June 16, 2006

ഇന്റലിജന്റ്‌ ഷോപ്പിംഗ്‌ കാര്‍ട്ട്‌

ഹോംലെസ്സ്‌, അധവാ തെരുവില്‍ ജീവിക്കുന്നവര്‍ ഇവിടെ തങ്ങളുടെ ഹമ്മറും, കാമ്രിയും, അക്കോര്‍ഡും ആയി ഉപയോഗിച്ച്‌ വരുന്നത്‌ ഹോംഡിപ്പോയുടെയും, ടാര്‍ഗറ്റിന്റെയും ഷോപ്പിംഗ്‌ കാര്‍ട്ടുകള്‍ ആണ്‌. അതിങ്ങനെ നല്ല മൊഞ്ചാക്കി അടിപൊളി സാധനങ്ങള്‍ ഒക്കെ കുത്തിനിറച്ച്‌ തള്ളി കൊണ്ട്‌ നടക്കുന്നത്‌ കാണുമ്പോള്‍ വിശാലന്റെ വിക്രം വരെ ഒരു നിമിഷം നാണിച്ചു പോകും. പക്ഷെ ഇതു കൊണ്ടൊന്നും എനിക്ക്‌ ഇവരോടുള്ള സഹതാപത്തിന്‌ ഇടിവൊന്നും സംഭവിച്ചിട്ടില്ല. അവരുടെ നിലയ്ക്കും വിലയ്ക്കും പറ്റുന്ന ഒരു കണ്‍വേര്‍ട്ടിബിള്‍ അവര്‍ മെയിന്റേന്‍ ചെയ്യുന്നു എന്നേ തോന്നിയിട്ടുള്ളു. ഈ സൌകര്യം ഒന്നും ഇല്ലാത്ത വേറെയും എത്രയോ പേരുണ്ട്‌ ഇവര്‍ക്ക്‌ ചുറ്റും. കണ്ടാല്‍ പേടിയാവുമെങ്കിലും ടെക്നിക്കലി ഇവരൊക്കെ ഡീസന്റ്‌ ആള്‍ക്കാരാണ്‌, നമ്മളായിട്ട്‌ ഒടക്കാന്‍ ചെല്ലാത്തടുത്തോളം. ഇങ്ങനെയുള്ളവരുടെ ഫോട്ടോ എടുക്കരുത്‌ എന്നൊരു അലിഖിത നിയമം ഉള്ളതു കൊണ്ട്‌, ഫോട്ടോ എടുത്തിട്ടില്ല. ചിലപ്പോള്‍ അന്നേരം ആയിരിക്കും ഇവരൊക്കെ ഇന്‍ഡീസന്റ്‌ ആവുക, വെറുതെ റിസ്ക്‌ എടുക്കേണ്ട. അതു പോട്ടെ, ഇപ്പൊള്‍ തന്നെ ഓഫ്‌ ടോപ്പിക്ക്‌ ആയി.

വാള്‍മാര്‍ട്ട്‌ സൂപ്പര്‍ മാര്‍ക്കറ്റ്‌ സാം വാള്‍ട്ടന്റെയോ, മുത്തു പട്ടരുടെയോ ആയിരിക്കും, പക്ഷെ അവിടെയുള്ള ഷോപ്പിംഗ്‌ കാര്‍ട്ടുകള്‍ തങ്ങളുടെ തറവാട്ട്‌ സ്വത്തണെന്നാണ്‌ ഹോംഫുള്‍ കാറ്റഗറിയില്‍പെടുന്ന പല മാന്യന്മാരുടെയും വിചാരം. ഷോപ്പിംഗ്‌ നടത്തി, അതുമായി വീടുകളിലേക്ക്‌ പോവുകയും, കാര്യം കഴിഞ്ഞ ശേഷം ഡിസ്കാര്‍ഡ്‌ അടിച്ച്‌ വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാര്‍ട്ടുകള്‍ വാഹനങ്ങള്‍ക്കും, കാല്‍നടകാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും ഭീഷണി ആകുന്നു. ഫോര്‍ എക്സാമ്പിള്‍, ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കാര്‍ട്ടുകള്‍ തപ്പി ഇറങ്ങിയ വളന്റിയര്‍മാര്‍ ബെല്‍വ്യൂ-സിയാറ്റിലിലെ ഒരു അപ്പാര്‍ട്മന്റ്‌ കോമ്പ്ലക്സില്‍ നിന്ന് മാത്രം ഒരു ദിവസം 150-തില്‍പരം പെറുക്കി എടുത്തു എന്ന് പത്രവാര്‍ത്ത.

