July 10, 2006

കണ്ണടച്ച്‌ ഇരുട്ടാക്കല്‍

ഇന്നലെ ജൂലൈ 09 ഞായറാഴ്ച, മാതൃഭൂമിയില്‍ വന്ന ഒരു ആത്മഹത്യാ വാര്‍ത്തയാണ്‌ ഈ കുറിപ്പിനാധാരം.

ഈ മരണത്തിന്‌ ആരാണ്‌ ഉത്തരവാദി? ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ലല്ലോ, അല്ലേ? സമൂഹം, ഞാനും നിങ്ങളും അടങ്ങുന്ന വിദ്യാസമ്പന്നരായ സാംസ്കാരിക കേരളം എന്നവകാശപ്പെടുന്ന ക്രൂരരായ സാഡിസ്റ്റുകളുടെ ലോകം. കുറച്ച്‌ ദിവസം മുമ്പ്‌ കര്‍ഷകരുടെ ആത്മഹത്യയെ പറ്റി നടന്ന ചര്‍ച്ചയില്‍ ഞാന്‍ രേഖപ്പെടുത്തിയ കമന്റിന്റെ പ്രസക്ത ഭാഗം ചുവടെ.

2003-ലെ കണക്ക്‌ പ്രകാരം ഒരു ദിവസം 32 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു.

നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനാണ്‌ ചികിത്സ വേണ്ടത്‌. സാഡിസ്റ്റുകളായ നാട്ടുകാരും സമൂഹവുമാണ്‌ നടുക്കടലില്‍ ഒറ്റപ്പെട്ട്‌ പോയ ഒരു കര്‍ഷകനെയും മറ്റ്‌ പലരേയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. കര്‍ഷകരല്ലാത്ത എത്രയോ പേര്‍ കേരളത്തില്‍ ഇങ്ങനേ മരണപ്പെടുന്നു. അവയുടെയൊക്കെ പിന്നില്‍ ഇതു പോലെ പീഡനങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ കണ്ടേക്കാം. സ്വന്തം വീട്ടിലേ കാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാനുള്ള അതീവ താല്‍പര്യത്തില്‍ തുടങ്ങുന്നു ഈ പ്രശ്നങ്ങള്‍. കാര്‍ഷിക കടങ്ങള്‍ ആയിരിക്കാം ഒരു കര്‍ഷകനേ ഇങ്ങനേ ഒരു സാഹചര്യത്തില്‍ എത്തിച്ചതെങ്കിലും ബാക്കി പല instances-ലും മറ്റ്‌ വിധത്തിലുള്ള മാനസിക പീഡനങ്ങളും ആവും ഒരാളേ ഇതിലേക്ക്‌ നയിക്കുന്നത്‌. സാമ്പത്തിക പരാദീനതകളില്‍ നട്ടം തിരിയുന്ന ഒരാള്‍ക്ക്‌ ആ സന്ദര്‍ഭത്തില്‍ വേണ്ട confidence ഇല്ലാതാക്കുന്ന പ്രവര്‍ത്തികള്‍ ചുറ്റുമുള്ള രക്തദാഹികളായ സാഡിസ്റ്റുകള്‍ ചെയ്യുന്നു. തന്റെ കഴിവിലുള്ള വിശ്വാസക്കുറവും കൂടി ആവുമ്പോള്‍ ഇതു തന്നെ ഏറ്റവും നല്ല രക്ഷാ മാര്‍ഗ്ഗം എന്ന് തീരുമാനിക്കുന്നു. നമ്മളെല്ലാവരും ഭീരുക്കള്‍ ആണ്‌, സുഹൃത്തുക്കള്‍/അയല്‍ക്കാര്‍/ഭാര്യ-ഭര്‍ത്തൃവീട്ടുകാര്‍/നാട്ടുകാര്‍ തുടങ്ങി എന്തിനെയും ഏതിനേയും ഭയന്ന് ജീവിക്കുന്ന ദുരഭിമാനികളായ ദുര്‍ബല ഹൃദയരായ കേരളീയ ജനതയ്ക്ക്‌ വേണ്ടത്‌ awareness ആണ്‌. ഇത്‌ എവിടേ തുടങ്ങണം എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്റെ മനസ്സില്‍ തന്നെ ആയിരിക്കണം, കാരണം ഞാനും ആ നശിച്ച ചിന്താഗതിയുള്ള സമൂഹത്തിന്റെ ഭാഗമാണ്‌, റേഷന്‍ കാര്‍ഡിലെങ്കിലും.


