March 19, 2006

'നാരായണി'യില്‍ നിന്ന് 'ഫോണ്‍ബൂത്ത്‌ ' വരെ

സിനിമ ഒരു വിനോദം എന്ന നിലയില്‍ നിന്നും ഒരു സമൂഹത്തെ തന്നെ സ്വാധീനിക്കുന്ന കാഴ്ച വിസ്മയകരം തന്നെ. രാജമാണിക്യം എന്ന ചിത്രം മലയാളികളുടെ മനസ്സിലേക്ക്‌ ഇറങ്ങി ചെന്നിട്ടുണ്ട്‌ എന്നത്‌ ഇന്നു കേരളത്തില്‍ ആര്‍ക്കും മനസ്സിലാകും. ഒരു കഥാകാരന്റെ മനസ്സില്‍ ഉള്ള ആശയം ഒരു കഥാപാത്രമായി പരിണമിക്കുന്ന അവസ്ഥ ശരിക്കും അതിശയിപ്പിക്കുന്നതാണ്‌. ആ വര്‍ച്വല്‍ അവസ്ഥയില്‍ ഉള്ള കഥപാത്രത്തെ ഒരു നടന്‍/നടി അഭിനയിച്ച്‌ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണാവസ്ഥ കൈവരിക്കുന്നു.

ഈ കഥാപാത്രത്തെ പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നതോടെ കഥാകാരന്റെ മനസ്സില്‍ ജനിച്ച ആ സൃഷ്ടി പിന്നെ പ്രേക്ഷകന്റേതാകുന്നു. ചില കഥാപാത്രങ്ങള്‍ മനസ്സില്‍ പതിയുന്നവയും, നമ്മള്‍ ഉള്ളിലേറ്റിനടക്കുന്നവയും ആയി മാറുന്നു. ആ കഥാപത്രതിന്‌, അഭിനയിച്ച നായകന്റെ രൂപവും, ശബ്ദവും, മാനറിസങ്ങളും കൈവരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ്‌ 'രമേശന്‍ നായര്‍'. ഒരു മറവി രോഗമുള്ള ഒരാളെ കുറിച്ച്‌ അലോചിക്കുമ്പോള്‍ അറിയാതെയെങ്കിലും ബ്ലെസ്സിയുടെ ഈ കഥാപാത്രം കയറി വന്നേക്കാം.

കേട്ട്‌ ശീലിച്ച ശബ്ദം നമുക്ക്‌ വേറൊരാളുടെ രൂപവുമായി ചേര്‍ത്ത്‌ വായിക്കാന്‍ ആദ്യം കുറച്ച്‌ വിഷമം ഉണ്ടാകും. ആനിമേറ്റഡ്‌ ചിത്രങ്ങളിലെ നായകന്മാരെ ഇതിന്‌ ഉദാഹരണമായി എടുക്കാം. ഇതു പല പ്രേക്ഷകരും അനുഭവിക്കുന്നത്‌ വ്യത്യസ്ഥമായിട്ടായിരിക്കും. ഇവിടെയും പ്രേക്ഷകന്‍ ഒരു ശബ്ദവും രൂപവും ഒക്കെ കണ്ട്‌ അനുഭവിക്കുകയാണ്‌. ഒരു കഥാപാത്രം ആവാന്‍ ശബ്ദം മാത്രം മതി എന്ന് നമ്മുടെ മുന്നില്‍ തെളിയിച്ചത്‌ 'മതിലുകളിലെ' നാരായണിയാണ്‌. ബഷീറിന്റെ ഈ വര്‍ച്വല്‍ നായികയെ എത്രത്തോളം കാഴ്ചക്കാരില്‍ എത്തിക്കാന്‍ കഴിയും എന്നുറപ്പില്ലാത്തതു കൊണ്ടാണോ എന്തോ അടൂരും നമുക്ക്‌ അങ്ങനേ ഒരവസരം തന്നില്ല. kpac-യുടെ സുപരിചിതമായ ശബ്ദം ആയതോടെ നമ്മുടെ മുന്നില്‍ നാരായണിയെ അവതരിപ്പിച്ചത്‌ ലളിത ആയി മാറി. ആ കഥാപാത്രത്തിനെ കുറിച്ച്‌ കൂടുതല്‍ ചിന്തിക്കാന്‍ ഉള്ള അവസരം അവിടെ പരിസമാപ്തി ആയി. കഥാപാത്രങ്ങള്‍ ചിന്തകള്‍ ഉണര്‍ത്തുന്നതിനെ പറ്റി ഒരു മുഴുനീള ചര്‍ച്ച ഇവിടെ വായിക്കുക.

