December 26, 2006

ക്രിസ്ത്‌മസ് എന്ന ഷോപ്പിങ്ങ് ഫെസ്റ്റിവല്‍

ഡിസംബര്‍ 25 കഴിഞ്ഞതോടെ അമേരിക്കയിലും ഈ വര്‍ഷത്തെ ക്രിസ്ത്‌മസ് കഴിഞ്ഞു. പക്ഷെ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടില്ല. ഇത് ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ഉപരി ഒരു ഷോപ്പിങ്ങ് സീസണ്‍ അല്ലേ. ഇത്രയും നാള്‍ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കായിരുന്നു. ഇനി തിരിച്ച് കൊടുക്കുവാനും മാറ്റി വാങ്ങുവാനും ഇവരൊക്കെ ഓടി നടക്കും. കഴിഞ്ഞ കുറേ നാളായി വലിയ ഭാണ്ഡങ്ങള്‍ പേറി നടക്കുന്നവരെ കൊണ്ട് വഴിയിലും ട്രെയിനിലും യാത്ര ദുഷ്കരമായിരിക്കുകയാണ്‌.

9:00 മുതല്‍ 9:00 വരെ തുറന്നിരുന്ന കടകള്‍ 5:00 മുതല്‍ 12:00 വരെയും അതിലും വൈകിയും തുറന്ന് പ്രവര്‍ത്തിക്കുന്നു. നവമ്പര്‍ അവസാനം തുടങ്ങിയ ഈ മഹോത്സവം ഈ ആഴ്ചയോടെ കെട്ടടങ്ങും എന്ന് പ്രതീക്ഷിക്കാം. വ്യാപാരികള്‍ അവരുടെ വില്പനയുടെ കണക്കെടുത്തു കഴിഞ്ഞു. ലാഭവും, ലാഭത്തിലുണ്ടായ നഷ്ടവും പ്രഖ്യാപിച്ചു തുടങ്ങി. സാധനങ്ങള്‍ വാങ്ങി കൂട്ടിയവര്‍ അടുത്ത മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്ല്‌ വരുമ്പോള്‍ വിവരം അറിഞ്ഞു തുടങ്ങും. ഇവിടെ ക്രിസ്ത്‌മസ് ഇങ്ങനെ ഒരു ഷോപ്പിങ്ങ് ചടങ്ങ് ആയി ചുരുങ്ങിപ്പോയത് എങ്ങനെ ആയിരിക്കും?

ക്യാമറ കേരളത്തിലേക്ക് പാന്‍ ചെയ്യാം.
2006-ലെ ഓണക്കാലം. മുമ്പ് ഓണം എന്ന ഉത്സവത്തില്‍ നിന്ന് അകന്ന് ആകെ ഉണ്ടായിരുന്നത്, ഓണം ബമ്പര്‍ എന്ന കേരള സര്‍ക്കാര്‍ ലോട്ടറി മാത്രമായിരുന്നു. കാലം മാറി, ഇന്ന് ഷോപ്പിങ്ങ് ഫെസ്റ്റിവലുകളുടെയും, എക്സ്‌ചേഞ്ച് പോളിസികളുടേയും, മഹാമേളകളുടേയും, 50% ഓഫുകളുടേയും കാലം. വ്യാപരവത്കരിക്കപ്പെടുന്ന ഉത്സവങ്ങളിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കാം ഇത്. ഏത് സംഭവത്തെയും ചടങ്ങ് ആക്കി മാറ്റുന്നതും, ചടങ്ങിനെ സംഭവം ആക്കുന്നതും നമ്മള്‍ ഒക്കെ തന്നെ.

2 Comments:

  1. At 12/26/2006 3:53 PM, Blogger myexperimentsandme said...

    പ്രാ...പ്രാ... പ്രാ... പ്രാ...

    ആരാണ്ടോ തിരിഞ്ഞു നോക്കി.

    ദോ പ്രാപ്ര വന്നൂ... മെറി ഹാപ്പി ക്രിസ്മസ് ആന്‍ഡ് മെറിമെറി ന്യൂ ഇയര്‍ (സന്തോഷാണ് ഉത്തരവാദി-വലിയ ടെന്‍ഷനൊന്നുമില്ലാതെ ഹാപ്പിയും മെറിയും ഹാപ്പിയായും മെറിയായും ഹാപ്പിയോടെയും മെറിയോടെയും മെറിമെറൈസ് ചെയ്ത് മെറി മെറിയായി നടന്ന എന്നെയൊക്കെ സംശയത്തിന്റെയും കണ്‍‌ഫ്യൂഷന്റെയും അഗാധ കയങ്ങളിലേക്ക് പതുക്കെ കയറിട്ട് ഇറക്കിവിട്ട് ഇപ്പോള്‍ ഹാപ്പിയാണോ മെറിയാണോ എന്നുള്ള കണ്‍‌ഫ്യൂഷനില്‍ ഹാപ്പിയായിട്ടങ്ങിനെ ഇരിക്കുന്നു) :)