ഗ്രോസറി കാര്‍ട്ടുകള്‍ കടകളുടെ പാര്‍ക്കിംഗ്‌ സ്ഥലത്തിന്‌ വെളിയില്‍ കൊണ്ടുപോകുന്നത്‌ പല പട്ടണങ്ങളിലും കുറ്റകരമാണെന്ന്‌ സാധാരണക്കാരായ ജനങ്ങള്‍ അറിയുന്നില്ലെന്ന് തോന്നുന്നു. കസ്റ്റമേര്‍സിന്റെ സൌകര്യത്തില്‍ കൈ കടത്താതിരിക്കുകയും, അവരെ പിണക്കാതിരിക്കാന്‍ വേണ്ടിയുമുള്ള കടക്കാരുടെ ഒരു ഒളിച്ചു കളി. ഇങ്ങനെ നഷ്ടപ്പെടുന്ന കാര്‍ട്ടുകള്‍ ബിസിനസ്സിന്‌ ഉണ്ടാക്കുന്ന നഷ്ടം ഒരു വര്‍ഷം ഏകദേശം $800 മില്ല്യണ്‍ ആണെന്നാണ്‌ കണക്ക്‌.

ഇതു വരേ വായിച്ചോ, എന്നാല്‍ കാര്യം പറയാം. ഇതുവരേ പറഞ്ഞത്‌ അമേരിക്കയിലെ കാര്യം, ന്യൂയോര്‍ക്കില്‍ ഇങ്ങനെ ഒന്നും അല്ലെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പല കടകളിലും ഈ വണ്ടികള്‍ ചെക്‌ക്‍ഔട്ടിന്‌ വെളിയില്‍ കൊണ്ടുപോകാന്‍ പറ്റില്ല. ഇങ്ങനെ ഒരു ബോര്‍ഡ്‌ കണ്ട്‌ സ്ഥലത്ത്‌ ഞാന്‍ തപ്പി ഇറങ്ങി. അങ്ങനെ കണ്ടു, കണ്ടറിഞ്ഞു.

ഇവിടത്തെ കാര്‍ട്ടിന്റെ ഒരു വീലില്‍ RF റിസീവറും അതിനെ ആജ്ഞകളെ അനുസരിക്കുന്ന ഒരു മെക്കാനിക്കല്‍ ഘടകവും ഉണ്ട്‌. ഈ കട തങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചു കൊണ്ട്‌ ലക്ഷ്മണ രേഖ വരച്ചത്‌ RF ട്രാന്‍സ്മിറ്റ്‌ ചെയ്യുന്ന വയര്‍ ഉപയോഗിച്ചാണ്‌. കാര്‍ട്ടുകള്‍ ഈ വര കടന്നാല്‍, റിസീവര്‍ ഉള്ള വീലിന്‌ മസില്‍ വെട്ടി കയറും, സഡ്ഡന്‍ ബ്രേക്കിടും. സംഭവം ക്ലീന്‍, ഒരു സ്വാഭാവിക മരണം. കാര്‍ട്ടുകളുടെ സ്വഭാവം വച്ച്‌ നോക്കിയാല്‍ ഇത്രയും നേരമെങ്കിലും, മര്യാദക്കാരന്‍ ആയി കൂടെ നടന്നത്‌ തന്നെ ഭാഗ്യം എന്നു കസ്റ്റമറും വിചാരിക്കും. ഒരു കമ്പനി സൈറ്റില്‍ കണ്ടത്‌ ഇവിടെ.

നാട്ടിലെ വാഹന മോഷണം തടയാന്‍ ഇത്തരം ഒരു സാധനം കസ്റ്റമൈസ്‌ ചെയ്താല്‍ ഉപകാരം ആയിരിക്കും എന്നു തോന്നുന്നു. ട്രാന്‍സ്മിറ്റര്‍ രാത്രി മാത്രം ഓണ്‍ ചെയ്താല്‍ മതിയല്ലൊ? എപ്പടി?

