July 20, 2013

ദി ടേസ്റ്റ് ഫാക്റ്ററി

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ ഭാഗമായി പോയപ്പോഴാണ്  ഞാന്‍ കണ്ണൂര്‍ സെന്റ്റല്‍ ജയിലിന്റെ മതിലുകള്‍ക്കപ്പുറം എന്തെന്ന് അറിയുന്നത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം എന്തെന്നൊന്നും അന്ന് അറിയില്ലായിരുന്നു; അതിന്  ശ്രമിച്ചിട്ടുമില്ല. അതിനൊരു കാരണം കണ്ണൂരിൽ അന്തേവാസികള്‍ ആയി ശോബ്‌രാജിനെ പോലെ സെലിബ്രിറ്റി കുറ്റവാളികളും ഇല്ല, റിപ്പറ് ചന്ദ്രന് അലൂംനി മെമ്പര്‍ സ്ഥാനം കിട്ടിയിട്ടും ഇല്ല. ഇതിനും കുറേ വര്‍ഷം കഴിഞ്ഞാണ്‌ രാഷ്ട്രീയ തടവുകാരുടെ സുഖാവാസ/സം‌രക്ഷണ/വികസന കേന്ദ്രം ഒക്കെ ആയി കണ്ണൂര്‍ ജയില്‍ കുപ്രസിദ്ധി നേടിയത്.

പിന്നെയും പല പ്രാവശ്യം ഇതു വഴി കടന്നു പോയപ്പോഴും ഈ വലിയ മതിലുകള്‍ക്കുള്ളിലെ കാര്യങ്ങളെ കുറിച്ച്‌ അധികം ആലോചനയൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്‌ ഇതിന്റെ മുമ്പില്‍ ഒരു സ്റ്റാളും കുറേ ആളുകള്‍ വാഹനങ്ങള്‍ നിറുത്തി സാധനങ്ങള്‍ വാങ്ങുന്നതും ഒക്കെ കണ്ടത്. അന്നായിരുന്നു ഞാന്‍ ആദ്യമായി ഫ്രീഡം ചപ്പാത്തിയെ പറ്റി കേള്‍ക്കുന്നതും പരിചയപ്പെടുന്നതും. ജയിലില്‍ നിന്ന് ഉണ്ടാക്കി ഒരു ഫാക്റ്ററി ഔട്ട്‌ലറ്റ് മാത്റ്കയില്‍ ഭക്ഷണം വില്‍ക്കുന്ന പരിപാടി ഒരു പുതുമയുള്ള ഏര്‍പ്പാടായി തോന്നി. ഇന്ന് കേരളത്തിലെ ജയിലുകളില്‍ നിന്ന് ഉണ്ടാക്കുന്ന ചപ്പാത്തിയും കറികളും ചില്ലറ വില്പനയില്‍ നിന്നും വളര്‍ന്ന് നാട്ടുമ്പുറത്തെ ഹോട്ടലുകള്‍ മുതല്‍ കൊച്ചി സ്റ്റേഡിയത്തിലെ ODI-ക്കു കാറ്ററിങ്ങ് വരെ എത്തി എന്നറിഞ്ഞത്. ജയില്‍ എന്ന ശിക്ഷണ കേന്ദ്രത്തേക്കാള്‍ രുചിയുള്ള ഭക്ഷണവും, ചിപ്സും, ലഢ്ഢുവും വിറ്റ് കോടികളുടെ ലാഭം ഉണ്ടാക്കുന്ന ഒരു ടേസ്റ്റ് ഫാക്റ്ററി എന്നാക്കാന്‍ പ്രവര്‍ത്തിച്ച അധികാരികള്‍ പ്രശംസ അര്‍ഹിക്കുന്നു. കണ്ണൂരില്‍ ദിനേശ് ബീഡി ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങള്‍ ഈ രീതിയില്‍ ചില കാര്യങ്ങള്‍ ഒക്കെ പരീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നു കൂടി ഇതോടൊപ്പം ഓര്‍മ്മിക്കാം.

ജയിലില്‍ മുമ്പ് ചെയ്യിച്ചിരുന്ന ജോലികള്‍ ഒന്നും ഒരു വ്യവസായം എന്ന നിലയില്‍ മാറാന്‍ സാധ്യത ഉള്ളവയായിരുന്നില്ല. പക്ഷെ വിദേശങ്ങളിലൊക്കെ കുറേ വര്‍ഷങ്ങളായി അങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിലും. എണ്‍പതുകളില്‍ IKEA ഇത് ചൂഷണം ചെയ്തിരുന്നു എന്ന ആരോപണവും കുറ്റസമ്മതവും മുമ്പ് ഉണ്ടായിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ന് ഒരു കമ്പനി പോലെ സ്വന്തം ‌‌‌UNICOR ബ്രാന്റില്‍ തന്നെ അനേകം പ്രോഡക്റ്റുകള്‍ വില്‍ക്കുന്നുണ്ട് എന്നത് കൂടി നിരീക്ഷിക്കാം.