ഇവിടെ കുറ്റക്കാര്‍ ആരാവും? മനസ്സുറപ്പില്ലാത്ത ആ പെണ്‍കുട്ടിയോ, അവളെ സഹായിച്ച ആ വിദേശിയോ, ചോദ്യം ചെയ്യല്‍ എന്ന പേരില്‍ പോലീസുകാര്‍ കാട്ടിക്കൂട്ടിയതോ, അപവാദ പ്രചാരത്തിലൂടെ മാനസിക സുഖം നേടിയ നാട്ടുകാരോ?

ഇത്തരം സംഭവങ്ങള്‍ ഒന്നും നാടിനെ നടുക്കുന്ന കഥകള്‍ അല്ലാത്തതിനാല്‍ വാര്‍ത്താ പ്രാധാന്യം നേടാതെ വിസ്മൃതിയിലേക്ക്‌ മറയുന്നു. മരണം പോലും ആഘോഷം ആയി കൊണ്ടാടുന്നവര്‍ എന്തറിയുന്നു? രോഗ ലക്ഷണത്തെ മാത്രം ചികിത്സിച്ച്‌ ശീലിച്ച നമ്മള്‍ക്ക്‌ എങ്ങനെ രോഗത്തെ ഇല്ലാതാക്കാന്‍ പറ്റും. മോശം കാര്യങ്ങളെ തിരിച്ചറിയുകയും തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്ന കുറെ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിലുള്ളവര്‍ രാഷ്ട്രീയക്കാരുടെ അടിയാളുകളും ചട്ടുകങ്ങളും ആയപ്പോള്‍ സാധാരണക്കാര്‍ക്ക്‌ നഷ്ടപ്പെട്ടത്‌ അവര്‍ക്ക്‌ വഴികാട്ടി ആകേണ്ട നായകരെയാണ്‌.

ഓരോരുത്തരും കണ്ണടച്ചിരിക്കും, തന്നെ ബാധിക്കും വരേ. എന്ത്‌ ചെയ്യാം, അങ്ങനെ ശീലിച്ചു പോയി.

വിഭാഗം:സാമൂഹ്യം

6 Comments:

  1. At 7/10/2006 5:47 PM, Blogger evuraan said...

    വാര്‍ത്തയില്‍ നിന്ന്: അപവാദപ്രചാരണത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് പെണ്‍‌കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

    അപവാദപ്രചാരണം അന്വേഷിക്കല്‍ എന്ന് മുതല്‍ക്കാണാവോ പോലീസിന്റെ പണിയായത്?

    ഓ, മന്ത്രിക്കൊപ്പം പിടികിട്ടാപ്പുള്ളികള്‍ വിലസുന്ന, ബീഹാറാവുന്ന കേരളവും, കിളിരൂരും ഐസ്ക്രീമും കണ്ടില്ലെന്ന് നടിക്കാം, അപവാദം -- അത് മുളയിലേ നുള്ളിയില്ലെങ്കിലോ, മോശം തന്നെ???

    നിര്‍ദ്ധന കുടുംബത്തിലെ കുട്ടി ബാങ്ക് വായ്പ് കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്തു. നാടിളകി, അച്യുതനും സംഘവും ബന്ദ് കളിച്ച് നടന്നു.

    ആ സംഭവും ഇതും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ?

    ഉണ്ട്. കഴമ്പില്ലാത്ത "അപവാദത്തിന്റെ" തണിലില്‍ ഇതിന് ചൂടാറും. ചൂടുള്ള വാര്‍ത്തകള്‍ തേടിപ്പോവാം നമുക്ക്.

