July 25, 2006

13/15 Mal സബ്‌ടൈറ്റില്‍

നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ കണ്ട്‌ മനം മടുത്തത്‌ കൊണ്ടും, Time is Money പോളിസി ഇമ്പ്ലിമന്റ്‌ ചെയ്തതു കൊണ്ടും കുറച്ച്‌ കാലമായി ഹിന്ദി സിനിമകള്‍ കാണാറില്ല. ഒരു പാട്‌ പേര്‍ ചേര്‍ന്ന് ഊതി വീര്‍പ്പിച്ച Rang De Basanti കാണാന്‍ പോയിരുന്നു ഇതിന്റെ ഇടയില്‍. പക്ഷെ അത്‌ കാറ്റഴിച്ച്‌ വിട്ട ബലൂണ്‍ പോലെ ആയി പോയി.

ഒരു ഹിറ്റ്‌ ഗാനം കേട്ട്‌ ഇഷ്ടപ്പെട്ടത്‌ കൊണ്ടാണ്‌ ഓസിന്‌ ഡി.വി.ഡി കിട്ടിയപ്പോള്‍ Bluffmaster കുറച്ച്‌ നേരം കാണാം എന്ന് വിചാരിച്ചത്‌. സബ്‌ടൈറ്റില്‍ ബട്ടണ്‍ അടിച്ചപ്പോള്‍ ആണ്‌ ഞെട്ടിയത്‌, പതിനഞ്ച്‌ ഭാഷകള്‍, അതില്‍ 13/15 Mal നമ്മുടെ സ്വന്തം മലയാളം. തര്‍ജ്ജമയുടെ നിലവാരം അറിയാന്‍ ഇനി ഒന്ന് കാണണം. എന്റെ ഇതിന്‌ മുമ്പത്തെ സബ്‌ടൈറ്റില്‍ പരീക്ഷണം വന്‍ ഹിറ്റ്‌ ആയിരുന്നു. അത്‌ സൂപ്പര്‍ ഹിറ്റ്‌ തമിഴ്‌ ചിത്രം, ശങ്കറിന്റെ 'അന്യന്‍'. മഹാ കത്തി, നിര്‍ത്തിയേക്കാം എന്ന് വിചാരിച്ച സിനിമ ആദ്യം മുതല്‍ ഇട്ട്‌ കാണാന്‍ തീരുമാനിച്ചതിനുള്ള ഫുള്‍ ക്രെഡിറ്റ്‌ സബ്‌ടൈറ്റിലിന്‌ മാത്രം. അതു വരേ ഹൈടെക്ക്‌ ആക്ഷന്‍ ചിത്രം എന്ന് തോന്നിയ സിനിമ പെട്ടെന്ന് കോമഡി ചിത്രം ആയി.
ഒരു ഉദാഹരണം ഇതാ:
... കപ്പുച്ചിനോ കോഫിയാ.. സോഫീയാ... എന്ന് പാടിയത്‌ ഇംഗ്ലീഷില്‍ ആയപ്പോള്‍
... are you a cup of chinese coffee... എന്ന് ആയി. കപ്പുച്ചീനോ എന്ന വാക്ക്‌ തമിഴന്‍ അറുത്ത്‌ മുറിച്ച്‌, കപ്പും, ചൈനയും, കോഫിയും വെവ്വേറെ ആക്കി ഇംഗ്ലീഷില്‍ കെറ്റിലില്‍ ഇട്ട്‌ ചൂടാക്കി കപ്പില്‍ ഒഴിച്ച്‌ തന്നു. ഞങ്ങള്‍ കുറച്ച്‌ പേര്‍ ഊതി കുടിച്ചു, ചിരിച്ച്‌ രസിച്ചു. അവനെ കൊണ്ട്‌ ആവുന്നത്‌ അവന്‍ ചെയ്തു. ഇതു പോലെ കുറെ അമിട്ടുകള്‍ മലയാളത്തിലും എഴുതി പിടിപ്പിച്ചിട്ടുണ്ടാവുമെന്നാണ്‌ എന്റെ പ്രതീക്ഷ. ഒരു സ്നാപ്‌ ഷോട്ട്‌ ഇടുന്നു, അതില്‍ നിന്നെ തന്നെ കൈവച്ച ആളുടെ നിലവാരം അറിയാം. പാവം മലയാള ഭാഷ, ഇനിയും എന്തെല്ലാം കാണാന്‍ ഇരിക്കുന്നു.

July 10, 2006

കണ്ണടച്ച്‌ ഇരുട്ടാക്കല്‍

ഇന്നലെ ജൂലൈ 09 ഞായറാഴ്ച, മാതൃഭൂമിയില്‍ വന്ന ഒരു ആത്മഹത്യാ വാര്‍ത്തയാണ്‌ ഈ കുറിപ്പിനാധാരം.

ഈ മരണത്തിന്‌ ആരാണ്‌ ഉത്തരവാദി? ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ലല്ലോ, അല്ലേ? സമൂഹം, ഞാനും നിങ്ങളും അടങ്ങുന്ന വിദ്യാസമ്പന്നരായ സാംസ്കാരിക കേരളം എന്നവകാശപ്പെടുന്ന ക്രൂരരായ സാഡിസ്റ്റുകളുടെ ലോകം. കുറച്ച്‌ ദിവസം മുമ്പ്‌ കര്‍ഷകരുടെ ആത്മഹത്യയെ പറ്റി നടന്ന ചര്‍ച്ചയില്‍ ഞാന്‍ രേഖപ്പെടുത്തിയ കമന്റിന്റെ പ്രസക്ത ഭാഗം ചുവടെ.