പേരില്‍ നിന്ന് ആളിന്റെ സ്ഥലം ഗ്രഹിച്ചെടുക്കാന്‍ ശ്രമിക്കുന്ന മന്‍ജിത്തിനെ പോലെ, ബ്ലോഗ്‌ വായനയ്ക്കിടയില്‍ ഞാന്‍ പലര്‍ക്കും ഒരു മുഖം കൊടുത്തു (എന്റെ ഭാവനയെ ചോദ്യം ചെയ്യല്ലേ, പ്ലീസ്), അവരുടെ എഴുത്തുകളും രീതികളും ഉള്‍ക്കൊണ്ട്‌ കൊണ്ട്‌. അപ്പോഴും ഒരു ശബ്ദം മാത്രം അറിയുന്ന കഥാപാത്രം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല, നാരായണിക്ക്‌ ശേഷം. ചാറ്റിലൂടെ പരിചയപ്പെടുകയും, ഫോണിലൂടെ പ്രേമിക്കുകയും ചെയ്യുന്ന പുതിയ തലമുറ പോലും ആദ്യം ചെയ്യുന്നത്‌ ഒരു ഫോട്ടോ കരസ്ഥമാക്കല്‍ ആണ്‌. ഇതും ശബ്ദത്തിന്‌ രൂപം കൊടുക്കാന്‍ ഉള്ള ശ്രമം കൊണ്ടായിരിക്കാം ചിലപ്പോഴെങ്കിലും :).

ഇത്തരത്തില്‍ ഒരു തോന്നല്‍ നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും ഉണ്ടായെങ്കില്‍ കാണേണ്ട ഒരു ചിത്രം ആണ്‌, Phonebooth. ഒരു നല്ല ചിത്രം എന്ന് പറയാന്‍ ഞാന്‍ ആളല്ല, കാരണം എന്റെ ആസ്വാദന രീതി നിങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍, ചിത്രത്തിലെ പോലെ ഫോണ്‍ബൂത്തുകള്‍ ഇല്ല എന്നൊക്കെ ചിന്തിക്കുന്നത്‌ ചിത്രത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യലാവും. കാണുമ്പോള്‍ ചിത്രത്തിലേ നായകനൊപ്പം നിങ്ങളും ന്യൂയോര്‍ക്ക്‌ ടൈംസ്‌ സ്‌ക്വയറില്‍ ഒരു മണിക്കൂറിലധികം കുടുങ്ങി കിടക്കും, തീര്‍ച്ച. കൂടെ നിങ്ങളില്‍ ഉയരാവുന്ന ചിന്തയായിരിക്കും ഈ വില്ലന്‍ എങ്ങിനെയിരിക്കും എന്നത്‌.

March 14, 2006

ശാന്തം! ഭീകരം.

ഓര്‍മ്മകളിലേക്ക്‌ ഒന്ന് റീവൈന്റ്‌ ചെയ്ത്‌ നോക്കി, എവിടെയാണ്‌ ഞാന്‍ ആദ്യമായി ബോംബ്‌ എന്ന് കേട്ടത്‌ എന്നറിയാന്‍. ചെന്നെത്തിയത്‌ ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്നാണ്‌. അതു കൊണ്ട്‌ തന്നെ ഇതു തലശ്ശേരിയിലെ ഇന്നത്തെ തലമുറയുടെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു. ഇതിന്റെ ദൂഷ്യവശങ്ങള്‍ പലരുടേയങ്കിലും കുടുംബങ്ങളില്‍ തീരാനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇതൊക്കെ നമ്മള്‍ അംഗീകരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ വന്‍ വാര്‍ത്താ പ്രാധാന്യം കിട്ടി തുടങ്ങിയത്‌ പത്രങ്ങള്‍ കണ്ണൂര്‍ എഡിഷന്‍ തുടങ്ങിയതോടെ ആണെന്ന് തോന്നുന്നു. ചൂട്‌ വാര്‍ത്ത എന്ന വിധത്തില്‍ എരിവും പുളിയും ചേര്‍ത്ത്‌ വിളമ്പി. ഇന്ന് പക്ഷേ ഇത്‌ വാര്‍ത്തയല്ലാതായി മാറി.