     
  2. At 7/11/2006 2:47 AM, Blogger ദേവന്‍ said...

    പ്രബേഷേ
    ഒരു സൂയിസൈഡ്‌ പ്രിവന്‍ഷന്‍ ബ്ലോഗ്‌ ഉണ്ടാക്കേണ്ടതുണ്ട്‌. അത്‌ മൈത്രി കൊച്ചിയുമായി ലിങ്ക്‌ ചെയ്യേണ്ടതും ഉണ്ട്‌.
    വളരെയധികം വിലപ്പെട്ട ഡാറ്റ സൂക്ഷിച്ചിരിക്കുന്ന മൈത്രി സൈറ്റില്‍ ലേഖനങ്ങള്‍ കുറവാണ്‌ ഹോട്ട്ലൈന്‍ ലെറ്റര്‍
    http://www.maithrikochi.org/suicides_in_kerala.htm പോലും കൂടുതല്‍ നന്നാക്കി നമുക്ക്‌ അവരെ സഹായിക്കാവുന്നതേയുള്ളൂ. മറ്റൊരു ഹോട്ട്‌ലൈന്‍ നിലവിലുള്ളതായി അറിയില്ല.


    കേരളത്തിന്റെ ആത്മഹത്യാനിരക്ക്‌ നാഗാലാന്‍ഡിനെക്കാള്‍ മുപ്പതിരട്ടി കൂടുതലാണ്‌. മിക്ക പിന്നോക്ക സ്റ്റേറ്റുകളെക്കാളും വളരെ കൂടുതല്‍ ആണ്‌ നമ്മുടെ ആത്മഹത്യാനിരക്കെന്നത്‌ ഈ പ്രശ്നം സാമ്പത്തിക പ്രസിസന്ധി മാത്രമല്ല എന്നു തെളിയിക്കുന്നു.

    സ്ത്രീകളെക്കാള്‍ മൂന്നിരട്ടി പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നു എന്നതിനാല്‍ കേരളത്തിലെ ആത്മഹത്യകള്‍ക്ക്‌ പ്രധാന കാരണം അടിച്ചമര്‍ത്തലോ സ്വാതന്ത്ര്യമില്ലായ്മയോ പീഡനമോ വലിയൊരു ഒറ്റക്കാരണമായി അല്ലെന്നും സൂചിപ്പിക്കുന്നു.

    മഹാഭൂരിപക്ഷം ആത്മഹത്യകളും നടത്തുന്നത്‌ മുപ്പത്തഞ്ചിനും അമ്പതിനും ഇടക്കുള്ളവരാണ്‌ എന്നത്‌ പ്രണയസംബന്ധമായതും വൈകാരിക പക്വതയെത്താത്തതുമായ കാരണങ്ങളെയും തള്ളിക്കളയുന്നു.

    ദാമ്പത്യഛിദ്രം ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്‌ മദ്ധ്യവയസ്സിലാണ്‌. വൈകാരികമായ ഒറ്റപ്പെടല്‍ ഏറ്റവും കൂടുതല്‍
    സംഭവിക്കുന്നതും മദ്ധ്യവയസ്സിലാണ്‌.

    അത്രത്തോലം ജീവിച്ചതിന്റെ ഒരു സ്വയം വിശകലനം നടത്തി നോക്കുന്നതും മദ്ധ്യവയസ്സിലാണ്‌

    ഒരാളുടെ ജീവിതം വിജയമോ പരാജയമോ, അയാള്‍ സമൂഹത്തില്‍ ആരാണ്‌ എന്നൊക്കെ അയാളുടെ നെറ്റ്‌ വര്‍ക്ക്‌ വിലയിടുന്നതും മദ്ധ്യവയസ്സിലാണ്‌.