13 Comments:

 1. At 6/17/2006 6:20 AM, Blogger വക്കാരിമഷ്‌ടാ said...

  അതടിപൊളി. അങ്ങിനെയെങ്കിലും മോഷണം കുറയുമെങ്കില്‍...

  ഞങ്ങളുടെ അമ്മാവന്റെ ഒരു സുഹൃത്തിന്റെ കുട്ടിക്ക് എന്തോ ഒരു വല്ലായ്‌മ. എല്ലാവരും പേടിച്ചു പോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം. കുട്ടിയെ എടുത്ത് കാറില്‍ കയറ്റി. എല്ലാവരും കാറില്‍ കയറി. പുള്ളിക്കാരനെ മാത്രം കാണുന്നില്ല. ഓടിപ്പോയി അകത്തു നോക്കി. പാവം എന്തോ പൊക്കിക്കൊണ്ടു വരുന്നു-കൂട്ടത്തില്‍ സ്പാനറും കൊട്ടുവടിയുമെല്ലാം...

  ...മോഷണം പേടിച്ച് അദ്ദേഹം ബാറ്ററി ഊരി പെരയ്ക്കകത്ത് വെച്ചിരിക്കുകയായിരുന്നു!

  വേറൊരു ദേഹം ഒരു മാസത്തേക്കോ മറ്റോ വീട്ടില്‍ നിന്നും മാറി നിന്നപ്പോള്‍ ലാന്‍സറിന്റെ നാലു വീലും ഊരി വീടിനകത്ത് വെച്ചു പൂട്ടി.

  അതുപോലെ ഒരു ഈമെയില്‍ തമാശയോ മറ്റോ കണ്ടത്-ഒരു ദേഹം ഒരാഴ്ചത്തേക്ക് യൂറോപ്പിലോ മറ്റോ പോകാന്‍ നേരം ബാങ്കില്‍ പോയി ഒരു പത്തുഡോളറിട്ട് അക്കൌണ്ട് തുടങ്ങി ഈടായി കാറോ മറ്റോ വെച്ച് ഒരാഴ്ച കഴിഞ്ഞ് തിരിച്ചുവന്നപ്പോല്‍ അക്കൌണ്ട് ക്ലോസ്സ് ചെയ്ത് കാറുമെടുത്തോണ്ട് പോയെന്നോ മറ്റോ (ശരിക്കങ്ങോര്‍ക്കുന്നില്ല).

  അവിടെയൊക്കെ ഷോപ്പിംഗ് കാര്‍ട്ടിലും പായ്ക്കറ്റുകളിലും ആര്‍.എഫ് പിടിപ്പിച്ച് ഓട്ടോമാറ്റിക് ചെക്കൌട്ട് ആക്കുന്ന പരിപാടി എവിടം വരെയായി. ഇ.റ്റി.സി ടോള്‍ പിരിവു പോലെ? വാള്‍‌മാര്‍ട്ടോ മറ്റോ പരീക്ഷണം തുടങ്ങിയെന്ന് ഒരു രണ്ടുകൊല്ലം മുന്‍പ് കേട്ടിരുന്നു.

  ഗുഡ് ഇന്‍ഫര്‍മേഷന്‍... നന്ദി പ്രാ...പ്രാ...

   
 2. At 6/17/2006 12:45 PM, Blogger Adithyan said...

  പ്രാപ്രാ, സൂപ്രാ വിവരണം...

  മിക്കവാറും കടകളില്‍ കാര്‍ട്ടു നിര്‍ത്താനുള്ള മഞ്ഞ വരയുണ്ടല്ലോ...

  ഇങ്ങനത്തെ ഇന്‍ഫൊര്‍മെറ്റിവ് റ്റിറ്റ്ബിറ്റ്സ് പോരട്ടെ...

   
 3. At 6/17/2006 4:21 PM, Anonymous evuraan said...

  ജെഴ്സിയിലെ നൂവാര്‍ക്ക് എയര്‍പോര്‍ട്ടിലില്‍ ലഗേജ് ട്രോളികള്‍ക്ക് മൂന്ന് ഡോളറ് വാടകയാണ്. എയര്‍പ്പോറ്റ്ട്ടില്‍ നിന്നും, എയര്‍ട്രെയിന്‍ കയറി, നോര്‍ത്ത് ഈസ്റ്റ് കോറിഡോര്‍ ലൈനെടുത്താല്‍ ന്യൂ-യോര്‍ക്കിലേക്കും തെക്ക് ഫില്ലി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാന്‍ ട്രെയിന്‍ കിട്ടും.

