August 26, 2006

സ്‌കൈലാബ്‌ ഓര്‍മ്മകള്‍

എന്റെ ബാല്യകാലത്ത്‌, ഉണങ്ങിയ ഓലമടലും, കൂമന്‍ കൊത്തിയ തേങ്ങയേയും പോലെ ഏത്‌ നിമിഷവും തലയില്‍ വീണേക്കാം എന്ന് ആലോചിച്ച്‌ പേടിച്ചിരുന്ന് ഒരു സാധനം ആയിരുന്നു സ്‌കൈലാബ്‌. ഇത്‌ എന്താണ്‌ സാധനം എന്ന് അറിയില്ലെങ്കിലും അതെന്തോ ഭീകര സംഭവം ആണെന്ന് ഊഹിക്കാനുള്ള പ്രായം ആയിരുന്നു (ഊഹിക്കാന്‍ വിവരവും, വിദ്യാഭ്യാസവും വേണ്ടല്ലോ). ഇതില്‍ കൂടുതല്‍ എന്ത്‌ വേണം. പിന്നീട്‌ ഇതേ പറ്റി പഠിക്കാന്‍ സ്കൂള്‍ സിലബസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല, യുറീക്കയോ മറ്റ്‌ ശാസ്ത്ര പുസ്തകങ്ങള്‍ ഒന്നും വായിക്കാന്‍ കാരണം ഇല്ലാതിരുന്നത്‌ കൊണ്ട്‌, ഇതേ പറ്റി കൂടുതല്‍ ഒന്നും അറിഞ്ഞില്ല. ഇതിനിടയില്‍ എപ്പോഴോ, നമ്മുടെ നാട്ടുകാരെ ഒഴിവാക്കി സ്‌കൈലാബ്‌ എന്ന ആ ഭീകരന്‍ കടലില്‍ വീണു എന്ന സത്യം ഞാന്‍ മനസ്സിലാക്കിയിരുന്നു. പാവം ക്രൂരന്‍, വെറുതെ തെറ്റിദ്ധരിച്ചു. കാലം കടന്നു പോയി, എല്‍.പി സ്കൂളില്‍ വച്ചും, യു.പി സ്കൂളില്‍ വച്ചും ഇതിനെ പറ്റി ചിന്തകള്‍ വീണ്ടും അലട്ടിക്കൊണ്ടിരുന്നു; ആരാണിവന്‍, എങ്ങിനെ ഇരിക്കും തുടങ്ങിയ കാര്യങ്ങള്‍ അപ്പോഴും അന്യമായിരുന്നു, ശ്രമിച്ചില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. മാഷിനോട്‌ ചോദിച്ചാല്‍, ഇനി അത്‌ മണ്ടത്തരമായാല്‍, അതു മതി മാനം പോകാനും, സ്കൂളില്‍ ഇരട്ടപ്പേര്‌ വീഴാനും. പിന്നെ അതിന്റെ ഭാരവും പേറി എത്രയോ വര്‍ഷങ്ങള്‍ ബെഞ്ച്‌ ചൂടാക്കണം എന്നാലോചിച്ചപ്പോള്‍ വേണ്ടെന്ന് വച്ചു.

കാലം കടന്ന് പോയി. വായിക്കാനും പഠിക്കാനും തുടങ്ങിയപ്പോഴേക്കും മിര്‍ സ്റ്റേഷന്‍ പ്രചാരം നേടുകയും, സകല മഹാന്മാരും അങ്ങോട്ടേക്ക്‌ പോകാനും വരാനും തുടങ്ങി. ഇങ്ങനെ ഇരിക്കെയാണ്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാഷിങ്ങ്‌ടണ്‍ ഡി.സി.യിലെ നാഷണല്‍ എയര്‍ ആന്റ്‌ സ്പേസ്‌ മ്യൂസിയമില്‍ കറങ്ങി നടക്കുമ്പോള്‍ നമ്മുടെ ആ പഴയ താരത്തെ കാണുന്നത്‌. നല്ല കുത്തനെ വടി പോലെ നില്‍ക്കുന്നു മുന്നില്‍ ഒരു സ്‌കൈലാബ്‌. ചോദ്യങ്ങളുടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിപ്പെട്ടത്‌ പോലെയാണ്‌ അപ്പോള്‍ തോന്നിയത്‌. അന്ന് കടലില്‍ പോയവന്‍ ആരായിരുന്നു? അപ്പോള്‍ ഇവന്‍ ആര്‌? അമേരിക്കയുടെ ഒരു സാധനം എങ്ങനെ ഇന്ത്യന്‍ തീരത്തെത്തി. നമ്മുടെ തലയില്‍ വീണില്ലെങ്കില്‍ ആരുടെ തലയില്‍ വീണു? ഇതാ ഒരു രത്ന ചുരുക്കം.