2003-ലെ കണക്ക്‌ പ്രകാരം ഒരു ദിവസം 32 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു.

നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനാണ്‌ ചികിത്സ വേണ്ടത്‌. സാഡിസ്റ്റുകളായ നാട്ടുകാരും സമൂഹവുമാണ്‌ നടുക്കടലില്‍ ഒറ്റപ്പെട്ട്‌ പോയ ഒരു കര്‍ഷകനെയും മറ്റ്‌ പലരേയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. കര്‍ഷകരല്ലാത്ത എത്രയോ പേര്‍ കേരളത്തില്‍ ഇങ്ങനേ മരണപ്പെടുന്നു. അവയുടെയൊക്കെ പിന്നില്‍ ഇതു പോലെ പീഡനങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ കണ്ടേക്കാം. സ്വന്തം വീട്ടിലേ കാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാനുള്ള അതീവ താല്‍പര്യത്തില്‍ തുടങ്ങുന്നു ഈ പ്രശ്നങ്ങള്‍. കാര്‍ഷിക കടങ്ങള്‍ ആയിരിക്കാം ഒരു കര്‍ഷകനേ ഇങ്ങനേ ഒരു സാഹചര്യത്തില്‍ എത്തിച്ചതെങ്കിലും ബാക്കി പല instances-ലും മറ്റ്‌ വിധത്തിലുള്ള മാനസിക പീഡനങ്ങളും ആവും ഒരാളേ ഇതിലേക്ക്‌ നയിക്കുന്നത്‌. സാമ്പത്തിക പരാദീനതകളില്‍ നട്ടം തിരിയുന്ന ഒരാള്‍ക്ക്‌ ആ സന്ദര്‍ഭത്തില്‍ വേണ്ട confidence ഇല്ലാതാക്കുന്ന പ്രവര്‍ത്തികള്‍ ചുറ്റുമുള്ള രക്തദാഹികളായ സാഡിസ്റ്റുകള്‍ ചെയ്യുന്നു. തന്റെ കഴിവിലുള്ള വിശ്വാസക്കുറവും കൂടി ആവുമ്പോള്‍ ഇതു തന്നെ ഏറ്റവും നല്ല രക്ഷാ മാര്‍ഗ്ഗം എന്ന് തീരുമാനിക്കുന്നു. നമ്മളെല്ലാവരും ഭീരുക്കള്‍ ആണ്‌, സുഹൃത്തുക്കള്‍/അയല്‍ക്കാര്‍/ഭാര്യ-ഭര്‍ത്തൃവീട്ടുകാര്‍/നാട്ടുകാര്‍ തുടങ്ങി എന്തിനെയും ഏതിനേയും ഭയന്ന് ജീവിക്കുന്ന ദുരഭിമാനികളായ ദുര്‍ബല ഹൃദയരായ കേരളീയ ജനതയ്ക്ക്‌ വേണ്ടത്‌ awareness ആണ്‌. ഇത്‌ എവിടേ തുടങ്ങണം എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്റെ മനസ്സില്‍ തന്നെ ആയിരിക്കണം, കാരണം ഞാനും ആ നശിച്ച ചിന്താഗതിയുള്ള സമൂഹത്തിന്റെ ഭാഗമാണ്‌, റേഷന്‍ കാര്‍ഡിലെങ്കിലും.


ഇവിടെ കുറ്റക്കാര്‍ ആരാവും? മനസ്സുറപ്പില്ലാത്ത ആ പെണ്‍കുട്ടിയോ, അവളെ സഹായിച്ച ആ വിദേശിയോ, ചോദ്യം ചെയ്യല്‍ എന്ന പേരില്‍ പോലീസുകാര്‍ കാട്ടിക്കൂട്ടിയതോ, അപവാദ പ്രചാരത്തിലൂടെ മാനസിക സുഖം നേടിയ നാട്ടുകാരോ?

ഇത്തരം സംഭവങ്ങള്‍ ഒന്നും നാടിനെ നടുക്കുന്ന കഥകള്‍ അല്ലാത്തതിനാല്‍ വാര്‍ത്താ പ്രാധാന്യം നേടാതെ വിസ്മൃതിയിലേക്ക്‌ മറയുന്നു. മരണം പോലും ആഘോഷം ആയി കൊണ്ടാടുന്നവര്‍ എന്തറിയുന്നു? രോഗ ലക്ഷണത്തെ മാത്രം ചികിത്സിച്ച്‌ ശീലിച്ച നമ്മള്‍ക്ക്‌ എങ്ങനെ രോഗത്തെ ഇല്ലാതാക്കാന്‍ പറ്റും. മോശം കാര്യങ്ങളെ തിരിച്ചറിയുകയും തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്ന കുറെ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിലുള്ളവര്‍ രാഷ്ട്രീയക്കാരുടെ അടിയാളുകളും ചട്ടുകങ്ങളും ആയപ്പോള്‍ സാധാരണക്കാര്‍ക്ക്‌ നഷ്ടപ്പെട്ടത്‌ അവര്‍ക്ക്‌ വഴികാട്ടി ആകേണ്ട നായകരെയാണ്‌.

ഓരോരുത്തരും കണ്ണടച്ചിരിക്കും, തന്നെ ബാധിക്കും വരേ. എന്ത്‌ ചെയ്യാം, അങ്ങനെ ശീലിച്ചു പോയി.

വിഭാഗം:സാമൂഹ്യം