February 15, 2006

മഞ്ഞുരുകും മുമ്പേ...

വീണ്ടും വാലന്റൈന്‍സ്‌ ഡേ. പ്രിയതമ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിലും, തിരക്കു പിടിച്ച ജീവിത യാത്രയില്‍ ഇതും മറ്റൊരു ദിനം എന്ന പോലെയായിരുന്നു ഞാന്‍. പക്ഷേ ദിവസം പിറന്നപ്പോള്‍ അതിനു ഒരു പ്രത്യേക മാസ്മരികത തോന്നുന്നു. മഞ്ഞിന്‍ പുതപ്പണിഞ്ഞ ന്യൂയോര്‍ക്ക്‌ സിറ്റി ഒന്നു കൂടി സുന്ദരി ആയിരിക്കുന്നു. പ്രണയിതാക്കള്‍ക്ക്‌ ഇതിലും നല്ലൊരു അന്തരീക്ഷം എവിടെ ഉണ്ട്‌. ഓഫീസ്‌ യാത്രക്കായി ഞാന്‍ കൃത്യ സമയത്ത്‌ തന്നെ ഇറങ്ങി. സബ്‌വേ സ്റ്റേഷനിലേക്കുള്ള നടത്തം പതിവിലും വ്യത്യസ്തമായി എനിക്കു തോന്നി, നിറയേ റോസാ പൂക്കളും ചൈനീസ്‌ നിര്‍മ്മിത ഗിഫ്റ്റുകളും ആയി വഴിയോര കച്ചവടക്കാര്‍.

ഞായറാഴ്ചത്തെ മഞ്ഞുവീഴ്ച്ച കാരണം ട്രെയിന്‍ സര്‍വീസുകള്‍ ഇനിയും പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല, അതു കൊണ്ട്‌ തന്നെ സാധാരണയില്‍ കവിഞ്ഞ തിരക്കുണ്ട്‌. എങ്കിലും ദിവസത്തിന്റെ പ്രത്യേകത വിളിച്ചറിയിക്കുന്ന വിധത്തില്‍ ഇന്ന് യാത്രക്കാരില്‍ ഒരു ഊര്‍ജ്ജവും പ്രസരിപ്പും ഉണ്ട്‌. കൈയ്യില്‍ പൂക്കളും മനസ്സില്‍ സ്നേഹവും പ്രണയിനികളേ കാണാന്‍ തുടിക്കുന്ന ഹൃദയവുമായി കുറേ പേരും. പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഇണക്കുരുവികളും കുറവല്ല. ആദ്യം പുറപ്പെടുന്ന ട്രെയിനില്‍ ഞാനും കയറി. വര്‍ണ കടലാസില്‍ പൊതിഞ്ഞു ഒരുക്കി വച്ച പൂക്കള്‍ ഉടഞ്ഞു പോവാതെ സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. എങ്ങും മൂടി കിടക്കുന്ന മഞ്ഞില്‍ തിളങ്ങുന്ന സൂര്യപ്രകാശം ട്രെയിന്‍ ടണലില്‍ നിന്ന് പുറത്തു വരാന്‍ കാത്തിരിക്കുകയായിരുന്നെന്ന പോലെ ഇരച്ചു കയറി.

കട കട ശബ്ദം ഉണ്ടാക്കി നീങ്ങുന്ന ട്രെയിനിന്റെ താളം തെറ്റിക്കാന്‍ വേണ്ടി എന്ന പോലെ ആരുടെയോ ഫോണ്‍ മണി അടിച്ചു. പലര്‍ക്കും അതുണ്ടാക്കിയ ശബ്ദം ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. ഫോണ്‍ എടുത്ത സുന്ദരിയുടെ കിളിമൊഴി കേട്ടപ്പോള്‍ ഞാനും അവളെ ഒന്നു ശ്രദ്ധിച്ചു. പക്ഷേ ആ സന്തോഷം അടയുന്നതു പോലെ ഒരു തോന്നല്‍ അവളുടെ മുഖത്തു നിഴലിക്കാന്‍ തുടങ്ങിയതു പെട്ടെന്നായിരുന്നു. വിതുമ്പാന്‍ തുടങ്ങുന്ന മുഖവുമായി താമസിയാതെ അവള്‍ ഫോണ്‍ ഓഫ്‌ ചെയ്തു. പിന്നെ എല്ലാം കൈവിട്ടുപോയെന്ന മട്ടില്‍ ഒരു പൊട്ടി കരച്ചിലായിരുന്നു. ഡയമണ്ടുകളുടെയും, മഞ്ഞുപുതപ്പിന്റെയും, വിടരാന്‍ തുടങ്ങുന്ന റോസാ പുഷ്പ്പങ്ങളുടെയും ലോകത്ത്‌ നിന്ന് കറുത്ത യാഥാര്‍ത്യങ്ങളിലേക്ക്‌ ഒരു ഫ്രീഫോള്‍. പിന്നെ ആ മുഖത്ത്‌ നോക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. അവളുടെ സങ്കടം ഉള്‍ക്കൊണ്ടെന്നവിധം മറ്റുള്ളവര്‍ തങ്ങളുടെ കൈയിലുള്ള പൂക്കള്‍ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതു പോലെ എനിക്കു തോന്നി.