1869ല്‍‌ നിര്‍മ്മിച്ച കണ്ണൂരിലെ ചരിത്രമുറങ്ങുന്ന കാരാഗ്റ്‌ഹത്തിന്‌ ചോരയും കണ്ണീരും നനഞ്ഞ കമ്മ്യൂണിസ്റ്റ് കഥകള്‍ക്കൊപ്പം ഒരുപാട് ചരിത്രവും പറയാനുണ്ടാവും. ഇതൊക്കെ സൂക്ഷിച്ച് വയ്ക്കുന്ന രീതിയും സം‌വിധാനവും നമുക്ക് അന്യമായത് കൊണ്ട് തന്നെ പലതും മാഞ്ഞു പോയിട്ടും ഉണ്ടാവാം. ഈ അടുത്ത നാളാണ്‌ ഇവിടെ ചെറിയ രീതിയില്‍ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെ കുറിച്ച് കേട്ട് തുടങ്ങിയത്. ഇത് ഏത് രീതിയില്‍ ആയാല്‍ പോലും ഒരു നല്ല സം‌രംഭം ആണെന്ന് പറഞ്ഞേ തീരൂ. പുതിയ യുഗത്തിലെ ഹൈട്ടക്ക് ക്രിമിനലുകളോട് പിടിച്ച് നില്‍ക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ജയില്‍ ഒക്കെ ഇനി ചരിത്ര സ്മാരകങ്ങള്‍ ആയി സം‌രക്ഷിക്കുന്നതിനെ കുറിച്ച് കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു ടൂറിസ്റ്റ് റിസോർട്ട്  ആക്കാൻ വകുപ്പുള്ള ഒരു സ്ഥലം ആയിരുന്നെങ്കിൽ ഇതൊക്കെ വേണ്ടപ്പെട്ടവർ ആലോചിച്ചേനെ.
.

Labels: ,

March 21, 2009

ബും ബും ഷക്കലക്ക.. ബും ബും...

സൗകര്യങ്ങള്‍ക്ക് മേലെ ആഡംബരവും,സ്പീഡും, പവറും, ഷോഓഫും പ്രാധാന്യം നേടിയപ്പോള്‍ നാട്ടിലെ റോഡുകളില്‍ നിന്ന് അന്യം നിന്ന് തുടങ്ങിയിരിക്കുന്ന ഒരു വാഹനം ആണ്‌ നമ്മുടെ സൈക്കിള്‍. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ കുറച്ചെങ്കിലും കാണാമെങ്കിലും അതിന്റെ ആയുസ്സും ചോദ്യം ചെയ്യപ്പെടാവുന്നതാണ്‌. ലൈസന്‍സ് ആവശ്യമില്ലാത്ത 30-35cc മോഫ പോലുള്ള ഒരു ഡീസന്റ് മോപ്പഡ് ഇറങ്ങാനുള്ള താമസമേയുള്ളൂ. ഈ അവസ്ഥ മുമ്പേ ഉണ്ടാവേണ്ടതായിരുന്നു. വളരേ ചെറിയൊരു ശതമാനം സാധാരണക്കാരും, അത്യാവശ്യം മത്സ്യ വില്പനക്കാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ്‌ തരംഗം സൃഷ്ടിച്ചു കൊണ്ട് BSA Steetcat (Hero Ranger-ഉം) വിപണിയില്‍ ഇറങ്ങിയത്. സ്റ്റ്റീറ്റ്കാറ്റിന്റെ ബും ബും ഷക്കലക്ക.. പരസ്യത്തിന്റെ അലകളാണ്‌ ഇപ്പോഴും കുറച്ച് പേരെയെങ്കിലും ഇതിലേക്ക് ആകര്‍ഷിക്കുന്നത്; അതോടൊപ്പം സൈക്കിളുകളുടെ രൂപത്തിലും നിറങ്ങളിലും വന്ന വ്യത്യസ്ഥതയും. അല്ലെങ്കില്‍ ഇതൊക്കെ ഡിനോസറുകളുടെ ഗണത്തില്‍ പെട്ട് പോയേനേ. ഇതോടൊപ്പം സൈക്കിള്‍ മോഷ്ടാക്കള്‍ എന്ന ഒരു വംശം തന്നെ ഇല്ലാതായി പോയിരിക്കുന്നു എന്ന് തോന്നുന്നു (മീശമാധവനില്‍ മോഷ്ടിച്ച സൈക്കിളാണെന്ന് സൂചന നല്‍കുന്ന ഒരു സീന്‍ മറക്കുന്നില്ല). സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു എന്നൊരു വാര്‍ത്ത വായിച്ച കാലം തന്നെ മറന്നു. ഇനി ഇതൊന്നും വാര്‍ത്തയാവാത്തത് ഇത്തരം സാധനങ്ങള്‍ക്കൊന്നും വില ഇല്ലാതായി പോയത് കൊണ്ടാണോ? മാരുതി കാറ് മോഷണം പോയി എന്ന് പറയുന്നത് പോലും അഭിമാന പ്രശ്നമാണെന്ന് വിശ്വസിക്കുന്ന ആളുകളുള്ള നാടാണെന്ന് ഒരു സുഹൃത്ത് കളിയായി പറഞ്ഞത് ഓര്‍ക്കുന്നു. പിന്നെ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും അവരുടെ സ്റ്റാന്റേര്‍ഡ് നോക്കണ്ടേ.