    നാട്ടില്‍ ഓണവും ക്രിസ്‌മസും മാത്രമല്ല, യെന്നാറൈ നാടുകാണാന്‍ വരുന്ന സമയവും ഗള്‍ഫിലെ സ്കൂള്‍ പൂട്ടുന്ന സമയവും തുറക്കുന്ന സമയവും എല്ലാം ആഘോഷം. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്ത് പുല്ല് എന്നാണ് മുറുക്കാന്‍ കടക്കാര്‍ വരെ ചോദിക്കുന്നത്.

    നന്ദികൊടുക്കല്‍ ദിനത്തില്‍ രാവിലെ മൂന്നിനെഴുന്നേറ്റ് ഓടിപ്പോയി ക്യൂനിന്ന് കിട്ടിയ സിഡി റൈറ്ററും സിഡി കൂടും സീഡീയും കവറും എല്ലാം വാങ്ങിച്ച് കൂട്ടി മെയിലന്‍ റിബേറ്റ് അയക്കേണ്ട അവസാന ദിനങ്ങളടുത്തപ്പോള്‍ ഇന്റേണല്‍ പരീക്ഷയെക്കാളും ടെന്‍ഷനായി ഒന്നും പൂരിപ്പിച്ച് തീര്‍ക്കാന്‍ കഴിയാതെ എല്ലാം വാരിക്കെട്ടി റിട്ടേണടിക്കാന്‍ ഓടിയ സുഹൃത്തിനെ ഓര്‍മ്മിപ്പിച്ചു, പ്രാപ്രായുടെ പോസ്റ്റ്.

    വേറോരണ്ണന്‍ ഫ്രം അഡ്രസ്സ് കവറില്‍ ഇടത് മുകളില്‍ എഴുതാതെ ഇന്ത്യന്‍ സ്റ്റൈലില്‍ ഇടത് താഴെ എഴുതി അയച്ച റിബേറ്റ് പേപ്പറുകള്‍ മുഴുവന്‍ അവന് തന്നെ തിരിച്ച് വന്നു. ഓസിന്റെ ഓരോ കളികളേ...

    ഓസിനു കിട്ടിയാല്‍ ഓയിന്റ്മെന്റും കുടിക്കാന്‍ സായിപ്പന്മാരും മോശമല്ല എന്ന് നാലിലൊന്ന് വിലയ്ക്ക് ഐബീയെം പീസി വാങ്ങിക്കാന്‍ ക്യൂ നിന്ന അണ്ണന്മാര്‍ തെളിയിച്ചു- ഒരണ്ണന്‍ ക്യൂവില്‍ നിന്ന് തന്നെ നമ്പ്ര് വണ്‍ നടത്തി. വേറൊരിടത്ത് ക്യൂ നിന്ന ഒരമ്മൂമ്മയെ തട്ടി വീഴ്ത്തി ചവിട്ടി മെതിച്ച് എല്ലാവരും കൂടെ ഓടി കടയ്ക്കകത്തേക്ക്.

    ഓസ് ഈസ് ദ ലെവലര്‍.

    (പ്രാപ്രയെ ഒത്തിരി നാളു കൂടി കണ്ടതുകൊണ്ടുള്ള പിച്ച് ആന്റ് പേ മാത്രം. ക്ഷമി).

     
  2. At 12/26/2006 8:56 PM, Blogger prapra said...

    വക്കാരിയുടെ പിച്ച്‌ ആന്റ്‌ പേ നാട്ടുകാരിലേക്ക്‌ എത്തിക്കാന്‍ വേണ്ടിയല്ലേ ബൌണ്‍സ്‌ ഇല്ലാത്ത ഈ പിച്ച്‌, പേ ഇല്ലാതെ ഞാന്‍ നടത്തി കൊണ്ട്‌ പോകുന്നത്‌. സന്തോഷിന്റെ വെരി മെറി ബെറി ബെറിയും വായിച്ചു. അതോടെ എനിക്ക്‌ പലതും മനസ്സിലായി.
    ഞാന്‍ മെല്ലെ ഒന്നേന്ന് തുടങ്ങട്ടേ, കുറേയേറെ ഓടിതീര്‍ക്കാനുണ്ട്‌, കുറച്ച്‌ ദിവസത്തേക്കുള്ള വരവല്ലേ.

     

Post a Comment

<< Home