തേങ്ങി കൊണ്ടിരുന്ന സുന്ദരിയില്‍ നിന്നു ട്രെയിന്‍ ഇറങ്ങി നടന്നകലുമ്പോള്‍ എന്റെ മനസ്സും ചഞ്ചലമായിരുന്നു. സന്തോഷവും സങ്കടവും ഇരു വശങ്ങളില്‍ പതിച്ച ഒരു നാണയത്തിന്റെ ആരും കാണാന്‍ ആഗ്രഹിക്കാത്ത വശം കണ്ടു എന്നൊരു തോന്നല്‍ ആയിരുന്നു അപ്പോള്‍.

10 Comments:

  1. At 2/16/2006 1:38 AM, Blogger Kalesh Kumar said...

    നന്നായിട്ടുണ്ട് !

     
  2. At 2/16/2006 11:31 AM, Blogger സ്വാര്‍ത്ഥന്‍ said...

    നല്ല വായനനുഭവം

     
  3. At 2/16/2006 11:36 AM, Blogger സു | Su said...

    ജീവിതം രണ്ടു വശമുള്ള നാണയം. തന്റെ സന്തോഷവും മറ്റുള്ളവന്റെ ദു:ഖവും കണ്ട് അഹങ്കരിക്കുന്നു മനുഷ്യര്‍.
    പോസ്റ്റ് നന്നായി :)

     
  4. At 2/16/2006 1:00 PM, Blogger Santhosh said...

    ഒരു പക്ഷേ സന്തോഷക്കരച്ചിലാവും:)
    വേറിട്ട കാഴ്ചയ്ക്ക് നന്ദി!

    സസ്നേഹം,
    സന്തോഷ്

     
  5. At 2/16/2006 11:01 PM, Blogger prapra said...

    കലേഷ്‌, നന്ദി.

    സ്വാര്‍ത്ഥന്‍, നിങ്ങളൊക്കെ വന്നിരുന്നു എന്ന് അറിഞ്ഞതു തന്നെ സന്തോഷം.

    നാട്ടുകാരീ, നന്ദി. മനുഷ്യനൊപ്പം സാഹചര്യവും കാരണക്കാരല്ലേ?

    സന്തോഷ്‌, പേരു പോലെ തന്നെ ചിന്തകളിലും സന്തോഷം ആണല്ലേ?

     
  6. At 2/16/2006 11:20 PM, Blogger സൂഫി said...

    പ്രിയ scribbles,

    മോഹങ്ങളേയും, മോഹഭംഗങ്ങളും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങള്‍ തന്നെ.
    പക്ഷെ കറുത്ത യാഥാര്ത്യങ്ങളിലേക്കുള്ള ഈ ഫ്രീ ഫോളില്‍ പലരും തകര്‍ന്നടിഞ്ഞു പോകുന്നു.

     
  7. At 2/17/2006 11:43 PM, Blogger ചില നേരത്ത്.. said...

    സുഹൃത്തെ നല്ല എഴുത്ത്.
    ശ്രീ ബാബു ഭരദ്വാജിന്റെ ഒരു കഥയോര്‍മ്മ വന്നു.
    “കാണാതെ പോയ ഭര്‍ത്താവിനെ തിരഞ്ഞ് പ്രതീക്ഷയുടെ മരപച്ചയുമായി വന്നെത്തിയ ഭാര്യ. നിരന്തരമായ അലച്ചിലിനൊടുവില്‍ നിരാശയോടെ തിരിച്ച് പോകുന്നതിനിടയ്ക്ക്,അവളും പാതി വഴിയില്‍ യാത്ര മതിയാക്കുന്നു.”
    ‘പ്രവാസിയുടെ കാല്‍പാടുകള്‍‘ എന്ന ചെറുകഥാ സമാഹാരത്തില്‍ കനലെരിയും പ്രവാസത്തിന്റെ കദനകഥകള്‍ അനുഭവത്തില്‍ നിന്നും തുന്നിചേര്‍ത്തിരിക്കുന്നു.
    ‘മഞ്ഞുരുകും മുമ്പേ‘ മനോഹരമായിരിക്കുന്നു.

     
  8. At 2/18/2006 4:37 AM, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

    വേറിട്ട എഴുത്ത്. ഹൃദയത്തെ സ്പര്‍ശിച്ചു.

    അടുത്തതിനായി കാത്തിരിക്കുന്നു.

     
  9. At 2/18/2006 5:15 AM, Blogger Visala Manaskan said...

    വളരെ ഇഷ്ടായി. ഇഷ്ടാ.

     
  10. At 2/18/2006 11:09 PM, Blogger prapra said...

    സൂഫി, ഇബ്രു,സാക്ഷി, വിശാലന്‍: എല്ലാവര്‍ക്കും നന്ദി.

     

Post a Comment

<< Home