വിദേശത്ത പല വന്‍ നഗരങ്ങളിലും ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിത്രമാണ്‌ കാണാന്‍ പറ്റുന്നത്. കാറുകളും, വലിയ വാഹനങ്ങളും വിട്ട് ആളുകള്‍ സൈക്കിളുകള്‍ വാങ്ങി കൂട്ടാന്‍ തുടങ്ങയിരിക്കുന്നു. പഴയ യുറോപ്യന്‍ നഗരങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാന്‍ ഏറ്റവും പറ്റിയ വാഹനമായി അവിടുത്തുകാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സൈക്കിളിനെ ന്യൂയോര്‍ക്ക് നഗരത്തിലെ റെട്രോ-ഫാഷനിസ്റ്റാസ് നേരത്തെ തന്നെ ഏറ്റുവാങ്ങിയിരുന്നു. കുറച്ച് വൈകിയാണെങ്കിലും പാരീസിനെ മാതൃകയാക്കി സ്വീകരിച്ച് ന്യൂയോര്‍ക്ക് സിറ്റിയും ഇന്ന് സൈക്ലിങ്ങ് ഒരു commuting option ആയി promote ചെയ്യുകയാണ്‌. ഈ നഗരത്തില്‍ ഏറ്റവും വേഗത്തില്‍ ലക്ഷ്യത്തില്‍ എത്താനുള്ള സഞ്ചാര മാര്‍ഗ്ഗം എന്ന പേരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈക്കിളിനാണ്‌. ഉപയോഗത്തിനായി പ്രത്യേകം ലെയിനുകളും, ഗ്രീന്‍‌വേകളും കൂടി ആയതോടെ, കഴിഞ്ഞ വര്‍ഷം 35% കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകൃഷ്ടരായി. ഇവിടെ നിത്യേന 1.3 ലക്ഷം ആളുകള്‍ സൈക്കിള്‍ ഒരു യാത്രാ മാര്‍ഗ്ഗമായി ഇന്ന് ഉപയോഗിക്കുന്നു.

പക്ഷെ ഉപയോഗത്തിന്റെ വര്‍ദ്ധനവിന്‌ അനുസൃതമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഒരു വഴിക്ക് പോയി തിരിച്ച് വരുമ്പോള്‍ സൈക്കിള്‍ കൂടെ ഉണ്ടാവണമെന്നില്ല. കഴിഞ്ഞ വര്‍ഷം 70,000-ന്‌ മേലെ മോഷണങ്ങള്‍ ആണ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടൂവീലറുകള്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ്‌ നാട്ടില്‍ സൈക്കിളുകള്‍ അന്യം നിന്ന് പോയത്. ഒരു മോട്ടോര്‍ ബൈക്ക് നല്‍കുന്ന യാത്രാ സൗകര്യത്തേക്കാള്‍, ഇന്ന് സുന്ദരിമാരെ വശീകരിക്കാനും, macho man ഇമേജ് ഉണ്ടാക്കാനും ബൈക്കുകള്‍ ഉണ്ടായേ തീരൂ എന്ന് വിശ്വസിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഈ ഗ്ലാമര്‍ ഇമേജിന്റെ വലയില്‍ പലരും വീണ്‌ പോയതോടെയാണ്‌ സ്കൂട്ടറുകളുടെ പോലും തിരി കരിഞ്ഞ് പോയത്. ഇനി റ്റാറ്റാ നാനോയുടെ വരവോടെ ബൈക്കുകളുടെ ഗതി എന്താകും എന്നു കണ്ടറിയാം. എന്നാല്‍ സൈക്കിള്‍ നല്‍കുന്ന adventure-ഉം, thrill-ഉം പുതിയ തലമുറയെങ്കിലും ആസ്വദിച്ചിട്ടില്ലെന്ന് വിശ്വസിക്കാം. നിത്യാഭ്യാസവും മനക്കരുത്തും കൈമുതലായുള്ള ചില not-so-macho-men തന്നെ ഇവരുടെ മുന്നില്‍ അവതരിക്കേണ്ടി വരും. താഴെയുള്ള വീഡിയോ കാണുക; അല്ലെങ്കില്‍ ഇവിടെ.

അധികം താമസിയാതെ സൈക്കിളുകള്‍ വീണ്ടും കേരളത്തിലെ യുവാക്കളെ തേടിയെത്തും എന്ന് പ്രതീക്ഷിക്കാം. ലക്ഷത്തിന്‌ മുകളില്‍ വിലയുള്ള മോഡലുകളും, ബ്രാന്റ് അമ്പാസിഡറായി സ്പാന്‍ഡക്സും, ഹെല്‍മറ്റും ധരിച്ച ഒരു സൂപ്പര്‍ താരവും കൂടി ചെറുതായി ശ്രമിച്ചാല്‍ മതി. Fun, fitness, freedom എന്നീ factors ഒന്നിച്ച് നല്‍കുന്ന വേറെ എത്ര വിനോദങ്ങള്‍ ഉണ്ട് ഇന്ന് അറിവില്‍.

Labels: ,

March 13, 2009

സല്യൂട്ട്, അബ്‌സല്യൂട്ട്

മദ്യസേവ ഒരു socially accepted act ആയി കേരളത്തില്‍ അംഗീകരിക്കപ്പെടുന്നതിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ ഞാന്‍ നാട്ടില്‍ നിന്ന് പോന്നിരുന്നു. അതു കൊണ്ട് മലയാളികളില്‍ വെള്ളമടി ശീലം എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്ന് ശരിക്കും മനസ്സിലായത് Beverages Corporation-ന്റെ കണക്ക് പുസ്തകത്തിലെ താളുകള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളില്‍ ശ്രദ്ധിച്ചപ്പോഴായിരുന്നു.

അമേരിക്കയിലൊക്കെ എല്ലാവരും മദ്യപിക്കും എന്നും, അച്‌ഛനും, അമ്മയും, മക്കളും ഒന്നിച്ചിരുന്ന് കുടിച്ച് അര്‍മ്മാദിക്കുന്നവരാണെന്നൊക്കെ വിശ്വസിക്കുന്ന കുറേ പേരൊക്കെ ഇന്നും കേരളത്തിലും ഉണ്ട്. അവര്‍ക്ക് ഒക്കെ ആകാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിക്കുന്ന വിവരദോഷികളും ഇല്ലാതില്ല. എന്നാല്‍ അമേരിക്കയില്‍ 37% ശതമാനം മദ്യം കഴിക്കാത്തവരാണെന്നാണ്‌ കണക്ക് (1939 മുതല്‍ ഈ കണക്കില്‍ മാറ്റം ഉണ്ടായിട്ടില്ല എന്ന് Gallup Consumption Survey). എന്നാല്‍ ബാക്കിയുള്ള 63%-ത്തില്‍ മദ്യപിച്ച് വഴക്കുന്നുണ്ടാക്കുന്നവരും, വഴിയില്‍ ഇഴയുന്നവരും, റോഡില്‍ വാളു വയ്ക്കുന്നവരും.... ഒക്കെ തീരെ ചെറിയൊരു ശതമാനം ആയിരിക്കും (മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ കണക്കിലേക്ക് തത്കാലം കടക്കുന്നില്ല). ഇതിനുള്ള മുഖ്യ കാരണം, മദ്യപിക്കുന്നവരില്‍ മുക്കാല്‍ പങ്കും കഴിക്കാന്‍ താത്പര്യപ്പെടുന്നത് Wine (ഇത് ആരോഗ്യത്തിന്‌ നല്ലതാണെന്ന പ്രചാരം ഈ അടുത്ത കാലത്ത് കൂടുതലായി കേള്‍ക്കുന്നു) അല്ലെങ്കില്‍ Beer ആണ്‌ എന്നതാവാം, അതല്ലെങ്കില്‍ നിയമത്തിന്റെ വലയിലാവും എന്നതിന്റെ ഭയമാവാം.

മദ്യം, പുകവലി പോലെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ശീലം അല്ലെന്ന് വിശ്വസിക്കാം. അതു കൊണ്ടായിരിക്കണമല്ലോ പരസ്യങ്ങളില്‍, injurious എന്ന വാക്ക് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കാത്തത്.. (Drink responsibly, Drink in moderation എന്ന ഉപദേശങ്ങള്‍ പൊതുവെ ഉപയോഗിച്ച് കാണുന്നു). ഒരു ദിവസം 4 എണ്ണം വരെ ആകാം. എന്ന് വച്ച് ഒരാഴ്ച്ചയില്‍ 28 എന്നല്ല; മറിച്ച് പുരുഷന്മാര്‍ക്ക് 14-ഉം സ്ത്രീകള്‍ക്ക് 7-ഉം എന്ന അളവ് "low risk" ആയി പരിഗണിക്കാം എന്നാണ്‌ NIAAA പറയുന്നത്.
ഇത് ആരോഗ്യവാനായ ഒരാള്‍ക്ക് കഴിക്കാവുന്നതിന്റെ ലിമിറ്റ് ആണ്‌ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവര്‍ നോക്കിയും കണ്ടും പ്രവര്‍ത്തിക്കുക.

ഈ വകയില്‍ നിന്നുള്ള വരുമാനം കേരളത്തിന്റെ സര്‍ക്കാര്‍ ഖജനാവിലേക്ക് വലിയൊരു സംഖ്യ തന്നെയാണ്‌ കൊണ്ടുവരുന്നത്. അത് കൊണ്ടാണല്ലോ സര്‍ക്കാര്‍ തന്നെ ഇതിനെ silently പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ ഇതിനെ after and related effects-നെ കുറിച്ച് ആര്‍ക്കും ഒരു ബോധവും ഇല്ല എന്നതാണ്‌ വലിയ തമാശ. ഇത്രയും വലിയൊരു business market-ഉം, അടിച്ച് അലമ്പുണ്ടാക്കാന്‍ തയാറാവുന്ന അണികളുമുള്ള കോര്‍പ്പറേറ്റ് പാര്‍ട്ടി എന്താണാവോ ഈ ബിസിനസ്സിലേക്ക് ഇനിയും ചുവട് വയ്ക്കാത്തത്. റഷ്യയില്‍ ആവാമെങ്കില്‍ കേരളത്തിലും ആവാം എന്നായിരുന്നല്ലോ? ഒരു അവിടത്തെ പോലെ ഇവിടേയും സിസ്റ്റം. അവിടത്തെ വീര്യം കൂടിയ മുന്‍ പ്രസിഡന്റിന്റെ സ്വന്തം പേരില്‍ അടിച്ചിറക്കുന്ന ബ്രാന്റ് അടിച്ച് മുന്‍ സഃഖാക്കള്‍ വീര്യം കൂട്ടുന്നത് പോലെ ഒന്ന് നോക്കിയാല്‍ എന്താ? പുതിയ പ്രസിഡന്റ് വന്ന്പ്പോള്‍ പുതിയ ബ്രാന്റും ഇറങ്ങി, പക്ഷെ ഭരണം പോലെ തന്നെ വില്പനയിലും ജനപ്രീതി പോരാ. കേരളം ഇനിയും ബംഗാള്‍ ആവാത്തത് കൊണ്ട്, ഇവിടെ ഓരോ പാര്‍ട്ടി സെക്രട്ടറി മാറുമ്പോള്‍ പുതിയവ ഇറക്കിയാല്‍ മതി. ഇനി ഓരോ ഗ്രൂപ്പിനും, പക്ഷത്തിനും, ഘടക കക്ഷികള്‍ക്കും സ്വന്തം ബ്രാന്റ് വേണെങ്കില്‍ അങ്ങനെ. പക്ഷെ ഒരു "മുഖ്യന്‍ മാര്‍ക്ക്" ഡ്രിങ്ക് ആയിരിക്കും തറവാട്ടിന്‌ നല്ലത്, പാക്കേജിലും, പരസ്യത്തിലും, ഡിസ്‌പ്ലെയിലും, പ്രസന്റേഷനിലും, ഭയങ്കര വീറും, പവറും തോന്നും, തോന്നണം; പക്ഷെ സീറോ ആക്ഷന്‍, വാചകം മാത്രം, കം‌പ്ലീറ്റ് ശൂന്യം, ഓള്‍ ബ്ലാങ്ക്.... ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാവില്ല. So, Drink Responsibly!.

