June 13, 2006

A380 : കാത്തിരിപ്പ്‌ തുടരുന്നു

വ്യാമയാന വ്യവസായം വലിയ കഷ്ടത്തിലാണ്‌. അന്തര്‍ദേശീയ മേഖലയില്‍ മാത്രമേ ചെറിയൊരു ഉണര്‍വുള്ളൂ. ഗ്ലോബലൈസേഷന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ ആഗോള തരത്തില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതോടെ "Time is Money" സിദ്ധാന്ത പ്രകാരം ഏറ്റവും കൂടുതല്‍ പേരെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതായി പ്രധാനം. ഇന്ന്‌ ഈ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത്‌ എയര്‍ബസ്സ്‌ കമ്പനി ആണ്‌. ഒരു മുഴം നീട്ടി എറിയാന്‍ പാകത്തില്‍ ഒരു കയറും ഈ വമ്പന്റെ കൈയ്യില്‍ ഉണ്ട്‌. പക്ഷെ പാരകള്‍ ഏറ്റുവാങ്ങി തളര്‍ന്ന് ഇരിക്കുകയാണ്‌ ഇവന്‍.

പറഞ്ഞ്‌ വരുന്നത്‌ A380-യെ കുറിച്ചാണ്‌. അടുത്ത ഇരുപത്‌ കൊല്ലത്തേക്കെങ്കിലും രാജാവായി ഇരിക്കേണ്ടവനാണിവന്‍. സാധാരണ നിലയില്‍ 550 പേരെയും, വേണ്ടി വന്നാല്‍ 850 പേരെ വരെയും കയറ്റി പറക്കാന്‍ തയാറായിരിക്കുന്ന ഈ ഭീമാകാരന്‍. ഇത്രയും വലിയൊരു വിമാനത്തിന്‌ വിപണന സാധ്യത ഇല്ല എന്നു പറഞ്ഞ്‌ മാറി നിന്ന ബോയിംഗ്‌ കമ്പനിയെ ഞെട്ടിച്ചത്‌, $300 Million എന്ന വില വക വയ്ക്കാതെ വിമാന കമ്പനികള്‍ കൊടുത്ത ഓര്‍ഡറുകളാണ്‌.

എന്നാല്‍ റിലീസിങ്ങ്‌ അടുക്കുമ്പോള്‍ പല പ്രശ്നങ്ങളും തല ഉയര്‍ത്തുകയും, വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്യുന്നു. ടേക്‌ക്‍ഓഫ്‌/ലാന്റിംഗ്‌ സമയത്ത്‌ ഈ വിമാനം ഉയര്‍ത്തുന്ന wake turbulance-നെ കുറിച്ചാണ്‌ ഈ ആഴച കൂടുതലായും കേള്‍ക്കുന്നത്‌. ഇന്ന് സര്‍വീസില്‍ ഉള്ള 747 Jumboയേക്കാളും കൂടുതല്‍ സമ്മര്‍ദ്ദം 100 Ton ഭാരക്കൂടുതലുള്ള A380 ഉണ്ടാക്കും എന്ന് FAA അധികൃതര്‍ ഭയക്കുന്നു. ഈ വിമാനത്തിന്‌ തൊട്ട്‌ പിന്നില്‍ യാത്ര ചെയ്യേണ്ടുന്നവയ്ക്ക്‌ ഇത്‌ ഭീഷണിയാണെന്നത്‌ വലിയൊരു പരിതി വരെ സത്യവുമാണ്‌. ഈ ടര്‍ബുലന്‍സ്‌ കാരണം അടിതെറ്റി വീണ്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. (അമേരിക്കയില്‍ നവമ്പര്‍ 2001-ല്‍ JFK വിമാനത്താവളത്തിനടുത്ത്‌ 251 പേരുടെ മരണത്തിനിരയാക്കിയ അപകടത്തിനും ഒരു കണക്കിന്‌ ഇതിനെ കുറ്റപ്പെടുത്താം). ആ അവസ്തയില്‍ തീരെ ചെറിയ വിമാനങ്ങള്‍ക്ക്‌ ഇതിന്റെ ഏഴ്‌ അയലത്ത്‌ പോകുന്നതിനെ പറ്റി ആലോചിക്കാനേ പറ്റില്ല. ടേക്‌ക്‍ഓഫുകള്‍ക്കിടയില്‍ കൂടുതല്‍ സമയം അനുവദിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം. പക്ഷെ തിരക്കേറിയ വിമാനത്താവളങ്ങള്‍ ഈ പ്രതിവിധി അംഗീകരിക്കാന്‍ തയാറാകില്ല. ഈ വിഷയത്തെ പറ്റി എയര്‍ബസ്സ്‌ കമ്പനി നടത്തിയ പഠനത്തില്‍ A380 കാരണം ഇത്തരം ഭയാനകമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ലെന്നാണ്‌ കണ്ടെത്തിയത്‌. ഇത്‌ FAA നയിക്കുന്ന അമേരിക്കന്‍ ലോബിക്ക്‌ വിഴുങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതേ കുറിച്ച്‌ തിങ്കളാഴ്ചയും ചര്‍ച്ച നടന്നിരുന്നു.

ഒരുപാട്‌ പ്രശ്നങ്ങള്‍ അതിജീവിച്ചാണ്‌ ഇവിടെ വരെ കൊണ്ടെത്തിച്ചത്‌. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്ന പോലെ എന്നും പ്രശ്നങ്ങള്‍ ഇവന്റെ കൂടെ ഉണ്ട്‌. സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ പോലെ കാശുള്ള അണ്ണന്മാര്‍ ഇതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. അഞ്ച്‌ വിമാനം ഉണ്ടാക്കി പരീക്ഷണ പറക്കലും, ജാഡ കാണിക്കലും ഒക്കെ കഴിഞ്ഞു, ഇനി സാധനം റോഡില്‍ ഇറങ്ങിയാല്‍ മതി എന്ന സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ആണ്‌ മുകളില്‍ പറഞ്ഞ ചര്‍ച്ചകള്‍ നടക്കുന്നത്‌. ഈ വര്‍ഷാവസാനം ഡെലിവറി തുടങ്ങും എന്നും പറഞ്ഞ്‌ ഇരുന്നവര്‍ ഇന്ന്‌ പ്രഖ്യാപിച്ചു, "നമ്മുടെ പ്രൊഡക്ഷന്‍ ലൈനില്‍ ട്രാഫിക്‌ ജാം. ഇന്നത്തെ സ്ഥിതി വച്ച്‌ നോക്കിയാല്‍ മുമ്പ്‌ പറഞ്ഞതില്‍ നിന്ന് ഒരു 6-7 മാസം വൈകും സാധനം പുറത്തിറങ്ങാന്‍". ഒപ്പം തന്നെ മുമ്പ്‌ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായി ആദ്യ വര്‍ഷം 7 എണ്ണവും, അടുത്ത വര്‍ഷം 5-8ഉം പ്രതീക്ഷിക്കാം എന്നും പ്രസ്താവന സൂചിപ്പിക്കുന്നു. ഇതൊരു project management-ന്റെ പരാജയം ആയി അംഗീകരിക്കാന്‍ ഒരു പ്രയാസം, പ്രത്യേകിച്ചും അടച്ചിട്ട മുറികളില്‍ കഴുത്ത്‌ ഞെരിക്കാനുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍. വൈകി ആണെങ്കിലും ഇവന്‍ വെളിച്ചം കാണുകയും നമ്മുടെ ആകാശത്തെ വാഴുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

[Update : 14 ജൂണ്‍ 2006]
എയര്‍ബസ്സ്‌ ഇന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ ചെന്ന് വീണു. ഡെലിവറി വൈകുന്നത്‌ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്ന കമ്പനികള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന ധ്വനി ആണ്‌ നല്‍കുന്നത്‌. സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ 20 ബോയിംഗ്‌ 787 വാങ്ങാന്‍ തീരുമാനിച്ചു. ക്വാണ്‍ടസ്‌ എയര്‍ലൈന്‍സും മറ്റു വഴികള്‍ തേടുകയാണെന്ന് പ്രഖ്യാപിച്ചു. ഇത്തരം ഒരു പ്രത്യാഘാതം പ്രതീക്ഷിക്കാത്തത്‌ പോലെയാണ്‌ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചത്‌, 26% ശതമാനം ഇടിവാണ്‌ ഈ കമ്പനിയുടെ സ്റ്റോക്ക്‌ വിലയിടിഞ്ഞത്‌. നല്ലൊരു സ്ഥിതിയില്‍ അല്ല എയര്‍ബസ്സ്‌ കമ്പനി ഉള്ളതെന്ന് ചുരുക്കും. ആരുടെയൊക്കെ തലകള്‍ ഉരുളും എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

6 Comments:

  1. At 6/13/2006 11:05 PM, Blogger ബിന്ദു said...

    A380 എന്നു കണ്ട്‌ എന്താന്നു കരുതി ഞാന്‍. :)
    good work.