    ആരാണ്‌ നല്ലവന്‍ ആരാണ്‌ വിജയിച്ചവന്‍ ആരാണു മിടുക്കന്‍ ആരാണ്‌ ഉത്തമന്‍ ആരാണ്‌ സ്തുത്യര്‍ഹന്‍ എന്നതിന്റെ അവനവന്റേയും സമൂഹത്തിന്റേയും ഗ്രേഡിംഗ്‌ സ്കെയിലില്‍ നിന്നും അവനവനും സമൂഹവും കൂട്ടായി കല്‍പ്പിക്കുന്ന ദൂരവും ആ ദൂരം താണ്ടാനാവുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിന്റെ ആഴവും കൂടിച്ചേരുന്ന ഒരു നോണ്‍ ലീനിയര്‍ ഫങ്ക്ഷനാണ്‌ ആത്മഹത്യാാ നിരക്കെന്നു തോന്നുന്നു. രോഗാതുരമായ മനസ്സുകളുടെ ആത്മഹത്യാ പ്രവണത മറക്കുന്നില്ല. (എന്റെയൊരു വ്യക്തിപരമായ നിരീക്ഷണം മാത്രമാണേ)

    ഫ്രണ്ട്‌ ഓഫ്‌ മൈത്രി ആയി ഒരു ബ്ലോഗ്ഗ്‌ തുടങ്ങിയാലോ?
    http://www.maithrikochi.org/Friend_Maithri.htm

     
  3. At 7/11/2006 10:44 AM, Blogger prapra said...

    ഏവൂ,
    പോലീസുകാര്‍ ഈ കാടന്മാരില്‍ ഒരാളാവുന്നു. Innocent until proven guilty ആണ്‌ എന്ന കാര്യം മറന്നു കൊണ്ട്‌ പ്രതിയെ ശിക്ഷിച്ചു തുടങ്ങുന്നു. മുന്‍വിധിയോടെയുള്ള പെരുമാറ്റം, ആരെയും തളര്‍ത്തും. ആഭ്യന്തര മന്ത്രി പുത്രനേയും, ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയേയും പിടികിട്ടാ പുള്ളികളെന്ന് പ്രഖ്യാപിച്ച പോലീസല്ലേ ഇവര്‍? പീഡിതരേയും, ശോഷിതരേയും കുനിച്ച്‌ നിര്‍ത്തി മുതുകില്‍ ഇടിക്കുന്നു. സാഡിസ്റ്റുകള്‍ എല്ലാം കണ്ട്‌ രസിക്കുന്നു. കഷ്ടം.

    ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു, ഷാനിമോള്‍ ഉസ്മാന്റെ പ്രഖ്യാപനം, പോലീസാണ്‌ ഈ കുട്ടിയുടെ മരണത്തിന്‌ ഉത്തരവാദി എന്ന്‌. അപ്പോളാണ്‌ ഓര്‍ത്തത്‌, പോലീസിപ്പോള്‍ മറ്റേ പാര്‍ട്ടിയുടെ കീഴിലാണല്ലോ എന്ന കാര്യം.

    ദേവേട്ടാ,
    അന്യ ദേശത്ത്‌ ഇരുന്നു കൊണ്ട്‌ എങ്ങനേ കാര്യങ്ങള്‍ മുന്നോട്ട്‌ കൊണ്ട്‌ പോകാന്‍ പറ്റും എന്നറിയില്ല. ഇന്റര്‍നെറ്റ്‌ എഡിഷനില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമല്ലേ നമ്മള്‍ അറിയുന്നുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതലായും വളണ്ടിയര്‍ സര്‍വ്വീസ്‌ ആവും വേണ്ടിവരുക. മൈത്രി ചെയ്തു വരുന്ന കാര്യങ്ങളെ കുറിച്ച്‌ പോലും എനിക്ക്‌ വലിയ അറിവില്ല, ഈ സൈറ്റ്‌ ഒന്നു മുഴുവനായി വായിച്ച്‌ നോക്കട്ടെ. പേടിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ ആണ്‌ ഈ കണക്കുകള്‍ തരുന്നത്‌. ചികിത്സ വേണ്ടുന്നവരുടെ എണ്ണം ഭയാനകമാം വിധം കൂടുതല്‍ ആണ്‌.
    വൈകാരികമായ ഒറ്റപ്പെടലിന്‌ മുഖ്യമായും കാരണക്കാരന്‍ അവനവന്‍ ആണ്‌. തന്നെ കുറിച്ചും തന്റെ കഴിവുകളേ കുറിച്ചും അറിയാന്‍ ശ്രമിക്കാതെ മറ്റ്‌ irrelevent ആയ കാര്യങ്ങള്‍ക്ക്‌ അനാവശ്യ പ്രാധാന്യം നല്‍കി ജീവിതം താറുമാറാക്കുന്നു.