Labels: ,

November 12, 2008

പ്ലാസ്റ്റിക്ക് ബാഗ് സര്‍ച്ചാര്‍ജ്ജ്

ധവള വിപ്ലവവും ഹരിതവിപ്ലവവും കഴിഞ്ഞകാല സംഭവങ്ങളാണ്‌. എന്നാല്‍ ഇതില്‍ രണ്ടാമന്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിച്ചിട്ട് കുറച്ച് കാലമായി. പക്ഷെ ഇത് ഇപ്പോഴും വന്‍ നഗരങ്ങളിലെ Retro/Metro Fashionistas മാത്രം ഏറ്റെടുത്ത "Be Green" ആശയത്തില്‍ ഒതുങ്ങി ഇരിക്കുകയാണ്‌. കൃത്യമായ ഒരു അജണ്ടയില്‍ ഒതുങ്ങാത്ത ആശയമായതിനാല്‍ "Whole Foods" പോലുള്ള കമ്പനികള്‍ക്ക് ഇതൊരു publicity-യും, സാധനങ്ങള്‍ക്ക് കൂടുതല്‍ കാശ് ഈടാക്കാനുള്ള കാരണവും കൂടിയാണ്‌. ഇതില്‍ നിന്ന് വ്യത്യസ്ഥമായി പ്ലാസ്റ്റിക്ക് ബാഗ് ഒന്നിന്‌ 5c നിരക്കില്‍ ഈടാക്കും എന്നൊരു നീക്കം നടത്തി IKEA ആയിരുന്നു ചിലരുടെയെങ്കിലും ശീലങ്ങളെ മാറ്റി മറിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം IKEA ഉപഭോക്താക്കള്‍ 64 million (92%) കുറവ് പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിച്ചു എന്നാണ്‌ കണക്ക്. ഒരു വര്‍ഷം അമേരിക്കക്കാര്‍ വലിച്ചെറിയുന്ന 100 Billion പ്ലാസ്റ്റിക്ക് കവറുകളില്‍ ഇത്രയെങ്കിലും കുറഞ്ഞല്ലോ എന്ന് സമാധാനിക്കാം.

ഈ പാത പിന്‍‌തുടര്‍ന്നാല്‍ രണ്ട് കാര്യങ്ങള്‍ സാധിക്കാം, എന്നതാവണം NYC-യെ ഇങ്ങനെ ഒരു തീരുമാനത്തിന്‌ പ്രേരിപ്പിക്കുന്നത്. ഇന്ന് കടകള്‍ സൗജന്യമായി നല്‍കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് 6c വച്ച് ഈടക്കണമെന്ന് അനുശാസിക്കുന്ന പുതിയൊരു നിയമം ന്യൂയോര്‍ക്ക് സിറ്റി മെയറിന്റെ ഓഫീസില്‍ ഒരുങ്ങുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത് പ്ലാസ്റ്റിക്ക് നിരോധനം എന്ന് ഒരു ലക്ഷ്യം മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. പകരം ഇത്തരം ഒരു നീക്കം കൊണ്ട് വര്‍ഷത്തില്‍ $16 million-ന്റെ അധിക വരുമാനം എന്ന നേട്ടം കൂടി കണ്ട് കൊണ്ടായിരിക്കണം. Reusable ബാഗുകള്‍ നിര്‍മ്മിക്കുന്ന ചൈനയിലെ കമ്പനികള്‍ ഇതിനകം തന്നെ multi-billion ഡോളറിന്റെ ഓര്‍ഡറിന്‌ കാത്തിരിക്കുന്നുണ്ടാവും എന്നത് മറ്റൊരു വിഷയം!

പ്ലാസ്റ്റിക്ക് നിരോധനം എന്ന പേരില്‍ മൈക്രോണിന്റെ കണക്ക് നോക്കി കൈക്കൂലി വിഴുങ്ങാന്‍ കടകള്‍ റെയ്‌ഡ് ചെയ്യുന്ന നാട്ടിലെ ഏമാന്മാരെ അഴിച്ച് വിടുന്നവര്‍ ഇനി ഈ വഴിക്ക് ആലോചിക്കട്ടേ.
.

