March 14, 2006

ശാന്തം! ഭീകരം.

ഓര്‍മ്മകളിലേക്ക്‌ ഒന്ന് റീവൈന്റ്‌ ചെയ്ത്‌ നോക്കി, എവിടെയാണ്‌ ഞാന്‍ ആദ്യമായി ബോംബ്‌ എന്ന് കേട്ടത്‌ എന്നറിയാന്‍. ചെന്നെത്തിയത്‌ ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്നാണ്‌. അതു കൊണ്ട്‌ തന്നെ ഇതു തലശ്ശേരിയിലെ ഇന്നത്തെ തലമുറയുടെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു. ഇതിന്റെ ദൂഷ്യവശങ്ങള്‍ പലരുടേയങ്കിലും കുടുംബങ്ങളില്‍ തീരാനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇതൊക്കെ നമ്മള്‍ അംഗീകരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ വന്‍ വാര്‍ത്താ പ്രാധാന്യം കിട്ടി തുടങ്ങിയത്‌ പത്രങ്ങള്‍ കണ്ണൂര്‍ എഡിഷന്‍ തുടങ്ങിയതോടെ ആണെന്ന് തോന്നുന്നു. ചൂട്‌ വാര്‍ത്ത എന്ന വിധത്തില്‍ എരിവും പുളിയും ചേര്‍ത്ത്‌ വിളമ്പി. ഇന്ന് പക്ഷേ ഇത്‌ വാര്‍ത്തയല്ലാതായി മാറി.

ഇവിടേ ബോംബെറിയുന്നത്‌ ഒരു രാഷ്ട്രീയ പ്രതിയോഗിയെ കൊല്ലാന്‍ വേണ്ടിയായിരുന്നില്ല, ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമായിരുന്നു. അതല്ലെങ്കില്‍ ഏറ്റെടുത്ത ജോലി തടസ്സപ്പെടുത്താന്‍ ആക്രോശിച്ച്‌ വരുന്ന പോലീസുകാരെ അകറ്റി നിര്‍ത്താന്‍. ഒരാളെ കൊല്ലാന്‍ കപ്പാസിറ്റിയുള്ള സാധനങ്ങള്‍ ഇന്നും തലശ്ശേരിക്കാരുടെ ആവനാഴിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഈ സാധനത്തിന്‌ നാട്ടില്‍ ബഹുമാനം ഇല്ലാതായി. കുട്ടികള്‍ ബോംബ്‌ ഉരുട്ടി കളിക്കുമ്പോള്‍ പോലും വീട്ടുകാര്‍ക്ക്‌ ഒരു പേടിയും ഇല്ലാതായി. ഈെ കാലത്ത്‌ ഒരു ബോംബ്‌ പൊട്ടി എന്നൊക്കെ പറയുന്നത്‌, കറന്റ്‌ പോയി എന്നു പറയുന്ന ലാഘവത്തോടെയാണ്‌. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടയില്‍ എല്ലാ പാര്‍ട്ടിക്കാരും നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്‌. പൊട്ടുന്നതായാലും ചീറ്റുന്നതായാലും വ്യത്യസ്തത വേണം എന്ന കാര്യത്തില്‍ ഓരോ പാര്‍ട്ടിയുടേയും R&D department-ന്‌ വാശിയാണ്‌. ഒടുവില്‍ ഉണ്ടായ സ്റ്റീല്‍ ബോംബ്‌ വരെ ഒന്നിനൊന്ന്‌ മെച്ചം ആയിരുന്നു എന്നാണ്‌ പോലീസിന്റെ പോലും അഭിപ്രായം. മനോജ്‌ അബ്രഹാം സൂപ്രന്‍ഡ്‌ ആയി വന്നതോടെ ഈ മേഖലയില്‍ കഷ്ടകാലം തുടങ്ങി. മുഖ്യ അസംസ്കൃത വസ്തുവായ സ്റ്റീല്‍ പാത്രം ജില്ലയില്‍ നിരോധിച്ചു. അതോടെ ജില്ലയിലേക്ക്‌ കള്ളകടത്തായി കൊണ്ടുവരുന്ന ഒരു അമൂല്യ വസ്തുവായി ഈ പാത്രം. കാലം ഇങ്ങനെയൊക്കെ കടന്നുപോയി. ബോംബ്‌ പൊട്ടാത്ത ദിവസങ്ങളില്‍ ജനങ്ങള്‍ സീരിയലുകള്‍ കണ്ട്‌ നിര്‍വൃതി കൊണ്ടു.