  എയര്‍പോട്ടിലെ ട്രോളികള്‍ എയര്‍ട്രെയിനും കടത്തി, ട്രെന്റന്‍ലില്ക്കുള്ള ട്രെയിനേലും കയറ്റി, അവ വഴി മുടക്കികളായി നിരത്തി വെച്ച് സൊറപറഞ്ഞിരിക്കുന്ന കുറേ ഇന്ത്യാക്കാരെ ഒരിക്കല്‍ കാണുകയുണ്ടായി.

  ലഗേജ് ട്രോളികള്‍ പുറത്തേക്ക് വിടാതിരിക്കാനുള്ള കടമ്പകളും സംവിധാനങ്ങളൊക്കെ തരണം ചെയ്താണ് അവരവിടം വരെയെത്തിയത്.

  വിവരക്കേടന്ന് പറയുമോ അതോ വേറെ എന്തെങ്കിലും പറയുമോ? ആര്‍ക്കറിയാം?

   
 4. At 6/17/2006 4:30 PM, Blogger ദേവന്‍ said...

  ഏയര്‍പ്പോര്‍ട്ട്‌ ലഗ്ഗേജു ട്രോളികള്‍ (പാക്സ്‌ ട്രോളി) നിശ്ച്ചിത ഏരിയാ വിടരുതെന്നുള്ള വെണ്ടക്കാ ബോര്‍ഡ്‌ (എഴുത്തും വായനയും അറിയാത്ത ബംഗ്ലാദേശികള്‍ ഒഴികെ) എല്ലാവരും അനുസരിക്കുകയാണ്‌ നമ്മുടെ തട്ടകത്തില്‍ പതിവ്‌. കാരണം സിമ്പിള്‍ - 500 ദിര്‍ഹം ഫൈന്‍ എഴുതാന്‍ ട്രാഫിക്ക്‌ പോലീസിനെയും എയര്‍പ്പോര്‍ട്ട്‌ പോലീസിനേയും ഏല്‍പ്പിച്ചിരിക്കുകയാണ്‌. അല്ല പിന്നെ(കുന്തം ഒരെണ്ണത്തിനു 200 ഡോളര്‍ വില കൊടുത്ത്‌ വാങ്ങിയതാ, യാത്രികോം കളി തമാശ കാട്ടി വഴിയരുകിലും ബസ്‌ സ്റ്റോപ്പിലും കളഞ്ഞിട്ടു പോകാന്‍ സമ്മതിച്ചാല്‍ ഒരൊറ്റ ദിവസം കൊണ്ട്‌ മുപ്പതിനായിരം ട്രോളി വരെ അപ്രത്യക്ഷമാകും)

   
 5. At 6/17/2006 6:54 PM, Blogger സൊലീറ്റയുടെ മമ്മി said...

  പറഞ്ഞ് വരുന്ന പോയിന്റിനോട് മൊത്തത്തില്‍ യോജിക്കുന്നു. ഒരു ഭാഗം മാത്രം ഒരല്പം അതിശയമായി തോന്നി.

  ഷോപ്പിംഗ് കാര്‍ട്ടുകള്‍ നഷ്ടപ്പെടുന്നത് മൂലം മൊത്തം ഒരു വര്‍ഷം 800 മില്ല്യണ്‍ ഡോളറിന്റെ നഷ്ടം. അതൊരു അവിശ്വസനീയമായ തുകയല്ലേ. അതോ ശരിക്കും അതു തന്നെയാണോ നടക്കുന്നത് ?

