിടത്തെ രാഷ്ട്രീയക്കാരുടെ മനുഷ്യത്തരഹിതവും ജനാധിപത്യവിരുദ്ധവുമായ ചില നയങ്ങളോടാണ് എതിര്‍പ്പ്.

   
 20. At 8/04/2006 5:07 AM, Blogger അരവിന്ദ് :: aravind said...

  എന്തൂഹാപോഹം വക്കാര്യേ?
  സദാം നല്ല തങ്കപ്പെട്ട മനുഷേനാണെന്നാണോ പറഞ്ഞ് വരുന്നേ? മൂപ്പര് ചെയ്തതിന് മൂപ്പര്‍ക്ക് കിട്ടി.
  ആവുന്നതേ പറഞ്ഞതല്ലേ, എല്ലാ ഗവേഷണസ്ഥാപനങ്ങളും തുറന്നിടാന്‍? കേട്ടില്ലല്ലോ?
  അപ്പോ എന്തിനാ അങ്ങനെ ഇറാക്കിനോട് മാത്രം പറഞ്ഞതെന്നോ? കുവൈറ്റിനെ പോയി ആക്രമിക്കണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഷേക്കുമാര്‍ കാലുപിടിച്ച് കേണിട്ട് തന്നെയല്യോ പിന്നീടവര്‍ക്ക് തൊലി വെളുത്ത നായ്ക്കള്‍ ആയ അമേരിക്കക്കാര്‍ അവിടെ വെടിക്കോപ്പും കൊണ്ട് വീമാനമെറങ്ങിയത്?
  ഒരിക്കല്‍ തറ്റു ചെയ്താല്‍ ഇന്നത്തെ ലോകത്ത് പിന്നെ രക്ഷയില്ല വക്കാരി...വേറൊരു ഹിറ്റ്ലറും തിരിച്ചു വരാന്‍ ആരും സമ്മതിക്കില്ല. നഷ്ടപ്പെടാന്‍ ഏറെയുണ്ടേ.
  ചില രാജ്യങ്ങളിലെ നേതാക്കള്‍ ശരിയല്ല വക്കാരി..ശരിയും തെറ്റും ആപേക്ഷികമാണെങ്കിലും..അങ്ങനെയാകുമ്പോള്‍ ഭൂരിപക്ഷമെടുക്കണം. സദാമിനെ കൊണ്ട് ലോകത്തിന്‍ ഭാവിയില്‍ ദോഷമല്ലാതെ നയാപൈസ ഗുണം ഉണ്ടാവാന്‍ ഞാനൊരു സ്കോപ്പും കാണുന്നില്ല. അവരുടെ കുറേ ടെക്‍നോളജി കൂടെ ഉപയോഗിച്ച് ഒസാമ ബോംബ് പൊട്ടിച്ചു രസിച്ചേനെ...
  അമേരിക്ക മിസ്റ്റര്‍ പെര്‍ഫെക്റ്റാണെന്ന് എനിക്ക് തീരെ അഭിപ്രായമില്ല..എന്തിന് കാഷ്മീരില്‍ ഇന്ത്യ കാണിക്കുന്നതു പോലും കമ്പ്ലീറ്റ് ശരിയാണെന്നഭിപ്രായമില്ല...പിന്നെ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന ആ പോളിസി. അത്ര മാത്രം.
  ക്യാന്‍സറു വേണോ കാലില്‍ മന്തു വേണേ എന്നു ചോദിച്ചാല്‍ എന്തെങ്കിലും ഒന്നെടുത്തല്ലേ പറ്റൂ?
  :-))

   
 21. At 8/04/2006 5:28 AM, Blogger വക്കാരിമഷ്‌ടാ said...

  പറഞ്ഞൂ, കേട്ടില്ല എന്നത് ആക്രമിക്കാനുള്ള ഒരു ന്യായമായി തോന്നുന്നില്ല അരവിന്ദാ. നല്ലതങ്കയല്ലാത്ത മനുഷ്യരെ നല്ലതങ്കയാക്കാനുള്ള ചുമതല അമേരിക്കയെ ഏല്‍പ്പിച്ചിട്ടുമില്ലായിരുന്നു. ഇനി ധാര്‍മ്മികതയുടെ പേരിലാണ് ചെയ്യുന്നതെങ്കില്‍ വേറേ എത്ര രാജ്യങ്ങളുണ്ടായിരുന്നു, ഉത്തരകൊറിയ ഉള്‍പ്പടെ. യു.എന്നും പറഞ്ഞു അടിക്കരുതെന്ന്. ഇവിടെ ചോദ്യം, 9/11 ആക്രമണത്തില്‍ ഇറാഖിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ? അമേരിക്ക പറഞ്ഞ വെപ്പണ്‍‌സോഫ് മാസ് ഡിസ്‌ട്രക്ഷന്‍ അവിടെ ഉണ്ടായിരുന്നോ-ഉണ്ടായിരുന്നൂ എന്ന് പറഞ്ഞത് സത്യമായിരുന്നോ.