ഇവിടേ ബോംബെറിയുന്നത്‌ ഒരു രാഷ്ട്രീയ പ്രതിയോഗിയെ കൊല്ലാന്‍ വേണ്ടിയായിരുന്നില്ല, ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമായിരുന്നു. അതല്ലെങ്കില്‍ ഏറ്റെടുത്ത ജോലി തടസ്സപ്പെടുത്താന്‍ ആക്രോശിച്ച്‌ വരുന്ന പോലീസുകാരെ അകറ്റി നിര്‍ത്താന്‍. ഒരാളെ കൊല്ലാന്‍ കപ്പാസിറ്റിയുള്ള സാധനങ്ങള്‍ ഇന്നും തലശ്ശേരിക്കാരുടെ ആവനാഴിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഈ സാധനത്തിന്‌ നാട്ടില്‍ ബഹുമാനം ഇല്ലാതായി. കുട്ടികള്‍ ബോംബ്‌ ഉരുട്ടി കളിക്കുമ്പോള്‍ പോലും വീട്ടുകാര്‍ക്ക്‌ ഒരു പേടിയും ഇല്ലാതായി. ഈെ കാലത്ത്‌ ഒരു ബോംബ്‌ പൊട്ടി എന്നൊക്കെ പറയുന്നത്‌, കറന്റ്‌ പോയി എന്നു പറയുന്ന ലാഘവത്തോടെയാണ്‌. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടയില്‍ എല്ലാ പാര്‍ട്ടിക്കാരും നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്‌. പൊട്ടുന്നതായാലും ചീറ്റുന്നതായാലും വ്യത്യസ്തത വേണം എന്ന കാര്യത്തില്‍ ഓരോ പാര്‍ട്ടിയുടേയും R&D department-ന്‌ വാശിയാണ്‌. ഒടുവില്‍ ഉണ്ടായ സ്റ്റീല്‍ ബോംബ്‌ വരെ ഒന്നിനൊന്ന്‌ മെച്ചം ആയിരുന്നു എന്നാണ്‌ പോലീസിന്റെ പോലും അഭിപ്രായം. മനോജ്‌ അബ്രഹാം സൂപ്രന്‍ഡ്‌ ആയി വന്നതോടെ ഈ മേഖലയില്‍ കഷ്ടകാലം തുടങ്ങി. മുഖ്യ അസംസ്കൃത വസ്തുവായ സ്റ്റീല്‍ പാത്രം ജില്ലയില്‍ നിരോധിച്ചു. അതോടെ ജില്ലയിലേക്ക്‌ കള്ളകടത്തായി കൊണ്ടുവരുന്ന ഒരു അമൂല്യ വസ്തുവായി ഈ പാത്രം. കാലം ഇങ്ങനെയൊക്കെ കടന്നുപോയി. ബോംബ്‌ പൊട്ടാത്ത ദിവസങ്ങളില്‍ ജനങ്ങള്‍ സീരിയലുകള്‍ കണ്ട്‌ നിര്‍വൃതി കൊണ്ടു.

പക്ഷേ ഒരു ദിവസം ഭീകരമായ ശബ്ദത്തോടെ ബേപ്പൂരില്‍ ഒരു ബോംബ്‌ പൊട്ടി. അതിന്റെ മാറ്റൊലി പലയിടത്തും മുഴങ്ങി. അതു പലര്‍ക്കും രസിച്ചില്ല. കാരണം ആ പൊട്ടിയ ബോംബിനു രാഷ്ട്രീയത്തിന്റേതല്ലാത ഒരു ഗന്ധം ഉണ്ടായിരുന്നു. ചിലര്‍ അടക്കം പറഞ്ഞു, മറ്റു ചിലര്‍ പ്രതികരിച്ചു, ചിലര്‍ പ്രതിഷേധിച്ചു. ബോംബ്‌ പൊട്ടിക്കാനുള്ള അവകാശം നിങ്ങള്‍ക്കു മാത്രമോ എന്നു അന്യ ദേശക്കാര്‍ തലശ്ശേരിക്കാരെ പരിഹസിച്ചു. ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു വീണു. എല്ലാം അടങ്ങി എന്ന് കരുതിയ നിമിഷത്തില്‍ വീണ്ടും. ഇത്തവണ കോളിളക്കം ഉണ്ടാകും എന്നു കരുതിയവര്‍ വീണ്ടും വിഡ്ഡികള്‍ ആയിക്കൊണ്ടിരിക്കുന്നു, ഒപ്പം കേരളത്തിലേ സാധാരണ ജനങ്ങളും. പതിവില്‍ നിന്ന് വിപരീതമായി ആരൊക്കെയൊ പറയുന്ന കേള്‍ക്കുന്നു, ഇതിനു പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന്. നാട്‌ നശിക്കുന്നു, ജനങ്ങള്‍ ഉറക്കം നടിക്കുന്നു... ശാന്തം ഭീകരം.

ഇത്രയും പറഞ്ഞു ഇവിടെ ബോറടിപ്പിക്കാന്‍ മാത്രം എന്താണുണ്ടായതു എന്നു ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഈ ദീപിക വാര്‍ത്ത ആണ്‌ ആധാരം. വായിച്ചപ്പോള്‍ ഒരു 'ജയിംസ്‌ ബോണ്ട്‌' പടം ആയിരിക്കും എന്നാണ്‌ കരുതിയത്‌. ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍....