February 01, 2006

കുറച്ചു അസംബ്ലി വിശേഷങ്ങള്‍
പതിവു പോലെ 9:50നു ഇന്റര്‍വല്‍ ബെല്ല് അടിച്ചു. എല്ലാവരും ക്ലാസ്സില്‍ നിന്നു ചാടിയിറങ്ങി. ആവിടവിടെ കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍. ടെക്സ്റ്റ്‌ ബുക്ക്‌ കടം വാങ്ങാന്‍ മറ്റു ഡിവിഷനുകളില്‍ കയറി ഇറങ്ങുന്ന ചിലര്‍. ക്ലാസ്സ്‌ തുടങ്ങുന്നതിനു തൊട്ടു മുമ്പു മാത്രം കയറി വരുന്ന സൈക്കിള്‍ സവാരിക്കാര്‍ മറ്റൊരു വശത്ത്‌. ഇന്ന് സമരം ഇല്ലെന്ന പരാതിയും ആയി വേറെ കുറച്ചുപേരും. ഇതിനിടയില്‍ രാവിലെ അസംബ്ലി ഉണ്ടെന്ന വാര്‍ത്ത കേട്ട ഹോംവര്‍ക്ക്‌ ചെയ്യാത്ത ചിലര്‍ക്കെങ്കിലും സന്തോഷം, വെയിലത്തു നില്‍ക്കണമെന്നുള്ള സങ്കടം ഉണ്ടെങ്കിലും. 9:55നു പ്യൂണ്‍ കണ്ണേട്ടന്‍ വന്നു ബെല്ലടിച്ചപ്പോള്‍ എല്ലാവരും ക്ലാസ്സില്‍ കയറി. സ്പീക്കറിലൂടെ പ്രാര്‍ത്ഥനാ ഗാനം ഉയര്‍ന്നു. ക്ലാസ്സ് മാസ്റ്റര്‍ ഹാജരു വിളിച്ചു കഴിഞ്ഞ ശേഷം എല്ലാവരെയും വരിയായി അസ്സംബ്ലി ഗ്രൌണ്ടിലേക്കു നയിച്ചു. വെയിലിനു ഇപ്പോള്‍ തന്നെ നല്ല ചൂടുണ്ട്‌. പത്താം ക്ലാസ്സുകാര്‌ ഒന്നാമത്തെ വരിയില്‍ നിന്നു കഴിഞ്ഞു. Very disciplined class എന്നു എല്ലാ അദ്യാപകരും ഇവരെ കുറിച്ചു വാഴ്ത്തി നടക്കുന്നതു കൊണ്ടു ചിലര്‍ക്കു ബാഹുമാനവും മറ്റു ചിലര്‍ക്കു അസൂയയും ഉണ്ടു ഇവരോടു. ആസൂയയ്ക്കു മറ്റൊരു കാരണവും കൂടി ഉണ്ട്‌, അവരുടെ ലൈന്‍ എന്നും തണല്‍ നല്‍കുന്ന ഞാവല്‍ മരത്തിന്റെ ചുവട്ടില്‍ ആണ്‌. പക്ഷെ അവര്‍ക്കും ഒരു പ്രശ്നം ഉണ്ടു, കാക്കകള്‍. കണ്ണു തെറ്റിയാല്‍ കാക്ക ചതിക്കും. നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ വെള്ള ഷര്‍ട്ടിനോട് ഒരു പ്രത്യേക ഇഷ്ടം ആണു ലോക്കല്‍ കാക്കകള്‍ക്ക്‌. മാത്രമല്ല ഹെഡ്മാസ്റ്ററുടെ ഉപദേശങ്ങള്‍ പ്രസംഗം കേള്‍ക്കാനാണോ, സ്പോര്‍ട്‌സ്‌ മാഷിന്റെ ബഡായി കേള്‍ക്കാനാണോ എന്നറിയില്ല അസംബ്ലി ദിവസം മറ്റു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നു പോലും കാക്കകള്‍ വരാറുണ്ട്‌ എന്നാണു കണക്കുകള്‍ പറയുന്നതു. ആരും ഇതൊന്നും എതിര്‍ക്കാറില്ല, കാരണം നമ്മളെക്കാള്‍ കാക്കകളെ കുറിച്ചു അറിയുന്നവര്‍ തലശ്ശേരിയില്‍ ഇല്ല എന്നു ആരും സമ്മതിക്കും.

ഈ അടുത്ത കാലത്തായി കാക്കകള്‍ക്കു ഷൈന്‍ ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല. ആതുകൊണ്ടു തന്നേ കാക്കകളും ഇതൊരു ചാലഞ്ച് ആയി എടുത്തിരിക്കുകയാണ്‌. ഹെഡ്‌മാസ്റ്റര്‍ വന്നു കൊടി ഉയര്‍ത്തി, എല്ലാവരും സല്യൂട്ട്‌ അടിച്ചു, സ്കൂള്‍ ലീഡര്‍ പ്രതിജ്ഞ വായിച്ചു. കുറച്ചു പേരെങ്കിലും "ഇന്ത്യ എന്റെ രാജ്യമാണ്‌, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌..." എന്നു ഏറ്റു പറയുന്നുണ്ടെങ്കിലും ചിലരുടെയെങ്കിലും ശ്രദ്ധ മരത്തിന്റെ മേലെ കാക്ക ഉണ്ടോ എന്നു നോക്കുന്നതിലായിരുന്നു. സമയം കടന്നു പോയി. അപകടങ്ങളൊന്നും സംഭവിക്കാതെ സമയം 10:25 ആയി. ഇന്നത്തെ അജണ്ടയില്‍ ഉള്ള കാര്യങ്ങള്‍ കഴിഞ്ഞതായി ഹെഡ്‌മാസ്റ്റര്‍ പ്രഖ്യാപിക്കുന്നതിന്റെ ഇടയില്‍ സ്പോര്‍ട്‌സ്‌ മാഷ്‌ ഓടി വന്നു, രണ്ടു അവാര്‍ഡ് കിട്ടാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ പറയാന്‍ ഉണ്ടെന്നു ഓര്‍മ്മിപ്പിച്ചു കൊണ്ടു മൈക്ക്‌ ഏറ്റു വാങ്ങി. സംസാരിക്കാന്‍ തുടങ്ങിയോ ഇല്ലയോ എന്ന് പറയാറാവുമ്പോഴേക്കും.. --ഡിം--, കറന്റ്‌ പോയി, മാഷ്‌ നിരാശനായി. മുതിര്‍ന്ന കുട്ടികള്‍ക്കെല്ലാം കാര്യം പിടികിട്ടി. സ്റ്റാന്‍ലി മാഷ്‌ ആംബ്ലിഫയറിനടുത്തു നിന്നു ഒന്നും സംഭവിക്കാത്തതു പോലെ അകന്നു പോകുമ്പോള്‍ കുട്ടികള്‍ പലരും ചിരി അടക്കിപിടിക്കാന്‍ പാടു പെടുകയായിരുന്നു. ഒരു നിമിഷം, "പ്ലിക്ക്‌" ഒപ്പം ഷാജിമോന്റെ വിലാപവും, "കാക്ക... തൂ...റി!". കുട്ടികളുടെ മുഴുവന്‍ നോട്ടവും മരത്തിനെ മേലേയ്ക്കു, അപ്പോഴെയ്ക്കും ആ വിരുതന്‍ അവാര്‍ഡും വാങ്ങി ചിറകടിച്ചു ഉയര്‍ന്നിരുന്നു.

4 Comments:

  1. At 2/02/2006 12:52 AM, Blogger Santhosh said...

    This comment has been removed by a blog administrator.

     
  2. At 2/02/2006 1:49 PM, Blogger Santhosh said...

    കൊള്ളാം, നല്ല തുടക്കം. മലയാളം ബ്ലോഗിംഗിലേയ്ക്ക് സുസ്വാഗതം!!

     
  3. At 2/02/2006 3:01 PM, Blogger ശനിയന്‍ \OvO/ Shaniyan said...

    സ്വാഗതം!! ഇനിയും പോരട്ടെ..!!!

     
  4. At 2/03/2006 9:43 AM, Blogger സു | Su said...

    ജനനം കൊണ്ട് ഞാനും ഒരു തലശ്ശേരിക്കാരി ആണുട്ടോ.

     

Post a Comment

<< Home