     
  4. At 7/11/2006 4:32 PM, Blogger Santhosh said...

    ഒരു ജനതയുടെ അഭിപ്രായ രൂപീകരണത്തില്‍ ‘പ്രശസ്തരായവരുടെ’ പങ്ക് നിര്‍ണ്ണായകമാണ്. മുമ്പൊക്കെ ഈ ദൌത്യം സാംസ്കാരികനായകന്മാര്‍ ഒരു കടമ പോലെ ഏറ്റെടുത്തിരുന്നു. ഇന്ന് എനിക്ക് എന്‍റെ കാര്യം എന്ന നിലയിലായി കാര്യങ്ങള്‍. അധികാരി വര്‍ഗത്തെ പ്രീണിപ്പിച്ച് അവാര്‍ഡുകളും ചെയര്‍മാന്‍/സെക്രട്ടറി സ്ഥാനങ്ങളും റാഞ്ചിയെടുക്കുമോ, സമൂഹത്തില്‍ നീറി നില്‍ക്കുന്ന പ്രവണതകള്‍ക്കെതിരേ പ്രതികരിക്കുമോ?

    ഒന്നു കൂടിയുണ്ട്. പ്രതികരണം ചെളിവാരിയെറിയലായി തരംതാഴുമ്പോള്‍ പ്രതികരിക്കുന്നയാളിന്‍റെ ക്രെഡിബിലിറ്റിയാണ് നഷ്ടമാകുന്നത്. ഒരു പക്ഷേ, ഇതൊക്കെത്തന്നെയാവാം നമ്മുടെ സാംസ്കാരിക നേതാക്കളെ നിശ്ശബ്ദരായിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആ നേരം നോക്കി നാലുപുസ്തകമെഴുതി വിറ്റുകാശാക്കാന്‍ നോക്കുമോ, ആത്മഹത്യയ്ക്കെതിരെ ഒച്ചയുയര്‍ത്തി തൊണ്ടയിലെ വെള്ളം വറ്റിക്കുമോ?

    ബോധവല്‍ക്കരണമാണ് ഒന്നാമത്തെ പടി. ഈ ഇന്‍റര്‍നെറ്റ് യുഗത്തിലും മൈത്രി എന്ന് നാളിതുവരെ കേട്ടിട്ടില്ലാത്തവനായതില്‍ എനിക്ക് ലജ്ജയുണ്ട്. ഇതുപോലുള്ള സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും അവര്‍ക്ക് തങ്ങളാല്‍ക്കഴിയുന്ന സഹായങ്ങള്‍ നല്‍കുകയും ചെയ്യേണ്ടിയിരിക്കുന്നു. സാമ്പത്തിക സഹായം മാത്രമല്ല ഉദ്ദേശിച്ചത്. ആദ്യപടിയായി ഇത്തരമൊരു സംഘടന നിലവിലുണ്ടെന്നും അതിന്‍റെ പ്രവര്‍ത്തന ലക്‍ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും സമൂഹത്തില്‍ ഒരു അവബോധം ഉണ്ടാക്കേണ്ടിയിരിക്കുന്നു. റ്റെലിവിഷന്‍, പത്രങ്ങള്‍ എന്നീ മാധ്യമങ്ങളിലൂടെ ഇത്തരമൊരു പരസ്യപരിപാടി ആസൂത്രണം ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു.