1. മിര്‍-ന്റെ പൂര്‍വ്വികന്‍ ആയി, ആദ്യത്തെ സ്പേസ്‌ സ്റ്റേഷന്‍ ആയിരുന്നു സ്‌കൈലാബ്‌. ഭൂമിക്ക്‌ മീതെ ശൂന്യാകാശത്തില്‍ ഒരു ഭാരമായി (ഏകദേശം 75 ടണ്‍) 1973 മുതല്‍ 1979 വരെ വസിച്ചു. മുമ്പ്‌ കണക്കാക്കിയിരുന്ന ആയുസ്സായ 8 വയസ്സ്‌ തികയുന്നതിന്‌ മുമ്പേ 1979-ല്‍ അകാല മൃത്യു അടഞ്ഞു.

2. 1973ലും, 74ലും ആയി മൂന്ന് തവണ നടന്ന സന്ദര്‍ശനങ്ങളിലായി 2476 തവണ ഭൂമിക്ക്‌ വലം വച്ചു. 74ല്‍ നടന്ന അവസാന സന്ദര്‍ശനത്തിന്‌ ശേഷം പാര്‍ക്കിംഗ്‌ ഓര്‍ബിറ്റില്‍ അനാധമായി കിടന്നു. ഈ സമയത്ത്‌, മുന്‍പ്‌ ശ്രാസ്ത്രജ്ഞര്‍ ശ്രദ്ധിക്കാതിരുന്ന അന്തരീക്ഷത്തിലെ ചില മാറ്റങ്ങള്‍ ഇതിനെ ബാധിച്ചു. സംരക്ഷണത്തിന്റെ അവസാന ശ്രമം എന്ന നിലയില്‍ ആലോചന നടന്നത്‌ 1979ല്‍ ആയിരുന്നു. അപ്പോള്‍ നിര്‍ത്തിയിരുന്ന ഓര്‍ബിറ്റില്‍ നിന്നും ഉയര്‍ത്തി മാറ്റി സ്ഥാപിക്കാനുള്ള ശ്രമം പിന്നീട്‌ ഉപേക്ഷിക്കുകയായിരുന്നു.

3. സുരക്ഷിതമായി നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങള്‍ വാര്‍ത്ത പ്രാധാന്യം നേടുകയും, പലരും വായിച്ച്‌ പേടിക്കുകയും ചെയ്തു :).

4. ഒടുവില്‍ 1979 ജൂലൈ 11-ാ‍ം തീയ്യതി തലശ്ശേരി തീരത്തെ ഒഴിവാക്കി കൊണ്ട്‌ അങ്ങകലേ പടിഞ്ഞാറേ ആസ്ത്രേയിലയിലെ റോലീന എന്ന ജനസാന്ദ്രത കുറഞ്ഞ ഗ്രാമത്തില്‍ തകര്‍ന്ന് വീണു. അപകടത്തില്‍ 3 പശുക്കള്‍ കൊല്ലപ്പെട്ടു. പരിസര മലിനീകരണത്തിന്‌ അവിടത്തെ അധികാരികള്‍ അമേരിക്കന്‍ ഗവണ്മെന്റിനെതിരെ $400 പിഴ ചുമത്തുകയും ചെയ്തു.

5. ഞാന്‍ കണ്ട സ്‌കൈലാബ്‌? എന്തായാലും ഉണ്ടാക്കുകയല്ലേ, രണ്ടെണ്ണം എക്സ്റ്റ്രാ ഇരിക്കട്ടെ എന്നു കരുതി നിര്‍മ്മിച്ചതില്‍ ഒരെണ്ണം ഡി.സി.യിലും ഒരെണ്ണം ഹൂസ്റ്റണിലും ഉണ്ട്‌.

കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ, ഇവിടെ, ഇവിടെ.

8 Comments:

  1. At 8/26/2006 7:52 AM, Blogger ഡാലി said...

    ഹായ് സ്കൈലാബ്! എന്റെ ആദ്യ ഓര്‍മ്മ പള്ളിപെരുന്നാള്‍ക്കു വാങ്ങിക്കുന്ന സ്കൈലാബ് വളയാണ്. ഒരു പീച്ചു നിറത്തില്‍ തിളക്കത്തോടു കൂടിയത്. അത് വാങ്ങി തരുമ്പോള്‍ അമ്മ പറയുമായിരുന്നു ആകാശത്തിരുന്നു പൊട്ടിതെറിച്ച ലാമ്പിന്റെ (വിളക്കിന്റെ) കഷ്ണങ്ങളാണെന്ന്! എന്തൊക്കെയാണ് ഈ ആകാശകേന്ദ്രത്തെ കുറിച്ച് മലയാളിക്കുണ്ടായിരുന്ന വ്യാഖാനങ്ങള്‍...
    ഇതൊക്കെ ഓര്‍മ്മിപ്പിച്ചതിന്ന് നന്ദി.

