ഗാര്‍ബേജ് എക്സ്പോര്‍ട്ടിങ്ങ്
ഫ്ലാഷ്‌ബാക്ക് : കണ്ണൂര്‍ക്കാര്‍ ഇതൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലും, എ.കെ.ജി ആശുപത്രിയും മത്സരിച്ചായിരുന്നു അന്ന് മാലിന്യം പുറത്ത് ഒഴുക്കി വിട്ടിരുന്നത്. എ.കെ.ജി ഒരു ഘട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു, പിന്നെ അവിടെ വഴി തടയലും, സംഘര്‍ഷവും... ഒന്നും പറയണ്ട. ഇടത് ഭരിക്കുന്ന ആശുപത്രിക്കെതിരെ വലത് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയുടെ കുത്തിത്തിരിപ്പ് മാത്രമായിരുന്നു അത്. അല്ലാതെ നാട്ടുകാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കാര്യത്തെ പറ്റി ഇടപെടേണ്ട കാര്യം ഇല്ലല്ലോ? പിന്നീട് എ.കെ.ജി ഭരണം എം.വി.രാഘവന്‍ പിടിച്ചടക്കിയതും, 48 മണിക്കൂര്‍ ജില്ലാ ബന്ദും, സ്നേക്ക് പാര്‍ക്കിന് നേരെയുള്ള ആക്രമണവും, രാഘവന് നേരെയുള്ള സമരങ്ങളും, കൂത്തുപറമ്പ് വെടിവെപ്പും ഒക്കെ കേരള രാഷ്ടീയത്തിന്റെ ഭാഗം. ആശുപത്രിക്കാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, sewer system, waste management തുടങ്ങിയ സംഭവങ്ങള്‍ ഒന്നും നാട്ടില്‍ ഇല്ലല്ലോ. പിന്നെയുള്ളത് പുഴയില്‍ തള്ളുകയാണ്, പക്ഷെ നഗര മദ്ധ്യത്തിലുള്ള ആശുപത്രി എന്ത് ചെയ്യും? അതു കൊണ്ടൊന്നുമല്ലായിരിക്കും, ജനങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി തലശ്ശേരിയില്‍ ആശുപത്രി കെട്ടി പൊക്കിയപ്പോള്‍ അത് കൊടുവള്ളി പുഴക്ക് അരികില്‍ തന്നെയാക്കിയത്. പണ്ട് വെറുതെ കണ്ടല്‍ക്കാട് പിടിച്ച് വേസ്റ്റ് ആയി കിടന്ന സ്ഥലത്ത് ഒന്നുമില്ലെങ്കില്‍ ഇന്ന് ഒരു ആശുപത്രിയുണ്ടല്ലോ!
വിദേശ ലോക്കേഷന്‍ : ഒന്ന് ന്യൂയോര്‍ക്ക് സിറ്റിയെ നോക്കാം. കണ്ണൂര്‍ ജില്ലയുടെ പകുതിയോളം വരുന്ന ഒരു സ്ഥലത്ത്, കേരളത്തിന്റെ 30% ശതമാനത്തോളം വരുന്ന ജനസംഖ്യ ഒരു ദിവസം ഗാര്‍ബേജ് ആയി തള്ളുന്നത് ഏകദേശം 11,600 ടണ്ണാണ്. ഇതൊന്നും കുഴിച്ചിടാനോ, കത്തിച്ച് തീര്‍ക്കാനോ പറ്റുന്ന അളവല്ല. അതിന് അവര്‍ കണ്ട വഴിയാണ്, garbage exporting. കാശ് അങ്ങോട്ട് കൊടുത്തിട്ടാണ് export നടത്തുന്നത് എന്നൊരു വ്യത്യാസം മാത്രം. ഇവിടെ അടുത്തും അകലെയും ഉള്ള സ്റ്റേറ്റുകളിലെ കൗണ്ടികള്‍ ടണ്ണ് കണക്കിനാണ് വാങ്ങുന്നത്. വെര്‍ജീനിയക്കാരെ... തല്ലല്ലെ, ഇത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഗുണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് കണക്ക്. ഹാര്‍ബര്‍/ഷിപ്പിങ്ങ് സൗകര്യം ഉള്ളതിനാല്‍ ബാര്‍ജ്ജുകളില്‍ കയറ്റി അയക്കുന്നത് ഇവിടെ ഒരു പ്രശ്നം ആകുന്നില്ല, ചിലവും കുറവാണ്.