Labels: ,

September 07, 2008

ഗോസ്റ്റ് ലൈറ്റ്



വീണ്ടും ഒരു സെപ്റ്റംബര്‍ 11. ആ ദിനം New York Skyline-ന്‌ ഉണ്ടാക്കിയ മാറ്റം ഇനി പുനഃസ്ഥാപിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയും, ധാര്‍ഷ്ട്യവും, തലയെടുപ്പും ഒക്കെ ആയി പലരും ഈ സ്കൈലൈനിനേയും, World Trade Centre-നേയും വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്. What ever!

ആ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി ഈ 11-നു കൂടി "Tribute In Light" തെളിയും. ഈ വര്‍ഷം മിക്കവാറും അവസാനത്തേതാവും എന്ന് പറയപ്പെടുന്നു. വ്യത്യസ്തമായ, ഒപ്പം സൗജന്യമായും കാണാവുന്ന ഒരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ആണ്‌ ഇത്. ഈ വെള്ളിയാഴ്ച ഇതിന്റെ ടെസ്റ്റിങ്ങ് സമയത്ത് Brooklyn Heights Promenade ഭാഗത്ത് എത്തിയപ്പോള്‍ എടുത്തതാണ്‌ ചിത്രം.
[സിറ്റി സ്കൈലൈനിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ്‌ ബ്രൂക്ലിന്‍ ഹൈറ്റ്സ്. അബ്രഹാം ലിങ്കണ്‍ വിശേഷിപ്പിച്ചത്, "there may be finer views than this in the world, but I don't believe it", എന്നായിരുന്നു പോലും.]

അവിടെ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഈ നീല വെളിച്ചം പ്രത്യക്ഷപ്പെട്ടപ്പോള്‍ Cars എന്ന പിക്സാര്‍ ചിത്രത്തിലെ Mater-ന്റെ "its the ghostlight" എന്ന് പറയുന്ന വിറയാര്‍ന്ന മുഖം ആണ്‌ ഓര്‍മ്മ വന്നത്. കുട്ടികള്‍ക്കുള്ള ചിത്രം എന്ന് കരുതി Cars-നെ തഴഞ്ഞവര്‍ അഭിപ്രായം മാറ്റി വച്ച് ചിത്രം കാണാന്‍ ശ്രമിക്കുക. ഈ ചിത്രത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച "Mater And The Ghostlight", എന്ന ഹ്രസ്വചിത്രത്തില്‍ ഗോസ്റ്റ് ലൈറ്റിനുള്ള വിശദീകരണം ഇങ്ങനെ: "...ghostlight is a glowing orb of blue translucent light that haunts these very parts [places]...".

പലരുടെയും ഓര്‍മ്മകളെ haunt ചെയ്യുന്ന ഈ ദിനത്തെ കുറിച്ച് ആവുമ്പോള്‍ ghostlight എന്ന പേര്‌ കുറച്ച് കൂടി അര്‍ത്ഥവത്താകുന്നു.
.

Labels: ,

September 04, 2008

കാ.... കാ.....

കാക്കയെ കുറിച്ച് ഒരു introduction-ന്റെ ആവശ്യം ഇല്ല, എന്നാലും, "യൂ മീന്‍, ക്‌രോ" എന്ന് ചോദിക്കുന്ന ആരെങ്കിലും ഉണ്ടാകാതിരിക്കില്ല. നാട്ടില്‍ ഏറ്റവും സുലഭമായി കാണപ്പെടുന്നതും, ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരെണ്ണത്തെയെങ്കിലും കാണാന്‍ പറ്റുമോ എന്നും നമ്മള്‍ ആദ്യം അന്വേഷിക്കുന്നതും, കാക്കയെ ആണ്‌. കാണാന്‍ ഒരു ലുക്ക് ഇല്ലാത്തത് ആണോ, അതോ സ്വഭാവ ദൂഷ്യം കൊണ്ടാണോ എന്നറിയില്ല നമ്മള്‍ ഈ പക്ഷിക്ക് വലിയ ബഹുമാനം കൊടുത്ത് കാണാറില്ല. അത് കൊണ്ട് കൂടിയായിരിക്കണം എന്നും വീടിന്‌ ചുറ്റും ഒരേ കാക്കയേ തന്നെയാണോ കാണുന്നത് എന്ന് പോലും ശ്രദ്ധിക്കാന്‍ സമയം കൊടുത്തിരുന്നില്ല. പക്ഷെ അവ നമ്മളെയും ചുറ്റുമുള്ളവരെയും സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവം പണ്ട് വീട്ടില്‍ ഉണ്ടായി. സ്ഥിരമായി തേങ്ങ ഇടാന്‍ വരുന്നയാള്‍ക്ക് പകരം ഒരാള്‍ തെങ്ങില്‍ കയറിയപ്പോള്‍ കുറേ കാക്കകള്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ തുരത്താന്‍ ശ്രമിച്ചു. ഈ അനുഭവം അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ അനുഭവിക്കേണ്ടി വന്നു. ഏല്പിച്ച പ്രോജക്റ്റ് കമ്പ്ലീറ്റ് ചെയ്യാന്‍ അന്ന് പുള്ളി കുറച്ച് പണിപ്പെട്ടു. അത് പോലെ ഉച്ച ഭക്ഷണ സമയത്ത് കൃത്യമായി വന്നെത്തുന്ന കാക്കകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