    നമ്മുടെ നാട്ടിലെ പ്രൈവസി നിയമങ്ങള്‍ തച്ചുടയ്ക്കാനും നേരമായിരിക്കുന്നു. ഇത് പറയാന്‍ എളുപ്പമാണെന്നറിയാം. സാധാരണ കോടതികളില്‍ നിന്നു വിഭിന്നമായി ചില പാരലല്‍ വ്യവസ്ഥിതികള്‍ നിലവില്‍ വന്നെങ്കില്‍ മാത്രമേ ഈ രംഗത്ത് ഉദ്ദേശിച്ച പുരോഗതി നേടാനാവൂ. ഫലപ്രദമായും വേഗത്തിലും നിഷ്പക്ഷമായും തീരുമാനങ്ങളും തീര്‍പ്പുകളും കൈക്കൊള്ളേണ്ടതുള്ളതുകൊണ്ട് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷണ്‍ ഫോറം പോലെയുള്ള ഒരു സെറ്റപ്പ് ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്.

    എന്‍റെ ചില നുറുങ്ങു ചിന്തകള്‍. ഈ ചര്‍ച്ചയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്താല്‍ തന്നെ ശരിയായ ദിശയിലേയ്ക്കുള്ള ഒരു നീക്കമായി അതിനെ കണക്കാക്കാവുന്നതാണ്.

     
  5. At 7/14/2006 12:33 PM, Blogger prapra said...

    നായകന്മാരൊക്കെ ഇന്ന്‌ പുതിയ റോളിന്‌ വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുകയല്ലേ. ഞങ്ങളിവിടെയൊക്കെ തന്നെ ഉണ്ടെന്ന് കാണിക്കാന്‍, ചളി വാരിയേറും, മാനനഷ്ട കേസ്‌ കൊടുക്കലും പിന്വലിക്കലും, കെട്ടിപ്പിടിക്കലും ഒക്കെ മുറ പോലെ നടക്കുന്നു. അതിനിടയില്‍ പലര്‍ക്കും സുഖിക്കാത്ത കാര്യങ്ങളില്‍ ഇടപെട്ട്‌ എന്തിന്‌ വഴിയില്‍ കിടക്കുന്ന വയ്യാ വേലി എടുത്ത്‌ തോളത്ത്‌ വെക്കുന്നു എന്ന മനോഭാവം.

    മൈത്രിയേ പറ്റി കേട്ടിട്ടുണ്ട്‌ എന്നല്ലാതെ അവര്‍ക്ക്‌ ഒരു ഓണ്‍ലൈന്‍ പ്രസന്‍സ്‌ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. കൂടുതല്‍ ആളുകല്‍ അറിയാതെ ഒരു കാര്യവും മുന്നോട്‌ പോവുകയില്ല. കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കണമെങ്കില്‍ അതുമായി ഇടപഴകാന്‍ താത്പര്യമുള്ളവരില്‍ ആദ്യം എത്തണം. ആ ഒരു കാര്യം പോലും നടക്കുന്നുണ്ടോ എന്നറിയില്ല. ഞാന്‍ സൂചിപ്പിച്ചിരുന്നല്ലൊ കാശിനേക്കാള്‍ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന വിധം വളണ്ടിയര്‍ സര്‍വീസാണ്‌ വേണ്ടിവരുകയെന്ന്‌.

    സന്തോഷ്‌ സൂചിപ്പിച്ച പ്രൈവസി നിയമങ്ങള്‍ എങ്ങനെ ഈ സന്ദര്‍ഭങ്ങളില്‍ പ്രശ്നമാവുന്നുണ്ടെന്ന് വ്യക്തമായില്ല.

    നോട്ട്‌: ശരിയായ ദിശയിലേക്കല്ല ഈ നീക്കമെന്ന് ഞാന്‍ കണക്കാക്കുന്നു :).

     
  6. At 7/14/2006 1:01 PM, Blogger myexperimentsandme said...

    സ്പെസിഫിക്കായി കാണേണ്ട എങ്കിലും:

    വിദേശിയെ വീട്ടില്‍ കാണുന്നു. നാട്ടുകാര്‍ എന്തു ചെയ്യണം?