   
 6. At 6/17/2006 11:53 PM, Blogger Satheesh :: സതീഷ് said...

  വാഹനമോഷണംന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്നത് പണ്ട് നമ്മുടെ ഒരു സുഹൃത്ത് ഡെല്‍ഹില് തന്റെ കാര്‍ ഒരിടത്ത് പാര്‍ക് ചെയ്തിട്ട് ഇന്ത്യാ ഗേറ്റ് കാണാന്‍ പോയി. തിരിച്ച് വന്ന് കാറില്‍ കയറാന്‍ നോക്കുമ്പം എന്തോ ഒരു പന്തികേട്.. എന്താണെന്നു പെട്ടെന്നു മനസ്സിലായില്ല. ഒന്നുകൂടെ നോക്കിയപ്പോഴാണു മനസ്സിലായത് - കാറിന്റെ നാലു വീലും വേണ്ടവന്മാര്‍ ഊരിക്കൊണ്ടുപോയിരിക്കുന്നു. കാറിപ്പം നില്‍ക്കുന്നത് കുറെ ഇഷ്ടികപ്പുറത്ത്! എപ്പടി!
  പക്ഷേ നാട്ടിലിപ്പം പല പല പരിപാടികളുണ്ട് വാഹനമോഷണം തടയാനായിട്ട്. ഒരു പക്ഷെ കള്ളന്മാര്‍ അതേ പോലെ skills upgrade നടത്തുന്നുണ്ടാ‍വാം!

   
 7. At 6/18/2006 12:58 AM, Blogger prapra said...

  വക്കാരീ, ആ രണ്ടാമത്‌ പറഞ്ഞ കാര്യം ചെയ്ത ഒരാളേ എനിക്കറിയാം. പക്ഷെ വീട്‌ കുത്തിത്തുറന്ന് വീലും ഫിറ്റ്‌ ചെയ്ത്‌ കാറും കൊണ്ട്‌ പോകുമോ എന്ന പേടി കാരണം, ഒരു ദോസ്തിന്റെ വീട്ടില്‍ ആയിരുന്നു പുള്ളി വീല്‍ സൂക്ഷിച്ചു വെച്ചത്‌. എങ്ങനെയുണ്ട്‌ ഐഡിയ?

  വാള്‍മാര്‍ട്ടും ഞാനും ആശയപരമായി യോജിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി അവിടെ പോകാറില്ല, അതുകൊണ്ട്‌ ഓള്‍ഡ്‌ ന്യൂസ്‌ ആവാം ഞാന്‍ പറയുന്നത്‌. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ വാള്‍മാര്‍ട്ടിന്‌ ഇതു വരെ കട തുറക്കാന്‍ പറ്റിയിട്ടില്ല. അവര്‍ ഡി.സി.യില്‍ പല ചരടുവലിയും ലോബിയിങ്ങും നടത്തി നോക്കി. എന്നിട്ടും മേയര്‍ ബ്ലൂംബര്‍ഗ്ഗ്‌ 'നോ' എന്ന് തന്നെ പറഞ്ഞു. RF-ന്റെ കാര്യം ഇഴഞ്ഞു നീങ്ങുന്നു എന്നു കേള്‍ക്കുന്നു. വിലയാണ്‌ പ്രശ്നം. അതു ചെറുകിട സപ്ലയേര്‍സ്സ്‌ ഇതിന്റെ വില താങ്ങാന്‍ തയ്യാറായിട്ടില്ല, പ്രത്യേകിചും വാള്‍മാര്‍ട്ടുമായി വളരെ ചെറിയ മാര്‍ജിനില്‍ ബിസിനസ്സ്‌ നടത്തേണ്ടി വരുന്നത്‌ കൊണ്ട്‌. വില 8-10 സെന്റില്‍ ഒതുക്കാന്‍ പറ്റിയാലേ ഉപയോഗിക്കാന്‍ പറ്റൂ എന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ്‌ വാള്‍മാര്‍ട്ടിന്‌ ഇതെനിയും ഇമ്പ്ലിമന്റ്‌ ചെയ്യാന്‍ കഴിയാത്തത്‌. അവര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്‌, ഇതു കൊണ്ടുവരാന്‍. സ്മാര്‍ട്ട്‌ കാര്‍ട്ടും, RF ടാഗ്‌ ചെക്കൌട്ടും. ഡിസൈനര്‍ തുണിക്കടകള്‍ ഒക്കെ RF ടാഗ്‌ ചെയ്ത്‌ കഴിഞ്ഞു, മോഷണം തടയാന്‍. കാശുള്ളവന്‌ എന്തും ആവാലോ?

  ആദിത്യാ : വായിച്ചതില്‍ സന്തോഷം. ശ്രമിക്കാം.