     
  2. At 6/13/2006 11:46 PM, Blogger Santhosh said...

    ബോയിംഗ് ലോബി വളരെ ശക്തമാണെന്നാണ് അവിടെ ജോലിചെയ്യുന്ന ഒരു സുഹൃത്ത് പറയുന്നത്. ഈയടുത്തകാലത്ത് ഖതര്‍ എയര്‍വേയ്സോ മറ്റോ യൂ. എസില്‍ ലാന്‍ഡ് ചെയ്യുന്നതിന് FAA-യോട് അനുവാദം ചോദിച്ചു. എയര്‍ബസ് മാത്രമുള്ള ഫ്ലീറ്റായിരുന്നു ആ എയര്‍വേയ്സിന്‍റെത്. അവരോട് പോയി മിനിമം ഒരു ബോയിംഗ് വണ്ടി വാങ്ങിയിട്ട് വരാന്‍ പറഞ്ഞു, മേലാളന്മാര്‍. അതുകഴിഞ്ഞ് അപേക്ഷ പരിഗണിക്കാം പോലും.

     
  3. At 6/14/2006 3:15 AM, Blogger ദേവന്‍ said...

    സമകാലികം: എയര്‍ബസ്സ്‌ 380 എന്ന പറക്കും ഭീമന്‍.

     
  4. At 6/14/2006 3:20 AM, Blogger Kalesh Kumar said...

    നല്ല പോസ്റ്റ്!

     
  5. At 6/14/2006 4:42 AM, Blogger myexperimentsandme said...

    നല്ല പോസ്റ്റെന്ന് മാത്രം പറയുന്നു ഇപ്പോള്‍. ബാക്കി ഇതില്‍ പറന്നിട്ട്!

     
  6. At 6/14/2006 9:16 PM, Blogger prapra said...

    കൂടുതല്‍ പ്രശ്നങ്ങളാണ്‌ എയര്‍ബസ്സിന്റെ മുന്നില്‍. അതും കൂട്ടി പോസ്റ്റ്‌ അപ്ഡേറ്റ്‌ ചെയ്തു.

    ബിന്ദു: എന്താണെന്ന് ഞാന്‍ ഇവിടെ വിശദമാക്കിയിരുന്നില്ല. ദേവേട്ടന്‍ അതു ചെയ്തു, വായിച്ചില്ലെങ്കില്‍ ഇവിടെ.

    സന്തോഷ്‌ : ചരട്‌ വലികളും, കാലു വാരലും, കുതികാല്‍ വെട്ടും ഫോര്‍ പീപ്പിള്‍ അറിയാതെ പോകുന്നു.

    പുല്ലൂരാന്‍ : ഇപ്പോള്‍ വായിച്ചു. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ആണ്‌. ഉത്തരവാദിത്വം ആര്‌ ഏറ്റെടുക്കും എന്നറിയണം ഇനി.

    ദേവേട്ടന്‍ : ഇത്രയും നന്നായി അവതരിപ്പിക്കാന്‍ എനിക്കു കഴിയാത്തത്‌ കൊണ്ടാണ്‌ ശ്രമിക്കാതിരുന്നത്‌. പെരുത്ത്‌ നന്ദി.

    കലേഷ്‌ : നന്ദി.

    വക്കാരി : ഞാനും പറക്കാന്‍ കാത്തിരിക്കുന്നു. ലോങ്ങ്‌ റേഞ്ച്‌ ആണ്‌ ആശാന്‍. ടോക്യോ-ചെന്നൈ ഒരു നോണ്‍സ്റ്റോപ്പ്‌ അടിക്കാനും സാധ്യത ഉണ്ട്‌. അങ്ങനെയാണെങ്കില്‍ ആര്‍ട്ടിക്‌ സര്‍ക്കിള്‍ വഴി ഒരു സര്‍ക്കീട്ട്‌ വക്കാരിക്ക്‌ ഉണ്ടാവും.

     

Post a Comment

<< Home