     
  2. At 8/26/2006 2:22 PM, Blogger ഷാജുദീന്‍ said...

    സ്കൈലാബ് ഇതാ വീഴാന്‍ പോകുന്നു എന്ന് എന്നും വാര്‍ത്ത വരുന്നകാലം. ഞാന്‍ സ്കൂളില്‍ പഠിക്കുന്നു. മനോരമയും ദീപികയും മത്സരിച്ചാണ് വാര്‍ത്തകള്‍ എഴുതുന്നത്. അന്ന് ഞങ്ങളുടെ നാട്ടില്‍ ഒരു മത്തായിച്ചേട്ടനുണ്ടായിരുന്നു. പുള്ളിക്കാരന്‍ ദിവസങ്ങളോളം ഉറങ്ങാതിരുന്നു.ശാസ്ത്ര കൌതുകം മൂലമല്ല.പേടിച്ചിട്ടാണ്. സാധനം താഴെ വന്നിട്ടേ മത്തായിച്ചേട്ടന്‍ ഉറങ്ങിയുള്ളൂ.

     
  3. At 8/29/2006 2:40 AM, Anonymous Anonymous said...

    Fus÷˜ê, Cªñù hs¼êu oêbï¼ñJiïkëê AªöŒ ÷dTï

     
  4. At 9/05/2006 5:47 PM, Blogger Sudhir KK said...

    നല്ല പോസ്റ്റ്. ഡിസിയിലെ സ്‌കൈലാബ് ഞാനും കണ്ടിട്ടുണ്ട് പ്രാപ്രേ. പക്ഷേ അത് മോഡല്‍ അല്ലേ എന്നാണ് സംശയം. അക്കാലത്ത് എന്റെ സുഹൃത്ത് ഹേമകുമാറടക്കം പലരോടും ആവുന്ന വണ്ണം നമ്മളകപ്പെട്ടിരിക്കുന്ന സ്‌കൈലാബ് എന്ന അപകടത്തെ പറ്റി വിവരിച്ചതാണ്. പക്ഷേ അന്ന് ശ്രീകുമാര്‍ തീയറ്ററില്‍ ഓടിക്കൊണ്ടിരുന്ന ‘ഷോലെ‘ ആയിരുന്നു അതിലും വലിയ സംഭവം. സ്‌കൈലാബിനെ പറ്റി ലോകാവസാനമെന്നൊക്കെ ചിലര്‍ പറഞ്ഞതും ഓര്‍മ്മയുണ്ട്. എന്തായാലും പുലിയായി വന്നവന്‍ എലിയായി പോയത് ഞങ്ങളില്‍ അല്പം നിരാശയുണ്ടാക്കിയിരുന്നു.

    അന്ന് മുതിര്‍ന്ന ക്ലാസില്‍ അല്പം മുതിര്‍ന്നു തന്നെ പഠിച്ചിരുന്ന ഷൈലാജ് എന്ന 10 കി.മീ. ഓട്ടക്കാരന് (ഗ്രൌണ്ടിനു ചുറ്റും കറങ്ങിയാണല്ലോ ഓട്ടം) സ്‌കൈലാബ് എന്ന കാലോചിതമായ ഇരട്ടപ്പേരും കിട്ടിയിരുന്നു.

     
  5. At 9/05/2006 11:18 PM, Blogger prapra said...

    സ്‌കൈലാബ്‌ ഓര്‍മ്മകളില്‍ ഞാന്‍ ഒറ്റക്കായിരിക്കും എന്നാണ്‌ വിചാരിച്ചത്‌. അങ്ങനെ അല്ലെന്ന് മനസ്സിലായി. വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

    ഡാലീ, അമ്മ വാങ്ങിച്ച്‌ തന്നത്‌ സ്‌കൈ-ലാമ്പിന്റെ കഷ്ണം ആയിരുന്നു അല്ലേ? ആളുകളുടെ ഭാവനയില്‍ അല്ലേ പലതും വിരിയുന്നത്‌. നാട്ടിലെ ഏറ്റവും വലിയ mall ആയിരുന്നു, മാഹി പെരുന്നാളിന്‌ വരുന്ന ചന്തകള്‍. ഇതൊക്കെ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നിരിക്കാം.

    ഷാജൂ, വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ (നിങ്ങള്‍) പത്രക്കാര്‍ പണ്ടെ ഉഷാര്‍ ആണല്ലോ :). എന്തായാലും മത്തായിച്ചേട്ടനെ ഇഷ്ടപ്പെട്ടു. എന്ത്‌ കൊണ്ടോ ഹാലീസ്‌ കോമറ്റ്‌ കൂടി ഓര്‍മ്മ വന്നു.

