June 29, 2006

ആര്‍സെലറിലേക്കുള്ള മിത്തലിന്റെ യാത്ര

ആറ്‌ മാസത്തെ നാടകീയ രംഗങ്ങള്‍ക്ക്‌ ശേഷം നെതര്‍ലാന്‍ഡ്‌ ആസ്ഥാനമായ മിത്തല്‍ സ്റ്റീല്‍ കമ്പനിയും, ലക്സംബര്‍ഗ്ഗ്‌ ആസ്ഥാനമായ ആര്‍സെലറും ലയിക്കാന്‍ തീരുമാനിച്ചു. അടുത്ത്‌ തന്നെ ചേരുന്ന ഓഹരി ഉടമകളുടെ യോഗം വോട്ടിങ്ങിലൂടെ തീരുമാനം അംഗീകരിക്കുന്നതോടെ ഇത്‌ പ്രാബല്യത്തില്‍ വരും.

അവസാനം നിമിഷം വരെ മത്സരത്തില്‍ ഉണ്ടായിരുന്നു സെവറെസ്റ്റലിന്റെ മോര്‍ഡഷോവ്‌ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ ലയനത്തോടെ ലോകത്തിലെ ഉത്പാതിക്കപ്പെടുന്ന സ്റ്റീലില്‍ പത്ത്‌ ശതമാനം ലക്ഷ്മി മിത്തല്‍ നേതൃത്വം നല്‍കുന്ന മിത്തല്‍ സ്റ്റീല്‍ കമ്പനി നിര്‍മ്മിക്കും. തൊട്ടടുത്ത എതിരാളിയായ നിപ്പോണ്‍ സ്റ്റീല്‍ കേവലം മൂന്ന് ശതമാനം ആണ്‌ ഉണ്ടാക്കുന്നത്‌. ആര്‍സെലര്‍-മിത്തല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ കമ്പനി 27 രാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന തങ്ങളുടെ 60 പ്ലാന്റുകളില്‍ നിന്നായി പ്രതിവര്‍ഷം 100 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാതിപ്പിക്കും എന്ന് അവകാശപ്പെടുന്നു. യു.എസ്‌.എ-യും കാനഡയും ചേര്‍ന്ന് ഒരു വര്‍ഷം ഇത്രയും സ്റ്റീല്‍ ഉത്പ്പാതിപ്പിക്കുന്നില്ല എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍മ്മിക്കുക.

മിത്തലിന്റെ വളര്‍ച്ച പല ചെറിയ കമ്പനികളുടെയും ലയനത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. നുകോര്‍ സ്റ്റീലും, യു.എസ്‌.സ്റ്റീലും തമ്മിലുള്ള ലയന ചര്‍ച്ച തുടങ്ങിയത്‌ ഇതിന്റെ സൂചനയാണെന്ന് കരുതുന്നു. യൂറോപ്പിലും ഇതുപോലെ രഹസ്യ ചര്‍ച്ചകള്‍ അരങ്ങേറുന്നു. ബിസിനസ്സ്‌ ലോകം ഉറ്റ്‌ നോക്കിയിരുന്ന ഒരു ലയനം ആയിരുന്നു മിത്തല്‍ സ്റ്റീലും ആര്‍സെലറും തമ്മിലുണ്ടായത്‌. ഈ അടുത്ത കാലത്ത്ത്‌ ഉണ്ടായത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ലയനം ആണെന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല.