കേരള സര്‍ക്കാര്‍ ഇതേ കുറിച്ച് ശക്..ത..മായി ഒന്ന് ആലോചിക്കട്ടെ, അപ്പോള്‍ വെ..ക്ക്..ത..മായ ഒരു ഉത്തരം കിട്ടും. പക്ഷെ നമ്മള്‍ എങ്ങോട്ട് കയറ്റി അയക്കും? ടെണ്ടര്‍ വിളിക്കാതെ, ഉള്ള experience വച്ച് നോക്കാം! നാട്ടിലെ പഴയ സാധനങ്ങളൊക്കെ പെറുക്കി കൊണ്ടുപോയിരുന്നത് തമിഴ്നാട്ടുകാരായിരുന്നു. അതുകൊണ്ട് തത്കാലം ഇതൊക്കെ തമിഴ്‌നാടിനെ ഏല്പ്പിക്കാം, അവരാണല്ലോ മുല്ലപ്പെരിയാറില്‍ നിന്ന് ദിവസേന വെള്ളം ഫ്രീയായിട്ട് കൊണ്ടുപോകുന്നത്, ഒരു ടി.എം.സി വെള്ളത്തിന്, അമ്പത് ബാര്‍ജ്ജ് എന്ന കണക്കിനോ മറ്റോ ഇതും കൊടുത്തേക്കാം. പിന്നെ, കൊണ്ടു പോയ ശേഷം അവര്‍ എന്ത് ചെയ്യുന്നു എന്ന കാര്യത്തില്‍ പക്ഷെ നമ്മള്‍ ഇടപെടരുത്. കാവേരി വെള്ളത്തിന് പകരമായി അവര്‍ അത് വേണമെങ്കില്‍ കര്‍ണ്ണാടകത്തിന് കൊടുത്തോട്ടെ... നോ പ്രോബ്ലം, അവര്‍ ആയി അവരുടെ പാടായി. ഇതൊരു താത്കാലിക എടപാട് മാത്രം, നമ്മുടെ തുറമുഖങ്ങള്‍ ഒക്കെ ഒന്ന് well established ആയിക്കഴിഞ്ഞാല്‍ പിന്നെ ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങി മലയാളം ബ്ലോഗേര്‍സ് ഇല്ലാത്ത ഏത് വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്.
ഇത്രയും വളിപ്പ് അടിച്ചത് എന്തിനാണെന്ന് വച്ചാല്‍, കേരളത്തിനും അത്യാവശ്യമായി ഒരു garbage disposal/recycling system വേണം എന്ന് ഓര്‍മ്മിപ്പിക്കാനാണ്. അത് എങ്ങനെയാണെന്നുള്ളതിനെ കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതാണ്. കാരണം, waste ഉണ്ടാകുന്നത്, നമ്മള്‍ ഓരോരുത്തരുടെയും വീടുകളില്‍ നിന്നാണ്. അത് കൊണ്ട് തന്നെ, ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മള്‍ക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ആളൊഴിഞ്ഞ സ്ഥലം നോക്കി വലിച്ചെറിയുന്ന ഇപ്പോഴത്തെ രീതി മാറണം.
Waste Management -നെ പറ്റി കേരളം സീരിയസ്സായി ആലോചിക്കേണ്ട സമയം ആയിരിക്കുന്നു. രോഗ വിമുക്തമായ ഒരു കേരളം ഉണ്ടാവണമെങ്കില്‍ ഇതൊക്കെ ഇപ്പോഴെങ്കിലും ചെയ്തേ പറ്റൂ. രോഗ നിവാരണത്തിന് ഒരു വര്‍ഷം ചിലവാക്കുന്ന കാശ് പോലും ആകില്ല ഈ പരിപാടി ശരിയായി ചെയ്യുകയാണെങ്കില്‍.
[സ്വാര്‍ത്ഥം: ചീഞ്ഞു നാറുന്ന കൊച്ചി എന്ന ബ്ലോഗുമായി ചേര്‍ത്ത് വായിക്കുക.]
Labels: നിരീക്ഷണം, ന്യൂയോര്‍ക്ക്, രാഷ്ട്രീയം