    കൂമന്‍സ്‌, മോഡല്‍ ആണെന്ന് കരുതി ഞാനും അവഗണിച്ചതായിരുന്നു, രണ്ട്‌ തവണ പോയപ്പോഴും. ഈ സൈറ്റുകളില്‍ നിന്നാണ്‌ ഒറിജിനല്‍ ഡൂപ്ലിക്കേറ്റ്‌ ആണെന്ന് മനസ്സിലായത്‌. അടുത്ത സന്ദര്‍ശനത്തില്‍ വിശദമായി അന്വേഷിക്കുന്നുണ്ട്‌. പക്ഷേ, 'ഷോലെ' ഒരു സംഭവം തന്നെ ആയിരുന്നു, ആണ്‌.

    കണ്ണൂരാനെ, കമന്റ്‌ ഞാന്‍ വരമൊഴി വച്ച്‌ ഡീകോഡ്‌ ചെയ്ത്‌ പറഞ്ഞത്‌ മനസ്സിലാക്കി. നല്ല പേടി ആയിുര്‍ന്നല്ലേ, ഇന്നും ഓര്‍ക്കുന്നുണ്ടല്ലോ?

     
  6. At 9/06/2006 12:01 AM, Blogger myexperimentsandme said...

    ഞാന്‍ ആകാശപരീക്ഷണശാലയെപ്പറ്റി കമാന്ന് കമന്റിയെന്നോര്‍ത്ത് മനഃസമാധാനത്തോടെ ഈ പോസ്റ്റിട്ട അന്ന് തന്നെ കിടന്നുറങ്ങിയതായിരുന്നു. ഇപ്പോള്‍ നോക്കിയപ്പോള്‍ കമണ്ടിലീസാ റൈസ് പോലെ സംഗതി ബ്ലാക്ക് ഔട്ടായി.

    ഈ ആകാശ പരീക്ഷണശാല നമ്മുടെ ഇസ്രോയുടെ എന്തോ കുന്തമാണെന്നായിരുന്നു ഇതുവരേയും ഞാന്‍ ഓര്‍ത്തിരുന്നത്. അത് അങ്ങിനെയല്ല എന്നറിഞ്ഞത് പ്രാപ്രാപ്രാപ്രാ പറഞ്ഞപ്പോളാണ്.

    ഞാനും ഓര്‍ക്കുന്നുണ്ട് സ്കൈലാബ് വീണാല്‍ എന്തൊക്കെ ചെയ്യണം എന്നൊക്കെ പത്രത്തില്‍ വായിച്ചതുപോലെയെന്തോ (അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ടായിരിക്കണം എന്ന് ശ്രീനിവാസം മി.ക്ലീന്‍ പടത്തില്‍ ഉറപ്പിച്ച് പറയുന്ന ടോണില്‍).

    ഓര്‍മകളെ ഓര്‍മ്മിപ്പിച്ചതിന് പ്രാപ്രായ്ക്ക് നന്ദി.

     
  7. At 2/19/2007 3:13 AM, Blogger Admin said...

    ഏനിക്കു നല്ല ഒര്‍മയുണ്ടീ സ്‌ക്കൈലാബിനെ.ഞാന്‍ ഒന്നില്‍ ചേര്‍ന്ന വര്‍ഷമായിരുന്നു അത്‌. നാട്ടിലും വീട്ടിലും ഇതുതന്നെ ചര്‍ച്ച. ഇന്ത്യയുടെ സമീപത്താണിതു വീഴുകയെന്നു ഒരു ശ്രുതിയുണ്ടായതാവാം ഇത്ര ചര്‍ച്ചാവിഷയമാവാന്‍ കാരണം. ഏന്തായാലും എന്റെ അവ്യക്തമായ ബാല്യകാലസ്മരണകളെ ഉദ്ദ്വീവിപ്പിക്കുവാന്‍ ഈ ബ്ലോഗിനു കഴിഞ്ഞു.

     
  8. At 2/28/2007 1:27 AM, Blogger മുസ്തഫ|musthapha said...

    സ്കൈലാബിന്‍റെ ഓര്‍മ്മകള്‍... ഭീതിയോടെ കഴിഞ്ഞ, കുട്ടിക്കാലത്തിലെ ഒരു ദിനം!


    പേടിയോടെ എന്‍റെ വല്ലിപ്പാടെ ചൂടും പറ്റിക്കിടന്ന്, മരണം ഇപ്പോള്‍ കടന്നു വരും, എല്ലാവരും ഒന്നിച്ച് പോകും എന്ന് പ്രതീക്ഷിച്ചു കിടന്ന ദിവസം... പക്ഷെ, പിന്നീടൊരു ദിവസം വല്ലിപ്പ മാത്രം തനിച്ചു പോയി.

     

Post a Comment

<< Home