എന്നാലും, സാധാരണയില്‍ കവിഞ്ഞ ബുദ്ധിയുള്ള പക്ഷിയായി നമ്മള്‍ കാണുന്നില്ലെങ്കിലും അങ്ങനെയാണെന്നാണ്‌ സത്യം. ആഴമുള്ള പാത്രത്തില്‍ കല്ലുകള്‍ പെറുക്കിയിട്ട് വെള്ളം കുടിച്ച കാക്കയെ പറ്റിയുള്ള കഥ ഒരു പക്ഷെ നടന്ന സംഭവം ആയിരുന്നോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ള ചില വിക്രിയകള്‍ ആണ്‌ Joshua Klien പകര്‍ത്തിയത്. ഇന്ന് കേരളത്തിന്റെ സ്വന്തം Sanitation സര്‍‌വീസ് ആയ കാക്കയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് തീര്‍ച്ച. ഒപ്പം ശ്രമിച്ചാല്‍ നമുക്ക് ഉപകരിക്കുന്നവ പഠിപ്പിക്കാനും .....

Labels:

July 28, 2007

ഗാര്‍‌ബേജ് എക്സ്പോര്‍ട്ടിങ്ങ്

നാട്ടിലെ മാലിന്യ പ്രശ്നം ഇന്നൊരു വാര്‍ത്ത അല്ലാതായിരിക്കുകയാണല്ലോ? കുറച്ച് മുമ്പൊക്കെ കേള്‍ക്കാറുണ്ടായിരുന്നു, മാലിന്യം നിക്ഷേപിക്കാന്‍ വന്ന വണ്ടി തടഞ്ഞു, തിരിച്ചയച്ചു, സംഘര്‍ഷം എന്നൊക്കെ. ഇതൊക്കെ മുമ്പ് അയല്‍ക്കാര്‍ തമ്മിലുള്ള അല്ലറ ചില്ലറ അടിപിടി കേസുകളില്‍ ഒതുങ്ങിയിരുന്നു. പിന്നെ കുറേയൊക്കെ ലോക്കല്‍ സംഭവങ്ങളും. ഇന്ന് ഇത് ഹൈക്കോടതി ലെവലില്‍ ആണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്.‍

ഫ്ലാഷ്‌ബാക്ക് : കണ്ണൂര്‍ക്കാര്‍ ഇതൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കണ്ണൂരിലെ കൊയിലി ഹോസ്പിറ്റലും, എ.കെ.ജി ആശുപത്രിയും മത്സരിച്ചായിരുന്നു അന്ന് മാലിന്യം പുറത്ത് ഒഴുക്കി വിട്ടിരുന്നത്. എ.കെ.ജി ഒരു ഘട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു, പിന്നെ അവിടെ വഴി തടയലും, സംഘര്‍ഷവും... ഒന്നും പറയണ്ട. ഇടത് ഭരിക്കുന്ന ആശുപത്രിക്കെതിരെ വലത് ഭരിക്കുന്ന മുന്‍‌സിപ്പാലിറ്റിയുടെ കുത്തിത്തിരിപ്പ് മാത്രമായിരുന്നു അത്. അല്ലാതെ നാട്ടുകാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കാര്യത്തെ പറ്റി ഇടപെടേണ്ട കാര്യം ഇല്ലല്ലോ? പിന്നീട് എ.കെ.ജി ഭരണം എം.വി.രാഘവന്‍ പിടിച്ചടക്കിയതും, 48 മണിക്കൂര്‍ ജില്ലാ ബന്ദും, സ്നേക്ക് പാര്‍ക്കിന്‌ നേരെയുള്ള ആക്രമണവും, രാഘവന്‌ നേരെയുള്ള സമരങ്ങളും, കൂത്തുപറമ്പ് വെടിവെപ്പും ഒക്കെ കേരള രാഷ്ടീയത്തിന്റെ ഭാഗം. ആശുപത്രിക്കാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, sewer system, waste management തുടങ്ങിയ സംഭവങ്ങള്‍ ഒന്നും നാട്ടില്‍ ഇല്ലല്ലോ. പിന്നെയുള്ളത് പുഴയില്‍ തള്ളുകയാണ്‌, പക്ഷെ നഗര മദ്ധ്യത്തിലുള്ള ആശുപത്രി എന്ത് ചെയ്യും? അതു കൊണ്ടൊന്നുമല്ലായിരിക്കും, ജനങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി തലശ്ശേരിയില്‍ ആശുപത്രി കെട്ടി പൊക്കിയപ്പോള്‍ അത് കൊടുവള്ളി പുഴക്ക് അരികില്‍ തന്നെയാക്കിയത്. പണ്ട് വെറുതെ കണ്ടല്‍ക്കാട് പിടിച്ച് വേസ്റ്റ് ആയി കിടന്ന സ്ഥലത്ത് ഒന്നുമില്ലെങ്കില്‍ ഇന്ന് ഒരു ആശുപത്രിയുണ്ടല്ലോ!