    1. മൈന്‍ഡ് ചെയ്യാതിരിക്കാം. അമേരിക്കയിലെയൊക്കെപ്പോലെ. അയല്പക്കത്തെ കാര്യത്തില്‍ നമുക്കെന്തു കാര്യം.

    2. നാട്ടിലെ സ്ഥിരം പരിപാടി. എന്താണെന്നന്വേഷിക്കുക, കുശുകുശുക്കുക, പിന്നെ പാടിക്കൊണ്ട് നടക്കുക.

    രണ്ടിനും അതിന്റേതായ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. ഇവിടെ പലരും പക്വത കാണിക്കേണ്ടിയിരിക്കുന്നു.

    1. നാട്ടുകാര്‍. സംശയമുണ്ടെങ്കില്‍ ആരെയെങ്കിലും അറിയിക്കണം. പക്ഷേ ആദ്യം തന്നെ പോലീസിലാവണെമെന്നില്ലായിരുന്നു. പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ പോലീസിനെ.

    2. ഇനി പോലീസായിരുന്നെങ്കിലും പോലീസ് മുറയല്ല ഇക്കാര്യത്തില്‍ എടുക്കേണ്ടിയിരുന്നത്.

    പക്ഷേ എന്തായാലും അവസാനം ആ കുട്ടി മരിച്ചു. പക്ഷേ കാരണം പോലീസിന്റെ ചോദ്യം ചെയ്യലായിരുന്നോ എന്നറിയില്ല. പിന്നീട് വന്ന പത്രവാര്‍ത്തയില്‍ ആ കുട്ടി ഇതിനു മുന്‍പും ആത്മഹത്യാപ്രവണത കാണിച്ചിരുന്നു എന്നും കണ്ടു. രാഷ്ട്രീയക്കാര്‍ പതിവുപോലെ മുതലെടുപ്പ് വ്യവസായവും തുടങ്ങി എന്നു തോന്നുന്നു.

    പക്ഷേ ഈ കുട്ടിയല്ലെങ്കില്‍ വേറൊരു കുട്ടി. അല്ലെങ്കില്‍ വേറൊരു കുടുംബം. നാട്ടില്‍ അപകടകരമാം വണ്ണം ആത്‌മഹത്യ ചെയ്യുന്നു. നേരത്തെ കര്‍ഷക ആത്‌മഹത്യയുടെ ചര്‍ച്ചയില്‍ പലരും സൂചിപ്പിച്ചതുപോലെ നല്ല എഫര്‍ട്ട് എടുത്ത് പലരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് വേണ്ടത് എന്ന് തോന്നുന്നു. പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. താങ്ങാണ് പലര്‍ക്കും ഇല്ലാത്തത്. താങ്ങില്ലാതെ വരുമ്പോഴാണ് അങ്ങേയറ്റത്തെ കാര്യങ്ങളെപ്പറ്റിയൊക്കെ ചിന്തിക്കുന്നത്, പലപ്പോഴും.

    അല്ലെങ്കില്‍ നാട്ടില്‍ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ആത്‌മഹത്യ ചെയ്യാന്‍ തോന്നുമെന്നും അങ്ങിനെയെങ്ങാനും തോന്നുകയാണെങ്കില്‍ ഒരു നിമിഷം നിങ്ങള്‍ ഞങ്ങളെ വിളിക്കൂ എന്നുമൊക്കെയുള്ള രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകേണ്ടി വരും. ഇനിയും ഇത് കണ്ടില്ല, അധികമില്ല, പ്രശ്നമില്ല എന്ന രീതിയിലാകരുത് എന്ന് തോന്നുന്നു.

    ദേവേട്ടന്‍ സൂചിപ്പിച്ചതുപോലെ എല്ലാ തരക്കാരും ആത്‌മഹത്യ ചെയ്യുന്ന ഒരു നാട്. ഇനി നാടിന്റെ മൊത്തമായിട്ടുള്ള എന്തെങ്കിലും പ്രത്യേകതയാണോ :)

     

Post a Comment

<< Home