പക്ഷേ ഒരു ദിവസം ഭീകരമായ ശബ്ദത്തോടെ ബേപ്പൂരില്‍ ഒരു ബോംബ്‌ പൊട്ടി. അതിന്റെ മാറ്റൊലി പലയിടത്തും മുഴങ്ങി. അതു പലര്‍ക്കും രസിച്ചില്ല. കാരണം ആ പൊട്ടിയ ബോംബിനു രാഷ്ട്രീയത്തിന്റേതല്ലാത ഒരു ഗന്ധം ഉണ്ടായിരുന്നു. ചിലര്‍ അടക്കം പറഞ്ഞു, മറ്റു ചിലര്‍ പ്രതികരിച്ചു, ചിലര്‍ പ്രതിഷേധിച്ചു. ബോംബ്‌ പൊട്ടിക്കാനുള്ള അവകാശം നിങ്ങള്‍ക്കു മാത്രമോ എന്നു അന്യ ദേശക്കാര്‍ തലശ്ശേരിക്കാരെ പരിഹസിച്ചു. ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു വീണു. എല്ലാം അടങ്ങി എന്ന് കരുതിയ നിമിഷത്തില്‍ വീണ്ടും. ഇത്തവണ കോളിളക്കം ഉണ്ടാകും എന്നു കരുതിയവര്‍ വീണ്ടും വിഡ്ഡികള്‍ ആയിക്കൊണ്ടിരിക്കുന്നു, ഒപ്പം കേരളത്തിലേ സാധാരണ ജനങ്ങളും. പതിവില്‍ നിന്ന് വിപരീതമായി ആരൊക്കെയൊ പറയുന്ന കേള്‍ക്കുന്നു, ഇതിനു പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന്. നാട്‌ നശിക്കുന്നു, ജനങ്ങള്‍ ഉറക്കം നടിക്കുന്നു... ശാന്തം ഭീകരം.

ഇത്രയും പറഞ്ഞു ഇവിടെ ബോറടിപ്പിക്കാന്‍ മാത്രം എന്താണുണ്ടായതു എന്നു ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഈ ദീപിക വാര്‍ത്ത ആണ്‌ ആധാരം. വായിച്ചപ്പോള്‍ ഒരു 'ജയിംസ്‌ ബോണ്ട്‌' പടം ആയിരിക്കും എന്നാണ്‌ കരുതിയത്‌. ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍....

4 Comments:

  1. At 3/15/2006 12:22 AM, Blogger കണ്ണൂസ്‌ said...

    Bomb's Own Country ആവാന്‍ വല്ല വഴിയുമുണ്ടോ ഉടനെ?

     
  2. At 3/15/2006 12:59 AM, Blogger evuraan said...

    വിവരമുള്ളവര് പണ്ടേ താഴത്തു വെച്ച സമരമുറകളും ആശയങ്ങളും മുറയ്ക്ക് ഉപയോഗിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍, ബോംബേല്‍ എത്തി നില്‍ക്കുകയാണ് നമ്മളെന്ന് അഭിമാനിക്കാം.

    ഒരഞ്ചാറു കൊല്ലം മുമ്പ് വരെയും കണ്ണൂരെന്ന് കേള്‍ക്കുന്നതേ പേടിയായിരുന്നു -- തലയില്ലാത്തവരുടെ ദേശം - വെട്ടിക്കൊലകളും മറ്റും നിര്‍ത്തിയിപ്പോള്‍ ബോംബ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു പരക്കെ.

    കുത്തേറ്റു വീണ ഒരു പതിനേഴുകാരനെ രക്തസാക്ഷിയാക്കാന്‍ ചുമട്ടുകാരായ (വിദ്യാര്‍ത്ഥി നേതാവാണത്രേ) നേതാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വൈദ്യസഹായം താമസിപ്പിക്കുന്ന കുത്സിത ബുദ്ധിയുടെ നാടാണ് നമ്മുടേത്.

    കണ്ടിട്ടില്ലേ? ചിത്രങ്ങളിലും മറ്റും, അക്രമാസക്തമായ വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഗ്രഹപ്പിഴയാലടി മേടിച്ച് ചോരയൊലിപ്പിക്കുന്ന നാല്പതു വയസ്സുള്ള “വിത്തിയാര്‍ത്തി നേതാവിനെ”?

    ചാവേറാക്രമണങ്ങള്‍ ഔട്ട് ഓഫ് ഫാഷനാകുമ്പോഴേക്കും നമ്മള്‍ക്കതിന്റെ ബാലപാഠം പഠിച്ചേ പറ്റൂ.. വീണ്ടും...

    ഇനിയുമിനിയും വല്ലവനും വേണ്ടി നമുക്കാടേണ്ടേ, മാമാങ്കങ്ങള്‍.?

     
  3. At 3/15/2006 3:00 AM, Blogger Kalesh Kumar said...

    :(

    നിരപരാധികളെ ദ്രോഹിച്ചിട്ട് മനുഷ്യനെന്ത് നേടാനാ?

     
  4. At 3/15/2006 8:15 PM, Blogger prapra said...

    കണ്ണൂസ്‌ - നമ്മള്‍ ഒരോ ദിവസവും ആയിക്കൊണ്ടിരിക്കുകയാണ്‌.

    എവൂരാന്‍ - രാഷ്ട്രീയം എന്നത്‌ സേവനം എന്നതില്‍ നിന്ന് വികസിച്ച്‌ ഒരു ജോലി ആവുകയും, പിന്നീട്‌ ഒരു വ്യവസായം ആയി പന്തലിക്കുകയും ചെയ്തു. അവിടെയാണ്‌ തെറ്റ്‌ പറ്റിയത്‌. രക്തസാക്ഷി ഒരു ബമ്പര്‍ ലോട്ടറി ആണ്‌, അതു കിട്ടാന്‍ എന്തും ചെയ്യും ആളുകള്‍.

    കലേഷ്‌ - ഒരു കാര്യം മാത്രം, ലക്ഷ്യം.

     

Post a Comment

<< Home