വിദേശ ലോക്കേഷന്‍ : ഒന്ന് ന്യൂയോര്‍ക്ക് സിറ്റിയെ നോക്കാം. കണ്ണൂര്‍ ജില്ലയുടെ പകുതിയോളം വരുന്ന ഒരു സ്ഥലത്ത്, കേരളത്തിന്റെ 30% ശതമാനത്തോളം വരുന്ന ജനസംഖ്യ ഒരു ദിവസം ഗാര്‍ബേജ് ആയി തള്ളുന്നത് ഏകദേശം 11,600 ടണ്ണാണ്‌. ഇതൊന്നും കുഴിച്ചിടാനോ, കത്തിച്ച് തീര്‍ക്കാനോ പറ്റുന്ന അളവല്ല. അതിന്‌ അവര്‍ കണ്ട വഴിയാണ്‌, garbage exporting. കാശ് അങ്ങോട്ട് കൊടുത്തിട്ടാണ്‌ export നടത്തുന്നത് എന്നൊരു വ്യത്യാസം മാത്രം. ഇവിടെ അടുത്തും അകലെയും ഉള്ള സ്റ്റേറ്റുകളിലെ കൗണ്ടികള്‍ ടണ്ണ് കണക്കിനാണ്‌ വാങ്ങുന്നത്. വെര്‍ജീനിയക്കാരെ... തല്ലല്ലെ, ഇത് കൊണ്ട് അവിടെയുള്ളവര്‍ക്ക് ഗുണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ്‌ കണക്ക്. ഹാര്‍ബര്‍/ഷിപ്പിങ്ങ് സൗകര്യം ഉള്ളതിനാല്‍ ബാര്‍ജ്ജുകളില്‍ കയറ്റി അയക്കുന്നത് ഇവിടെ ഒരു പ്രശ്നം ആകുന്നില്ല, ചിലവും കുറവാണ്‌.

കേരള സര്‍ക്കാര്‍ ഇതേ കുറിച്ച് ശക്..ത..മായി ഒന്ന് ആലോചിക്കട്ടെ, അപ്പോള്‍ വെ..ക്ക്‌..ത..മായ ഒരു ഉത്തരം കിട്ടും. പക്ഷെ നമ്മള്‍ എങ്ങോട്ട് കയറ്റി അയക്കും? ടെണ്ടര്‍ വിളിക്കാതെ, ഉള്ള experience വച്ച് നോക്കാം! നാട്ടിലെ പഴയ സാധനങ്ങളൊക്കെ പെറുക്കി കൊണ്ടുപോയിരുന്നത് തമിഴ്നാട്ടുകാരായിരുന്നു. അതുകൊണ്ട് തത്കാലം ഇതൊക്കെ തമിഴ്‌നാടിനെ ഏല്പ്പിക്കാം, അവരാണല്ലോ മുല്ലപ്പെരിയാറില്‍ നിന്ന് ദിവസേന വെള്ളം ഫ്രീയായിട്ട് കൊണ്ടുപോകുന്നത്, ഒരു ടി.എം.സി വെള്ളത്തിന്‌, അമ്പത് ബാര്‍ജ്ജ് എന്ന കണക്കിനോ മറ്റോ ഇതും കൊടുത്തേക്കാം. പിന്നെ, കൊണ്ടു പോയ ശേഷം അവര്‍ എന്ത് ചെയ്യുന്നു എന്ന കാര്യത്തില്‍ പക്ഷെ നമ്മള്‍ ഇടപെടരുത്. കാവേരി വെള്ളത്തിന്‌ പകരമായി അവര്‍ അത് വേണമെങ്കില്‍ കര്‍‌ണ്ണാടകത്തിന്‌ കൊടുത്തോട്ടെ... നോ പ്രോബ്ലം, അവര്‍ ആയി അവരുടെ പാടായി. ഇതൊരു താത്കാലിക എടപാട് മാത്രം, നമ്മുടെ തുറമുഖങ്ങള്‍ ഒക്കെ ഒന്ന് well established ആയിക്കഴിഞ്ഞാല്‍ പിന്നെ ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങി മലയാളം ബ്ലോഗേര്‍സ് ഇല്ലാത്ത ഏത് വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്‌.

ഇത്രയും വളിപ്പ് അടിച്ചത് എന്തിനാണെന്ന് വച്ചാല്‍, കേരളത്തിനും അത്യാവശ്യമായി ഒരു garbage disposal/recycling system വേണം എന്ന് ഓര്‍മ്മിപ്പിക്കാനാണ്‌. അത് എങ്ങനെയാണെന്നുള്ളതിനെ കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതാണ്. കാരണം, waste ഉണ്ടാകുന്നത്, നമ്മള്‍ ഓരോരുത്തരുടെയും വീടുകളില്‍ നിന്നാണ്‌. അത് കൊണ്ട് തന്നെ, ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മള്‍ക്ക് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ആളൊഴിഞ്ഞ സ്ഥലം നോക്കി വലിച്ചെറിയുന്ന ഇപ്പോഴത്തെ രീതി മാറണം.

Waste Management -നെ പറ്റി കേരളം സീരിയസ്സായി ആലോചിക്കേണ്ട സമയം ആയിരിക്കുന്നു. രോഗ വിമുക്തമായ ഒരു കേരളം ഉണ്ടാവണമെങ്കില്‍ ഇതൊക്കെ ഇപ്പോഴെങ്കിലും ചെയ്തേ പറ്റൂ. രോഗ നിവാരണത്തിന്‌ ഒരു വര്‍ഷം ചിലവാക്കുന്ന കാശ്‌ പോലും ആകില്ല ഈ പരിപാടി ശരിയായി ചെയ്യുകയാണെങ്കില്‍.


[സ്വാര്‍ത്ഥം: ചീഞ്ഞു നാറുന്ന കൊച്ചി എന്ന ബ്ലോഗുമായി ചേര്‍ത്ത് വായിക്കുക.]

Labels: , ,