  എവൂരാന്‍ : ഞാന്‍ ഇവിടെ വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കാര്‍ട്ടുകള്‍ ഫ്രീ ആയിരുന്നു. ഇന്ന് പോര്‍ട്ട്‌ അതോറിറ്റി കാര്‍ട്ടിന്‌ $3 എന്ന് തീരുമാനിച്ചു എന്ന് തോന്നുന്നു. ദുരുപയോഗം ആയിരിക്കണം കാരണം.

  ദേവേട്ടാ, ഫൈന്‍ അടിക്കാന്‍ എയര്‍പോര്‍ട്ടില്‍ അല്ലേ പറ്റൂ. പ്രൈവറ്റ്‌ സ്ഥലങ്ങളില്‍ ഓടിച്ചിട്ട്‌ പിടിക്കേണ്ടിവരും.

  സുനിതാ(?), ഞാന്‍ അവിടെ ഇട്ട ലിങ്കില്‍ നിന്നാണ്‌ $800 മില്ല്യണ്‍ എന്ന് അറിഞ്ഞത്‌. കാലിഫോര്‍ണിയയില്‍ മാത്രം $15 മില്ല്യണ്‍ എന്നും അവിടെ പറയുന്നുണ്ട്‌. കണക്ക്‌ ശരിയാണെങ്കില്‍ ഇത്‌ iPod-നെക്കാള്‍ വലിയൊരു മാര്‍ക്കറ്റ്‌ ആണ്‌ :). നാളെ Apple-ഉം ഈ മാര്‍ക്കറ്റില്‍ ഇറങ്ങി കൂടായ്കയില്ല.

  സതീഷ്‌, ഇതേ പറ്റ്‌ ഇവിടെ എന്റെ ഒരു സുഹൃത്തിനും പറ്റി. പക്ഷേ അത്‌ നട്ടുച്ചക്ക്‌ ആയിരുന്നു, ഊണ്‍ കഴിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍. നാട്ടില്‍ നമ്മക്ക്‌ ഐഡിയാ തരുന്നവന്മാര്‍ തന്നെയാണ്‌ കള്ളന്മാര്‍ക്കും ഐഡിയ കൊടുക്കുന്നത്‌.

   
 8. At 6/18/2006 2:30 AM, Blogger സിദ്ധാര്‍ത്ഥന്‍ said...

  നല്ല പോസ്റ്റ്‌.


  വാള്‍മാര്‍ട്ടും ഞാനും ആശയപരമായി യോജിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി അവിടെ പോകാറില്ല

  അവിടെ ഒരു പോസ്റ്റിനുള്ള വക കാണുന്നുണ്ടല്ലോ.

   
 9. At 6/20/2006 10:57 PM, Blogger prapra said...

  സിദ്ധാ, കണ്‍വിന്‍സിംഗ്‌ (അതാര്‌, ooh!) ആയി എഴുതി ഫലിപ്പിക്കാന്‍ എനിക്ക്‌ കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നില്ല. വലിയ പുലികള്‍ ആരെങ്കിലും എഴുതുമായിരിക്കും. അതോ ഞാന്‍ മാത്രമാണോ പ്രതിപക്ഷത്ത്‌?

   
 10. At 6/21/2006 1:33 PM, Anonymous Anonymous said...

  ഫോര്‍ എക്സാമ്പിള്‍, ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കാര്‍ട്ടുകള്‍ തപ്പി ഇറങ്ങിയ വളന്റിയര്‍മാര്‍ ബെല്‍വ്യൂ-സിയാറ്റിലിലെ ഒരു അപ്പാര്‍ട്മന്റ്‌ കോമ്പ്ലക്സില്‍ നിന്ന് മാത്രം ഒരു ദിവസം 150-തില്‍പരം പെറുക്കി എടുത്തു എന്ന് പത്രവാര്‍ത്ത.

  Was that at Ravenswood at the park near #153?

   
 11. At 6/24/2006 4:01 PM, Blogger prapra said...

  Anonee... There was no mention about the place, but I guessed Central Park.