ലക്സംബര്‍ഗ്ഗ്‌ ആസ്ഥാനമായ ആര്‍സെലര്‍ കനേഡിയന്‍ കമ്പനിയായ ഡൊഫാസ്കോയെ വാങ്ങിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ 2006 ജനുവരി 27-ന്‌ ആയിരുന്നു മിത്തല്‍, തങ്ങളുടെ താല്‍പര്യം ആര്‍സെലര്‍ ചീഫ്‌ എക്സിക്ക്യൂട്ടിവായ ഗൈ ഡോള്ളെയെ അറിയിക്കുന്നത്‌. വിറ്റുവരവില്‍ ഏറ്റവും വലിയ കമ്പനിയായ ആര്‍സെലറിനെ വാങ്ങാന്‍ മാത്രം ഏറ്റവും കൂടുതല്‍ സ്റ്റീല്‍ ഉത്പാതിപ്പിക്കുന്ന കമ്പനി ആയിട്ടില്ല എന്നായിരുന്നു ആര്‍സെലറിന്റെ നിലപാട്‌ (യൂറോയില്‍ വില്‍ക്കുന്നതിന്റെ വ്യത്യാസം). വിട്ടുകൊടുക്കാന്‍ മിത്തലും തയാറായിരുന്നില്ല. പിന്തുണ അഭ്യര്‍ഥനയുമായി മിത്തല്‍ ഫ്രഞ്ച്‌ ധനകാര്യ മന്ത്രാലയം, ലക്സംബര്‍ഗ്ഗ്‌ പ്രധാനമന്ത്രി, സ്പാനിഷ്‌ ഉദ്യോഗസ്ഥര്‍, യൂറോപ്യന്‍ യൂണിയന്‍ ആന്റി-ട്രസ്റ്റ്‌ കമ്മീഷണര്‍ തുടങ്ങിയവരേ സമീപിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. മിത്തല്‍ സ്റ്റീലിന്റെ $23 ബില്ല്യണ്‍ന്റെ ഓഫര്‍ മറികടന്ന് ആര്‍സെലര്‍, 'OAO Severstal' എന്ന റഷ്യന്‍ കമ്പനിക്ക്‌ കരാര്‍ ഉറപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാന്‍ പൊകുന്ന എന്ന അവസ്ഥയില്‍ ആയിരുന്നു ലക്സംബര്‍ഗ്ഗ്‌ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌ റെഗുലേറ്റര്‍ ഇടപെട്ടത്‌. നിയമലങ്കനം നടക്കുന്നില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ഒരു സംരംഭവുമായി മുന്നോട്ടു പോകാവൂ എന്ന ഇവരുടെ ഉത്തരവാണ്‌ ആര്‍സെലറിനെ തിരിച്ച്‌ മിത്തലിലേക്ക്‌ എത്തിച്ചത്‌. മിത്തല്‍ ഇതിനിടയില്‍ തങ്ങളുടെ ഓഫര്‍ ഉയര്‍ത്താന്‍ തയാര്‍ ആണെന്നും ഓഹര്‍ ഉടമകളുമായി ചര്‍ച്ച ചെയ്യാന്‍ സൌകര്യം ഒരുക്കി തരണം എന്നും ആര്‍സെലറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ജൂണ്‍ 25-നെ ആര്‍സെലറിന്റെ ഓഹരി ഉടമകള്‍ മിത്തലുമായുള്ള ലയനത്തിന്‌ സമ്മതം മൂളി, $33.65 ബില്ല്യണ്‍ എന്ന സംഖ്യക്ക്‌. പക്ഷേ ഇത്‌ കരാറായി വരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി ഉണ്ട്‌.

കൈപ്പിടിയില്‍ ഒതുങ്ങി എന്ന് കരുതിയ ഓഫര്‍ നഷ്ടപ്പെട്ടതില്‍ വിലപിക്കുകയാണ്‌ സെവറെസ്റ്റലിന്റെ ചീഫ്‌ എക്സിക്യൂട്ടിവ്‌ മോര്‍ഡഷോവ്‌. യൂറോപ്യന്‍ യൂണിയന്റെ ഗൂഡാലോചയും റഷ്യന്‍ വിരുദ്ധ മനോഭാവവുമാണ്‌ ഇങ്ങനെ സംഭവിക്കാന്‍ ഉണ്ടായതെന്ന് അദ്ദേഹം ആരോപിക്കുന്നു. മിത്തലിന്റെ ഓഫറിനോട്‌ യോചിക്കാന്‍ പറ്റില്ലെങ്കിലും, തങ്ങളും മുമ്പ്‌ പറഞ്ഞ വിലയില്‍ വര്‍ധന വരുത്താന്‍ തയാറാണെന്ന് സെവര്‍സ്റ്റെല്‍ പ്രഖ്യാപിച്ചു. ആര്‍സെലറിന്റെ അമ്പത്‌ ശതമാനത്തില്‍ കൂടുതല്‍ ഓഹരി ഉടമകളെ കൂടെ നിര്‍ത്തി വോട്ടിങ്ങ്‌ തങ്ങള്‍ക്ക്‌ അനുകൂലമാക്കാന്‍ തനിക്ക്‌ കഴിയുമെന്നും മോര്‍ഡഷോവ്‌ അവകാശപ്പെടുന്നു. ബിസിനസ്സ്‌ ലോകം അല്ലേ, കാലിനടിയില്‍ നിന്ന് മണ്ണൊലിച്ച്‌ പോകുന്നത്‌ അറിയാന്‍ കുറച്ച്‌ സമയം എടുത്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി മിത്തല്‍ ആണ്‌ ഇന്ന് ഉറച്ച മണ്ണില്‍ നില്‍ക്കുന്നത്‌. വരും നാളുകളില്‍ മിത്തല്‍ കുടുംബത്തിന്റെ പേര്‌ നമ്മുടെ മുന്നില്‍ മിന്നി മറയുമ്പോള്‍ ഈ കാര്യങ്ങളൊക്കെ ഓര്‍ക്കാം.