  ഇതിലൊക്കെയുള്ള ഉത്തരം നെഗറ്റീവാണെങ്കില്‍ ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ല. അല്ലെങ്കില്‍ ഒസാമയെങ്ങാനും ഭാവിയില്‍ ഇന്ത്യയില്‍ കണ്ടേക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് അമേരിക്കയ്ക്ക് ഇന്ത്യയേയും കയറി അടിക്കാമല്ലോ. ഊഹത്തിന്റെയും കണക്കുകൂട്ടലുകളുടേയും പുറത്ത് ചെയ്യേണ്ട കാര്യമല്ല അമേരിക്ക ഇറാഖില്‍ ചെയ്‌തത് എന്നാണ് എനിക്ക് തോന്നുന്നത്. അമേരിക്ക പറഞ്ഞതുപോലെ കേട്ടില്ലെങ്കില്‍ അമേരിക്ക അടിക്കും എന്നുള്ള നയത്തിനെ എത്രമാത്രം പിന്തുണയ്ക്കാം എന്നറിയില്ല.

  ദമനകനകനന്‍ പറഞ്ഞതിനോട് എത്രമാത്രം യോജിക്കാമെന്നറിയില്ല. സംഗതി പൈസായൊക്കെ മുടക്കി കണ്ടുപിടിച്ചതിനുശേഷം, ഇത് നിങ്ങളുടെയല്ല, മാനവരാശിയുടേതാണ് എന്നൊക്കെ എത്രമാത്രം പറയാമെന്നറിയില്ല.

  അമേരിക്ക ഈ നിലയിലായതിലും ആ അമേരിക്കയുടെ പങ്ക പല രീതിയിലും നമ്മള്‍ പറ്റുന്നതിനും അമേരിക്കയിലെ ഈ രാഷ്ട്രീയക്കളികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുള്ള സ്ഥിതിക്ക് നമ്മുടെ കുറ്റപ്പെടുത്തലിലെ ധാര്‍മ്മികത പിന്നെയും എന്നെ വട്ടം ചുറ്റിക്കുന്നു.

   
 22. At 8/04/2006 6:49 AM, Blogger സങ്കുചിത മനസ്കന്‍ said...

  ഒരു സംശയം ആരെങ്കിലും തീര്‍ത്തുതരാമോ? ഈ ഗ്വാണ്ടാനാമോ ജയില്‍ ക്യൂബയില്‍ ആണെന്ന് പലേടത്തും വായിച്ചു. അത്‌ എന്താണങ്ങനെ? സാക്ഷാല്‍ കാസ്ട്രോയുടെ ക്യൂബയില്‍?

   
 23. At 8/04/2006 6:59 AM, Blogger വക്കാരിമഷ്‌ടാ said...

  ശങ്കൂ, പണ്ട് പണ്ട് പണ്ടുണ്ടായ ഒരു യുദ്ധം കഴിഞ്ഞുള്ള ഉടമ്പടി പ്രകാരമാണെന്നാണ് അമേരിക്ക പറയുന്നത്. ക്യൂബ ഇപ്പോള്‍ അത് അംഗീകരിക്കുന്നില്ല എന്ന് തോന്നുന്നു. പക്ഷേ സംഭവം അമേരിക്കയുടെ കൈയ്യില്‍ തന്നെ. അമേരിക്ക ആരാ മോന്‍.

  നമ്മുക്ക് വിക്കിപ്പീടികയില്‍ പോയി രണ്ട് മുറുക്കാനടിച്ചാലോ

   
 24. At 8/04/2006 7:02 AM, Blogger പെരിങ്ങോടന്‍ said...

  സങ്കുചിതാ വിക്കിപീഡിയയിലെ ഈ ലേഖനം വായിച്ചുനോക്കൂ.

   
 25. At 8/04/2006 7:50 AM, Blogger അപ്പൊള്‍ ദമനകന്‍ ... said...

  ഇനി കാശ് മുടക്കി കണ്ട് പിടിച്ചു എന്ന് സമ്മതിച്ചാല്‍ തന്നെ, നമ്മള്‍ കാശ് മുടക്കിയല്ലേ അതെല്ലാം വാങ്ങിയത്? അങ്ങിനെ മുടക്കിയ കാശും ലാഭവും അവര്‍ക്ക് കിട്ടിയില്ലെ? അങ്ങിനെ കിട്ടിയതില്‍ തെറ്റ് ഒന്നുമില്ല, പക്ഷെ നമുക്ക് വിധേയത്വൊ ഒന്നും വേണ്ട എന്ന് ആണ് എനിക്ക് തോന്നുന്നത്.
  ഈ ലിങ്കിന്റ്റെ ഐ പി വഴിവന്നാല്‍ നിങ്ങള്‍ എത്തുക, കഴിഞ്ഞ 10-12 വര്‍ഷമായി എന്റെ കഞ്ഞി സപ്ലെയര്‍ ആയ അമേരിക്കന്‍ ഐ റ്റി ഭീമന്‍ വെളിച്ചപ്പാടിന്റെ അടുത്താണ്. എനിക്ക് അവരോട് വിധേയത്വം ഒന്നുമില്ല, എന്നെ പറ്റില്ല എന്നു തോന്നുന്ന നിമിഷം ഞാന്‍ പുറത്താണ്. ഒരു പരസ്പര ബഹുമാന സഹകരണ സംഘ പ്രസ്ഥാനമാണിതെല്ലാം എന്ന് വിചാരിക്കുന്നു ഞാന്‍, തെറ്റായത് എന്ന് തോന്നിയത് പറയാന്‍ ഒരു ധാര്‍മികത പ്രശ്നവും വേണ്ട എന്ന് ആണ് എനിക്ക് തോന്നുന്നത്.
  ഇത്രയെങ്കിലും സമൂഹത്തെ പറ്റി ചിന്തിക്കാന്‍ വഴിമരുന്നിട്ട വക്കാരിക്ക് നന്ദി.

   

Post a Comment

Links to this post:

Create a Link

<< Home