   
 12. At 6/27/2006 4:23 AM, Blogger പരസ്പരം said...

  വായിക്കാന്‍ അല്പം ലേറ്റായിപ്പോയി..RF ഐഡിയാ കൊള്ളാം, എങ്കിലും ഇതിന്റെ ചെലവ് നോക്കിയാല്‍ എങ്ങെനെയാ നാട്ടില്‍ പ്രാവര്‍ത്തികമാകുക?പിന്നെ പോലീസിന്റെ വയര്‍ലെസ്സ് ഇന്റര്‍ഫ്രെന്‍സ് ഒരു പ്രശ്നമാണ്.കോളേജ് ഹോസ്റ്റലില്‍ ഇങ്ങെനെ fm സ്റ്റേഷന്‍ ഇടയ്ക്കൊക്കെ തുടങ്ങുമെങ്കിലും ഒരാഴ്ചക്കുള്ളില്‍ പോലീസ് വന്ന് പ്രശ്നമുണ്ടാക്കി അത് നിര്‍ത്തലാക്കുമായിരുന്നു.കാറുകള്‍ക്ക് നാട്ടില്‍ ഇപ്പോള്‍ ഏറ്റവും പ്രാഭല്യത്തിലുള്ള തെഫ്റ്റ അലാറം ഉണ്ടെങ്കിലും വിശേഷമൊന്നുമില്ല. കാറുകളുടെ ഇണ്ടികേറ്റര്‍ പൊട്ടിച്ച് രണ്ട് വയറുകള്‍ തമ്മില്‍ ഷോര്‍‌ട്ട് ചെയ്യിച്ചാല്‍ പിന്നെ ഏതു അലാറവും നിശബ്ദമാകും.ഇതാണ് മോഷ്ടാക്കളുടെ നൂതന സംവിധാനം.

   
 13. At 6/30/2006 10:39 PM, Blogger Inji Pennu said...

  >>ഇങ്ങനെയുള്ളവരുടെ ഫോട്ടോ എടുക്കരുത്‌ >>എന്നൊരു അലിഖിത നിയമം ഉള്ളതു കൊണ്ട്‌, >>ഫോട്ടോ എടുത്തിട്ടില്ല

  അതെന്തു നിയമം ആണ് ?സായിപ്പന്മാര്‍ നമ്മുടെ നാട്ടില്‍ വന്ന പൂര്‍ ഇണ്ടിയന്‍സ് ഇന്‍ കാളവണ്ടീസ് എന്നൊക്കെ പറഞ്ഞ് ഫൊട്ടോ എടുക്കുന്നതൊ?

  പിന്നെ നമ്മുടെ നാട്ടില്‍ വീല്‍ ആദ്യം അടിച്ചോണ്ട് പോവും..അപ്പൊ പിന്നെ എവിടെ ഇതു ഘടിപ്പിക്കും? :) അപ്പൊ ഇത്രേം സിമ്പിള്‍ ആയ ഒരു ട്ടെക്നോളജി എന്താണാവൊ ഇവിടത്തെ കാറില്‍ ഇല്ലാത്തെ?

  പിന്നെ വാള്‍-മാര്‍ട്ടിനെ ഒന്നും പറയരുത് :) അമേരിക്കയുടെ ഇന്‍ഫ്ലെഷന്‍ തന്നെ പിടിച്ച് നിറ്ത്തുന്നതാണ്. കഴിഞ്ഞ മാസത്തിലെ ബിസിനസ്സ് വീക്കില്‍ ആണെന്ന് തോന്നുന്നു, ജാക്ക് വെല്‍ഷിന്റെ ഒരു ആര്‍ട്ടിക്കള്‍
  ഉണ്ടായിരുന്നു...ഫോര്‍ വാള്‍ മാര്‍ട്ട്. നല്ല ലേഖനം ആയിരുന്നു..
  പിന്നെ ആദ്യം വാള്‍മാര്‍ട്ടില്‍ മാത്രം ജീവിക്കുന്ന പലരും പൈസ ഒക്കെ ആയിക്കഴിയുംബോള്‍ വെന്‍ വീ കാന്‍ അഫോര്‍ഡ് അതര്‍ ഷോപ്പ്സ് വാള്‍-മാര്‍ട്ടിനെ തള്ളി പറയുന്നത് കാണാം. ഒരു സാധാരണക്കാരന്റെ കണ്ണില്‍ വാള്‍മാര്‍ട്ട് ഒരു ദൈവം ആണ്.

   

Post a Comment

Links to this post:

Create a Link

<< Home