വിഭാഗം:ബിസിനസ്സ്‌

5 Comments:

  1. At 6/30/2006 6:44 AM, Blogger ഡാലി said...

    മിത്തലിന്റെ കാര്യം നന്നായി എഴിതി. പക്ഷെ മിത്തലിനു ആര്‍സലിനൊടു തങളുടെ താല്പര്യം അറിയിക്കാന്‍ എങനെ voice ഉണ്ടായി എന്നു പറഞ്ഞില്ലല്ലൊ? അതുകൂടി ചേര്‍ത്താല്‍ അതു കൂടുതല്‍ ഭംഗി ആവില്ലെ?

     
  2. At 6/30/2006 1:34 PM, Blogger myexperimentsandme said...

    സംഗതി ഓക്കേയായീ എന്ന് തോന്നുന്നു.

    കാലചക്രം തിരിയുന്നു. പണ്ട് സായിപ്പ് ..ഇപ്പോള്‍ പ്രവാസി ഇന്ത്യക്കാര്‍....... ഇനി കുറച്ചുകഴിയുമ്പോള്‍ ഇന്ത്യന്‍ ഇന്ത്യക്കാര്‍.....

     
  3. At 6/30/2006 2:08 PM, Blogger Santhosh said...

    പ്രാപ്ര, കുറച്ചുകൂടി ബാക്ഗ്രൌണ്ട് ഇന്‍ഫോ കൊടുക്കാമായിരുന്നില്ലേ? (കാച്ചിക്കുറുക്കിയാല്‍ വായനാസുഖമുണ്ടാവുമെന്നത് നേര്.)

     
  4. At 7/02/2006 11:09 AM, Blogger prapra said...

    daly, സന്തോഷ്‌ : കുറച്ച്‌ കൂടി വിവരങ്ങള്‍ ചേര്‍ത്ത്‌ വിശദീകരിക്കാന്‍ ശ്രമിക്കാം. കുറുക്കി കുറുക്കി ഈ രൂപത്തില്‍ ആയി പോയതാ. voice ഉണ്ടായതിനെ പറ്റി എനിക്ക്‌ അറിവില്ല, surprise offer എന്നാണ്‌ industry ഇതിനെ കണ്ടത്‌.

    വക്കാരീ: കാലം മാറുകയല്ലേ? പണ്ട്‌ അടിയാന്മാരായി കഴിഞ്ഞിരുന്നവര്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്‌ പല സ്ഥലത്തും കാണുന്നില്ലേ?

    വായിച്ച എല്ലാവര്‍ക്കും നന്ദി.

     
  5. At 7/02/2006 11:21 AM, Blogger Unknown said...

    പ്രാപ്ര,
    മിത്തല്‍ ഇന്ത്യയില്‍ എവിടെയോ മുതല്‍ മുടക്കാന്‍ ആലോചിക്കുന്നതായി കേട്ടിരുന്നല്ലോ? എന്തായി ആവോ? ലേഖനം കാണാന്‍ താമസിച്ചു. നന്നായിരിക്കുന്നു.ഞാന്‍ ബിസിനസ് ലേഖനങ്ങളുടെ ഒരു ആരാധകനാണ്.

     

Post a Comment

<< Home